ADVERTISEMENT

കയ്യിൽ ചെറിയ കാസറ്റ് പ്ലെയറും ചെവിയിലൊരു കുഞ്ഞൻ സ്പീക്കറും തിരുകി പാട്ടു കേട്ട് നടന്ന വാക്ക് മാൻ കാലം ഓർമയിലുള്ളവർക്ക് ഈ രംഗത്തെ മാറ്റം ഒന്ന് റീവൈൻഡ് ചെയ്തു നോക്കുമ്പോൾ ടെക്‌നോളജി ഫാസ്റ്റ് ഫോർവേഡ് അടിച്ചിങ്ങു പോന്നു എന്ന് മനസ്സിലാകും.

വയറുകളുള്ള ബ്ലൂടൂത്ത് നെക്ക്ബാൻഡുകൾ നമ്മുടെ നാട്ടിൽ ഏറെക്കുറെ സുപരിചിതമായി വരുന്നതിനിടയിൽ ഇടിച്ച് കയറിയെത്തി ഗാഡ്ജറ്റ് പ്രേമികളുടെ മനസ്സിൽ സ്ഥാനം പിടിച്ച ഒന്നാണ് വയർലെസ്സ് ഇയർഫോണുകൾ. മൂന്നു വർഷം മുൻപ് ആപ്പിൾ പുറത്തിറക്കിയ എയർപോഡുകളിലൂടെയാണ് വയർലെസ്സ് ഇയർഫോണുകൾ ജനമനസ്സുകളിൽ സ്ഥാനം നേടുന്നത്.

നിരവധി മോഡലുകൾ ഒന്നിന് പിറകെ ഒന്നായെത്തുന്ന ഈ വയർലെസ്സ് ഇയർഫോൺ കാലം സമ്മാനിക്കുന്നത് ഫുൾ കൺഫ്യൂഷനാണ്. വയറുള്ള ഇയർഫോണിൽ നിന്നും വയറില്ലാത്ത ഇയർഫോണിലേക്ക് എത്തിയപ്പോൾ നമ്മുടെ ആവശ്യത്തിന് ഉതകുന്ന ഏതെടുക്കണമെന്നതാണ് ആശയക്കുഴപ്പത്തിന് പ്രധാന കാരണം.

ആദ്യകാലത്തെ ഹെഡ്ഫോണുകളിൽ ഉപയോഗിച്ചിരുന്ന ചെവിയുടെ വശത്തായി അമർത്തി വയ്ക്കുന്ന കുഞ്ഞു സ്പീക്കറുകളിൽ നിന്നും ചെവിക്കുള്ളിൽ കടത്തി വയ്ക്കാവുന്ന ഇയർഫോണുകളിലേക്ക് നാം പതിയെ മാറിയപ്പോൾ പുറമെയുള്ള ശബ്ദത്തെ ഒഴിവാക്കി കൂടുതൽ ആസ്വാദന സൗകര്യമൊരുക്കുന്ന ഇൻ -ഇയർ ഹെഡ്ഫോണുകൾ അവയ്ക്കു പിന്നാലെയെത്തി.

ഒരു വയറിന്റെയും ബന്ധമില്ലാതെ ഇയർ ബഡുകൾ ചെവിയിൽ തിരുകി സംഗീതത്തിന്റെ ലോകത്ത് പരിധികളില്ലാത്ത പറന്നു നടക്കാൻ അവസരമൊരുക്കുന്ന ഈ വയർലെസ്സ് ഇയർഫോണുകൾ സൂക്ഷിക്കാൻ ആദ്യ സമയങ്ങളിൽ ഇത്തിരി പ്രയാസമുണ്ടാകുമെങ്കിലും മികച്ച ശബ്‌ദാനുഭവം സമ്മാനിക്കുന്ന ഇവ പതിയെ നിങ്ങളുടെ ഇഷ്ട തോഴനായി മാറും തീർച്ച.

