ADVERTISEMENT

ടാബ്‌ലറ്റ് കംപ്യൂട്ടിങ്ങില്‍ പുതുയുഗം തുറക്കുകയാണ് ആപ്പിളിന്റെ പുതിയ ഐപാഡ് ഒഎസ്. ഐപാഡിന്, ഐഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം നല്‍കി ചങ്ങലയ്ക്കിട്ടിരിക്കുകയാണ് എന്ന ആരോപണം ഇല്ലാതാക്കുക എന്നത് ആപ്പിളിന്റെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. ഐപാഡിന്റെ വിശാലമായ സ്‌ക്രീന്‍ കൂടുതല്‍ ഉപയോഗപ്രദമാക്കാമെന്നതാണ് ആപ്പിളിനെതിരെ ഉയര്‍ന്നിരുന്ന ആരോപണങ്ങളില്‍ ഒന്ന്. ഐപാഡ് ഒഎസില്‍ ഐപാഡിന്റെ ഹോം സ്‌ക്രീന്‍ കൂടുതല്‍ ഉപകാരപ്രദമായിരിക്കും. കൂടുതല്‍ ആപ്പുകള്‍ ഹോം സ്‌ക്രീനില്‍ ലഭ്യമാക്കും. വിജറ്റുകള്‍ (widget) ഹോം സ്‌ക്രീനില്‍ പിന്‍ ചെയ്യാം. ഐപാഡ് അണ്‍ലോക് ചെയ്യുമ്പോഴെ വിജറ്റുകള്‍ ഉപയോഗിക്കാം.

 

സ്ലൈഡ്-ഓവര്‍ ഫീച്ചറിലൂടെ ഒന്നിലേറെ ആപ്പുകള്‍ അങ്ങോട്ടും ഇങ്ങോട്ടും സ്വൈപ് ചെയ്തു മാറ്റാം. സ്പ്ലിറ്റ് വ്യൂ കൂടുതല്‍ മെച്ചപ്പെടുത്തി. നോട്‌സും മെയിലും, അല്ലെങ്കില്‍ നോട്‌സും സഫാരിയും ഒരേ സമയം സ്പ്ലിറ്റ് വ്യൂ ഫീച്ചര്‍ ഉപയോഗിച്ച് തുറക്കാം. ഐപാഡിലെ സഫാറി ഡെസ്‌ക്ടോപ് ക്ലാസ് ആക്കി മാറ്റി. ഇനി ഐപാഡിലെ സഫാരി മൊബൈല്‍ വെബ്‌സൈറ്റുകളെയായിരിക്കില്ല വിളിച്ചു വരുത്തുക, പകരം ഡെസ്‌ക്ടോപ് സൈറ്റുകളെ തന്നെ അവതരിപ്പിക്കും. ഐപാഡിന് മുപ്പതിലേറെ ഷോർട്കട്ടുകളും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ നാവിഗേഷന്‍ വളരെ എളുപ്പമാക്കാം. ഡെസ്‌ക്ടോപില്‍ ചെയ്യുന്നതു പോലെ, വിന്‍ഡോകളെ വേര്‍പെടുത്തി മാറ്റിവയ്ക്കാം.

 

ഇനി മാക്കിന്റെ അനുജന്‍!

 

പുതിയ മാറ്റങ്ങള്‍ ഐപാഡിനെ കൂടുതല്‍ ഉപകാരപ്രദമായ ഒരു ഉപകരണമാക്കി മാറ്റുമെന്ന് നിസംശയം പറയാം. നേരത്തെ, ഐഫോണിന്റെ ചേട്ടന്‍ ആയിരുന്നു ഐപാഡ് എങ്കില്‍ പുതിയ മാറ്റങ്ങള്‍ക്കു ശേഷം മാക് കംപ്യൂട്ടറുകളുടെ അനുജനായി മാറുകയാണ്. ഒരു ഡൗണ്‍ലോഡ് മാനേജറും ഐപാഡിനു ലഭിക്കും. കംപ്യൂട്ടറുകളെ പോലെ, ഐപാഡുകള്‍ക്ക് എക്‌സ്ടേണല്‍ ഡ്രൈവുകള്‍ ഉപയോഗിക്കാനാകും. എസ്ഡി കാര്‍ഡും എക്‌സ്ടേണല്‍ ഡ്രൈവും ഐപാഡുമായി ബന്ധിപ്പിച്ച ശേഷം ഫയല്‍സ് ആപ് തുറന്നാല്‍ അവയിലെ ഫയലുകള്‍ കാണാനാകും. മൗസ് സപ്പോര്‍ട്ടും, കൂടുതല്‍ മെച്ചപ്പെട്ട എക്‌സ്ടേണല്‍ കീബോര്‍ഡ് സപ്പോര്‍ട്ടും കിട്ടും. വയര്‍ലെസ് മൗസാണോ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഉറപ്പില്ല.

