sections
MORE

കാഴ്ചയിൽ കുഞ്ഞനെങ്കിലും പ്രകടനത്തിൽ ഐപാഡ് മിനി 5 വിസ്മയിപ്പിക്കും

ipad-mini-5
SHARE

നാല് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഐപാഡ് മിനിയുടെ പുതിയ മോഡൽ ആപ്പിൾ പ്രേമികൾക്കായി വിപണിയിലെത്തി. ആപ്പിൾ കുടുംബത്തിൽ നിന്നുള്ള ഈ ചെറു ടാബ്‌ലറ്റ് കംപ്യൂട്ടർ 7.9 ഇഞ്ച് സ്ക്രീനുമായാണ് ഉപഭോക്താക്കളുടെ കയ്യിലെത്തുന്നത്. സാധാരണ 9.7 ഇഞ്ച് മുതൽ വലുപ്പമുള്ള സ്ക്രീനുമായെത്തുന്ന ഐപാഡ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ ഐപാഡ് എന്ന വിളിപ്പേര് ഈ കുഞ്ഞുടാബ് അന്വർഥമാക്കുന്നു.

വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും കരുത്തിൽ മറ്റു കമ്പനികളുടെ ടാബുകളെക്കാൾ ഏറെ മുൻനിരയിലുള്ള ഐപാഡ് മിനി ടാബുകൾ 2012 മുതലാണ് വിപണിയിലെത്തി തുടങ്ങിയത്. മിനി 2 എന്നറിയപ്പെട്ട കുഞ്ഞൻ ഐപാഡുകളുടെ രണ്ടാം തലമുറ 2013 നവംബർ മുതലാണ് ഉപഭോക്താക്കളിലെത്തിയത്. തുടർന്ന് 2014 ഒക്ടോബറിൽ ഐപാഡ് മിനി 3, സെപ്റ്റംബർ 2015ൽ ഐപാഡ് മിനി 4 എന്നിവ വിപണിയിലെത്തി.

ഐപാഡ് മിനി 4 ന്റെ പിൻ തലമുറക്കാരനായെത്തുന്ന പുത്തൻ ഐപാഡ് മിനി 5 ഈ വർഷം മാർച്ച് 18 നാണു അവതരിപ്പിക്കപ്പെട്ടത്. വൈഫൈ കണക്റ്റിവിറ്റി മാത്രമുള്ള ഐപാഡ് മിനി 5 ടാബുകൾ A2133 എന്ന മോഡൽ നമ്പറിലും വൈഫൈ കണക്റ്റിവിറ്റിക്കൊപ്പം സിം ഉപയോഗിക്കാൻ സൗകര്യമുള്ള ഐപാഡ് മിനി 5 ടാബുകൾ A2124, A2126 എന്നീ മോഡൽ നമ്പറുകളിലും വൈഫൈ കണക്റ്റിവിറ്റിയും എൽടിഇ സെല്ലുലാർ കണക്റ്റിവിറ്റി സൗകര്യവുമുള്ള ഐപാഡ് മിനി ടാബുകൾ A2125 എന്ന മോഡൽ നമ്പറിലുമാണ് വിപണിയിലെത്തിയിരിക്കുന്നത്.

നിലവിലുള്ള ഫാബ്‌ലറ്റുകളെക്കാൾ ഒരൽപം കൂടി മാത്രം വലുപ്പക്കൂടുതലുള്ള മിനി 5 കൈകാര്യം ചെയ്യാൻ താരതമ്യേന എളുപ്പമാണ്. ആപ്പിൾ A12 ബിയോണിക് സിസ്റ്റം ഓൺ ചിപ്പിൽ ആപ്പിൾ എം 12 മോഷൻ കോ പ്രോസസറിന്റെ  കരുത്തിൽ എത്തുന്ന ഐപാഡ് മിനി 5 ക്ക് 2.49 ജിഗാഹെട്സ് ഹെക്‌സാ കോർ  സിപിയു-വും ആപ്പിൾ കസ്റ്റം 4 കോർ ജിപിയു-വും കരുത്തു പകരുന്നു.

മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഐപാഡ് മിനി 5 നു 34,900 രൂപ മുതലാണ് വില. ഇരുവശത്തെയും വലുപ്പമേറിയ അരികുകൾ ഐപാഡ് മിനി 5 ന്റെ രൂപകൽപനയിലെ ആകർഷണീയത കുറയ്ക്കുന്നുണ്ട്. മെച്ചപ്പെട്ട ബാറ്ററി ലൈഫ് ഐപാഡ് മിനി 5 ന്റെ മേന്മയായി ചൂണ്ടിക്കാട്ടാവുന്നതാണ്. 64 ജിബി 256 ജിബി സ്റ്റോറേജ് ഓപ്‌ഷനുകളിൽ ലഭ്യമാകുന്ന ഈ ടാബിന്റെ ഏറ്റവും ഉയർന്ന മോഡലിന് 59,900 രൂപയാണ് വില. ആദ്യ തലമുറ ആപ്പിൾ പെൻസിൽ പിന്തുണയ്ക്കുന്ന ഐപാഡ് മിനി 5ൽ രണ്ടാം തലമുറ ആപ്പിൾ പെൻസിൽ ഉപയോഗിക്കാൻ കഴിയില്ല എന്നത് പോരായ്മയാണ്. ഒരു വശത്ത് മാത്രമുള്ള സ്പീക്കറുകളും കുറവായി പരിഗണിക്കാം.

7 മെഗാപിക്സലിന്റെ മുൻക്യാമറയും 8 മെഗാപിക്സൽ പ്രധാന ക്യാമറയുമായാണ് മിനി ഐപാഡ് 5 ലുള്ളത്. 1536x2048 പിക്സൽ, 326 പിപിഐ റെസലൂഷൻ നൽകുന്ന 7.90 സ്‌ക്രീൻ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നുണ്ട്. ഐഒഎസ് 12 കരുത്തു പകരുന്ന ഈ ടാബിൽ ട്രൂ ടോൺ ഡിസ്‌പ്ലെ അഡ്ജസ്റ്റ്മെന്റ് സൗകര്യവും ലഭ്യമാണ്. ഫിസിക്കൽ പവർ ബട്ടണും വോള്യം ക്രമീകരിക്കുന്ന ബട്ടണുകളും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കുമുള്ള ഈ ആപ്പിൾ ഉത്പന്നത്തിൽ ഹോം ബട്ടണിൽ ടച്ച് ഐഡി സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഐപാഡ് റാമിനെക്കുറിച്ച് സാധാരണയായി ആപ്പിൾ മിണ്ടാറില്ലെങ്കിലും 3 ജിബി റാമാണ് ഇതിലുപയോഗിച്ചിരിക്കുന്നതെന്നു കരുതുന്നു.

കയ്യിലൊതുങ്ങുന്ന മികച്ച ഒരു ടാബ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഓപ്‌ഷനാണ് ഐപാഡ് മിനി 5. മികച്ച ഹാർഡ്‌വെയറും ഏറെ നേരം ബാക്കപ്പ് നൽകുന്ന ബാറ്ററിയും എല്ലാം എടുത്ത് പറയേണ്ട പ്രത്യേകതകൾ തന്നെയാണ്. സിൽവർ, ഗോൾഡ്, സ്‌പേസ് ഗ്രേ എന്നീ നിറങ്ങളിൽ നിലവിൽ ലഭ്യമാകുന്ന ഐപാഡ് മിനി ഓൺലൈൻ ഷോപ്പിങ് പോർട്ടലുകളിലും ആപ്പിൾ ഔട്ട്ലറ്റുകളിലും ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA