Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തൻ ഐപാഡ് പ്രോ; മാക്ബുക്ക് എയറിന് റെറ്റിന ഡിസ്‌പ്ലെ, തീർന്നില്ല...

apple-macbook-air-2018

ലോകത്തെ ഏറ്റവും പ്രശസ്തമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉല്‍പ്പന്ന വിതരണക്കാരായ ആപ്പിള്‍ ഒരുകൂട്ടം പുതിയ പ്രൊഡക്ടുകള്‍ അവതരിപ്പിച്ചു- ഇതുവരെ ഇറങ്ങിയവയില്‍ വച്ച് ഏറ്റവും ശക്തിയുള്ള ഐപാഡ് പ്രോ മോഡലുകള്‍, റെറ്റിന ഡിസ്‌പ്ലെയുമായി അണിഞ്ഞൊരുങ്ങി മാക്ബുക് എയര്‍, കരുത്തുറ്റ മാക് മിനി, പുതുക്കി നിര്‍മിച്ച വയര്‍ലെസ് ചാര്‍ജിങ് സാധ്യമായ ആപ്പിള്‍ പെന്‍സില്‍ എന്നിവയാണ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിന്‍ അക്കാഡമിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്.

ഐപാഡ് പ്രോ

കംപ്യൂട്ടിങ് ശേഷിയില്‍, താഴത്തെ നിരയിലുള്ള ലാപ്‌ടോപ്പുകളെക്കാള്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ളവ എന്നാണ് പുതിയ ഐപാഡ് പ്രോ മോഡലുകളെ വിശേഷിപ്പിക്കുന്നത്. A12X ബയോണിക് പ്രൊസസര്‍ കരുത്തു പകരുന്ന ഇവയ്ക്ക് വേണമെങ്കില്‍ ഫോട്ടോഷോപ്പിന്റെ മുഴുവന്‍ വേര്‍ഷന് ഓടാനുള്ള കരുത്തുണ്ടെന്നാണ് ഡെമോയില്‍ ആപ്പിള്‍ കാണിച്ചത്. രണ്ടു മോഡലുകളാണ് ഇന്നലെ പുറത്തിറക്കിയത്. 11 ഇഞ്ച് വലുപ്പമുളളതും 12.9 ഇഞ്ച് വലുപ്പമുള്ളതും.

ഫെയ്‌സ്‌ ഐഡി അടക്കം, മുന്‍ ഐപാഡുകള്‍ക്കില്ലാത്ത നിരവധി ഫീച്ചറുകളാണ് പുതിയ ഐപാഡ് പ്രോ മോഡലുകള്‍ക്കു നല്‍കിയിരിക്കുന്നത്. ഫെയ്‌സ്‌ഐഡി, പോര്‍ട്രെയ്റ്റ്, ലാന്‍ഡ്‌സ്‌കെയ്പ് മോഡുകളില്‍ പ്രവര്‍ത്തിക്കും. ക്യാമറ ആപ്പില്‍ ആനിമോജി, മെമോജി, ഗ്രൂപ് ഫെയ്‌സ്‌ടൈം തുടങ്ങിയ ഫീച്ചറുകളും അടങ്ങിയിരിക്കുന്നു. ബെസല്‍ കുറച്ചുള്ള നിര്‍മാണം വളരെ ആകര്‍ഷകമാണ്. വലിയ സ്‌ക്രീനാണെങ്കിലും പുതിയ 11 ഇഞ്ച് മോഡലിന് പഴയ 10.5 ഇഞ്ച് മോഡലിന്റെ അത്ര വലുപ്പമേയുള്ളൂ. 15 ശതമാനം കനവും കുറവുണ്ട്. പുതിയ ഐഫോണുകളെപ്പോലെ ഹോം ബട്ടണ്‍ ഒഴിവാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങും മറ്റേത് ആപ്പിള്‍ പ്രൊഡക്ടിനുമൊപ്പമോ, മുന്നിലോ നില്‍ക്കും. ഇതിനായി അടുത്ത തലമുറ ന്യൂറല്‍ എൻജിനാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 7-കോര്‍ GPU, 8-കോര്‍ CPU, കൂടാതെ 1TB വരെ സംഭരണശേഷി എന്നിങ്ങനെയാണ് മറ്റു പ്രധാന ഹാര്‍ഡ്‌വെയര്‍ പ്രത്യേകതകള്‍.

2388x1668 പിക്‌സല്‍ റെസലൂഷനുള്ള റെറ്റിനാ ഡിസ്‌പ്ലെയാണ് സ്‌ക്രീൻ. പ്രോ മോഷന്‍ ടെക്‌നോളജി, ട്രൂ ടോണ്‍ ഡിസ്‌പ്ലെ തുടങ്ങിയ പുതിയ ഫീച്ചറുകളും സ്‌ക്രീനിന്റെ നിര്‍മിതിയില്‍ ഉപയോഗിച്ചിരിക്കുന്നു. ഇരട്ട പിന്‍ ക്യാമറ സജ്ജീകരണം ഇത്തവണയും ആപ്പിളിന്റെ ടാബില്‍ എത്തിയില്ല. പകരം f/1.8 അപേര്‍ച്ചറുള്ള 12MP പിന്‍ ക്യാമറയാണുള്ളത്. 7MP ട്രൂഡെപ്ത് മുന്‍ ക്യാമറയും ഉണ്ട്.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ഫീച്ചര്‍ യുഎസ്ബി ടൈപ്-സി യുടെ സാന്നിധ്യമാണ്. തങ്ങളുടെ സ്വന്തം ലൈറ്റ്‌നിങ് പോര്‍ട്ടിന് വിശ്രമം നല്‍കിയാണ് കംപ്യൂട്ടിങ് രംഗത്ത് കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന യുഎസ്ബി-ടൈപ് സി പോര്‍ട്ടിന് അവസരം നല്‍കിയിരിക്കുന്നത്. ഇതിലൂടെ ഈ വര്‍ഷത്തെ ഐപാഡ് പ്രോ മോഡലുകള്‍, ലാപ്‌ടോപ്പുകളോട് കൂടുതല്‍ അടുക്കുന്നുവെന്നു പറയുന്നു. പുതിയ പോര്‍ട്ടിലൂടെ ഐപാഡ് പ്രോ മോഡലുകള്‍ക്ക് 5K ഡിസ്‌പ്ലെയുമായി ബന്ധപ്പെടാനുമാകും.

വെബ് ബ്രൗസിങ് നടത്തുകയാണെങ്കില്‍ പത്തു മണിക്കൂര്‍ വരെ ബാറ്ററി നീണ്ടു നിന്നേക്കുമെന്നു പറയുന്നു. കൂടുതല്‍ ശ്രമകരമായ ജോലികള്‍ ചെയ്താല്‍ അത്ര നേരം നില്‍ക്കില്ല. വിവിധ സംഭരണ ശേഷികളും, കൂടാതെ വൈ-ഫൈ മാത്രമുള്ള, അല്ലെങ്കില്‍ വൈ-ഫൈയും സെല്ല്യുലാര്‍ കണക്ടിവിറ്റിയുമുള്ള വേര്‍തിരിവുകള്‍ പുതിയ 11-ഇഞ്ച് മോഡലുകള്‍ക്കുമുണ്ട്. ഇതാണ് വില- വൈ-ഫൈ മാത്രമുള്ളവ- 64ജിബി - 799 ഡോളര്‍, 256ജിബി -949 ഡോളര്‍, 512ജിബി - 1149 ഡോളര്‍; 1ടിബി -1549 ഡോളര്‍. വൈ-ഫൈയും സെല്ല്യുലാറുമുള്ള മോഡലുകളുടെ വില: 64ജിബി - 949 ഡോളര്‍; 256ജിബി - 1099 ഡോളര്‍; 512ജിബി - 1299 ഡോളര്‍; 1ടിബി - 1699 ഡോളര്‍.

(ഇന്ത്യയില്‍ വൈ-ഫൈ മാത്രമുള്ള മോഡലിന്റെ തുടക്ക വില 71,900 രൂപയും, വൈ-ഫൈയും സെല്ല്യൂലാര്‍ കണക്ടിവിറ്റിയുമുള്ള മോഡലിന്റെത് 85,900 രൂപയുമായിരിക്കുമെന്നു കേള്‍ക്കുന്നു. വിലകള്‍ താമസിയാതെ പ്രഖ്യാപിച്ചേക്കും.)

12.9-ഇഞ്ച് സ്‌ക്രീന്‍ മോഡല്‍

ഈ മോഡലിന്റെ സ്‌ക്രീനിന് 2732x2048 പിക്‌സല്‍ റെസലൂഷനും, പ്രോമോഷന്‍ ടെക്‌നോളജിയും ട്രൂ ടോണ്‍ മികവുമാണുള്ളത്. ഇതൊഴിച്ചാല്‍ മിക്ക ഫീച്ചറുകളും 11-ഇഞ്ച് മോഡലിന്റെതിനു സമാനമാണ്.

വില

വൈ-ഫൈ മാത്രമുള്ള മോഡലുകള്‍- 64ജിബി - 999 ഡോളര്‍, 256ജിബി - 1149 ഡോളർ, 512ജിബി - 1349 ഡോളര്‍; 1ടിബി - 1749 ഡോളര്‍. വൈ-ഫൈയും സെല്ല്യൂലാര്‍ കണക്ടിവിറ്റിയുമുള്ള മോഡലുകള്‍- 64ജിബി - 1149 ഡോളര്‍, 256ജിബി - 1299 ഡോളര്‍, 512ജിബി – 1499 ഡോളര്‍, 1ടിബി - 1899 ഡോളര്‍.

(വൈ-ഫൈ മാത്രമുള്ള മോഡലിന്റെ ഇന്ത്യയിലെ തുടക്ക വില 89,900 രൂപയും വൈ-ഫൈയും സെല്ല്യുലാറുമുള്ള മോഡലിന്റെ തുടക്ക വില 1,03,900 രൂപയുമായിരിക്കുമെന്നും കേള്‍ക്കുന്നു.)

ആപ്പിള്‍ പെന്‍സില്‍ സപ്പോര്‍ട്ട്

ഇരു മോഡലുകളും ആപ്പിള്‍ പെന്‍സില്‍ 2 സപ്പോർട്ടു ചെയ്യുന്നു. പടം വരയ്ക്കലും നോട്ടു കുറിക്കലുമൊക്കെ നടത്താന്‍ വളരെ ഉചിതമായിരിക്കും പെന്‍സില്‍ 2. വയര്‍ലെസ് ചാര്‍ജിങ് സാധ്യമാണെന്നതും, ഐപാഡിനോട് കാന്തികമായി ഒട്ടിപ്പിടിക്കാനുള്ള ശേഷിയുണ്ടെന്നതും പുതിയ മോഡല്‍ പെന്‍സിലിന്റെ സവിശേഷതകളാണ്. ഇതിന്റെ വില 10,900 രൂപിയായിരിക്കും.

മാക്ബുക്ക് എയര്‍

മാക്ബുക്ക് എയറിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് മറ്റൊരു വാര്‍ത്ത. മാക്ബുക് എയര്‍ ലൈന്‍-അപ് ഇനി ഉണ്ടായേക്കില്ലെന്നു വാര്‍ത്തകളുണ്ടായിരുന്നു. റെറ്റിന ഡിസ്‌പ്ലെയണിഞ്ഞാണ് പുതിയ മോഡല്‍ എത്തുന്നതെന്ന സവിശേഷതയുമുണ്ട്. മാക്ബുക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന മിക്കവര്‍ക്കും ഉചിതമായ മോഡലായിരിക്കുമിത്. ടച്ച് ഐഡി, എട്ടാം തലമുറയിലെ ഇന്റല്‍ പ്രൊസസര്‍, 8ജിബി അല്ലെങ്കില്‍ 16ജിബി റാം, 1.5ടിബി SSD വരെയുള്ള സംഭരണശേഷി എന്നിവ നല്‍കിയിരിക്കുന്നു.

13.3-ഇഞ്ച് ബാക്‌ലിറ്റ് എല്‍ഇഡി ഡിസ്‌പ്ലെയാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണീയത. ബെസൽ കുറച്ച് നിര്‍മിച്ചിരിക്കുന്ന ഈ സ്‌ക്രീന്‍ തന്നെയാണ് പുതിയ മോഡലിന്റെ പ്രത്യേകതകളിലൊന്ന്. പുതിയ ഐപിഎസ് പാനലിന് 2560x1200 റെസലൂഷനാണുള്ളത്. 13-മണിക്കൂര്‍ വെബ് സര്‍ഫിങ് സാധ്യമാണ്. ഒരു യുഎസ്ബി ടൈപ്-സി പോര്‍ട്ടും രണ്ട് തണ്ടര്‍ബോള്‍ട്ട് 3 പോര്‍ട്ടുകളുമുണ്ട്. കേവലം 1.24 കിലോ ഗ്രാം ഭാരമാണ് ഇതിനുള്ളത്. പൂര്‍ണ്ണമായും റീസൈക്കിൾ ചെയ്ത അലുമിനിയം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. SDXC കാര്‍ഡ് സ്ലോട്ടും എക്‌സ്‌റ്റേണല്‍ യുഎസ്ബി സൂപ്പര്‍ഡ്രൈവ് സപ്പോര്‍ട്ടും എടുത്തുകളഞ്ഞിരിക്കുന്നു. തുടക്ക മോഡലിന്റെ വില 1199 ഡോളറായിരിക്കും. ഇതിന് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില 1,14,900 രൂപയായിരിക്കും.

മാക് മിനി

4-കോറും, 6-കോറുമുള്ള രണ്ടു വേരിയന്റുകളാണ് വിപണിയിലെത്തുക. 8ജിബി, 16ജിബി, 32ജിബി, 64ജിബി റാം സപ്പോര്‍ട്ടുമുണ്ട്. 4-നാലു കോറുള്ള മോഡലിന്റെ തുടക്ക വേരിയന്റിന് 128ജിബി SSD യാണ് 6-കോറുള്ള മോഡല്‍ 256ജിബി സംഭരണ ശേഷിയുമാണ് തുടക്ക മോഡലുകള്‍ക്ക്. ഇവ 2ടിബി വരെ കൂട്ടാം. UHD ഗ്രാഫിക്‌സ് 630, മൂന്നു ഡിസ്‌പ്ലെകള്‍ക്കു വരെയുള്ള സപ്പോര്‍ട്ട്, എതര്‍നെറ്റ് പോര്‍ട്ട്, 4 തണ്ടര്‍ബോള്‍ട്ട് പോര്‍ട്ടുകള്‍, 2 USB 3 പോര്‍ട്ട്, ഒരു എച്ഡിഎംഐ 2 പോര്‍ട്ട് 3.5mm ജാക് തുടങ്ങിയവയൊക്കെയുണ്ട്. തുടക്ക മോഡലിന്റെ ഇന്ത്യയിലെ വില 75,900 രൂപയായിരിക്കും.