 

ഐപാഡ് ഒഎസ് ഇപ്പോള്‍ മുതല്‍ ഡിവലപ്പര്‍മാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഐപാഡ് എയര്‍ 2, ഐപാഡ് അഞ്ചാം ജനറേഷന്‍, അല്ലെങ്കില്‍ ഐപാഡ് മിനി 4 മുതലുള്ള എല്ലാ ഐപാഡുകള്‍ക്കും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം സ്വീകരിക്കാനാകും. എല്ലാ ഐപാഡ് പ്രോ മോഡലുകളും ഐപാഡ് ഒഎസ് സ്വീകരിക്കാം.

 

ടാബ്‌ലറ്റ് കംപ്യൂട്ടിങില്‍ ആപ്പിള്‍ തന്നെ രാജാവ്

 

ഇപ്പോള്‍ മറ്റു കമ്പനികള്‍ എന്തിനോ വേണ്ടിയാണ് ടാബ്‌ലറ്റുകള്‍ ഇറക്കുന്നതെന്നു തോന്നും. ഐപാഡിനെ അനുകരിച്ചാണ് പലരും ടാബ് നിർമാണം തുടങ്ങിയത്. മറ്റു കമ്പനികള്‍ ഇപ്പോള്‍ ഫോണ്‍ നിര്‍മാണത്തില്‍ കൊടുക്കുന്ന ശ്രദ്ധയുടെ ചെറിയൊരംശം പോലും ടാബ് നിര്‍മാണത്തിനു നല്‍കുന്നില്ല എന്നതിനാല്‍ നിലവില്‍ ഈ സെഗ്‌മെന്റില്‍ ആപ്പിളിന് എതിരാളികളില്ല എന്നു പറയാം.

 

പുതിയ നീക്കങ്ങളിലൂടെ ഐപാഡിന്റെ ശേഷി ആപ്പിള്‍ മനപ്പൂര്‍വ്വം കുറയ്ക്കുന്നു എന്ന വിമര്‍ശനത്തി‌ന്റെ മുനയും കുറച്ചെങ്കിലും ഒടിക്കാന്‍ ആപ്പിളിനാകും. ഐപാഡിന് കൂടുതല്‍ ശേഷി നല്‍കിയാല്‍ തങ്ങളുടെ മാക്ബുക്ക് ബിസിനസ് പൂട്ടിപ്പോകുമോയെന്ന് ആപ്പിള്‍ സംശയിക്കുന്നതായി ചില ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്തായാലും, ഐഒഎസിന്റെ ഞെക്കിപ്പിടിക്കലില്‍ നിന്നു പുറത്തു വരുന്നതോടെ ഐപാഡുകള്‍ക്ക് പുതിയ ഉപയോഗങ്ങളും സാധ്യമായേക്കും.

 

കണ്ടന്റ് സ്വീകരിക്കാനുള്ള ഉപകരണം എന്ന നിലയില്‍ നിന്ന് കണ്ടന്റ് സൃഷ്ടിക്കാനുള്ള ഉപകരണം എന്ന നിലയിലേക്ക് ഐപാഡ് മാറുകയാണ് എന്നതിന്റെ സൂചനകളാണ് പുതിയ ഐപാഡ് ഒഎസിലൂടെ ആപ്പിള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കു നല്‍കുന്നത്. അത് ഏറെ സ്വാഗതാര്‍ഹമാണ്. പലര്‍ക്കും തങ്ങളുടെ കംപ്യൂട്ടിങ് ടാസ്‌കുകള്‍ക്ക് ഒരു ലാപ്‌ടോപ്പിന്റെ ആവശ്യമില്ല. എന്നാല്‍ ഒരു ഫോണ്‍ പോരാ താനും. ഈ ഇടത്തിലേക്ക് ഐപാഡ് ഇറങ്ങുകയാണ് എന്നു പറയാം. ആപ്പിള്‍ പെന്‍സിലിന്റെ ഉപയോഗവും ഒത്തു ചേരുമ്പോള്‍ മറ്റൊരു കംപ്യൂട്ടിങ് ഇടം തുറക്കുന്നു എന്നു തോന്നുന്നു. ഐപാഡ് ഒപ്പറേറ്റിങ് സിസ്റ്റത്തിന്റെ  മുഴുവന്‍ പ്രഭാവവും ആവാഹിക്കുന്നവയായിരിക്കും ഭാവിയില്‍ ഇറക്കാന്‍ പോകുന്ന ഐപാഡുകള്‍. ഐപാഡ് പ്രോ മോഡലുകള്‍ ശരിക്കും ലാപ്‌ടോപ്പുകള്‍ക്ക് പകരം വയ്ക്കാനാകുന്ന പ്രകടനം നടത്തിയേക്കുമെന്ന് കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com