ADVERTISEMENT

ആപ്പിള്‍ കമ്പനിയുടെ വയര്‍ലെസ് ഇയര്‍ഫോണ്‍ ആണ് എയര്‍പോഡ് (AirPod). ഇരു ചെവികളിലും അണിയാവുന്ന ഇവ ഇതുവരെ ഇറങ്ങിയ വയര്‍ലെസ് ഹെഡ്‌സെറ്റുകളില്‍ വച്ച് ഏറ്റവും പ്രിയങ്കരമായി തീരുകയും ചെയ്തിരുന്നു. നന്നെ ചെറിയ ഡിവൈസുകളായി ഇവ എവിടെയെങ്കിലും മറന്നിട്ടാല്‍, അതില്‍ ബാറ്ററി അവശേഷിക്കുന്നുണ്ടെങ്കില്‍ ഫൈന്‍ഡ്‌മൈ ഐഫോണ്‍ ( Find my iPhone) ഫീച്ചര്‍ ഉപയോഗിച്ചു കണ്ടെത്തുകയും ചെയ്യാം. കഴിഞ്ഞ ആഴ്ച ആപ്പിള്‍ കമ്പനിയുടെ മേധാവി ടിം കുക്ക് എയര്‍പോഡിനെ ഒരു സാംസ്‌കാരിക പ്രതിഭാസം എന്നാണ് വിശേഷിപ്പിച്ചത്. 

 

എയര്‍പോഡുകളുടെ ഒരു പ്രശ്‌നം അവ എളുപ്പം നഷ്ടപ്പെടാമെന്നതാണ്. ഉദാഹരണത്തിന് കഴിഞ്ഞ മാസം ലണ്ടനില്‍ ഒരു റിപ്പോര്‍ട്ടര്‍ ഇവ ധരിച്ച് നടക്കുകയും പെട്ടെന്ന് തനിക്കു പോകാനുള്ള ബസ് വന്നതു കണ്ട് ഓടിയപ്പോള്‍ ഒരു ചെവിയിലെ എയര്‍പോഡ് താഴെ വീണു പോയ കഥ തന്നെ ഉദാഹരണം. എയര്‍പോഡിന്റെ രണ്ടാം തലമുറ അടുത്ത കാലത്താണ് അവതരിപ്പിച്ചത്. എന്നാല്‍, അതൊന്നുമല്ല ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. തയ്‌വാനില്‍ നിന്നു റിപ്പോര്‍ട്ടു ചെയ്ത അല്‍പം ഓക്കനമുണ്ടാക്കുന്ന ഒരു കഥ പങ്കുവയ്ക്കാം. കള്‍ട്ടോമാക് (CultofMac) പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് തയ്‌വാനില്‍ നിന്നുളള ബെന്‍ ഹ്‌സു (Ben Hsu) എന്ന വ്യക്തിക്കുണ്ടായ വിചിത്രമായ അനുഭവമാണ്.

 

ബെന്‍ രാവിലെ ഉണര്‍ന്നപ്പോള്‍ തന്റെ ഒരു എയര്‍പോഡ് കാണുന്നില്ലെന്നു മനസ്സിലായി. ഒട്ടും വൈകാതെ അദ്ദേഹം തന്റെ ഫോണ്‍ എടുത്ത് ട്രാക്കിങ് ഫീച്ചര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട എയര്‍പോഡ് കണ്ടെത്താന്‍ ശ്രമിച്ചു. അതു പെട്ടെന്നു തന്നെ കണക്ടായി. ബീപ് സ്വരം കേട്ടതോടെ ബെന്നിന് ആശ്വാസമായി. ആശ്വാസം അല്‍പനേരം കഴിഞ്ഞപ്പോള്‍ ആധിയായി. ബീപ് ശബ്ദം എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായില്ല. പുതപ്പിനടിയിലും ബെഡിലുമൊക്കെ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചെങ്കിലും നഷ്ടപ്പെട്ട, ബീപ്പടിച്ച എയര്‍പോഡിനെ കണ്ടെത്താനായില്ല. പെട്ടെന്നാണ് ബെന്നിനു തോന്നിയത് ബീപ് ശബ്ദം തന്റെ വയറ്റില്‍ നിന്നാണല്ലോ കേള്‍ക്കുന്നത് എന്ന്!

 

താനറിയാതെ എയര്‍പോഡ് വിഴുങ്ങിയിരിക്കുന്നു! എന്നാലിതൊന്നു സ്ഥിരീകരിച്ചിട്ടു തന്നെ കാര്യമെന്നു കരുതി അദ്ദേഹം കാഓഹ്‌സിയങ് മുനിസിപ്പല്‍ ആശുപത്രിയിലെത്തി വയറിന്റെ ഒരു എക്‌സ്-റേ എടുപ്പിച്ചു. സംഭവം ശരിയാണ്. വയറ്റിലാണ് എയര്‍പോഡ്. ഭക്ഷണം ദഹിപ്പിക്കല്‍ മേഖലയിലൂടെ അതു കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാര്‍ ബെന്നിനു മുന്നില്‍ രണ്ടു സാധ്യതകള്‍ വച്ചു. ഒന്ന് 'സ്വാഭാവികമായി' അതായത് പ്രകൃതിയുടെ വിളി. 2. സര്‍ജറി. വെട്ടിട്ടിലായ ബെന്‍ പറഞ്ഞു എന്നാല്‍ പിന്നെ പ്രകൃതിയുടെ വിളി പരീക്ഷിച്ചേക്കാമെന്ന്. വയറിളക്കാനുള്ള മരുന്നും കഴിച്ച് ബെന്‍ വീട്ടിലേക്കു വച്ചുപിടിച്ചു.

 

പിറ്റേന്നാണ് വിളി വന്നത്. കാര്യങ്ങള്‍ ചുരുക്കി പറഞ്ഞാല്‍ തന്റെ വിസര്‍ജ്യത്തില്‍ നിന്ന് എയര്‍പോഡ് തോണ്ടിയെടുത്തു വൃത്തിയാക്കുകയായിരുന്നു ബെന്‍. അതു ക്ലീനാക്കി, ഉണക്കിയെടുത്ത ബെന്‍ അദ്ഭുതപ്പെട്ടു പോയിയത്രെ. ബാറ്ററി 41 ശതമാനം ബാക്കിയുണ്ടായിരുന്നുവെന്ന് ബെന്‍ പറയുന്നു. അത് അവിശ്വസനീയമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എയര്‍പോഡിന്റെ പ്രവര്‍ത്തനത്തെ അദ്ദേഹം 'മാന്ത്രികം' എന്നാണ് വിശേഷിപ്പിച്ചത്. ബെന്‍ പോയ ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞത് എയര്‍പോഡ് ബെന്നിന് കുഴപ്പമുണ്ടാക്കാതിരുന്നത് അതിന്റെ ബാറ്ററി ആന്തരികാവയവങ്ങളുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ വരാതിരുന്നതിനാലാണ് എന്നാണ്.

 

ഇതാദ്യമായല്ല ഒരാള്‍ ഇലക്ട്രോണിക് ഉപകരണം വിഴുങ്ങുന്ന റിപ്പോര്‍ട്ട് വരുന്നത്. 2016ല്‍ ഒരാള്‍ ഒരു മൊബൈല്‍ ഫോണ്‍ മൊത്തമായി വിഴുങ്ങിയ സംഭവമുണ്ടായി. ഓപ്പറേഷനിലൂടെയാണ് അതു പുറത്തെടുത്തതെന്ന് ലൈവ് സയന്‍സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഒപ്പറേഷനു ശേഷം അയാല്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചതായും വാര്‍ത്തകള്‍ പറയുന്നു. ദക്ഷിണ കൊറിയയിലെ ഒരു 13 വയസുകാരി ഒരു ഫിറ്റ്‌നസ് ട്രാക്കര്‍ വിഴുങ്ങിയിരുന്നു. അതും പുറത്തെടുത്ത ശേഷം പ്രവര്‍ത്തിച്ചുവെന്നു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com