ADVERTISEMENT

വിഡിയോ ഗെയിമുകളുടെ നെറ്റ്ഫ്ലിക്സ് എന്നു വിശേഷിപ്പിക്കപ്പെട്ട ഗൂഗിളിന്റെ കൺസോൾ രഹിത ഗെയിമിങ് സേവനമായ സ്റ്റേഡിയ നവംബറിൽ കളി തുടങ്ങും. മൈക്രോസോഫ്റ്റ് എക്സ്ബോക്സ്, സോണി പ്ലേസ്റ്റേഷൻ തുടങ്ങിയ കൺസോളുകളിലേതിനു തുല്യമായ ഗെയിംപ്ലേയാണ് ചുരുങ്ങിയ ചെലവിൽ സ്റ്റേഡിയയിലൂടെ ഗൂഗിൾ വാഗ്ദാനം ചെയ്യുന്നത്. കംപ്യൂട്ടർ, ടിവി, മൊബൈൽ തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകളിൽ ക്രോം ബ്രൗസറിന്റെ സഹായത്തോടെയാണ് സ്റ്റേഡിയ പ്രവർത്തിക്കുക.

 

ഏകദേശം 5000 രൂപ വിലയുള്ള സ്റ്റേഡിയ കൺട്രോളർ മാത്രമാണ് കളിക്കാർ വാങ്ങേണ്ടത്. ബാക്കിയെല്ലാം ഓൺലൈൻ. സ്റ്റേഡിയയിൽ നിന്നു ഗെയിമുകൾ വാങ്ങുന്നവർക്ക് ഗെയിം ഫുൾ എച്ച്ഡി 60 ഫ്രെയിംസ് പെർ സെക്കൻഡിൽ ഗെയിം കളിക്കാൻ വേറെ പണം നൽകേണ്ടതില്ല. 

 

സ്റ്റേഡിയ പ്രോ പാക്കേജ് വഴി 4കെ നിലവാരത്തിൽ ഗെയിമുകളുടെ വിപുലമായ ശേഖരം ഉപയോഗിക്കാൻ പ്രതിമാസം 600 രൂപ വീതം വരിസംഖ്യ നൽകണം. ആദ്യഘട്ടത്തിൽ സ്റ്റേഡിയ അവതരിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല.

 

മൈക്രോസോഫ്റ്റ് എക്സ്ബോക്സ് പ്രോജക്ട് സ്കാർലറ്റ് അടുത്ത വർഷം

 

മൈക്രോസോഫ്റ്റിന്റെ ഗെയിം കൺസോൾ ആയ എക്സ്ബോക്സിന്റെ അടുത്ത പതിപ്പ് 2020ൽ പുറത്തിറങ്ങും. പ്രോജക്ട് സ്കാർലറ്റ് എന്ന പേരിൽ മൈക്രോസോഫ്റ്റ് നിർമിക്കുന്ന കൺസോളിലെ സവിശേഷതകൾ കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടു. 8 കെ ഗെയിമിങ് ആണ് പുതിയ എക്സ്ബോക്സിന്റെ ഏറ്റവും വലിയ സവിശേഷത. 120 ഫ്രെയിംസ് പെർ സെക്കൻഡിൽ അണുവിട പിഴയ്ക്കാത്ത ഗെയിമിങ് ഉറപ്പാക്കാം. 

 

റേ-ട്രേസിങ്, വേരിയബിൾ റിഫ്രഷ് റേറ്റ് എന്നിങ്ങനെ ഗെയിമർമാരുടെ അഭിരുചികൾക്കും അവരുടെ ഇന്റർനെറ്റ് കണക്ഷൻ വേഗം അനുസരിച്ചും വിവിധ മോഡുകളും ലഭ്യമാണ്. 8കെ ഗ്രാഫിക്സുമായി സോണിയുടെ പിഎസ്5 കൺസോളും അടുത്ത വർഷം എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com