ADVERTISEMENT

ആപ്പിളിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നാണക്കേടാണ് എയര്‍പവര്‍ (AirPower) പിന്‍വലിക്കലിലൂടെ കമ്പനിക്കു നേരിട്ടിരിക്കുന്നത്. ഈ ഉപകരണത്തെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും എന്തുകൊണ്ടു പിന്‍വലിച്ചു എന്നതിനെക്കുറിച്ചുമൊക്കെ പുതിയ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം രസകരമായ കമന്റുകളും വരുന്നുണ്ട്. എയര്‍പവറിന്റെ നിര്യാണം നിങ്ങളുടെ ഐഫോണിനു സംഭവിച്ച ഏറ്റവും നല്ല കാര്യമായി കരുതണമെന്നാണ് സിനെറ്റ് ടെക് വെബ്സൈറ്റ് എഴുതിയത്.

 

സംഭവിച്ച കാര്യങ്ങള്‍ ചുരുക്കത്തില്‍ പരിശോധിക്കാം

 

കൃത്യം ഒന്നര വര്‍ഷം മുൻപാണ് ഐഫോണ്‍, ആപ്പിള്‍ വാച്, എയര്‍പോഡ് എന്നിവയെ ഒരേസമയം അതിവേഗം ചാര്‍ജു ചെയ്യാനാകുന്ന വയര്‍ലെസ് മാറ്റുമായി എത്തുമെന്ന് കമ്പനി അറിയിച്ചത്. നിലവിലുള്ള ചീ ചാര്‍ജിങ് ടെക്‌നോളജിയെ തങ്ങളുടെ എൻജിനീയര്‍മാര്‍ പരിഷ്കരിക്കുമ്പോൾ ഇതു സാധ്യമാകുമെന്നാണ് ആപ്പിള്‍ കരുതിയത്. എന്നാല്‍ ആപ്പിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് പറഞ്ഞത് കമ്പനി ഉദ്ദേശിച്ച ഉന്നത നിലവാരത്തിലേക്ക്  ഉയരാനാകാത്തതിനാല്‍ എയർപവർ പ്രൊജക്ട് ഉപേക്ഷിക്കുകയാണ് എന്നാണ്.

 

മറ്റു ചാര്‍ജിങ് മാറ്റുകളെപ്പോലെയല്ലാതെ, ആപ്പിളിന്റെ മാറ്റില്‍ മൂന്നുപകരണങ്ങളും ഏതു രീതിയിലും - ചെരിച്ചോ, വളച്ചോ, തലതിരിച്ചോ എല്ലാം തട്ടിയിട്ടു പോയാലും ചാര്‍ജ് ആകുമെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. ഇന്നു വിപണിയിലുള്ള മറ്റു മിക്ക മാറ്റുകള്‍ക്കും അവയ്ക്കുള്ളിലെ കോയിലുകളുമായി ചാര്‍ജു ചെയ്യാന്‍ വയ്ക്കുന്ന ഉപകരണം ഇരിക്കുന്ന രീതി ശരിയാകണം. വാസ്തവത്തില്‍ സങ്കല്‍പ്പത്തില്‍ വളരെ ഉപകാരപ്രദമായിരുന്നു ആപ്പിളിന്റെ മാറ്റ് എന്നു കാണാം. ആപ്പിള്‍ മാറ്റിനു വേണ്ടി ഫയല്‍ ചെയ്തിരിക്കുന്ന പേറ്റന്റ് അപേക്ഷകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത്, തങ്ങളുടെ എയര്‍പവറില്‍ നിരവധി 3ഡി കോയിലുകള്‍ വളരെ അടുപ്പിച്ചു പാകിയാണ് അതു നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്നാണ്. വളരെ സങ്കീര്‍ണ്ണമായ വൈദ്യുതി നിയന്ത്രണവും ഇതിനു വേണ്ടിയിരുന്നു. അല്ലെങ്കില്‍ കോയിലുകള്‍ വളരെയധികം ചൂടായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. കോയിലുകള്‍ സൃഷ്ടിക്കുന്ന ഹാര്‍മോണിക് ഫ്രീക്വന്‍സികള്‍ പരസ്പരം കലരാതിരിക്കാനും നല്ല പണി വേണ്ടിയിരുന്നു.

 

ആപ്പിള്‍ ചീ സാങ്കേതികവിദ്യ കേന്ദ്രീകരിച്ചു നിര്‍മിച്ച ചാര്‍ജറിന് ശക്തിയും കുറവായിരുന്നു–7.5 വാട്‌സ്. ഇതാകട്ടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്ന കുറഞ്ഞ ശക്തിയായ 10w, 15w തുടങ്ങിയവയെക്കാള്‍ കുറവാണെന്നും കാണാം. പുതിയ തലമുറയിലുള്ള വയര്‍ലെസ് ചാര്‍ജിങ് സിദ്ധിയുള്ള ഐഫോണുകള്‍ കൂടിയ വോട്സുള്ള ചാര്‍ജറുകളില്‍ ചാര്‍ജു ചെയ്യാന്‍ ശ്രമിച്ചപ്പോഴൊക്കെ അനുവദനീയമല്ലാത്ത രീതിയില്‍ ചൂടായി കണ്ടുവെന്നും നിരീക്ഷിക്കപ്പെടുന്നു. ഇതിനാലാണ് ആപ്പിള്‍ 7.5w ചാര്‍ജര്‍ മതിയെന്നു വച്ചത്. അപ്പോഴും ഒന്നിലേറെ ഉപകരണങ്ങള്‍ ചാര്‍ജു ചെയ്യാന്‍ വച്ചാല്‍ അപകടസ്ഥിതിയുണ്ടായിരുന്നത്രെ. അതായത് എയര്‍പവര്‍ വന്നിരുന്നെങ്കില്‍ വേവിച്ചെടുത്ത ഐഫോണുകളെക്കുറിച്ചും ആപ്പിള്‍ വാച്ചിനെക്കുറിച്ചും എയര്‍പോഡിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ കൊണ്ടു ഓൺലൈൻ നിറഞ്ഞേനെ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ ആപ്പിളിന്റെ മുഖത്ത് ഒരു പ്രൊഡക്ട് റിലീസ് ചെയ്തില്ലെന്നൊരു നാണക്കേട് മാത്രമെ ഉള്ളൂ. പക്ഷേ വിജയിച്ചിട്ടില്ലാത്ത, അപകടകാരിയായ ഒരു ഉപകരണം പുറത്തിറക്കിയിരുന്നെങ്കില്‍ കമ്പനി നാണക്കേടിന്റെ പടുകുഴിയില്‍ വീഴുമായിരുന്നു എന്നാണ് പറയുന്നത്. വിരളമായാണ് ആപ്പിള്‍ ഒരു പ്രൊഡക്ട് വേണ്ടെന്നുവയ്ക്കുന്നത്. അവസാനമായി അങ്ങനെ സംഭവിക്കുന്നത് തങ്ങളുടെ കോപ്‌ലാന്‍ഡ് ഒഎസ് പുറത്തിറക്കാതിരുന്നപ്പോഴാണ്. അത് 1996ല്‍ ആണ്.

 

airpower

എന്നാല്‍, പരാജയപ്പെട്ടെങ്കിലും വയര്‍ലെസ് ചാര്‍ജിങ്ങില്‍ സാംസങ്, ആങ്കര്‍, ബെല്‍കിന്‍ ലോജിടെക് തുടങ്ങി മറ്റൊരു കമ്പനിക്കും എത്തിച്ചേരാന്‍ കഴിയാത്ത മേഖലയിലേക്ക് കടക്കാനുള്ള ആപ്പിളിന്റെ ശ്രമം വ്യക്തവും അംഗീകരിക്കപ്പെടേണ്ടതുമാണ്. വയര്‍ലെസ് ചാര്‍ജിങ് മേഖലയില്‍ മൊത്തം ഉന്മേഷം പകരുന്ന ഒന്നായിരിക്കും എയര്‍പവര്‍ എന്നായിരുന്നു കരുതിയിരുന്നത്. ആപ്പിള്‍ ഇനി വയര്‍ലെസ് ചാര്‍ജറുണ്ടാക്കാന്‍ പുതിയ പദ്ധതി തുടങ്ങുമെന്നാണ് പറയുന്നത്. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ തുടങ്ങിയേക്കും.

 

എയര്‍പവര്‍ റിലീസു ചെയ്യാതിരുന്നത് ആപ്പിളിനു വന്‍ നാണക്കേടുണ്ടാക്കി. പക്ഷേ, തങ്ങള്‍ കുഴിച്ച കുഴിയില്‍ ആപ്പിള്‍ വീഴുകയായിരുന്നുവെന്നും നിരീക്ഷണങ്ങളുണ്ട്. അത്യാധുനിക ടെക്‌നോളജി വളരെ മെലിഞ്ഞ ഉപകരണങ്ങളിലൂടെ എത്തിക്കുക എന്ന കാര്യം കമ്പനിയെ ഒരു ഒഴിയാബാധപോലെ പിടികൂടിയിരുന്നു. കനം കുറഞ്ഞതും, വേഗമുള്ളതും, ചെറിയ സ്ഥലത്ത് ഘടകഭാഗങ്ങള്‍ കുത്തി നിറച്ചതും, റിപ്പെയര്‍ ചെയ്യാന്‍ എളുപ്പമല്ലാത്തതുമായ ഉപകരണങ്ങള്‍ നിര്‍മിക്കാനാണ് കമ്പനി ശ്രമിച്ചിരുന്നത്. കുറച്ചു കൂടെ വലുപ്പമുള്ള, ഘടകഭാഗങ്ങള്‍ക്ക് ശ്വാസം വിടാന്‍ സാധിക്കുന്ന തരം ഡിസൈന്‍ ചിലപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുമായിരുന്നു. ഇത് അനിവാര്യമായിരുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നു.

 

മെലിഞ്ഞതും എതിരാളികളുടെ മോഡലുകളെക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്നതുമായ ഉപകരണങ്ങളാണ് ആപ്പിള്‍ കമ്പനിയുടെ ആകര്‍ഷണിയത. എന്നാല്‍ എയര്‍പവര്‍ മാത്രമല്ല ആപ്പിളിനു തലവേദന നല്‍കുന്നതെന്നു കാണാം. ഐഫോണ്‍ ആന്റിനയക്കു വന്ന പ്രശ്‌നം, ബാറ്ററി പ്രശ്‌നം, ഫോണ്‍ വളയുന്ന പ്രശ്‌നം, ഐഒഎസ് 11, 12 എന്നിവയില്‍ കാണുന്ന വൈ-ഫൈ കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ ടെക് ലേഖകര്‍ ഓര്‍ത്തെടുക്കുന്നു. 2015നു ശേഷം നിര്‍മിച്ച മാക്ബുക്കുകളുടെ കീബോര്‍ഡുകള്‍ക്കും പ്രശ്‌നങ്ങള്‍ കണ്ടിരുന്നു. ഇതെല്ലാം ആപ്പിളിന്റെ ചില 'വിശ്വാസികളില്‍' പോലും വിഷമമുണ്ടാക്കി.

 

അടുത്ത കാലത്ത് പ്രൊഡക്ട് സ്റ്റബിലിറ്റിക്കല്ല കമ്പനി പ്രാധാന്യം നല്‍കുന്നതെന്നും ആരോപണമുണ്ട്. പുതിയ ഫീച്ചറുകളെക്കുറിച്ച് വാചാലമാകുന്നതിലാണ് കമ്പനിക്കു താത്പര്യം. ഇതൊക്കെയാണെങ്കിലും ഇപ്പോഴും കമ്പനിയുടെ പ്രസക്തിക്ക് ചെറിയൊരു ഇടിവു പോലും സംഭവിച്ചിട്ടില്ല. ആപ്പിളിന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ കണ്‍സ്യൂമര്‍ ടെക്‌നോളജി ഇന്നത്തെ വളര്‍ച്ച കൈവരിക്കുമായിരുന്നില്ലെന്ന കാര്യത്തില്‍ എല്ലാവരും എഴുന്നേറ്റു നിന്നു കൈയ്യടിച്ചു മാനിക്കണമെന്നാണ് ടെക് ലേഖകര്‍ പറയുന്നത്. ഗൂഗിളോ, മൈക്രോസ്ഫ്‌റ്റോ, സാംസങ്ങോ ഈ കാര്യത്തില്‍ ആപ്പിളിന്റെ അടുത്തു വരില്ലെന്നും പറയുന്നു. മാക്ബുക്ക് എയര്‍, മാക്ബുക് പ്രോ എന്നിവ അവതരിപ്പിച്ചിരുന്നില്ലെങ്കില്‍ മൈക്രോസോഫ്റ്റ് സര്‍ഫസ് ഉണ്ടാകുമായിരുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഐഫോണ്‍ X ഇറക്കിയിരുന്നില്ലെങ്കില്‍ സാംസങും, വാവെയും ഫോള്‍ഡിങ് ഫോണുകള്‍ എന്ന സങ്കല്‍പ്പം കണ്ടെത്തില്ലായിരുന്നു എന്നും വാദമുണ്ട്. തങ്ങളുടെ പിക്‌സല്‍ ഫോണുകളിലൂടെ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ മികവിലേക്ക് ലോകത്തെ ആനയിച്ചു കൊണ്ടുപോയത് ആപ്പിളിന്റെ ഐഫോണ്‍ 5 മുതലുള്ള ഫോണുകളില്‍ ക്യാമറയില്‍ കൊണ്ടുവന്ന മികവാണെന്നും പറയുന്നു. ആമസോണ്‍ അലക്‌സയും ഗൂഗിള്‍ അസിസ്റ്റന്റും ആപ്പിള്‍ സിറി ഇറക്കിയിരുന്നില്ലെങ്കില്‍ ഉണ്ടാകുമായിരുന്നോ എന്നും ചോദിക്കുന്നു.

 

മെലിഞ്ഞതും ഭാരം കുറഞ്ഞതുമായി ഉപകരണങ്ങളോടുള്ള ബാധ കൂടിയതാണ് കമ്പനിക്കിപ്പോള്‍ വിനയായിരിക്കുന്നതെന്നാണ് അഭിപ്രായം.

 

മോശം വാര്‍ത്ത

 

ആപ്പിള്‍ ആരാധകര്‍ക്ക് മോശം സമയമാണിതെന്നു പറയാതെ വയ്യ. ഒൻപതു വര്‍ഷമായി ആപ്പിളിന്റെ ഐഫോണ്‍ പ്രോസസറുകളുടെ നിര്‍മാണത്തിനു കൂട്ടു നില്‍ക്കുകയും ആദ്യ 64-ബിറ്റ് പ്രോസസറായ A7 മുതല്‍ ഏറ്റവും പുതിയ A12X ബയോണിക് ചിപ്പ് വരെയുള്ളവയുടെ നിര്‍മാണത്തിനു നേതൃത്വം നല്‍കുകയും ചെയ്ത ജെറാഡ് വില്യംസ് III, (Gerard Williams III) കമ്പനിയില്‍ നിന്ന് രാജിവച്ചിരിക്കുകയാണ് എന്നതാണ് ഏറ്റവും പുതിയ മോശം വാര്‍ത്ത. കമ്പനിക്കു വെളിയില്‍ പ്രശസ്തനല്ലാത്ത അദ്ദേഹം ചിപ് നിര്‍മാണത്തിനായി ധാരാളം ഗൗരവമുള്ള സംഭാവനകള്‍ നല്‍കിയിട്ടുള്ള ടെക്കിയായിട്ടാണ് അറിയപ്പെടുന്നത്. എന്തിനാണ് അദ്ദേഹം കമ്പനി വിട്ടതെന്ന് വ്യക്തമല്ല. തന്റെ ലിങ്ക്ട്ഇന്‍ പേജ് ഇപ്പോഴും അപ്‌ഡേറ്റു ചെയ്യാതെ ഇട്ടിരിക്കുകയാണ് ജെറാഡ്. കൂടുതല്‍ പ്രൊസസിങ് മികവിനായി ശ്രമിക്കുകയും ക്വാല്‍കം കമ്പനിയുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സമയത്ത് അദ്ദേഹം പോയത് കമ്പനിക്ക് ഒരു നഷ്ടമായിരിക്കുമെന്നു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com