ആപ്പിൾ എയർപോഡുകൾ

വയറുകൾ മുറിച്ച ഒരു സാദാ ഇയർഫോണിനു സമാനമായ രൂപകൽപ്പനയോടെത്തിയ ആപ്പിൾ എയർപോഡിനേക്കാൾ മികച്ച രൂപകൽപ്പനയുമായും ചെവിക്കുള്ളിൽ നന്നായി ഇറങ്ങി ഇരിക്കുന്ന തരത്തിലുമുള്ള വിവിധ വയർലെസ്സ് ഇയർഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ആധുനിക ആപ്പിൾ ഉപകരണങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന രണ്ടാം തലമുറ ആപ്പിൾ എയർപോഡുകൾ 14,900 രൂപ മുതൽ വാങ്ങാനാകും വയർലെസ്സ് ചാർജിങ് കെയ്‌സ് കൂടിയെത്തുമ്പോൾ വില 18,900ത്തിലെത്തും. ആപ്പിൾ ഉത്പന്നങ്ങളിൽ സംഗീതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഓപ്‌ഷനാണ് രണ്ടാം തലമുറ ആപ്പിൾ എയർപോഡുകൾ. ഒരു പൂർണ്ണ ചാർജിങ്ങിൽ അഞ്ചു മണിക്കൂറിനു മുകളിൽ തുടർച്ചയായി പ്രവർത്തിക്കാൻ ഇവയ്ക്കു കഴിയും എന്നാൽ  ചെവിയിൽ നിന്നും വേഗത്തിൽ ഊർന്നു വീണു പോകാമെന്നത് ഒരു പോരായ്മയാണ്.

സാംസങ് ഗ്യാലക്‌സി ബഡ്‌സ്

galaxy-buds

സാംസങ്ങിന്റെ പുതിയ തലമുറ സ്മാർട് ഫോണുകൾക്ക് വേണ്ടി നിർമിച്ചിരിക്കുന്ന ഇത്തരം വയർലെസ്സ് ഇയർഫോണുകൾ മറ്റു കമ്പനികളുടെ ഫോണുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിവുള്ളവയാണ്. പരീക്ഷണവേളയിൽ സാംസങ് ഗ്യാലക്‌സി എസ് 10+ ഫോണുകളിൽ സാംസങ് ഗ്യാലക്‌സി ബഡ്‌സ് ഏറെ മികവോടെ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒറ്റ ചാർജിങ്ങിൽ 10 മണിക്കൂർ വരെ സംഗീതം ആസ്വദിക്കാവുന്ന ഇവയുടെ വില പതിനായിരം രൂപയ്ക്കുള്ളിലാണ്. 9,999 രൂപയ്ക്ക് ഇത് നിങ്ങൾക്ക് വാങ്ങാനാകും.

നോക്കിയ ട്രൂ വയർലെസ്സ് ഇയർബഡ്‌സ്

എന്നും എപ്പോഴും വ്യത്യസ്തതയുമായി ജനമനസ്സിൽ ഇടം നേടാൻ ശ്രമിക്കുന്ന നോക്കിയക്ക് വയർലെസ്സ് ഇയർഫോണുകളുടെ കാര്യത്തിൽ എന്തായാലും പിഴച്ചില്ല. താരതമ്യേന കുറഞ്ഞ വിലയിൽ മിക്കവാറും എല്ലാ സ്മാർട് ഫോണുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒന്നാണ് നോക്കിയയുടെ ട്രൂ വയർലെസ്സ് ഇയർബഡ്‌സ്. മറ്റു വയർലെസ്സ് ഇയർബഡ്‌ ശ്രേണിയിൽ നിന്ന് വ്യത്യസ്തമായി ഏറെ സവിശേഷതകളുള്ള ഒരു ചാർജിങ്  കെയ്‌സുമായാണ് നോക്കിയയുടെ വരവ്. ഫുൾ ചാർജിങ്ങിൽ ഏകദേശം അഞ്ച് മണിക്കൂറോളം തുടർച്ചയായി ഉപയോഗിക്കാൻ കഴിയുന്ന ഇവ 8,500 രൂപക്കടുത്ത് ഓൺലൈനിൽ വിൽപനയ്ക്കുണ്ട്.

nokiatruewirelessearbuds

ഇവിടെ ചർച്ച ചെയ്യാത്ത നിരവധി വയർലെസ്സ് ഇയർഫോണുകൾ ഇന്ന് വിപണിയിലുണ്ട്. ജാബ്ര, ബോസ്, സോണി തുടങ്ങിയവയൊക്കെ മികച്ച വയർലെസ്സ് ഇയർഫോണുകളുമായി രംഗത്തുണ്ട്. എന്തായാലും വയർലെസ്സ് ഇയർഫോൺ വാങ്ങുന്നവർക്ക് വയർ ഉള്ള ഇയർഫോണുകൾ ഉപയോഗിക്കുന്നത് പോലെ അത്ര കെയർലെസ്സാകാൻ പറ്റില്ല എങ്കിലും ഭാവിയുടെ ഇയർഫോണുകൾ ഇവ തന്നെയാകുമെന്നാണു കണക്കുകൂട്ടൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com