sections
MORE

ആമസോണ്‍ അലക്‌സ നിങ്ങളുടെ സംസാരത്തിനു കാതോര്‍ത്തിരിക്കുന്നത് എന്തിന്?

amazon-echo-alexa
SHARE

സ്മാര്‍ട് സ്പീക്കറുകള്‍ വിദേശ രാജ്യങ്ങളിലെല്ലാം ആളുകളെ അലസരാക്കുന്നുണ്ട്. പല കാര്യങ്ങള്‍ക്കും അവര്‍ക്ക് സ്മാര്‍ട് സ്പീക്കറുകളെ ആശ്രയിക്കാം. ലൈറ്റ്, ഫാന്‍ തുടങ്ങിയവ ഓണ്‍ ചെയ്യാന്‍, പാട്ടു കേള്‍പ്പിക്കാന്‍, ഇന്റര്‍നെറ്റ് സേര്‍ച്ച് നടത്താന്‍ തുടങ്ങി പല കാര്യങ്ങള്‍ക്കും ഇവ ഉപയോഗിക്കാം. സ്മാര്‍ട് സ്പീക്കറുകളിലെ ഏറ്റവും പ്രധാനപ്പെട്ട നാമമാണ് ആമസോണ്‍ എക്കോ. ആമസോണ്‍ കമ്പനിയുടെ എക്കോയില്‍ പലരുടെയും പ്രിയ വെര്‍ച്വല്‍ തോഴിയായ അലക്‌സയാണ് കുടിയിരിക്കുന്നത്. സ്മാര്‍ട് സ്പീക്കര്‍ വില്‍പനയില്‍ ആമസോണിന്റെ കൊതിപ്പിക്കുന്ന മുന്നേറ്റം കണ്ട ഗൂഗിളും ആപ്പിളും അടക്കമുള്ള കമ്പനികള്‍ തങ്ങളുടെ സ്മാര്‍ട് സ്പീക്കറുകളും ഇറക്കി കഴിഞ്ഞു.

ആമസോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ അലക്‌സ, എക്കോ സ്പീക്കറുകളില്‍ മാത്രമല്ല ഉള്ളത്. ബോസ്, ഫെയ്‌സ്ബുക്, സോണൊസ്, സോണി, അള്‍ട്ടിമേറ്റ് ഇയേഴ്‌സ് തുടങ്ങിയ കമ്പനികളിലും ഈ വോയിസ് അസിസ്റ്റന്റിന്റെ സേവനമാണ് ഉപയോഗിക്കുന്നത്. ഈ സ്പീക്കറുകളിലെ അലക്‌സയോട് ഒരു ചോദ്യം ചോദിക്കണമെങ്കില്‍ ഉണര്‍ത്തു വാക്കായ 'അലക്‌സ' ഉപയോഗിക്കണമെന്നാണ് പറയുന്നത്. അപ്പോള്‍ മാത്രമെ അത് നമ്മള്‍ പറയുന്നതു ശ്രദ്ധിക്കൂ എന്നാണ് വയ്പ്. എന്നാല്‍, 'അലക്‌സ' എന്നു വിളിക്കാത്ത സമയത്തും ഒരാവശ്യവും ഉന്നയിക്കാത്തപ്പോഴും സ്പീക്കര്‍ ഉപയോക്താക്കളോട് സംസാരിക്കുന്ന നിരവധി അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അലക്‌സ എന്നതു കൂടാതെ രണ്ട് ഉണര്‍ത്തു വാക്കുകളും ഉപയോഗിക്കാം. എക്കോ, കംപ്യൂട്ടര്‍ എന്നിവയാണവ.

എന്നാല്‍ അലക്‌സ ഈ ഉണര്‍ത്തു വാക്കുകള്‍ ഉപയോഗിക്കാത്തപ്പോഴും തന്റെ ചുറ്റുപാടുകളിലേക്ക് ചെവിയോര്‍ത്തിരിക്കുന്നു എന്നാണ് കണ്ടെത്തല്‍. കാരണം അത് അലക്‌സയുടെ 'ജന്മവൈകല്യം' തന്നെയാണത്രെ. ഇതറിയാന്‍ ആമസോണ്‍ അലക്‌സയ്ക്കു പിന്നില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചു തന്നെ മനസ്സിലാക്കണം. ക്ലൗഡ് കംപ്യൂട്ടിങ്ങാണ് അവര്‍ ഉപയോഗിക്കുന്നത്. സ്മാര്‍ട് സ്പീക്കറുകള്‍ പിടിച്ചെടുക്കുന്ന വാക്കുകള്‍ പ്രോസസ് ചെയ്യാനായി ക്ലൗഡിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. സാധാരണക്കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ അലക്‌സയോടു പറയുന്ന ഓരോ വാക്കും ക്ലൗഡിലെത്തി ട്രാന്‍സ്‌ക്രൈബ് ചെയ്താണ് കമാന്‍ഡാകുന്നത് പോലും. ഉദാഹരണം ലൈറ്റ് ഇടാന്‍ ആവശ്യപ്പെട്ടാല്‍ ('turn on the light') പോലും അത് സ്പീക്കര്‍ നേരിട്ടല്ല ചെയ്യുന്നത്. ക്ലൗഡിലേക്കു പോയിട്ടു വന്നാണ് ആജ്ഞയായി തീരുന്നത്. സ്പീക്കറുകള്‍ക്ക് ഇത്തരം ലളിതമായ കമാന്‍ഡുകള്‍ പോലും പ്രോസസു ചെയ്യാനുള്ള ശേഷിയില്ല. എന്നു പറഞ്ഞാല്‍ അവയ്ക്ക് ഇതിനു വേണ്ട കംപ്യൂട്ടിങ് ശക്തിയോ ബുദ്ധിയോ ഇല്ല. അപ്പോള്‍ അല്‍പം സങ്കീര്‍ണ്ണമായ കമാന്‍ഡുകളുടെ കാര്യം ഊഹിക്കാമല്ലോ.

എന്നാല്‍ കാര്യങ്ങള്‍ ഇവിടെ വരെ വലിയ പ്രശ്‌നമില്ല എന്നാണ് പൊതുവെ പറയുന്നത്. എന്നാലിപ്പോള്‍ ആമസോണ്‍ ഒരു കൂട്ടം അനലിസ്റ്റുകളെ ആളുകളുടെ വീണുകിട്ടുന്ന സംഭാഷണ ശകലങ്ങള്‍ വിശകലനം ചെയ്യലാണ് ഇവരുടെ ജോലി. എക്കോ ഉപകരണങ്ങള്‍ ഉപയോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ സംഭാഷണങ്ങള്‍ ക്ലൗഡിലേക്ക് അയയ്ക്കുന്നുണ്ട്. അലക്‌സയുടെ കസ്റ്റമര്‍ അനുഭവം മെച്ചപ്പെടുത്താനാണിതെന്നാണ് വയ്പ്. ഈ ഡേറ്റ അനോണിമൈസ് ചെയ്തല്ല അയ്ക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. ഡേറ്റയിലൂടെ സ്മാര്‍ട് സ്പീക്കറിന്റെ ഉടമയെ എളുപ്പത്തില്‍ കണ്ടെത്താനാകുമെന്നതാണ് പേടിപ്പിക്കുന്ന കാര്യം.

അലക്‌സ ഒരു ക്ലൗഡ് കേന്ദ്രീകൃത സംവിധാനമായതിനാല്‍ യാദൃശ്ചികമായി ഉണര്‍ത്തു വാക്ക് ഉച്ചരിക്കപ്പെട്ടാല്‍ പോലും സംഭാഷണം ക്ലൗഡിലേക്ക് ഒഴുകും. ഉപയോക്താവ് മനപ്പൂര്‍വ്വം ഉച്ചരിച്ചതല്ലെങ്കില്‍ പോലും ഇത് സംഭവിക്കും. തുടര്‍ന്ന് സ്പീച്ച് റെക്കഗ്നിഷന്‍ തുടങ്ങിയ പ്രക്രീയകള്‍ നടക്കും. എന്നാല്‍ സ്‌നിപ്‌സ് തുടങ്ങിയ കമ്പനികള്‍ ഒരു ബദല്‍ സംവിധാനം ഒരുക്കി കഴിഞ്ഞു. സ്പീച്ച് റെക്കഗ്നിഷനും സ്വാഭാവിക ഭാഷാ പ്രോസസിങ്ങുമൊക്കെ കേള്‍ക്കുന്ന സ്പീക്കറിനുള്ളില്‍ തന്നെ നടത്തുന്ന രീതിയാണിത്. ഇതിലൂടെ ഡേറ്റ ഉപകരണത്തിനു വെളിയിലേക്കു പോകുന്നില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കും. അതായത് സ്വകാര്യ സംഭാഷണങ്ങള്‍ ക്ലൗഡില്‍ ശേഖരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇതിനാകും.

രഹസ്യമായി സംഭാഷണം കേള്‍ക്കുന്ന രീതിയെ ആമസോണ്‍ വിളിക്കുന്നത് വോയ്‌സ് റെക്കോഡിങ്‌സ് എന്നാണ്. ഇത് ഡിസേബിൾ ചെയ്യാമെന്നു കമ്പനി പറയുന്നുണ്ടെങ്കിലും അത് അങ്ങനെ സാധ്യമല്ലെന്നു കാണാം. ഡിസേബിൾ ചെയ്താല്‍ പല പ്രവര്‍ത്തനങ്ങളും സുഗമമാകില്ലെന്ന മുന്നറിയിപ്പായിരിക്കും ഉപയോക്താവിന് ലഭിക്കുക. ഇങ്ങനെ ലഭിക്കുന്ന ഡേറ്റ സ്പീക്കറിന്റെ പ്രകടനം മെച്ചപ്പെടുത്താനാണ് ഉപയോഗിക്കുന്നത് എന്നാണ് ആമസോണ്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ കൊണ്ട് അത്ര വലിയ കാര്യമൊന്നും നടക്കില്ലെന്നാണ് ചില ടെക് വിദഗ്ധര്‍ പറയുന്നത്. ഇനി ഡേറ്റയ്ക്കു വേണ്ടിയാണ് ഇങ്ങനെ ഒളിച്ചിരുന്നു സ്വകാര്യ സംഭാഷണം കേള്‍ക്കുന്നതെങ്കിൽ വെറുതെ ഏതാനും മണിക്കൂര്‍ നേരം ക്രൗഡ് സോഴ്‌സിങ് ഉപയോഗിച്ചാല്‍ അതു സാധിച്ചെടുക്കാവുന്നതെയുള്ളു, ആളുകളുടെ സ്വകാര്യതയിലേക്ക് തലയിടേണ്ട കാര്യമില്ല എന്നാണ് അവര്‍ പറയുന്നത്. ആമസോണിന്റെ ഈ പരിപാടി ന്യായീകരിക്കാനാവില്ല എന്നാണ് അവർ വാദിക്കുന്നത്.

ആഴ്ചകൾക്ക് മുൻപ് അമേരിക്കയില്‍ അലക്‌സ ഗാര്‍ഡ് എന്നൊരു പുതിയ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ അലക്‌സ സകല സമയത്തും ബാക്ഗ്രൗണ്ട് ശബ്ദങ്ങള്‍ക്കായി കാതോര്‍ത്തിരിക്കും. ഗ്ലാസു പൊട്ടി വീഴുന്നത്, തുടങ്ങി അപായ ശബ്ദങ്ങളും കേട്ട് വീടിനെ രക്ഷിക്കാനായാണ് ഇത്. ഇത് ആക്ടിവേറ്റു ചെയ്തു കഴിഞ്ഞാല്‍ ഈ ഫീച്ചറുള്ള എക്കോ സ്പീക്കറുകളിലുള്ള ഫാര്‍ഫീല്‍ഡ് മൈക്രോഫോണുകള്‍ ഉണരുകയായി. തുടര്‍ന്ന് എല്ലാത്തരം ശബ്ദങ്ങള്‍ക്കും അത് കാതോര്‍ക്കും. ഒരു ഉണര്‍ത്തു വാക്കും ആവശ്യമില്ല. മുകളില്‍ കണ്ട സ്‌നിപ് പോലെയുള്ള സാങ്കേതിക വിദ്യയാണ് സ്മാർട് സ്പീക്കറുകളില്‍ കാണാന്‍ ആഗ്രഹിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA