ADVERTISEMENT

ചൈനീസ് ആപ്പിളാണോ അമേരിക്കന്‍ ആപ്പിളാണോ മികച്ചതെന്നാണ് ചോദ്യം. ചൈനയിലെ ആപ്പിളാണ് ഷവോമി എന്നാണല്ലോ വയ്പ്പ്. ആപ്പിള്‍ തങ്ങളുടെ ബ്ലൂടൂത്ത് വയര്‍ലെസ് ഇയര്‍ഫോണായ എയര്‍പോഡ്‌സ് (AirPods) ഇറക്കി വര്‍ഷങ്ങള്‍ക്കു ശേഷം ഷവോമിയും സമാനമായ ഒരു പ്രൊഡക്ട് വിപണിയിൽ എത്തിച്ചിരിക്കുകയാണ് എയര്‍ഡോട്‌സ് (AirDots). 159 ഡോളറാണ് (12,900 രൂപ) എയര്‍പോഡ്‌സിന്റെ വിലയെങ്കില്‍ 30 ഡോളര്‍ മാത്രമാണ് എയര്‍ഡോട്‌സിന്റെ വില എന്നതും ഈ മത്സരം താത്പര്യജനകമാക്കുന്നു.

 

കാഴ്ചയില്‍ എങ്ങനെ?

 

എയര്‍പോഡ്‌സിന്റെ തൂക്കം 4 ഗ്രാം വീതമാണെങ്കില്‍ എയര്‍ഡോട്‌സിന് 4.2 ഗ്രാമാണ് ഭാരം. ആപ്പിളിന്റെ ഇയര്‍പോഡുകളുടെ വാലു മുറിച്ചതു പോലെയാണ് എയര്‍പോഡ്‌സിന്റെ നിര്‍മാണം. എയര്‍ഡോട്‌സ് കൂടുതലായി ഒരു ശ്രവണസഹായിയെ ഓര്‍മിപ്പിക്കുന്നുവെന്നു പറയാം. എയര്‍ഡോട്‌സ് ഇന്‍-ഇയര്‍ ഹെഡ്‌ഫോണ്‍സ് ആണ്. എയര്‍പോഡ്‌സിനെക്കാള്‍ വലുപ്പം കൂടുതലുമുണ്ട്. എയര്‍പോഡ്‌സിന് അല്‍പ്പം ഭാരക്കൂടുതലേ ഉള്ളുവെങ്കിലും ധരിക്കുമ്പോള്‍ എയര്‍പോഡ്‌സ് ഭാരം കുറഞ്ഞവയാണെന്ന ധാരണ കിട്ടുന്നു.

 

കണക്ടിവിറ്റി

 

രണ്ടു ഹെഡ്‌സെറ്റുകളും ചെവിയില്‍ വയ്ക്കുമ്പോഴേ, നിങ്ങളുടെ ബ്ലൂടൂത്ത് ഉപകരണത്തോടു സ്വയം കണക്ടാകും. ഐഫോണിനോട് എയര്‍പോഡ്‌സ് അല്‍പം വേഗത്തില്‍ കണക്ടാകും. കാരണം രണ്ടും ആപ്പിളിന്റെ സൃഷ്ടിയാണല്ലോ. എയര്‍ഡോട്‌സും കണക്ടാകാന്‍ വലിയ കാലതാമസമൊന്നുമെടുക്കില്ല. എന്നാല്‍ ഇരു ഹെഡ്‌ഫോണുകളും ഉപയോഗിക്കുന്ന ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഇനിയും പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ലെന്നത് രണ്ടിനും പൊതുവെ ബാധകമാണ്. കണക്ടിവിറ്റിയില്‍ ചെറിയ പ്രശ്‌നം എയര്‍പോഡ്‌സില്‍ പ്രതീക്ഷിക്കാം. എയര്‍ഡോഡ്‌സിന്റെ ഒരു ഇയര്‍ഫോണ്‍ മാത്രം കണക്ടായ സംഭവവുമുണ്ടായി.

 

ധരിക്കുന്നതിലെ സുഖം

 

എയര്‍പോഡ്‌സ് ധരിക്കാന്‍ പ്രത്യേക പരിശീലനമൊന്നും വേണ്ട. എന്നാല്‍, എയര്‍ഡോട്‌സിനെ പിടിപ്പിക്കാന്‍ അല്‍പ്പം പരിശ്രമം വേണം. എന്നാല്‍ ഒരിക്കല്‍ പിടിപ്പിച്ചു കഴിഞ്ഞാല്‍ എയര്‍ഡോട്‌സും അവിടെ ഇരുന്നോളും. തല കുലുക്കിയാലും തെറിച്ചു പോകില്ല. എയര്‍ഡോട്‌സ് സിലിക്കണ്‍ റബര്‍ ഇയര്‍ബട്‌സ് ആണ്. അവ ധരിക്കുമ്പോള്‍ ചലര്‍ക്ക് അസുഖകരമായ അനുഭവം വന്നേക്കാം. കാതുകള്‍ അടയ്ക്കപ്പെട്ടതു പോലെ തോന്നാം.

 

ശബ്ദം

 

ആപ്പിളിന്റെ എയര്‍പോഡ്‌സിന് നോയ്‌സ്-ക്യാന്‍സലിങ് ഫീച്ചര്‍ ഇല്ല. (അടുത്ത വേര്‍ഷനില്‍ അതുണ്ടാകും.) എങ്കിലും വ്യക്തമായും ആവശ്യത്തിനു ബെയ്‌സോടു കൂടിയുമുള്ള സ്വരം കിട്ടുന്നു. എയര്‍ഡോട്‌സിന് നോയ്‌സ്-ക്യാന്‍സലിങ് ഫീച്ചറുണ്ട്. ശക്തമായ ബെയ്‌സും ഉണ്ട്. ശ്രവണനാളത്തിലേക്ക് കയറി ഇരിക്കുന്നതിനാല്‍ പുറമേ നിന്നുളള ശബ്ദത്തെ തടയുന്നു. പാട്ടു കേള്‍ക്കാനാണെങ്കില്‍ ഇത് മികച്ചതാണ്. എന്നാല്‍ ഇതും ധരിച്ച് ഒരു തിരക്കുള്ള നഗരത്തിലൂടെ നടന്നാലും വാഹനങ്ങളുടെ ഹോണോ ആളുകളുടെ ആരവമോ ഒന്നും കേട്ടേക്കില്ല.

 

ഫോണ്‍ വിളി

 

രണ്ടു ഉപകരണങ്ങളിലൂടെയും ഫോണ്‍ കോളുകളും നടത്താം. എയര്‍പോഡുകള്‍ക്ക് മനുഷ്യ സ്വരം തിരിച്ചറിഞ്ഞ് മറ്റു ശബ്ദങ്ങളെ തടയാനറിയാം. എയര്‍ഡോട്‌സിന് അതില്ല. പുറമേ നിന്നുള്ള ശബ്ദങ്ങളെല്ലാം എയര്‍ഡോട്‌സ് പിടിച്ചെടുത്തയക്കും. ചുരുക്കി പറഞ്ഞാല്‍ പാട്ടു കേൾക്കാന്‍ മെച്ചം എയര്‍ഡോട്‌സ് ആണെങ്കില്‍ ഫോണ്‍ വിളിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ എയര്‍പോഡ്‌സാണ് ഉത്തമം.

 

പ്രവര്‍ത്തിപ്പിക്കാന്‍

 

ഫോണ്‍ കോള്‍ അവസാനിപ്പിക്കാന്‍ എയര്‍പോഡ്‌സില്‍ രണ്ടു തവണ ടാപ് ചെയ്യണം. എയര്‍ഡോട്‌സില്‍ ഒരു തവണ മതി. ഇരു ചെവികളിലുമുള്ള ഏതെങ്കിലും എയര്‍ഡോട്‌സില്‍ ഒരു തവണ ടാപ് ചെയ്താല്‍ പാട്ടു കേള്‍ക്കുകയോ, പോസു ചെയ്യുകയോ ചെയ്യാം. ഇരട്ട ടാപ് ചെയ്താല്‍ വോയ്‌സ് അസിസ്റ്റന്റിന്റെ സഹായം തേടാം. എയര്‍പോഡ്‌സിന്റെ ഇരട്ട ടാപ് ഓരോ വശത്തുമുള്ള ഇയര്‍ബഡ്‌സിന് കസ്റ്റമൈസ് ചെയ്യാം.

 

റെയ്ഞ്ച്

 

എയര്‍പോഡ്‌സ് 12 മീറ്റര്‍ വരെ ലഭിക്കുമെന്നു പറയുമ്പോള്‍ എയര്‍ഡോട്‌സിന് പത്തു മീറ്റര്‍ ലഭിക്കുമെന്നാണ് ഷവോമി പറയുന്നത്.

 

ബാറ്ററി

 

എയര്‍പോഡ്‌സിന് 5 മണിക്കൂറും എയര്‍ഡോട്‌സിന് 4 മണിക്കൂറും ലഭിക്കും.

 

ചുരുക്കി പറഞ്ഞാല്‍ വില പരിഗണിക്കുന്നുണ്ടെങ്കില്‍ എയര്‍ഡോട്‌സ് ഉഗ്രന്‍ ഉപകരണം തന്നെയാണ്. (ഇപ്പോള്‍ ചൈനയില്‍ മാത്രമാണ് ഇതു ലഭ്യമായിട്ടുള്ളത്.) വില പ്രശ്‌നമല്ലെങ്കില്‍ നിങ്ങള്‍ ആപ്പിളിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നയാളാണെങ്കില്‍ എയര്‍പോഡ്‌സ് ആയിരിക്കും മികച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com