ADVERTISEMENT

ഗാഡ്ജറ്റുകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ഈ കാലഘട്ടത്തിൽ സമ്മാനമായി ഇത്തരം സാധനങ്ങൾ നൽകുന്നത് പതിവായിട്ടുണ്ട്. എന്നാൽ മാതൃദിനത്തിൽ നമ്മുടെ അമ്മമാർക്ക് കൊടുക്കാൻ പറ്റിയ ഗാഡ്ജറ്റുകളെപ്പറ്റി നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടി വരുന്ന പ്രായത്തിലൂടെ കടന്നുപോകുന്ന അമ്മമാർക്ക് സമ്മാനിക്കാവുന്ന ഉപകാരപ്രദവും അവരുടെ വിശ്രമവേളകൾ ആസ്വാദ്യകരമാക്കാനും പറ്റുന്ന ഏതാനും ഗാഡ്ജറ്റുകൾ നമുക്ക് പരിചയപ്പെടാം.

 

ഫിറ്റ്ബാൻഡ്

 

ആക്റ്റിവിറ്റി ട്രാക്കർ അല്ലെങ്കിൽ ഫിറ്റ്നസ് ട്രാക്കർ എന്നറിയപ്പെടുന്ന ഫിറ്റ്ബാൻഡുകൾ ആരോഗ്യസംക്ഷണത്തിനു സഹായകമായ വിവരങ്ങൾ നൽകുന്ന ഒരു ഉപകരണമാണ്. പ്രത്യേക സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഇവ സാധാരണയായി കൈത്തണ്ടയിൽ കെട്ടാവുന്ന വാച്ചിന്റെ രൂപത്തിലാണ് വിപണിയിലെത്തുന്നത്.

 

നടക്കുകയോ ഓടുകയോ ചെയ്യുന്ന ദൂരം, കലോറി ഉപയോഗം, ഹാർട്ട്ബീറ്റ് നിരക്ക്, ഉറക്കത്തിന്റെ നിലവാരം ഇവയൊക്കെ പരിശോധിച്ചറിയയാവുന്ന ഈ ഗാഡ്‌ജറ്റുകളിൽ പലതും വാട്ടർപ്രൂഫ്‌ ആയതിനാൽ സ്വിമ്മിങ് പൂളിലും ഉപയോഗിക്കാനാകും. വ്യായാമം കൃത്യമായി വിലയിരുത്താനും കലോറി ഉപയോഗം അനുസരിച്ച് ഭക്ഷണ ക്രമീകരണം നടത്താനുമെല്ലാം ഈ ഫിറ്റ്നസ് ബാൻഡ് സഹായകമാണ്.

 

നിലവിൽ വിപണിയിലുള്ള ഫിറ്റ്ബാൻഡുകളിൽ അമ്മമാർക്ക് സമ്മാനിക്കാൻ പറ്റിയവയാണ് ഓണർ ബാൻഡ് 4, എം ഐ ബാൻഡ് 3 എന്നിവ.

 

കാർവാൻ സരിഗമ ഗോ

 

ജോലിക്കിടയിലും സംഗീതം ആസ്വദിക്കുന്ന അമ്മമാർ വിശ്രമ വേളയിൽ പാട്ടുകളെ എത്ര മാത്രം സ്നേഹിക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ. അത്തരക്കാർക്കു നൽകാൻ പറ്റിയ ഒരു മാതൃദിന സമ്മാനമാണ് കാർവാൻ സരിഗമ ഗോ. 3,990 രൂപ മാത്രം വില വരുന്ന ഈ പേഴ്‌സണൽ ഡിജിറ്റൽ ഓഡിയോ പ്ലെയർ സ്മാർട് ഫോണുകൾ ഉപയോഗിക്കാൻ താൽപര്യമില്ലാത്ത/പരിചയമില്ലാത്ത അമ്മമാർക്ക് മികച്ച ഒരു സമ്മാനമായിരിക്കും. 3000 പ്രീ ലോഡഡ് പഴയകാല ഹിന്ദി പാട്ടുകൾ ഉൾപ്പെടുത്തി എത്തുന്ന മെറ്റൽ ബോഡിയോടുള്ള ഈ ഉപകരണം 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡും പിന്തുണയ്ക്കും.

 

ഇതിനൊപ്പം വരുന്ന ഗാനങ്ങൾക്കൊപ്പം ഇഷ്ടമുള്ള ഭാഷകളിലെ പ്രിയമുള്ള പാട്ടുകൾ എസ്ഡി കാർഡിൽ കോപ്പി ചെയ്ത നൽകിയാൽ അമ്മമാരുടെ വിശ്രമവേളകൾ ഏറെ ആനന്ദകരമാകും എന്നതിൽ സംശയമില്ല. ഒരൊറ്റ ചാർജിങ്ങിൽ 7 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററിയോടു കൂടിയെത്തുന്ന ഈ ഗാഡ്ജറ്റ് ഇൻബിൽറ്റ്  സ്പീക്കറിനും 3.5 എം എം ഓഡിയോ ജാക്കിനുമൊപ്പമാണ് എത്തുന്നത്. വെറും 88 ഗ്രാം മാത്രം ഭാരമുള്ള ഈ ഓഡിയോ പ്ലെയറിനു ആറു മാസത്തെ വാറണ്ടിയും ലഭ്യമാണ്.

 

സ്മാർട് ഷൂകൾ 

 

ഫിറ്റ്ബാൻഡോ സ്മാർട് വാച്ചോ ധരിക്കാൻ ഇഷ്ടമില്ലാത്ത അമ്മമാർക്ക് നൽകാവുന്ന ഒരു സമ്മാനമാണ് സ്മാർട് ഷൂകൾ. റബ്ബർ സോളോടു കൂടി വരുന്ന സ്മാർട് ഷൂകൾ സ്മാർട് ഫോണുകളുമായി ബന്ധിപ്പിച്ച് വ്യായാമ സംബന്ധമായ വിവരങ്ങൾ അറിയാൻ സഹായിക്കുന്ന ഒരു ഉൽപന്നമാണ്.

 

ബ്ലൂട്ടൂത് കണക്ടിവിറ്റി, 6 ആക്സിസ് സെൻസർ, ബാറ്ററി നിലവാരം കാണിക്കുന്ന എൽഇഡി ഇൻഡിക്കേഷനുകൾ എന്നിവ ഉൾപ്പെടുത്തി എത്തുന്ന എംഐ സ്മാർട് ഷൂകൾ മികച്ച നിലവാരം പുലർത്തുന്നവയാണ്. ബോൾട്ട് എന്ന കമ്പനി പുറത്തിറക്കിയിരിക്കുന്ന സ്മാർട് ഷൂവിനോപ്പം സൗജന്യ സ്റ്റെപ് ട്രാക്കിങ് സെൻസറും ലഭ്യമാണ്. 1,999 രൂപയ്ക്ക് ഇത് ഓൺലൈനിൽ വാങ്ങാൻ കഴിയും.

 

വയർലെസ്സ് ഇൻ-ഇയർ ഹെഡ്ഫോണുകൾ

 

അടുക്കളയിലെ തിരക്കിനിടയിൽ നിങ്ങളുടെ ഫോൺവിളികൾക്കു മറുപടി നൽകാനും മറ്റുള്ളവർക്ക് ശല്യമാകാതെ മതിവരുവോളം സംഗീതം ആസ്വദിക്കാനും സഹായിക്കുന്ന ഗാഡ്ജറ്റുകളാണ് വയർലെസ്സ് ഇൻ-ഇയർ ഹെഡ്ഫോണുകൾ. ഈ മാതൃദിനത്തിൽ നിങ്ങളുടെ അമ്മയ്ക്ക് സമ്മാനമായി നൽകാവുന്ന ലളിതമായ ഒരു വയർലെസ്സ് ഇൻ-ഇയർ ഹെഡ്ഫോണാണ് 'ജെബിഎൽ ട്യൂൺ 110ബിടി ' (JBL TUNE 110BT). ഉപയോഗിക്കാൻ ഏറെ എളുപ്പവും അലോസരമുണ്ടാകാതെ കഴുത്തിൽ ഇടം പിടിക്കുന്നതുമായ ഈ ഹെഡ്ഫോൺ 2500 രൂപയ്ക്കുള്ളിൽ വാങ്ങാനാകും. 

 

രണ്ടു മണിക്കൂർ നേരം ചാർജ് ചെയ്ത് 6 മണിക്കൂർ നേരം സംഗീതം ആസ്വദിക്കാൻ കഴിയുന്ന ഈ ബ്ലൂട്ടൂത് ഹെഡ്ഫോൺ വോയ്‌സ് കാളുകൾ പിന്തുണയ്ക്കുന്നതിനായി ഒരു മൈക്രോഫോൺ ഉൾപ്പെടെയാണ് എത്തുന്നത്. 80.8 സെന്റി മീറ്റർ നീളമുള്ള പിരിയാത്ത ഫ്ലാറ്റ് കേബിളോടു കൂടിയ ഈ ഹെഡ്‌ഫോൺ അമ്മമാർക്ക് ഇഷ്ടപ്പെടുമെന്നത് തീർച്ച.

 

എത്ര  വിലയേറിയ എന്തൊക്കെ ഗാഡ്ജറ്റുകൾ സമ്മാനിച്ചാലും നിങ്ങളുടെ സ്നേഹമാണ് അമ്മക്ക് വിലപിടിപ്പുള്ളത് എന്ന് മനസ്സിലാക്കി തിരക്കുകൾ ഒഴിവാക്കി കുറച്ച് നേരം അമ്മയോടൊപ്പം സമയം ചിലവഴിക്കാൻ ശ്രമിക്കുക. മക്കൾക്ക് പകരമാകാൻ ഒരു ഗാഡ്ജറ്റിനും കഴിയില്ലെന്ന തിരിച്ചറിവിൽ മനോഹരമായ ഒരു മാതൃദിനം ആശംസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com