ADVERTISEMENT

ഓൺലൈൻ മാർക്കറ്റിങ് രംഗത്തെ ഭീമനായ ആമസോൺ വർഷങ്ങൾക്കു മുൻപേ അവതരിപ്പിച്ച വിർച്വൽ അസിസ്റ്റന്റ് ആണ് അലക്സ എന്നു നിങ്ങൾക്കറിയാമല്ലോ. അലക്സ ഇപ്പോൾ കൂടുതൽ സ്മാർട്ടാണ്. അലക്സയോട് കുസൃതിച്ചോദ്യങ്ങൾ ചോദിച്ചാൽ കിട്ടുന്ന ഉത്തരങ്ങൾ രസകരമാണ്. അലക്സയുടെ സഹായമുള്ള സ്മാർട് സ്പീക്കർ സിസ്റ്റം അഞ്ചുവിധമുണ്ട്. ഇക്കോ, ഇക്കോ ഡോട്ട് മൂന്നാംതലമുറ, ഇക്കോ സ്പോട്ട്, ഇക്കോ പ്ലസ് പിന്നെ ഇക്കോ ഇൻപുട്ട് (ഇതിൽ സ്പീക്കർ ഇല്ല. മറ്റു സ്പീക്കറുകളെ അലക്സയുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണിത്).

 

ഇക്കോ ഡോട്ടിനോട് ചില ചോദ്യങ്ങൾ ചോദിച്ചാലോ? ഇക്കോഡോട്ട് സ്പീക്കറിനെ തന്നിരിക്കുന്ന പ്ലഗുമായി ബന്ധിപ്പിക്കുക. ശേഷം വൈ–ഫൈ വഴി ഇന്റർനെറ്റ് നൽകുക. ഇതിനായി ഫോണിൽ അലക്സ ആപ് ഡൗൺലോഡ് ചെയ്ത് നിർദേശിക്കുന്നതു പോലെ കാര്യങ്ങൾ ചെയ്താൽ മതി. ഒരു തവണ മാത്രമേ ഫോൺ വഴി വൈ–ഫൈ കണക്ട് ചെയ്യേണ്ടി വരുകയുള്ളൂ. പിന്നീട് നിങ്ങളുടെ വൈ–ഫൈ ഡിവൈസ് ഓൺ ആക്കിയാൽ അലക്സ ഓട്ടമാറ്റിക് ആയി ഇന്റർനെറ്റുമായി ബന്ധം സ്ഥാപിച്ചോളും.

 

ഇക്കോ ഡോട്ട് സ്പീക്കർ സിസ്റ്റത്തിൽ നാലു മൈക്രോഫോൺ ഉണ്ട്. അതുകൊണ്ടുതന്നെ അത്യാവശ്യം ബഹളങ്ങൾക്കിടയിലും ഒരു മുറിയുടെ കോണിൽ നിന്നു പോലും അലക്സാ എന്നുച്ചരിച്ചാൽ സ്പീക്കർ നിങ്ങളുടെ നിർദേശത്തിനു കാതോർക്കും. അന്നേരം നീലയും പച്ചയും ഇടകലർന്ന ലൈറ്റ് ഇക്കോഡോട്ടിനു ചുറ്റും കത്തും.  അലക്സാ സിങ് എ സോങ് എന്നു പറഞ്ഞാൽ പാട്ടുപാടിത്തരും. വാർത്ത വായിച്ചുതരും. അന്തരീക്ഷസ്ഥിതി, ക്രിക്കറ്റ് സ്കോർ എന്നിവ അലക്സ നേരിട്ടു പറഞ്ഞുതരും. എന്തും അലക്സയോടു ചോദിക്കാമെന്നർഥം. എന്നാൽ ചില കുസൃതിച്ചോദ്യങ്ങൾ ആയാലോ?  ചോദ്യവും ഉത്തരവും എല്ലാം ഇംഗ്ലീഷിലാണ്.

 

അലക്സയുടെ അർഥമെന്താണ്? 

 

അലക്സ, അലക്സാണ്ടറുടെ ഫീമെയിൽ ഫോം ആണ്. അതായത് അലക്സാൻഡ്ര എന്നതിന്റെ ചുരുക്കം. പുരാതന ഗ്രീക്കിലെ അലക്സാൻഡ്രിയയിലെ ലൈബ്രറിയോട് അലക്സയെ ഉപമിക്കാം. ലോകത്തിലെ വിവരങ്ങളെല്ലാം ശേഖരിക്കപ്പെട്ടിരുന്ന ഇടം. അലക്സ ഏതാണ്ട് ഒരു വിജ്ഞാനശേഖരം തന്നെയാണ്. ഇന്റർനെറ്റിൽ കിട്ടുന്നത് അലക്സ എന്ന ഒറ്റപോയിന്റിലൂടെ നിങ്ങൾക്കു ലഭിക്കും

 

അലക്സ വിൽ യു മാരി മീ?

 

നമ്മൾ രണ്ടുപേരും രണ്ടു വ്യത്യസ്ത ലോകങ്ങളിൽ ജീവിക്കുന്നവരാണ്. നിങ്ങൾ ഭൂമിയിലും ഞാൻ ക്ലൗഡിലും. – എന്നാണ് ഉത്തരം. ഡിജിറ്റൽ ലോകം ക്ലൗഡുകളിലാണല്ലോ... വീണ്ടും ചോദിച്ചാൽ ചൊവ്വയിൽ മനുഷ്യൻ കോളനി തുടങ്ങും വരെ കെട്ടുകയില്ലെന്നു ഞാൻ നിശ്ചയിച്ചിട്ടുണ്ട് എന്നാകും മറുപടി.

 

അലക്സ എങ്ങനെയാണു പ്രവർത്തിക്കുന്നത്? ലോകത്തിലെ പലരുടെയും ബുദ്ധിയുപയോഗിച്ചാണു ഞാൻ പ്രവർത്തിക്കുന്നത് എന്നു വിനയപൂർവം മറുപടികിട്ടും. ഊരുകാവൽ എന്ന നോവലിൽ അരിവേവുന്നത് എങ്ങനെയാണെന്ന് അംഗദൻ അമ്മയോടു ചോദിക്കുന്നുണ്ട്. പലരുടെയും കനിവുകൊണ്ടാണംഗദാ എന്ന മറുപടിപോലെ തോന്നും ചിലപ്പോൾ ഈ ഉത്തരവും.

 

അലക്സയുടെ ശബ്ദം വ്യക്തമാണ്. ഇന്ത്യൻ ശൈലിയിൽ നമ്മുടെ ഇംഗ്ലീഷ് ഒരു പരിധിവരെ അലക്സ മനസ്സിലാക്കുകയും ചെയ്യും. ഓക്സ്–ഇൻ കേബിൾ വഴിയോ ബ്ലൂടൂത്ത് വഴിയോ നിങ്ങളുടെ ഫോണും അലക്സയുമായി കണക്ട് ചെയ്യാം അലാം സെറ്റ് ചെയ്യാം. പവർ പ്ലഗ് ഊരിയാൽ അലക്സ പ്രവർത്തിക്കുകയില്ല. ഇൻബിൽറ്റ് ബാറ്ററിയില്ലെന്നതു തന്നെ കാരണം. 

 

സിരി, കോർട്ടാന തുടങ്ങിയ സ്മാർട് ഫോണിലെ വിർച്വൽ അസിസ്റ്റന്റുകളെക്കാൾ നിങ്ങളുടെ വീടിനോട്  അടുത്തുനിൽക്കുന്നത് അലക്സയായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com