sections
MORE

വീണ്ടും നാണംകെട്ട് ആപ്പിൾ, എആര്‍ ഹെഡ്‌സെറ്റും ഉപേക്ഷിച്ചു‍‍; പരാജയപ്പെട്ടത് എവിടെ?

AR-headset-apple
SHARE

ഐഫോണിനു ശേഷം ആപ്പിള്‍ അവതരിപ്പിച്ചു അമ്പരപ്പിക്കുമെന്നുന്നു കരുതിയിരുന്ന ഉപകരണമാണ് ഓഗ്‌മെന്റഡ് റിയാലിറ്റി, അഥവാ എആര്‍ ഹെഡ്‌സെറ്റ്. അത് ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഇറങ്ങുമെന്നാണ് അടുത്തിടെ വരെ കേട്ടിരുന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ പുതിയ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഹെഡ്‌സെറ്റ് ഇറക്കുന്നതു വേണ്ടെന്നു വച്ചെന്നാണ്. ആപ്പിളില്‍ നിന്നു പ്രതീക്ഷിക്കുന്ന സാങ്കേതികത്തികവ് ഇണക്കിച്ചേര്‍ക്കാന്‍ എന്‍ജിനീയര്‍മാർക്ക് കഴിയാത്തതിനാലാണ് ഇതു വേണ്ടന്നു വച്ചതെന്നാണ് മനസ്സിലാക്കുന്നത്. തായ്‌വാനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഡിജിടൈംസ് ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആപ്പിളിന്റെ ഹെഡ്‌സെറ്റിനായി ഘടകഭാഗങ്ങള്‍ എത്തിച്ചുകൊടുത്തിരുന്ന കമ്പനികളെ ഉദ്ധരിച്ചാണ് അവര്‍ പുതിയ അനുമാനത്തിലെത്തിയിരിക്കുന്നത്.

ആപ്പിൾ ഒരു കണ്‍സ്യൂമര്‍ ഹെഡ്‌സെറ്റ് ഇറക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിന്റെ രൂപമെന്തായിരുന്നിരിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയൊന്നും ഇല്ല. പല മോഡലുകള്‍ കമ്പനി നിര്‍മിച്ചിട്ടുണ്ടാകാം. എന്തായാലും 5ജി തുടങ്ങിയ സാങ്കേതികവിദ്യകളും കലര്‍ത്തി നിര്‍മിക്കാനാഗ്രഹിച്ചിരുന്ന ഹെഡ്‌സെറ്റിന്റെ ഭാരം ആപ്പിള്‍ പ്രതീക്ഷിച്ചതിലും വര്‍ധിച്ചു എന്നതാണ് ഇതു വേണ്ടന്നുവയ്ക്കാന്‍ കാരണമെന്നാണ് കേള്‍വി. ഇതു സത്യമാണെന്നു വന്നാല്‍ പോലും ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യയുടെ നിര്‍മാണം ആപ്പിള്‍ ഒരിക്കലും നിർത്തിവയ്ക്കുമെന്നു കരുതുന്നില്ല. ദീര്‍ഘകാല പദ്ധതിയായാണ് അവര്‍ ഓഗ്‌മെന്റഡ് റിയാലിറ്റിയെ സൃഷ്ടിയെ എടുത്തിരിക്കുന്നത്.

എആര്‍കിറ്റ് (ARKit) പോലെയുള്ള പദ്ധതികള്‍ ആപ്പിളിന്റെ ഭാവിയുമായി അത്രമേല്‍ ചേര്‍ന്നു നില്‍ക്കുന്നതാണ്. ഇതിനാല്‍ ഹെഡ്‌സെറ്റ് നിര്‍മിച്ചുകൊണ്ടിരുന്ന ടീമിനെ പിരിച്ചുവിട്ടുവെന്ന കേട്ടുകേള്‍വി ശരിയാണെന്നു വന്നാല്‍ പോലും കമ്പനിയും എആറുമായുള്ള ബന്ധം അവസാനിക്കില്ല. ഒരു സീ-ത്രൂ (see-through) ഹെഡ്‌സെറ്റ് നിര്‍മിക്കാനുള്ള ശ്രമാമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരുന്നതെന്നും അത് വേണ്ട മികവോടെ നിര്‍മിക്കാന്‍ സാധിക്കാത്തതിനാല്‍ ഇനി ഒരു പാസ്-ത്രൂ (pass-through) ഹെഡ്‌സെറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചേക്കുമെന്നു തന്നെയാണ് പറഞ്ഞുകേള്‍ക്കുന്നത്. ആപ്പിളിന് ആദ്യം എത്തണമെന്ന നിര്‍ബന്ധബുദ്ധിയൊന്നുമില്ല. എന്നാല്‍ ഏറ്റവും മിച്ച അനുഭവം നല്‍കുന്നത് തങ്ങളായിരിക്കണമെന്ന ആഗ്രഹമുണ്ട്. ഉപയോക്താക്കള്‍ക്ക് അനന്യമായ അനുഭവം സമ്മാനിക്കണമെന്നുമെന്നാണ് ആപ്പിള്‍ മേധാവി ടിം കുക്ക് ഒരിക്കല്‍ പറഞ്ഞത്. ഇത് കമ്പനിയുടെ വീക്ഷണഗതി വ്യക്തമാക്കുന്നു.

എആര്‍ ഹെഡ്‌സെറ്റിന്റെ നിര്‍മാണം നിർത്തിവച്ചുവെന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഇതുവരെ കമ്പനി പ്രതികരിച്ചിട്ടില്ല. ഒരു ഹൈ-റെസലൂഷന്‍ പാസ്-ത്രൂ ഹെഡ്‌സെറ്റ് അടുത്ത വര്‍ഷം അവതരിപ്പിക്കുമെന്നും 2021ല്‍ വില്‍പനയ്‌ക്കെത്തുമെന്നും ആയിരുന്നു ഇതുവരെയുള്ള പ്രതീക്ഷകള്‍. ചില അഭ്യൂഹങ്ങള്‍ അത് ഈ വര്‍ഷം അവസാനത്തോടെ അവതരിപ്പിച്ചേക്കുമെന്നു പോലും പറഞ്ഞിരുന്നു. 

ഓഗ്‌മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍, ഹെഡ്‌സെറ്റുകള്‍, അല്ലെങ്കില്‍ കോണ്ടാക്ട് ലെന്‍സുകള്‍ എന്നത് കുറച്ചുകാലമായി ടെക് ലോകം താലോലിക്കുന്ന സങ്കല്‍പങ്ങളിലൊന്നാണ്. ഗൂഗിള്‍ ഗ്ലാസ് പരാജയപ്പെട്ട ഓഗ്‌മെന്റഡ് റിയാലിറ്റി കണ്ണടയാണ് എന്നാണ് പറയുന്നത്. മൈക്രോസോഫ്റ്റിന്റെ ഹോളോലെന്‍സ്, ആപ്പിളിന്റെ എആര്‍കിറ്റ്, ഫെയ്‌സ്ബുക് നിയന്ത്രിക്കുന്ന ഒക്യുലസ് റിഫ്റ്റ്, മാജിക് ലീപ് തുടങ്ങി പല കമ്പനികളും ഓഗ്‌മെന്റഡ് റിയാലിറ്റിയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇതിലെ സങ്കല്‍പങ്ങളെക്കുറിച്ച് അറിയണമെന്നു താത്പര്യമുള്ളവര്‍ക്ക് 2012ല്‍ ഇറക്കിയ സൈറ്റ് (Sight) എന്ന ചെറിയ സിനിമ കാണാം. 

ഈ സാങ്കേതികവിദ്യയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഇറക്കിയതാണ് സിനിമയെങ്കിലും ടെക് ലോകത്തിന് ഇതങ്ങു പിടിച്ചുപോയി എന്നതാണ് വസ്തുത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA