Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാര്‍ട് ഹോം പരിഷ്‌കാരം കാണൂ; ആമസോണ്‍ അവതരിപ്പിച്ചത് 14 സ്മാര്‍ട് ഉപകരണങ്ങള്‍!

eco-dot Eco Dot

ആപ്പിളിനു ശേഷം ലോകത്ത് 1 ട്രില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയായി തീര്‍ന്ന ആമസോണ്‍ കഴിഞ്ഞദിവസം നടത്തിയ ഹാര്‍ഡ്‌വെയര്‍ ഇവന്റില്‍ അവതരിപ്പിച്ചത് 14 സ്മാര്‍ട് ഉപകരണങ്ങളാണ്. ലോകത്തെ പ്രമുഖ കണ്‍സ്യൂമര്‍ കമ്പനികളെല്ലാംതന്നെ സ്മാര്‍ട്ഫോണുകളിലൂടെ ജനങ്ങളിലേക്ക് എത്താന്‍ ശ്രമിക്കുമ്പോള്‍ ആമസോണ്‍ സ്പീക്കറുകളും സ്മാര്‍ട്ട് വീട്ടുപകരണങ്ങളുമായി ആണ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിക്കാന്‍ ശ്രമിക്കുന്നത്. ഇന്നലെ അവതരിപ്പിച്ച ഉപകരണങ്ങളില്‍ കൂടുതലും സ്പീക്കറുകളാണെങ്കിലും ഒരു സ്മാര്‍ട് പ്ലഗ് അടക്കമുള്ള താൽപര്യജനകമായ ഉപകരണങ്ങളുമുണ്ട്. ഇവയെല്ലാം തന്നെ ആമസോണിന്റെ അലക്‌സയുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കേണ്ടവയാണ്.

പുതിയ എക്കോ ഡോട്ട്

പുതിയ ഡ്രൈവറിലൂടെ 70 ശതമാനം ശബ്ദം കൂടുതല്‍ ലഭിക്കുമെന്നാണ് പറയുന്നത്. സ്വരം കൂടുതല്‍ തെളിമയുള്ളതായിരിക്കുകയും ചെയ്യും. പഴയ മോഡലിന്റെ വിലയായ 49.99 ഡോളര്‍ നല്‍കിയാല്‍ മതി.

എക്കോ ഓട്ടോ

വാഹനങ്ങളില്‍ കൊണ്ടുനടക്കാവുന്ന സ്മാര്‍ട് സ്പീക്കറാണ് എക്കോ ഓട്ടോ. തുടക്കത്തില്‍ ഇന്‍വൈറ്റ് രീതിയിലായിരിക്കും ലഭ്യമാകുക. ഇങ്ങനെ ലഭിക്കുന്നവര്‍ 24.99 ഡോളറായിരിക്കും വില നല്‍കേണ്ടത്. പക്ഷേ, എല്ലാവര്‍ക്കും ലഭിക്കുമ്പോള്‍ 49.99 ഡോളര്‍ നല്‍കേണ്ടി വരും. എക്കോ ഓട്ടോയെ നിങ്ങളുടെ ഫോണുമായും കാറിന്റെ സ്പീക്കറുമായും ബന്ധിപ്പിക്കാം. പാട്ടിന്റെ ഒച്ചയും റോഡിലെ ബഹളവുമൊക്കെയുണ്ടെങ്കിലും ഇതിന് ഉപയോക്താവിന്റെ ശബ്ദം തിരിച്ചറിയാനാകുമെന്ന് ആമസോണ്‍ പറയുന്നു. സാധാരണയുള്ള എല്ലാ അലക്‌സ കമാന്‍ഡുകളും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. ഗൂഗിള്‍ മാപ്‌സ്, ആപ്പിള്‍ മാപ്‌സ്, വെയ്‌സ് തുടങ്ങി ഒരു പിടി സര്‍വീസുകളുമായി ബന്ധിപ്പിച്ചും എക്കോ ഓട്ടോ പ്രവര്‍ത്തിക്കും.

എക്കോ ഇന്‍പുട്ട്

നിങ്ങള്‍ക്ക് ഇപ്പോഴുള്ള സ്പീക്കറുകളെ സ്മാര്‍ടാക്കാനുള്ള ഒന്നാണ് എക്കോ ഇന്‍പുട്ട്. ഇതിന് സ്വന്തമായി സ്പീക്കറില്ല. അലക്‌സാ കമാന്‍ഡുകള്‍ സ്വീകരിക്കാന്‍ ഫാര്‍ഫീല്‍ഡ് മൈക്രോഫോണ്‍ അറെ (array) നല്‍കിയിരിക്കുന്നു. എവിടെയും വയ്ക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എക്കോ ഡോട്ടിനെക്കാള്‍ പോലും ചെറുതായ ഇതിന് 34.99 ഡോളറാണു വില.

രണ്ടാം തലമുറ എക്കോ പ്ലസ്

amazon-echo-plus

പുതുക്കി നിര്‍മിച്ച എക്കോ പ്ലസ് സ്വീകരണ മുറികള്‍ക്ക് അലങ്കാരമാകാന്‍ പാകത്തിനാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്വരം മെച്ചപ്പെട്ടിട്ടുണ്ട്. വീട്ടിലെ സ്മാര്‍ട് ഉപകരണങ്ങളുടെ നിയന്ത്രണ കേന്ദ്രമാകാനുള്ള കഴിവും ഇതിനുണ്ട്. അന്തരീക്ഷ ഉഷ്മാവ് അളക്കാനുള്ള കഴിവും ഇതിനുണ്ട്. താപ വ്യതിയാനത്തിനനുസരിച്ച് സ്മാര്‍ട് ഉപകരണങ്ങള്‍ തനിയെ ഓണാക്കാനും ഓഫാക്കാനുമൊക്കെ കഴിയും. 149.99 ഡോളറായിരിക്കും വില.

സ്മാര്‍ട്സ്പീക്കറുകള്‍ക്ക് ഉള്ള ഒരു വലിയ കുറവ് ഇന്റര്‍നെറ്റ് ഇല്ലെങ്കിൽ അവ പ്രവര്‍ത്തിക്കില്ല എന്നതാണ്. ആ പിരമിതിയും ഇല്ലാതാക്കിയാണ് പുതിയ എക്കോ പ്ലസ് എത്തുന്നത്. ലോക്കല്‍ വോയസ് കമാന്‍ഡുകള്‍ അനുസരിക്കാന്‍ എക്കോ പ്ലസിനു സാധിക്കും. മുറിയിലെ സ്മാര്‍ട് ബള്‍ബുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഓണ്‍ ചെയ്യാനും മറ്റും എക്കോ പ്ലസിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. ഈ ലോക്കല്‍ വോയ്‌സ് കണ്ട്രോള്‍ വരും തലമുറയില്‍ മറ്റ് സ്മാര്‍ട് സ്പീക്കറുകളിലും പ്രതീക്ഷിക്കാം.

എക്കോ സബ്

eco-sub

ബെയ്‌സിന്റെ ഒരു കുറവ് എക്കോ സ്പീക്കറുകളില്‍ ചിലര്‍ക്കെങ്കിലും അനുഭവപ്പെടാറുണ്ട്. അതു പരിഹരിക്കാനാണ് പുതിയ എക്കോ സബ് എത്തുന്നത്. എക്കോ, എക്കോ ്പ്ലസ് സ്പീക്കറുകള്‍ക്കൊപ്പം ഇതു പ്രവര്‍ത്തിപ്പിച്ചാല്‍ മികച്ച സ്വര അനുഭവം ലഭിക്കും. വില 129.99 ഡോളര്‍.

എക്കോ ഷോ

രണ്ടാം തലമുറയിലെ എക്കോ ഷോ എത്തി. സ്മാര്‍ട് ഡിസ്‌പ്ലെയുള്ള സ്പീക്കറുകളാണ് ഷോ ശ്രേണിയില്‍ ഇറക്കുന്നത്. പുതിയ ഷോയ്ക്ക് അല്‍പ്പം വലുപ്പക്കൂടുതലുള്ള ഡിസ്‌പ്ലെയും ലഭിക്കുന്നു. ഇതിനും സ്മാര്‍ട് ഹോം ഹബായി തീരാനുള്ള കഴിവും ഉണ്ട്. എട്ടു മൈക്രോഫോണുകളാണ് ഇതിനുള്ളത്. അതിനാല്‍ എക്കോ സ്പീക്കറുകളിലെ ഏറ്റവും മികച്ച മൈക് സിസ്റ്റം ഉള്ള സ്പീക്കര്‍ എന്ന പേരും ഈ മോഡലിനായിരിക്കും. വെബ് ബ്രൗസറുകളും ഇതിനുണ്ട്. ആമസോണിന്റെ സ്വന്തം സില്‍ക്ക് ബ്രൗസറും ഫയര്‍ഫോക്‌സും ലഭ്യമാക്കിയിട്ടുണ്ട്. വിഡിയോ കോളിനായി സ്‌കൈപ്പും കിട്ടും. വില 229.99 ഡോളറായിരിക്കും.

അലക്‌സാ ഗാര്‍ഡ്

വീട്ടു സുരക്ഷാ ഉപകരണമാണ് അലക്‌സാ ഗാര്‍ഡ്. എക്കോ ഉപകരണങ്ങള്‍, സ്മാര്‍ട് ബള്‍ബുകള്‍, സെക്യൂരിറ്റി സര്‍വീസുകള്‍ ഇവയെ എല്ലാം ഒരുമിപ്പിക്കുന്ന ഒന്നായിരിക്കും ഇത്.

അലക്‌സാ ഗാര്‍ഡ് ഉണര്‍ന്നിരിക്കുമ്പോള്‍ വീട്ടില്‍ പതിവില്ലാത്ത ഒരു ശബ്ദം കേട്ടാല്‍ അതിന്റെ ഓഡിയോ ക്ലിപ് അലക്‌സ നിങ്ങള്‍ക്ക് അയച്ചു തരും. ചില്ലുടയുന്ന ഒച്ച, കാര്‍ബണ്‍ മോണോക്‌സൈഡ് അലാമുകള്‍ തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും. പുറത്തു പോകുമ്പോള്‍ അലക്‌സാ ഗാര്‍ഡ് ഉപകരണം 'എവേ' മോഡിലാക്കുക. എന്നിട്ട് 'അലക്‌സാ, ഐ ആം ലീവിങ്' എന്നു പറയുക. പിന്നീടുള്ള സമയത്ത് വീട്ടില്‍ കേള്‍ക്കുന്ന ശബ്ദങ്ങളെക്കുറിച്ച് അലക്‌സാ ഗാര്‍ഡ് ശ്രദ്ധാലുവായിരിക്കും.

അലക്‌സാ ഗാര്‍ഡിന് ഒരു എവേ ലൈറ്റിങ് സംവിധാനവും ഉണ്ട്. ഇതിലൂടെ വീട്ടില്‍ എന്നും നടക്കുന്ന രീതിയില്‍ ലൈറ്റുകള്‍ ഓണ്‍ ചെയ്യുകയും മറ്റും ചെയ്യാന്‍ മെഷീന്‍ ലേണിങിലൂടെ അലക്‌സാ ഗാര്‍ഡ് പഠിക്കും. വീട്ടില്‍ ആരെങ്കിലു കയറിയാലോ, മോഷണ ശ്രമമോ ഒക്കെ അറിയാന്‍ സാധിക്കും.

ആമസോണ്‍ മൈക്രോവേവ്

അലക്‌സാ കണക്ട് കിറ്റിന്റെ ശേഷി ചൂഷണം ചെയ്തു നിര്‍മ്മിച്ചതാണ് അലക്‌സാ മൈക്രോവേവ്. ഇതിന് മൈക്രോഫോണ്‍ ഒന്നുമില്ല. പക്ഷെ, എക്കോ ഉപകരണവുമായി ഘടിപ്പിച്ചാല്‍ പ്രവര്‍ത്തനം എളുപ്പമാണ്. കുറച്ച് ക്വിക് കുക്ക് പ്രീസെറ്റുകളുമായി ആണ് എത്തുന്നത്. അലക്‌സാ ബട്ടണ്‍ ഞെക്കിയ ശേഷം വേണ്ടതു പറഞ്ഞാല്‍ അത് ഉണ്ടാക്കിത്തരും. 59.99 ഡോളറാണ് ഇതിന്റെ വില.

എക്കോ ക്ലോക്

എക്കോ വാള്‍ ക്ലോക്ക്, മൈക്രോവേവിനു സമാനമാണ്. ഇതും എക്കോ സ്പീക്കറുകളുമായി ഘടിപ്പിക്കണം. ഇതില്‍ ടൈമറുകളും അലാമുകളും മറ്റും അലക്‌സാ കമാന്‍ഡുകളിലൂടെ സെറ്റു ചെയ്യാം. 

സോണോസ്

സോണോസ് കമ്പനിയുമായി ചേര്‍ന്ന് കൂടുതല്‍ മുറികളില്‍ അലക്‌സയുടെ സാന്നിധ്യം എത്തിക്കാന്‍ ശ്രമിക്കുന്നു. 

ഫയര്‍ ടിവി റീകാസ്റ്റ്

ഫയര്‍ ടിവിയില്‍ ഇനു മുതല്‍ ഓവര്‍ ദി എയര്‍ ടിവി ചാനലുകളും കാണുക മാത്രമല്ല റെക്കോർഡു ചെയ്യുകയും ചെയ്യാം. 

വൈഫൈ സിമ്പിള്‍ സെറ്റ്-അപ്

ഇലക്ട്രോണിക് ഉപകരണങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നത് എളുപ്പമാക്കാനുള്ള ശ്രമമാണിത്.

ആമസോണ്‍ ്സമാര്‍ട് പ്ലഗ്

സ്മാര്‍ട്പ്ലഗ്, ആമസോണിന്റെ അലക്‌സ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായ കണക്ടു ചെയ്യാം. ഇതില്‍ കണക്ടു ചെയ്തിരിക്കുന്ന ഉപകരണങ്ങള്‍ ലോകത്തെവിടെയിരുന്നും ഓണ്‍ ചെയ്യുകയും ഓഫുചെയ്യുകയും ചെയ്യാം. 24.99 ഡോളറാണു വില.

റിങ് സ്റ്റിക് അപ് ക്യാം

വിട്ടിനകത്തും പുറത്തും ബാറ്ററി ഉപയോഗിച്ചും ഉപയോഗിക്കാവുന്ന സ്മാര്‍ട് ക്യാമറായണ് റിങ് സ്റ്റിക് അപ് ക്യാം. 179.99 ഡോളറാണ് വില.