ADVERTISEMENT

നാളെ മുഴുവന്‍ ചാര്‍ജുള്ള ഫോണുമായി പോകാന്‍ സാധിക്കണമെന്നുള്ള 'ബാറ്ററി ആധി'യുള്ളവരാണ് ഫോണ്‍ അന്നു രാത്രി മുഴുവന്‍ കുത്തിയിട്ട് ഉറങ്ങാന്‍ പോകുന്നവര്‍. എന്നാല്‍ ഇതൊക്കെ പഴങ്കഥയാകാന്‍ പോകുകയാണ് ഷവോമിയുടെ പുതിയ ചാര്‍ജര്‍ എത്തുമ്പോള്‍. ഈ 100w ചാര്‍ജറിന് 4,000 mAh ശേഷിയുള്ള ഒരു ബാറ്ററി 0-100 ചാര്‍ജ് ചെയ്യാന്‍ കേവലം 17 മിനിറ്റ് മാത്രമാണ് എടുക്കുന്നത്! ഇതില്‍ തന്നെ 0-50 ശതമാനം എത്താന്‍ കേവലം 7 മിനിറ്റാണ് എടുക്കുന്നത്. ഇന്നേവരെ ടെസ്റ്റു ചെയ്തിരിക്കുന്നതില്‍ ഏറ്റവും മികച്ചത‌െന്ന പ്രശംസയാണ് ടെക് ലേഖകര്‍ ഈ ചാര്‍ജറിനു നല്‍കിയിരിക്കുന്നത്. ഇതോടെ 'ബാറ്ററി ഉത്കണ്ഠ' പാടെ മാറുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്വിക് ചാര്‍ജിങ് ശേഷി വെളിപ്പെടുത്തുന്ന വിഡിയോ ഷവോമിയുടെ മേധാവി ലിന്‍ ബിന്‍ പോസ്റ്റു ചെയ്തിട്ടുമുണ്ട്.

 

ഒപ്പോ കമ്പനിയുടെ 50w ചാര്‍ജറായിരുന്നു ഇതുവരെ മുന്നില്‍ നിന്നിരുന്നത്. അവരുടെ സാങ്കേതികവിദ്യയാണ് (Oppo's SuperVOOC charging) മികച്ചതെന്നാണ് കരുതി വന്നിരുന്നത്. പുതിയ ചാര്‍ജറിന്റെ പകുതി കരുത്തു മാത്രമാണ് അതിനുള്ളത്. അതെല്ലാം പൂര്‍ണ്ണമായും തിരുത്തി എഴുതിയിരിക്കുകയാണ് ഷവോമി.

 

മറ്റു ഫോണ്‍ നിര്‍മാതാക്കളുടെ കാര്യം വളരെ കഷ്ടമാണ്. സാംസങും വണ്‍പ്ലസും 15w, 30w ചാര്‍ജറുകള്‍ സപ്പോര്‍ട്ടു ചെയ്യുന്നു. ഇവ താരതമ്യേന വേഗത്തില്‍ ചാര്‍ജു ചെയ്യുന്നവയായാണ് കരുതപ്പെടുന്നത്. എന്തായാലും ഷവോമിയുടെ ചാര്‍ജര്‍ ഉപയോഗിക്കുന്നവര്‍ക്ക് ചാര്‍ജില്ലാത്ത ഫോണുമായി വീട്ടില്‍ നിന്ന് ഇറങ്ങേണ്ടിവരില്ലെന്നു പറയുന്നു. ടൈപ്-സി പോര്‍ട്ടിലൂടെയാണ് ചാര്‍ജിങ് നടത്തുന്നത്. ടൈപ്-സി പോര്‍ട്ട് 100w ടെക്‌നോളജി സപ്പോര്‍ട്ടു ചെയ്യുന്നുമുണ്ട്. എന്നാല്‍, ചെറിയ ബാറ്ററിയെ എങ്ങനെ ഓവര്‍ലോഡ് ചെയ്യാതെ പെട്ടെന്നു ചാജു ചെയ്യാം എന്നതായിരുന്നു വെല്ലുവിളി. ഒപ്പോ ഫാസ്റ്റ് ചാര്‍ജിങ് സാധ്യമാക്കിയത് 3,400 mAh ബാറ്ററിയെ രണ്ടു 1,700 mAh സെല്ലുകളായി വിഭജിച്ചായിരുന്നു. ഷവോമി എങ്ങനെയാണ് പുതിയ ചാര്‍ജര്‍ ഉണ്ടാക്കിയതെന്ന കാര്യം പുറത്തു വിട്ടിട്ടില്ല.

 

പുതിയ വിഡിയോ ഒരു പരീക്ഷണഘട്ടമല്ല കാണിക്കുന്നത്. ഈ ചാര്‍ജറിന്റെ വാണിജ്യാവശ്യത്തിനുള്ള നിര്‍മാണം ഉടന്‍ തുടങ്ങും. ഇത്തരം ഒരു ചാര്‍ജര്‍ കൃത്യമായി എന്ന് കൈയ്യില്‍ കിട്ടുമെന്ന് അറിയില്ലെങ്കിലും അധികം താമസിയാതെ 'ചാര്‍ജിങ് ഉത്കണ്ഠയ്ക്ക്' ശമനമാകുമെന്നാണ് ടെക് ജേണലിസ്റ്റുകള്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com