sections
MORE

കണ്ണുമിഴിച്ച് ടെക് ലോകം; കരുത്തന്‍ ഐപാഡ് എയര്‍, മിനി മോഡലുകള്‍ ആപ്പിൾ പുറത്തിറക്കി

New-iPad-air-and-iPad-mini-with-Apple-Pencil
New iPad air and iPad mini with Apple Pencil
SHARE

മാര്‍ച്ച് 25നു പുറത്തിറക്കും എന്നു പറഞ്ഞുകേട്ട തങ്ങളുടെ പുതിയ ഐപാഡ് മോഡലുകള്‍ അല്‍പ്പം നേരത്തെ പുറത്തിറക്കി ടെക് ലോകത്തെ ചെറുതായി അമ്പരപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. ഐപാഡ് എയര്‍ 3 (10.5-ഇഞ്ച്), ഐപാഡ് മിനി (7.9-ഇഞ്ച്) എന്നീ മോഡലുകളാണ് കമ്പനി അനാവരണം ചെയ്തരിക്കുന്നത്. ഈ രണ്ടു മോഡലുകളുടെയും നിര്‍മാണം യഥാക്രമം 2014, 2015 വര്‍ങ്ങളില്‍ നിറുത്തിയിരിക്കുകയായിരുന്നു. പുതിയ മോഡലുകളുടെ വരവോടെ നാലു തരം ഐപാഡുകള്‍ മാര്‍ക്കറ്റിലെത്തുന്നു. ഐപാഡ് പ്രോ, ഐപാഡ് എയര്‍, ഐപാഡ്, ഐപാഡ് മിനി എന്നിവയിൽ ഐപാഡ്, ഐപാഡ് മിനി എന്നീ മോഡലുകളാണ് ഏറ്റവു വില കുറഞ്ഞ ആപ്പിളിന്റെ ടാബുകള്‍.

പ്രോസസിങ് കരുത്ത്

കഴിഞ്ഞ ദിവസം അനാവരണം ചെയ്ത രണ്ടു മോഡലുകള്‍ക്കും ശക്തി പകരുന്നത് ആപ്പിളിന്റെ ഇപ്പോഴത്തെ ഏറ്റവും കരുത്തുറ്റ പ്രോസസറായ എ12 ബയോണിക് ചിപ് ആണ്. ഐഫോണ്‍ എക്‌സ്എസ് മാക്‌സ് തുടങ്ങിയ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് അപാര പ്രോസസിങ് ശേഷിയുണ്ട്. മികച്ച റെറ്റിന ഡിസ്‌പ്ലെയുള്ള ഇരു മോഡലുകള്‍ക്കും, പുരോഗമിച്ച മെഷീന്‍ ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം, 3ഡി ഗെയ്മിങ് തുടങ്ങി ഒരുപിടി പ്രവര്‍ത്തനങ്ങളില്‍ മികവു പ്രതീക്ഷിക്കാം.

New-iPad-Mini-and-supports-Apple-Pencil

ക്യാമറാ

വെളിച്ച കുറവുള്ള സ്ഥലത്തും മികച്ച പ്രകടനം നടത്തും, 1080p വിഡിയോ റെക്കോഡിങ് നടത്തും എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്. 8എംപി പിന്‍ ക്യാമറയും, 7എംപി മുന്‍ ക്യാമറയുമാണ് ഉള്ളത്.

ഐപാഡിനു മാത്രം 10 ലക്ഷം ആപ്പുകള്‍

മുഴുവന്‍ ഐപാഡ് അനുഭവം നല്‍കുന്ന 10 ലക്ഷം ആപ്പുകള്‍ ഇപ്പോള്‍ ആപ് സ്റ്റോറില്‍ ലഭ്യമാണ്. അടുത്ത തലമുറ ഐവര്‍ക്ക് (iWork) അടുത്തയാഴ്ച എത്തുമെന്നും ആപ്പിള്‍ അറിയിച്ചു. 

New-iPad-Air-with-Smart-Keyboard-Apple-Pencil

പുതിയ ഐഒഎസ്

ഐഒഎസിലെ മികച്ച വിഭവങ്ങളെല്ലാം തന്നെ പുതിയ ഐപാഡുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐഒഎസ് 13 സ്വീകരിക്കാന്‍ സജ്ജമാണ്.

New-iPad-Air-smart-keyboard-with-apple-pencil

ബാറ്ററി

10 മണിക്കൂര്‍ വരെ ഒരു ചാര്‍ജിങില്‍ പ്രവര്‍ത്തിക്കുമെന്നു അവകാശവാദം.

വില

ഐപാഡ് മിനിയുടെ തുടക്ക മോഡലിന് 34,900 രൂപയായിരിക്കും വില. ഐപാഡ് എയറിന്റെ തുടക്ക മോഡലിന് 44,900 രൂപ നല്‍കേണ്ടിവരും. എല്‍ടിഇ ഉള്ള തുടക്ക മോഡലുകള്‍ക്ക് 10,000 രൂപയിലേറെ നല്‍കേണ്ടിവരും ആപ്പിള്‍ പെന്‍സില്‍ വേണമെങ്കില്‍ 8,500 രൂപ നല്‍കണം. സ്മാര്‍ട്ട് കീബോര്‍ഡിന് 13,900 രൂപയും നല്‍കണം.

New-iPad-Air-nba2k

ഏത് ഐപാഡാണ് നിങ്ങള്‍ക്ക് അനുയോജ്യം?

ഏറ്റവും മികച്ച മോഡല്‍ ഐപാഡ് പ്രോ ആണെന്നു പറഞ്ഞല്ലോ. 12.9-ഇഞ്ച്, 11-ഇഞ്ച്, 10-ഇഞ്ച്, 9.7-ഇഞ്ച് എന്നീ വലുപ്പങ്ങളിലാണ് ഇത് ഇത്ര കാലം ലഭ്യമാക്കിയിട്ടുള്ളത്. ഏറ്റവും നല്ല നിര്‍മാണമികവ് ഇതിനാണ്. ഏറ്റവും പുതിയ മോഡലുകളില്‍ ആയിരുന്നു ആപ്പിള്‍ പെന്‍സില്‍, കീബോര്‍ഡ് തുടങ്ങിയവയുടെ സപ്പോര്‍ട്ട് ഉണ്ടായിരുന്നത്. നേര്‍ത്ത ബെസലുമായി ഇറങ്ങിയ ഏറ്റവും പുതിയ പ്രോ മോഡലുകള്‍ കാഴ്ചയില്‍ മികച്ചവയാണെങ്കിലും, ബെന്റ് ടെസ്റ്റിൽ (bend test) വളയുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നത് ക്ഷീണമായി. എന്നാലും, ആയാസമുള്ള ജോലികള്‍ക്ക് ഏറ്റവും ഉപകരിക്കുന്ന മോഡല്‍ എന്ന പേര് ഇതിനാണ്. ഏറ്റവും മികച്ച സ്‌ക്രീന്‍ ടെക്‌നോളജിയും ഇതിനായിരിക്കും. ഏറ്റവും കൂടുതല്‍ വിലയും ഈ മോഡലുകള്‍ക്കാണ്. കൂടിയ സംഭരണശേഷിയും ഇവയ്ക്കായിരിക്കും.

ഐപാഡ് എയര്‍

പുതിയ ഐപാഡ് എയര്‍ മോഡലുകള്‍ നിര്‍മാണ മികവില്‍ ഐപാഡ് പ്രോയ്ക്ക് ഒപ്പം നില്‍ക്കില്ലെങ്കിലും കരുത്തില്‍ മോശം വരില്ല. സ്‌ക്രീന്‍ ടെക്‌നോളജിയും ഏറ്റവും മികച്ചതല്ല. പക്ഷേ, വില കുറവുണ്ട്. ഫെയ്‌സ്‌ഐഡി ഇല്ല. ടച്‌ഐഡിയാണ് ഉള്ളത്. സാദാ ഐപാഡിനും പ്രോയ്ക്കും ഇടയിലാണ് ഇവയുടെ സ്ഥാനം.

ഐപാഡ്

ഐപാഡ് അനുഭവം വേണമെന്നും എന്നാല്‍ അധികം പൈസ നല്‍കാന്‍ താത്പര്യമില്ല എന്നും കരുതുന്നവര്‍ക്കാണ് ഈ മോഡലുകള്‍. 

ഐപാഡ് മിനി

ഏറ്റവും ചെറിയ സ്‌ക്രീനുള്ള ഐപാഡ് ആണിത്. ഐഫോണുകളെക്കാള്‍ അല്‍പ്പം വലിയ സ്‌ക്രീന്‍ വേണമെന്നുള്ളവര്‍ക്ക് പരിഗണിക്കാവുന്നതാണിത്. പുതിയ ഐപാഡ് മിനി കരുത്തിന്റെ കാര്യത്തില്‍ ആര്‍ക്കും പിന്നിലല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA