ADVERTISEMENT

കണ്‍സ്യൂമര്‍ ടെക്‌നോളജിയുടെ മുടിചൂടാമന്നനായി അറിയപ്പെട്ടിരുന്ന ആപ്പിളിന്റെ ചരിത്രത്തിലൊരിടത്തും സംഭവിച്ചിട്ടില്ലാത്ത ഒരു പിന്‍വലിയലാണ് കമ്പനി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഐഫോണ്‍ ഉപയോക്താക്കളും മറ്റും കഴിഞ്ഞ രണ്ടു വര്‍ഷമായി ആവേശത്തോടെ കാത്തിരുന്ന എയര്‍പവര്‍ (AirPower) എന്നു വിളിച്ചിരുന്ന വയര്‍ലെസ് ചാര്‍ജിങ് മാറ്റ് കമ്പനി പുറത്തിറക്കാതെ പിന്‍വലിച്ചിരിക്കുകയാണ്. ആപ്പിൾ തങ്ങളുടെ ഉപയോക്താക്കളോടു ക്ഷമയും ചോദിച്ചു. ആപ്പിള്‍ മേധാവി ടിം കുക്കിനു കീഴില്‍ ആദ്യമായി ക്യാന്‍സല്‍ ചെയ്യുന്ന ഉപകരണമെന്ന കുപ്രസിദ്ധിയും എയര്‍പവറിന്റെ പേരിലായിരിക്കുന്നു. പുതിയതായി പുറത്തിറക്കിയ എയര്‍പോഡുകളുടെ ചില ബോക്‌സുകളില്‍ എയര്‍പവര്‍ ഉപയോഗിച്ചു ചാര്‍ജു ചെയ്യുന്ന പടവും നല്‍കിയിരുന്നു.

 

കഥയിങ്ങനെ

 

ആപ്പിള്‍ വാച്, എയര്‍പോഡ്, ഐഫോണ്‍ തുടങ്ങിയവ ഒരുമിച്ച് വയര്‍ലെസായി ചാര്‍ജു ചെയ്യാന്‍ അനുവദിക്കുന്ന എയര്‍പവര്‍ കമ്പനി പ്രഖ്യാപിച്ചത് ഐഫോണ്‍ Xനും, ഐഫോണ്‍ 8/പ്ലസിനുമൊപ്പം 2017ലാണ്. ഇത് ആ വര്‍ഷം പുറത്തുവന്നില്ല. കൂടാതെ 2018ലെ ഐഫോണ്‍ അവതരണത്തിനിടയില്‍ ഇതേപ്പറ്റി ഒരു പരാമര്‍ശവും ഉണ്ടായില്ല. എന്നാല്‍, കഴിഞ്ഞ മാസങ്ങളില്‍ എയര്‍പവര്‍ ഇതാ എത്തി എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചിത്രങ്ങള്‍ വരെ ലഭ്യമായിരുന്നു. എയർപവർ അവതരണം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ടെക് ലോകം. പെട്ടെന്നാണ് തങ്ങളുടെ വിശ്വസ്തരായ ഉപയോക്താക്കളോട് ക്ഷമാപണം നടത്തി കമ്പനി രംഗത്തെത്തിയത്. തങ്ങളുടെ ഐഫോണ്‍, ഐപാഡ്, മാക് തുടങ്ങിയ ഉപകരണങ്ങളുമായി തട്ടിക്കുമ്പോള്‍ എയര്‍പവര്‍ കാര്യമായ പ്രസക്തിയുള്ള ഒരു ഉപകരണമൊന്നുമായിരുന്നില്ല. പക്ഷേ, കണ്‍സ്യൂമര്‍ ടെക്‌നോളജിയുടെ തമ്പുരാന് ഏകദേശം രണ്ടു വര്‍ഷത്തെ പരിശ്രമം കൊണ്ട് തങ്ങളാഗ്രഹിച്ച രീതിയിലുള്ള ഒരു ചാര്‍ജിങ് മാറ്റ് നിര്‍മിക്കാനായില്ല എന്നത് ഒരേ സമയം സങ്കടകരവും ലജ്ജാകരവുമാണ്. ടെക് കമ്പനികള്‍ക്കിടയില്‍ ഇത് ആപ്പിളിന്റെ ഇന്നത്തെ അവസ്ഥ തന്നെയല്ലെ പ്രതിഫലിപ്പിക്കുന്നത് എന്ന ചോദ്യവും ഉയരുന്നു.

 

എയര്‍പവര്‍ പിന്‍വലിക്കാനുള്ള കാര്യത്തില്‍ ആപ്പിളിന് മുഴുവന്‍ മാര്‍ക്കും നല്‍കാം. കാരണം തങ്ങള്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക്, പരിപൂര്‍ണ്ണതയിലേക്ക് ഇത് എത്തിയില്ലെന്ന് ആപ്പിള്‍ തുറന്നു സമ്മതിക്കുകയായിരുന്നു. പുറത്തെത്തിയാല്‍ പേരു പോകുമായിരുന്നു. നിരവധി ഉപയോക്താക്കള്‍ കമ്പനിയെ ഉപേക്ഷിക്കുമായിരുന്നു എന്നതും ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ തങ്ങള്‍ മെച്ചപ്പെട്ട വയര്‍ലെസ് മാറ്റുമായി എത്തുക തന്നെ ചെയ്യമെന്നും കമ്പനി പറയുന്നു. എന്തായിരുന്നു ഇപ്പോള്‍ അവതരിപ്പിക്കാനൊരുങ്ങിയ എയര്‍പവറിന്റെ പ്രശ്‌നങ്ങളെന്നു വിശദീകരിക്കാന്‍ ആപ്പിള്‍ തയാറായില്ല. പക്ഷേ, അതിന് സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങള്‍, കണ്ടമാനം ചൂടാകല്‍, ഒന്നിലേറെ ഉപകരണങ്ങള്‍ ഒരേ സമയം ചാര്‍ജു ചെയ്യാനുള്ള കഴിവില്ലായ്മ തുടങ്ങിയവയാണ് ന്യൂനതകളായി ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തയത്. അങ്ങനെ നോക്കുമ്പോള്‍, ഇതു പിന്‍വലിച്ചത് നന്നായി. കാരണം ഇതില്‍ ചാര്‍ജു ചെയ്യാന്‍ ശ്രമിച്ച് കരിഞ്ഞ ഐഫോണിനും ആപ്പിള്‍ വാച്ചിനുമൊന്നും സമാധാനം പറയാന്‍ കമ്പനി തയാറാകേണ്ട കാര്യമില്ലല്ലോ.

 

എയര്‍പവര്‍ അവതരിപ്പിക്കുന്ന 2017ല്‍ ആപ്പിള്‍ വൈസ് പ്രസിഡന്റ് ഫില്‍ ഷിലര്‍ പറഞ്ഞത് ഇത്തരമൊരു ചാര്‍ജിങ് സിസ്റ്റം അപ്പോള്‍ നിലവിലുള്ള ടെക്‌നോളജി വച്ചു നിര്‍മിക്കാന്‍ പറ്റില്ലെന്നും എന്നാല്‍ തങ്ങളുടെ എൻജിനീയര്‍മാരുടെ കൈയ്യില്‍ അതിനുള്ള വിദ്യ ഉണ്ടെന്നുമാണ്.

 

കുക്കിനു കീഴില്‍ ആപ്പിള്‍ എൻജിനീയര്‍മാര്‍ വരുത്തിയ രണ്ടാമത്തെ തെറ്റാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ മാക്ബുക്കുകളിലെ കീബോര്‍ഡ് തകരാറിനും ആപ്പിള്‍ ഉപയോക്താക്കളോടു ക്ഷമ ചോദിച്ചിരുന്നു. പല ഉപകരണങ്ങളുടെയും അവതരണം വച്ചു താമസിപ്പിക്കുന്ന രീതിയും കൂടിക്കൂടി വരികയാണെന്നും കാണാം. എയര്‍പോഡുകള്‍, ഹോംപോഡ് സ്പീക്കര്‍ എന്നിവയൊക്കെ കുക്കിനു കീഴില്‍ ഉപകരണങ്ങള്‍ അവതരിപ്പിക്കാന്‍ നേരിടുന്ന കാലതാമസത്തിന് ഉദാഹരണമാണ്.

 

എയര്‍പവര്‍ ക്യാന്‍സല്‍ ചെയ്യാനുള്ള തീരുമാനം തന്നെ ഞെട്ടിച്ചതായി വെഡ്ബുഷ് സെക്യൂരിറ്റീസിലെ വിശകലന വിദഗ്ധന്‍ പറഞ്ഞത്. പക്ഷേ, അതെന്തായാലും നന്നായി പ്രശ്‌നമുള്ള ഒരു ചാര്‍ജര്‍ പുറത്തിറക്കി ഉപയോക്താക്കളുടെ രോഷം ഏറ്റുവാങ്ങുന്നതിനെക്കാള്‍ നല്ലതാണെന്നും ഇതെല്ലാം പെട്ടെന്ന് മറന്നുപൊയ്‌ക്കൊള്ളുമെന്നുമാണ് മറ്റൊരു പ്രതികരണം. സ്വന്തമായി ഒരു വയര്‍ലെസ് ചാര്‍ജര്‍ ഇല്ലാത്തത് ആപ്പിളിന്റെ പ്രൊഡക്ട് പോര്‍ട്ട്‌ഫോളിയോയില്‍ കുറവുതന്നെയാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ബെല്‍കിന്‍ തുടങ്ങിയ കമ്പനികളുടെ ചാര്‍ജറുകളാണ് ആപ്പിള്‍ ഇപ്പോള്‍ വില്‍ക്കുന്നത്. 

 

വയര്‍ലെസ് ചാര്‍ജര്‍ കൂടാതെ എതിരാളികളോട് ആപ്പിള്‍ പിന്നില്‍ നില്‍ക്കുന്ന പ്രധാന മേഖലകള്‍ ഏതെല്ലാം?

 

വോയ്‌സ് അസിസ്റ്റന്റ് സിറി

 

മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടാനയെക്കാള്‍ ഭേദമാണെങ്കിലും ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയോടു തട്ടിച്ചു നോക്കുമ്പോള്‍ പിന്നിലാണ്.

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

 

ഉപയോക്താക്കളുടെ ഡേറ്റ ഉപയോഗിക്കില്ലെന്ന തീരുമാനം കമ്പനിക്കു തിരിച്ചടിയായേക്കാവുന്ന മേഖലകളില്‍ ഒന്നാണിതെന്നാണ് ചിലര്‍ വിലയിരുത്തുന്നത്. ധാര്‍മിക ബോധത്തോടെ ആപ്പിള്‍ മാറിനില്‍ക്കുമ്പോള്‍, ഒരു മനസാക്ഷിക്കുത്തുമില്ലാതെ ഗൂഗിളും ഫെയ്‌സ്ബുക്കും ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കു കയറുന്നുവെന്നാണ് ആരോപണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയ്ക്ക് ഡേറ്റാ ഫീഡിങ് (feeding) അത്യന്താപേക്ഷിതമാണ്. അനോണിമസായി എങ്കിലും ആപ്പിള്‍ ഡേറ്റ ഉപയോഗിക്കുന്നത് നന്നായിരുന്നു. തത്വദീക്ഷയുള്ള ഒരു കമ്പനി പിന്നോട്ടു പോകുന്നത് വിഷമമുള്ള കാര്യമാണ്.

 

ക്യാമറ ടെക്‌നോളജി

 

വാവെയ് പി30 പ്രോ ഫോണ്‍ ടെസ്റ്റു ചെയ്യാന്‍ കൊണ്ടുപോയ ജേണലിസ്റ്റുകെളെല്ലം അതിന്റെ അവിശ്വസനീയമായ സിദ്ധികള്‍, വിശേഷിച്ചും സൂമിങ് മികവ് കണ്ട് ആശ്ചര്യപ്പെട്ടു നില്‍ക്കുകയാണ്. ഇത്തരമൊന്ന് ആപ്പിളിനു പെട്ടെന്നു നിര്‍മിച്ചെടുക്കാനാകുമോ എന്നതാണു ചോദ്യം.

 

5ജി

 

ക്വാല്‍കം കമ്പനിയുമായി ഉടക്കി നില്‍ക്കുന്ന ആപ്പിളിന് ഒരു 5ജി ഫോണ്‍ എന്ന് ഇറക്കാനാകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ തീര്‍ച്ചയില്ല. അടുത്ത എതിരാളിയായ സാംസങ് തങ്ങളുടെ ആദ്യ 5ജി ഫോണ്‍ അവതരിപ്പിച്ചു കഴിഞ്ഞു. 

 

ആപ്പിളിനെക്കുറിച്ചൊരു പോസിറ്റീവ് കാര്യം പറഞ്ഞ് ഈ വാര്‍ത്ത അവസാനിപ്പിക്കാം. കമ്പനി അടുത്തു ഫയല്‍ ചെയ്ത പേറ്റന്റ് അപേക്ഷയില്‍ പറയുന്നത് പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചാല്‍ അടുത്ത ഐഫോണുകള്‍ക്ക് വെള്ളത്തിനടിയില്‍ ഫോട്ടോ എടുക്കാനുള്ള കഴിവു കാണും. ഐഫോണ്‍ XS/മാക്‌സ് മോഡലുകള്‍ക്ക് ഇപ്പോള്‍ത്തന്നെ ഐപി68 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ്ങുണ്ട്. അവ രണ്ടു മീറ്റര്‍ താഴ്ചയില്‍ 30 മിനിറ്റു നേരം പ്രശ്‌നമില്ലാതെ ഉപയോഗിക്കാം. പക്ഷേ പുതിയ ഫോണില്‍ ഫൊട്ടോഗ്രഫിക്കായി ടച്ചും കൂടുതല്‍ മികച്ചതാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് അഭ്യൂഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com