ADVERTISEMENT

ഇന്നത്തെ കാലത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും ഫെയ്സ്ബുക്കിൽ ചാറ്റിങ് നടത്തുന്നതിനുമൊക്കെ സ്മാർട് ഫോണുകൾ മതിയാകും. എല്ലാം ഒരു വിരൽത്തുമ്പിൽ എത്തിക്കുന്ന ഇന്റർനെറ്റ് സ്മാർട് ഫോണിൽ ലഭിയ്ക്കുന്നുവെന്നത് നല്ലതു തന്നെ. പക്ഷേ പഠനാവശ്യങ്ങൾക്കും മറ്റുപയോഗങ്ങൾക്കും ലാപ്ടോപ് തന്നെ വേണം. അതായത് സ്മാർട് ഫോൺ യുഗം എത്ര വളർന്നാലും ലാപ്ടോപ്പിന്റെയോ കംപ്യൂട്ടറിന്റെയോ സ്ഥാനം കൈയ്യടക്കുവാനാകില്ലെന്നു ചുരുക്കം. മികച്ച ഒരു ലാപ്ടോപ് തിരഞ്ഞെ‌ടുക്കുന്നത്് എങ്ങനെയെന്നു പരിശോധിക്കാം.

 

∙ വാങ്ങും മുൻപ് ആവശ്യം തിരിച്ചറിയുക

 

ലാപ്ടോപ് വാങ്ങുന്നതിനു മുൻപു തന്നെ എന്തുപയോഗത്തിനു വേണ്ടിയാണ് ലാപ്ടോപ് വാങ്ങുന്നതെന്നു നാം അറിഞ്ഞിരിക്കണം. പഠനാവശ്യത്തിനു സാധാരണ ലാപ്ടോപ് മതിയാകും. പക്ഷേ ജോലി സംബന്ധമായുള്ള ഉപയോഗത്തിനാണു ലാപ്ടോപ് വാങ്ങുന്നതെങ്കിൽ അൽപം കൂടി കരുത്തുറ്റ മോ‍ഡൽ തന്നെ തിരഞ്ഞെടുക്കുക. ഇനി സിനിമ കാണുക, ഫെയ്സ്ബുക് ഉപയോഗിക്കുക തുടങ്ങിയ വിനോദ കാര്യത്തിനായി ഉപയോഗിക്കുവാനാണ് ലാപ്ടോപ്പെങ്കിൽ അൽപം വില കുറഞ്ഞ മോഡലുകൾ മതിയാകും. ഉപയോഗം മാറുന്നതിനനുസരിച്ച് മോഡലിന്റെ ഗുണമേന്മയും കൂടിയതായിരിക്കണം.

 

ഉപയോഗം എന്തുമായിക്കൊള്ളട്ടെ ലാപ്ടോപ് വാങ്ങുമ്പോൾ വളരെയധികം ശ്രദ്ധ നൽകണം. ലാപ്ടോപ്പിന്റെ കാര്യക്ഷമതയെ (പെർഫോമൻസിനെ) ബാധിയ്ക്കുന്ന പല ഘടകങ്ങളുണ്ട്. അവ ഏതൊക്കെയെന്നു പരിശോധിക്കാം.

 

∙ പ്രോസസർ

 

ലാപ്ടോപ്, കംപ്യൂട്ടർ, സ്മാർട് ഫോൺ തുടങ്ങി ഏതൊരു ഉപകരണം വാങ്ങിയാലും ഇന്ന് ആൾക്കാർ ആദ്യം നോക്കുന്ന ഒന്നാണ് ഓരോ ഉപകരണത്തിന്റെയും പ്രോസസറിന്റെ കരുത്ത്. മൂന്നാം തലമുറയിലെയോ നാലാം തലമുറയിലെയോ പ്രോസസറുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇന്റലിന്റെ കോർ ഐ3, ഐ5, ഐ7, ഐ9 എന്നിവയാണു ലാപ്ടോപ്പുകളിലുപയോഗിച്ചിരിക്കുന്ന പ്രധാന പ്രോസസറുകൾ. സാധാരണ ഉപയോഗങ്ങൾക്കു ഐ3 (കോർ ഐ3 ഫോർത്ത് ജെന്‍) മതിയാകും.

 

ഇതിലും അൽപം കൂടി മികച്ചതാണു ഐ5 പ്രോസസർ. ഫോട്ടോഷോപ്, മാറ്റ്ലാബ്, ഓട്ടോകാഡ് തുടങ്ങിയവ ഉപയോഗിക്കുന്നതിന് ഐ5 പ്രോസസർ ധാരാളം. ഇക്കൂട്ടത്തിൽ ഏറ്റവും കരുത്തുറ്റതാണു ഐ9 പ്രോസസർ. ഏതു കഠിനമായ ജോലിയും ചെയ്യുവാന്‍ ഈ മിടുക്കന് വളരെ വേഗത്തിൽ സാധിക്കും. പക്ഷേ ധാരാളം കംപ്യൂട്ടർ ഗെയിമുകൾ കളിയ്ക്കുന്നവതിനോ ലാപ്ടോപ്പിൽ ധാരാളം ജോലി ചെയ്യുന്നവരോ മാത്രം ഈ വില കൂടിയ പ്രോസസർ മോഡൽ തിരഞ്ഞെടുത്താൽ മതിയാകും. സാധാരണ ഉപയോഗത്തിനായി ഐ9 പ്രോസസർ വലിയ വില നൽകി സ്വന്തമാക്കേണ്ടതില്ല എന്നർഥം.

 

ഡ്യുവൽ കോർ, ക്വാഡ് കോർ, ഒക്റ്റാകോർ ഇങ്ങനെ പോകുന്നു ലാപുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്രോസസറുകളുടെ ശ്രേണി. ജിഗാഹെട്സിലാണ് മൊബൈലിലും ലാപ്പുകളിലും സാധാരണയായി പ്രോസസറിന്റെ കരുത്ത് രേഖപ്പെടുത്തുക. തെർമൽ ഡിസൈൻ പവർ [Thermal Design Power (TDP)], ഫീച്ചർ ഫാബ്രിക്കേഷൻ സൈസ് [Feature Fabrication Size, (fab size) എന്നിവയിലാണ് ഇന്നു പ്രോസസറിന്റെ കരുത്ത് അളക്കുന്നത്.

 

∙ ഗ്രാഫിക്സ് കാർഡ്

 

ഏതൊരു ലാപ്ടോപ്പിന്റെയും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് ഗ്രാഫിക്സ് കാർഡ്. ഇന്റലിന്റെ ഐറിസ്, എച്ച്ഡി സീരിസുകളിലുള്ള ഗ്രാഫിക്സ് കാർഡുകള്‍ വൈദ്യുത ഉപഭോഗം കുറയ്ക്കുന്നുവെന്നു മാത്രമല്ല, ലാപ്ടോപ് അനാവശ്യമായി ചൂടാകാതെ നോക്കുകയും ചെയ്യുന്നു. നീവിദിയയുടെ ജീഫോഴ്സ് സീരിസിലുള്ള കാർഡുകൾക്കു 3ഡി ഗ്രാഫിക്സ് ജോലികൾ ചെയ്യുന്നതിനായി സ്വന്തമായ പ്രോസസറും റാമുമുണ്ട്. വൈദ്യുതി ഉപഭോഗം കൂടുതലാണെന്നതാണ് ഇതിന്റെ ഒരു പോരായ്മ.

 

അതേസമയം മികച്ച പ്രവർത്തനക്ഷമത ലഭിക്കുന്നതിന് ഏറ്റവും മികച്ച ഗ്രാഫിക്സ് കാർ‍ഡുകളുള്ള ലാപ്ടോപ്പുകൾ തന്നെ വാങ്ങണമെന്നു കരുതുന്നതു തെറ്റിദ്ധാരണയാണ്. വളരെ ഉയർന്ന തലത്തിലുള്ള പ്രോഗ്രാമുകൾ ചെയ്യുന്നവർക്കു മാത്രം ഇത്തരത്തിലുള്ള ഗ്രാഫിക്സ് കാർഡുകൾ മതിയാകും. സാധാരണ നിലയിലുള്ള ഉപയോഗങ്ങൾക്ക് ശരാശരി മികച്ച ഒരു പ്രോസസറും ആവശ്യത്തിനു റാമുമുള്ള ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ് കാർഡുള്ള ലാപ്ടോപ് മതിയാകും. താഴ്ന്ന ഗ്രാഫിക്സ് സെറ്റിങ്സില്‍ ക്രമീകരിച്ചു ഗെയിം കളിക്കുവാനാകുമെന്നതിനാൽ സാധാരണ നിലയില്‍ ഗെയിമുകൾക്കും ഇത്തരമൊരു ഗ്രാഫിക്സ് കാർഡ് ധാരാളം. അതേസമയം ഏറ്റവും മികച്ച ഗ്രാഫിക്സ് സെറ്റിങ്സിൽ തന്നെ ഗെയിമുകളിൽ ഏർപ്പെടുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരമൊരു ഗ്രാഫിക്സ് കാർഡ് തിരഞ്ഞെടുക്കാം. ഇത്തരം കാർഡുകൾക്കായി ചിലവഴിക്കേണ്ടി വരുന്ന അധിക തുകയും അനുദിന ചിലവുകളും കൂടി കണക്കിലെടുത്തതിനു ശേഷം മാത്രം തീരുമാനമെടുക്കുക.

 

∙ റാം

 

ഒരേ സമയം പല ജോലികൾ പെട്ടെന്നും കാര്യക്ഷമതയോടും കുടി ചെയ്യുന്നതിനു ലാപ്ടോപ്പിനെ സഹായിക്കുന്ന ഘടകമാണ് റാം. റാം ഉയരുന്നതിനനുസരിച്ച് പ്രകടനവും മികച്ചതാകുന്നു. 6 ജിബിയോ, 8 ജിബിയോ റാമുണ്ടെങ്കിൽ നിങ്ങളുടെ ലാപ്ടോപ് മികച്ച പ്രവർത്തനം നൽകുമെന്നുറപ്പാണ്. 2 ജിബി റാം മുതലുള്ള മോഡലുകളും വിപണിയിൽ ലഭ്യമാണ്. വൻവിലക്കുറവോടെയെത്തുന്ന ഇത്തരം മോഡലുകൾ വാങ്ങുന്നവർ ശരിക്കും റാമിന്റെ ഉപയോഗം എന്തെന്നു മനസ്സിലാക്കുന്നില്ലെന്നു വേണം കരുതുവാൻ. അതിനാൽ ഏറ്റവും കുറഞ്ഞത് 4 ജിബി റാം എങ്കിലുമുള്ള ലാപ്ടോപ് മോഡലുകൾ മാത്രം വാങ്ങുവാൻ ശ്രദ്ധിക്കുക. കുറഞ്ഞ റാം ഉള്ള ലാപ്ടോപ് ഉപയോഗിക്കുന്നവർക്കു ഏകദേശം 2000 രൂപ മുടക്കിയാൽ റാം ഉയർത്തുവാനാകും.

 

∙ ഡിസ്പ്ലേ

 

സിനിമ കാണുന്നതിനും ചാറ്റു ചെയ്യുന്നതിനും എന്നു വേണ്ട എല്ലാത്തിനും നിങ്ങൾ ഉറ്റുനോക്കുന്നത് ഈ സ്ക്രീനിലേക്കാണ്. ഇതിനാൽ തന്നെ മികച്ച ഡിസ്പ്ലേ നൽകുന്ന സ്ക്രീൻ മാത്രം തിരഞ്ഞെടുക്കുക. എച്ച്ഡി, ഫുൾഎച്ച്ഡി സ്ക്രീനുകളാണ് ഇതിൽ ഏറ്റവും നല്ലത്. പക്ഷേ ഇത്രത്തോളം എത്തില്ലെങ്കിലും മികച്ച സ്ക്രീനുള്ള ഒരു ലാപ്ടോപ് തന്നെ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. ഏതെങ്കിലും ഒരു ചിത്രമെടുത്തു സൂം ചെയ്തു നോക്കിയാൽ സ്ക്രീനിന്റെ റസല്യൂഷനും ഗുണമേന്മയും എളുപ്പത്തിൽ മനസ്സിലാക്കാം.

 

സ്ക്രീൻ വലുപ്പം കൂടുന്നതിനനുസരിച്ച് ഭാരം കൂടും. പോരാത്തതിന് ബാറ്ററി ചാർജും വേഗം തീരും. ഇതിനൊക്കെ പുറമെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്കു കൊണ്ടു പോകാനും വലിയ സ്ക്രീനുകൾ തടസ്സമാണ്. അതിനാൽ ശരാശരി വലുപ്പമുള്ള ഒരു സ്ക്രീൻ തിരഞ്ഞെ‌ടുക്കുക. 13 ഇഞ്ച്, 14 ഇഞ്ച് സ്ക്രീൻ സൈസുകളാണ് ഏറ്റവും അനുയോജ്യം. 16 ഇഞ്ചിനു മുകളിലേയ്ക്കോ 11 ഇഞ്ചിനു താഴെയ്ക്കോ ഉള്ള സ്ക്രീനുകൾ വാങ്ങാതിരിക്കുന്നതാണ് ഉത്തമം.

 

∙ സ്പീക്കർ, മ്യൂസിക് സിസ്റ്റം

 

ചിത്രങ്ങള്‍ക്കു സ്ക്രീന്‍ മിഴിവേകുന്നുവെങ്കിൽ ശബ്ദത്തിനു മിഴിവേകുന്നത് ലാപ്ടോപ്പിന്റെ സ്പീക്കറുകളാണ്. വാങ്ങുന്നതിനു മുൻപായി ലാപ്ടോപ്പിൽ ഏതെങ്കിലും ഒരു നല്ല പാട്ടു കേട്ടുനോക്കിയാൽ സ്പീക്കറിന്റെ ക്വാളിറ്റി മനസ്സിലാക്കാനാവും.

 

∙ സിഡി ഡ്രൈവ്, യുഎസ്ബി സ്ലോട്ട്

 

ലാപ്ടോപ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളാണ് സിഡി ഡ്രൈവും യുഎസ്ബി സ്ലോട്ടുകളും. ലാപ്ടോപ്പിന്റെ ഏറ്റവും പെട്ടെന്നു കേടാകുന്ന ഒരു ഭാഗമാണ് സിഡി ഡ്രൈവ്. സിഡി ഡ്രൈവിൽ ഏതെങ്കിലും സിഡി ഇട്ടു പ്രവർത്തനക്ഷമമാണോ അല്ലയോ എന്നു പരിശോധിക്കണം. അതു പോലെ തന്നെ മൂന്നോ അതിലധികമോ യുഎസ്ബി സ്ലോട്ടുകൾ ഉള്ള മോഡലുകൾ മാത്രം വാങ്ങുക.

 

∙ സ്റ്റോറേജ്

 

ഒരു ടിബിയോ അതിലധികമോ ഉള്ള ഡേറ്റ സ്റ്റോറു ചെയ്യുവാൻ ഇന്നു വ്യത്യസ്ത സ്റ്റോറേജ് ഡിസ്കുള്‍ വിപണിയിലുണ്ട്. എന്നിരുന്നാലും ലാപ്ടോപ്പിന് കുറഞ്ഞത് 500 ജിബി ബായ്ക്ക് അപ് സ്റ്റോറേജെങ്കിലും ഉണ്ടായിരിക്കണം. എസ്എസ്ഡി, എച്ച്ഡിഡി സ്റ്റോറേജുകളിൽ മികച്ച എസ്എസ്ഡി തന്നെ കഴിയുമെങ്കിൽ വാങ്ങുക. ഇതിനു പക്ഷേ വില അൽപം കൂടുതലാണ്.

 

∙ ഓപ്പറേറ്റിങ് സിസ്റ്റം

 

ഓപ്പറേറ്റിങ് സിസ്റ്റം തിരഞ്ഞെടുക്കുന്നതും ഉപയോഗം അറിഞ്ഞായിരിക്കണം. ലീനക്സ് കൂടുതൽ ഉപയോഗിക്കേണ്ടവർക്ക് ലീനക്സിൽ അധിഷ്ഠിതമായി ഓഎസ് തിരഞ്ഞെടുക്കുന്നതാവും ഉത്തമം. ഇതു പോലെ വിഡിയോ എഡിറ്റിങ്, ഗെയിമിങ്, ഡിസൈനിങ്് തുടങ്ങിയ ആവശ്യങ്ങൾക്കു വിന്‍ഡോസ് ഒഎസ് കൂടുതൽ മികച്ചതാണ്. ഇനി മാക്ബുക്ക് വാങ്ങുന്നവർക്ക് ഐഒഎസ് തന്നെ ശരണം. ഐഒഎസിന്റെ വർധിക്കുന്ന ജനപ്രീതി കണക്കിലെടുത്ത് ഇപ്പോൾ ഒട്ടുമിക്ക ആപ്പുകളുടെയും ഐഒഎസ് വേർഷനും ലഭ്യമാണ്.

 

∙ കീപാഡ്

 

ലാപ്ടോപ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണു കീപാഡ്. വാങ്ങുന്നതിനു മുൻപായി കീപാ‍ഡ് ഉപയോഗിച്ചു നോക്കി അവ നിങ്ങളുടെ കൈകൾക്ക് ഇണങ്ങുന്നവയാണെന്നുറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com