Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഷി ടാങ്ക് പ്രിന്ററുമായി എപ്സൺ

epson-printer

‘കടലാസ് രഹിത’ഇടപാടുകളാണ് ലക്ഷ്യമിടുന്നതെങ്കിലും വീട്ടിലും ഓഫിസിലും പ്രിന്റർ ഇല്ലാതെ ജീവിക്കാനാകാത്ത സ്ഥിതിയാണു പലർക്കും. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും ചെറുകിട സംരംഭകർക്കുമൊക്കെ പ്രിന്റെടുക്കൽ അത്യാവശ്യം. ആവശ്യത്തിനനുസരിച്ച് വലുപ്പവും ശേഷിയുമുള്ള പ്രിന്ററുകൾ ധാരാളമുണ്ട് വിപണിയിൽ.

ഈ രംഗത്തെ മുൻനിരക്കാരായ എപ്സൺ പുറത്തിറക്കിയ എൽ4160 വീടിനും ഓഫിസിനും അനുയോജ്യമായ ഇങ്ക് ടാങ്ക് പ്രിന്ററാണ്. കറുപ്പ്, സിയാൻ, യെലോ, മജന്ത മഷികൾ നിറച്ച പ്രത്യേക ടാങ്കുകൾ പ്രിന്ററിന്റെ ബോഡിക്കുള്ളിൽത്തന്നെ ഘടിപ്പിക്കാമെന്നു മാത്രമല്ല, ഓരോ ടാങ്കും ഒട്ടും മഷി ചോരാത്തവിധം ഘടിപ്പിക്കുമെന്നുറപ്പാക്കുന്ന ഡിസൈനുമാണ്.ഈ ഇന്റഗ്രേറ്റഡ് ഡിസൈൻ എൽ4160നെ സൗകര്യപ്രദമായി കൈകാര്യം ചെയ്യാവുന്നതും അഴകും ഒതുക്കവുമുളളതുമായ പ്രിന്ററാക്കുന്നു. 

ടാങ്ക് ടെക്നോളജിയായതിനാൽ‌ പ്രിന്ററിനു വില സാധാരണ പ്രിന്ററുകളെക്കാൾ ഉയരെയാണെങ്കിലും പ്രിന്റിങ് ചെലവു കുറവാണ്. ബ്ലാക് ൻ വൈറ്റ് പ്രിന്റിന് 12പൈസയും കളറിന് 20 പൈസയുമേ ചെലവാകൂ എന്നു കമ്പനി പറയുന്നു. ബ്ലാക് ൻ വൈറ്റ് പ്രിന്റ് 7500 എണ്ണമെടുക്കാൻ ഒരു ടാങ്ക് മഷിയിൽ. കളറാകുമ്പോൾ 6000 എണ്ണം. കറുപ്പു മഷിക്ക് നിലവിൽ 899 രൂപയും ഓരോ നിറത്തിനും 499 രൂപയുമാണു വില.

വൈദ്യുതിച്ചെലവിലും ലേസർപ്രിന്ററുകളെക്കാൾ കുറവ്. 12 വാട്ട് ആണ് ഇങ്ക് ടാങ്ക് പ്രിന്ററിനു വേണ്ടതെങ്കിൽ 250 വാട്ട് ആണ് ലേസറിന്റെ ശരാശരി ഉപഭോഗം. കണക്റ്റിവിറ്റി മറ്റൊരു പ്ലസ് പോയിന്റാണ്. കേബിളിനു പുറമെ വൈഫൈ റൗട്ടർ വഴിയും വിവിധ ഉപകരണങ്ങളെ (കംപ്യൂട്ടറും ഫോണുമടക്കം) എൽ4160മായി ഘടിപ്പിക്കാം. ഏതെങ്കിലും ഒരുപകരണവുമായി ഘടിപ്പിക്കാൻ വൈഫൈ– ഡയറക്ട് സംവിധാനവും ഉപയോഗിക്കാം. 

17299 രൂപയാണു വിലയെങ്കിലും പ്രിന്റിങ് ചെലവ്, ലേസർ പ്രിന്ററിനെക്കാൾ കുറവായതിനാൽ ദീർഘകാല നേട്ടമുണ്ട്. വളരെ ഒരുങ്ങിയ രൂപമാണ്. 5.5 കിലോഗ്രാം ഭാരം. 1.4 ഇഞ്ച് ടച്സ്ക്രീൻ ഡിസ്പ്ലേ അനായാസ നിയന്ത്രണം ഉറപ്പാക്കുന്നു. സ്കാനറായും കോപ്പിയർ ആയും ഉപയോഗിക്കാം. എ4 സൈസ് വരെയുള്ള പേപ്പറാണ് ഉപയോഗിക്കാനാകുക. പരമാവധി 33 പേജ് ഒരു മിനിറ്റിൽ പ്രിന്റ് ചെയ്യാം. പേപ്പറിന്റെ ഇരുവശവും പ്രിന്റ് ചെയ്യുന്നതും വേഗത്തിൽ നടക്കും. മുൻനിരക്കാരിൽ വീണ്ടുമൊരു മുൻനിര പ്രിന്റർ എന്ന് ഇതിനെ തീർച്ചയായും വിളിക്കാം.