sections
MORE

ഗൂഗിളേ, ഇങ്ങനെയൊക്കെ ചെയ്യാമോ... സ്വകാര്യ ക്ലിപ്പുകള്‍ ചോർത്തുന്നത് തെറ്റല്ലെ...?

google-assistant
SHARE

ഗൂഗിളിന്റെ എഐ വെര്‍ച്വല്‍ അസിസ്റ്റന്റായ 'ഗൂഗിള്‍ അസിസ്റ്റന്റ്' ഫോണിലും സ്മാര്‍ട് സ്പീക്കറുകളിലുമടക്കം പലയിടങ്ങളിലും ആജ്ഞയ്ക്കായി ചെവിയോര്‍ത്തിരിക്കുന്നു. ഇവയിലൂടെ റെക്കോഡു ചെയ്ത ആയിരക്കണക്കിനു സംഭാഷണങ്ങള്‍, ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങള്‍ അടക്കം കമ്പനിയുടെ ജോലിക്കാര്‍ക്കു പരിശോധിക്കാന്‍ നല്‍കി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബെല്‍ജിയത്തിലെ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ വിആര്‍ടി ( VRT NWS) ആണ് ഈ വിവരം ആദ്യമായി പുറത്തുവിട്ടത്. തങ്ങളുടെ സോഫ്റ്റ്‌വെയറിന്റെ കൃത്യത മികവുറ്റതാക്കാന്‍ ക്ലിപ്പുകള്‍ ആളുകളെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ട്രാക്ട് ജോലിക്കാരാണ് ഇത്തരം ക്ലിപ്പുകള്‍ പരിശോധിക്കുന്നത്. ഇവര്‍ക്കു ലഭിച്ച ഓഡിയോ ക്ലിപ്പുകളില്‍ പലതും വീടുകളിലെ വളരെ സ്വകാര്യമായിരിക്കേണ്ട കാര്യങ്ങളാണ് എന്നതാണ് ടെക് പ്രേമികളെ ഭയപ്പെടുത്തുന്നത്. വിഷമത്തോടെ കരയുന്ന സ്ത്രീയുടെ സ്വരം, ആരുടെയോ പ്രേമത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ തുടങ്ങിയവയൊക്കെ ലഭ്യമായ ക്ലിപ്പുകളില്‍ ഉള്‍പ്പെടുമത്രെ.

ഉണര്‍ത്തു വാക്ക്

ഗൂഗിളിന്റെയും ആമസോണിന്റെയും എല്ലാം വോയിസ് അസിസ്റ്റന്റുകള്‍ വെയ്ക് വേഡ്, അഥവാ ഉണര്‍ത്തു വാക്ക് കേള്‍ക്കുമ്പോള്‍ മാത്രമെ പ്രവര്‍ത്തിക്കൂ എന്നാണ് ഈ കമ്പനികള്‍ ഉപയോക്താക്കളോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ലാതെയും സംഭാഷണങ്ങള്‍ റെക്കോഡു ചെയ്യപ്പെടുന്നുണ്ട്. ഇവയില്‍ പലതും മുകളില്‍ പറഞ്ഞ രീതിയില്‍ ജോലിക്കാരുടെ കയ്യില്‍ വിശകലനത്തിനു എത്തിയിട്ടുണ്ടെന്നതും ഉപയോക്താക്കള്‍ക്ക് അസ്വസ്ഥതയുളവാക്കുന്ന കാര്യമാണ്.

നിയമപരമല്ല

പുതിയ വെളിപ്പെടുത്തലുകള്‍ വന്ന ശേഷം ഗൂഗിള്‍ വിശദീകരണവുമായി എത്തിയിട്ടുണ്ട്. അവര്‍ പറയുന്നത് റെക്കോഡു ചെയ്യപ്പെടുന്ന ഓഡിയോയുടെ 0.2 ശതമാനം മാത്രമാണ് ഇങ്ങനെ വിശകലനത്തിന് അയയ്ക്കുന്നത് എന്നാണ്. എന്നാല്‍ മുഴുവന്‍ തെളിവുകളുമായി പിടിക്കപ്പെട്ടു കഴിഞ്ഞതിനാല്‍ അങ്ങനെ സംഭിവക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിവാകാന്‍ കമ്പനിക്കു സാധിച്ചില്ലെന്നും കാണാം. സമൂഹ മാധ്യമങ്ങളില്‍ ഗൂഗിളിനെതിരെ പ്രതികരണങ്ങള്‍ നടക്കുന്നുണ്ട്. 'ഗൂഗിളേ, നിങ്ങളുടെ ജോലിക്കാര്‍ ഞങ്ങളുടെ സ്വകാര്യ സംഭാഷണം പോലും കേള്‍ക്കുന്നോ? ഗൂഗിളേ, ഇങ്ങനെയൊക്കെ ചെയ്യാമോ... സ്വകാര്യ ക്ലിപ്പുകള്‍ ചോർത്തുന്നത് തെറ്റല്ലെ...? എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. യാദൃശ്ചികമായി ഓഡിയോ റെക്കോഡു ചെയ്യപ്പെടാമെന്നും ഗൂഗിള്‍ സമ്മതിച്ചിട്ടുണ്ട്. സ്വകാര്യ സംഭാഷണങ്ങളും രഹസ്യ നിമിഷങ്ങളും റെക്കോഡു ചെയ്യപ്പെട്ടേക്കാം.

ആളുകളെ തിരിച്ചറിയാനാകുമോ?

പ്രത്യക്ഷത്തില്‍ ആരുടെ കാര്യമാണ് ഇതെന്ന് തിരിച്ചറിയാനാകാത്ത വിധം അനോണിമൈസ് ചെയ്താണ് ഓഡിയോ ക്ലിപ്പുകള്‍ റെക്കോഡു ചെയ്യുന്നത്. എന്നാല്‍ തിരിച്ചറിയാവുന്ന വിവരങ്ങള്‍ സംസാരത്തില്‍ നിന്നു തന്നെ വെളിപ്പെട്ടേക്കാം. നിങ്ങളുടെ തെരുവിനെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമൊക്കെയുള്ള സംഭാഷണം റെക്കോഡു ചെയ്യപ്പെട്ടാല്‍ ഇതൊക്കെ സധ്യമാണ്. പുതിയ സാഹചര്യം തങ്ങള്‍ പഠിച്ചു വരികയാണെന്നാണ് ഗൂഗിള്‍ പറഞ്ഞത്. തങ്ങളുടെ സെക്യുരിറ്റി, പ്രൈവസി ടീമുകളോട് ഇതു പരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെന്നും കമ്പനി പറയുന്നു. തങ്ങള്‍ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അതൊന്നും മതിയായേക്കില്ല. ഇത് യൂറോപ്പിലെ ജിഡിപിആര്‍ നിയമമായിരിക്കാം ഗൂഗിള്‍ ലംഘിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.

സ്മാര്‍ട് സ്പീക്കറുകള്‍ സ്വകാര്യ സംഭാഷണം കേള്‍ക്കുന്നത് ഒഴിവാക്കാനാകുമോ?

സ്മാര്‍ട് സ്പീക്കറുകള്‍ സദാ ഉണര്‍ന്നിരിക്കുകയാണ്. അതാണ് അവയുടെ പ്രത്യേകത. എന്നാല്‍ ഉണര്‍ത്തു വാക്കിനു ശേഷമെ അവ ചെവിയോര്‍ക്കൂ എന്നാണ് വയ്പ്. പക്ഷേ ഉണര്‍ത്തു വാക്കിനു സമാനമായ എന്തെങ്കിലും കേട്ടാല്‍ അത് ചെവിയോര്‍ക്കാന്‍ തുടങ്ങുകയും ചെയ്യും. യാദൃശ്കിമായി അവ നിങ്ങളുടെ സംഭാഷണം റെക്കോഡു ചെയ്യാനുള്ള സാധ്യത ഏറെയുണ്ട്. സ്മാര്‍ട് സ്പീക്കറുകളെ ഹാക്കു ചെയ്ത് എപ്പോഴും ചെവിയോര്‍ത്തിരിക്കുന്ന മോഡിലേക്കു കൊണ്ടുവരാന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായും പറയുന്നു.

നിയമപ്രശ്‌നമോ?

ഗൂഗിള്‍ ഇപ്പോള്‍ നിയമക്കുരുക്കിലാണ് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. റെക്കോഡു ചെയ്ത ഓഡിയോ ഇങ്ങനെ വിശകലനം ചെയ്യാന്‍ ഉപയോഗിച്ചേക്കാമെന്ന് ഉപയോക്താക്കളെ അറിയിച്ചില്ല എന്നതാണ് പ്രധാന പിഴവ്. ഇത്തരം കാര്യങ്ങളില്‍ ഉപയോക്താക്കളോട് വ്യക്തമായ സമ്മതം വാങ്ങണം എന്നാണ് യൂറോപ്യന്‍ യൂണിയന്റെ ഡേറ്റാ പ്രൊട്ടക്ഷന്‍ നിയമം പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന്റെ പിഴവ് ഗുരുതരമാണെന്നു വിധിക്കുകയാണെങ്കില്‍ ഗൂഗിളിന് മുറുകും. ചെറിയ പിഴകള്‍ ഗൂഗിളിനു കൊതുകു കടി പോലെയുള്ള വിഷമങ്ങളേ ഉണ്ടാക്കൂ എന്നാണ് ഒരു വാദം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA