ADVERTISEMENT

നിങ്ങളുടെ കയ്യിലിരിക്കുന്ന ഐഫോണ്‍ അല്ലെങ്കില്‍ ഐപാഡ് 2012ലോ അതിനു മുൻപോ നിര്‍മിച്ചതാണോ? അതായത്, ഐഫോണ്‍ 4എസ്/5 തുടങ്ങിയ മോഡലുകളോ ഐപാഡ് 2 പോലെയുള്ള മോഡലൊ ഉപയോഗിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഇതു വായിക്കൂ. ഇത്തരം പഴയ ഉപകരണങ്ങള്‍ അധികം താമസിയാതെ പ്രവര്‍ത്തനരഹിതമാകുകയോ, കുറഞ്ഞത് സുഗമമായ പ്രവര്‍ത്തനം നിലയ്ക്കുകയോ ചെയ്യാനുളള സാധ്യതയുണ്ട്. (വൈഫൈ മാത്രമുള്ള ഐപാഡ് മോഡലുകള്‍ കയ്യില്‍ വച്ചിരിക്കുന്നവര്‍ക്ക് പ്രശ്‌നമില്ല.) 

 

ആപ്പിള്‍ ഇവ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ടല്ല, മറിച്ച് ഇവയുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നിലച്ചതിനാലാണ്. പുതിയ ഐഒഎസ് പതിപ്പുകള്‍ സ്വീകരിക്കാനുള്ള ഹാര്‍ഡ്‌വെയര്‍ കരുത്ത് ഇവയ്ക്കില്ല. എന്നാല്‍ ഇവ ഇനി പ്രവര്‍ത്തിക്കാനായി പുതിയൊരു സോഫ്റ്റ്‌വെയര്‍ ഫിക്‌സ്ആപ്പിള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിലൂടെ പ്രവര്‍ത്തന മികവോ, ഫീച്ചറുകളോ അല്ല കിട്ടുക മറിച്ച് ഈ മോഡലുകള്‍ ഉടനെ നേരിടാന്‍ പോകുന്ന ജിപിഎസ് ടൈം റോളോവര്‍ (GPS time rollover) എന്ന പ്രശ്‌നത്തിനു പരിഹാരമായാണ് പുതിയ അപ്‌ഡേറ്റ് എത്തുന്നത്. ജിപിഎസ് ഉള്ള എല്ലാ പഴയ മോഡലുകളും കയ്യില്‍ വച്ചിരിക്കുന്നവര്‍ ഈ അപ്‌ഡേറ്റ് സ്വീകരിക്കണം. അല്ലെങ്കില്‍ അവയുടെ പ്രവര്‍ത്തനം സുഗമമാവില്ല.

 

എന്താണ് ജിപിഎസ് ടൈം റോള്‍ഓവര്‍ പ്രശ്‌നം?

 

കൃത്യമായ ജിപിഎസ് സ്ഥാന നിര്‍ണ്ണയത്തിന് ടൈംസ്റ്റാമ്പ് ആവശ്യമുണ്ട്. ടൈംസ്റ്റാമ്പ് ആഴ്ചകളുടെ എണ്ണം സ്‌റ്റോറു ചെയ്യാന്‍ ഉപയോഗിക്കുന്നത് 10 ബൈനറി ബിറ്റുകളാണ്. ബൈനറി ബിറ്റ് ശ്രേണി 0 മുതല്‍ 1024 വരെ ആഴ്ചകളാണ്. ഓരോ 20 വര്‍ഷം കൂടുമ്പോഴും അല്ലെങ്കില്‍ 1024 ആഴ്ച കഴിയുമ്പോഴും ഈ കൗണ്ടര്‍ 0 ല്‍ എത്തും. 

 

2019 ഏപ്രില്‍ 16 മുതല്‍ ജിപിഎസുള്ള പല ഉപകരണങ്ങളും ഈ പ്രശ്‌നം നേരിടുന്നു. ഇവയ്ക്ക് കൃത്യമായ സ്ഥാന നിര്‍ണ്ണയം സാധ്യമല്ലാതെ വരുന്നുവെന്നത് പ്രശ്‌നങ്ങളിലേക്കു കൊണ്ടെത്തിക്കുന്നു. എന്നാല്‍ ആപ്പിളിന്റെ മേല്‍പ്പറഞ്ഞ ഫോണുകള്‍ പോലും 2019 നവംബര്‍ 3 വരെ പ്രശ്‌നമില്ലാതെ പ്രവര്‍ത്തിച്ചേക്കും. ഇത് വൈ-ഫൈ മാത്രമുള്ള ഐപാഡുകളെ ബാധിക്കില്ല. ഐഫോണ്‍ 5 എസ് മുതലുള്ള പുതിയ ഫോണുകളെയും ഐപാഡുകളെയും ബാധിക്കില്ല.

 

നവംബര്‍ 3 മുതല്‍ ചില ഐഫോണുകള്‍ക്കും ഐപാഡ്  മോഡലുകള്‍ക്കും ഐഒഎസ് അപ്‌ഡേറ്റ് ആവശ്യമാണ് എന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. കൃത്യമായ സമയവും തിയതിയും തെറ്റുന്നതാണ് ഫോണുകള്‍ക്കും മറ്റും പ്രശ്‌നം സൃഷ്ടിക്കുന്നത്. സമയവും തിയതിയും ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പ്രവര്‍ത്തനത്തെയും ഇതു ബാധിക്കും. അപ്‌ഡേറ്റു ചെയ്ത ശേഷം സോഫ്റ്റ്‌വെയര്‍ വേര്‍ഷന്‍ പരിശോധിക്കുക.

 

ഐഫോണ്‍ 4എസ്, ഐപാഡ് മിനി (ആദ്യ തലമുറ, വൈ-ഫൈ+സെല്ലുലാര്‍), ഐപാഡ് 2 വൈ-ഫൈ+സെല്ലുലാര്‍, ഐപാഡ് 3 വൈ-ഫൈ+സെല്ലുലാര്‍ എന്നിവയുടെ വേര്‍ഷന്‍ ഐഒഎസ് 9.3.6 എന്നു കാണിച്ചിരിക്കും.

 

ഐഫോണ്‍ 5, ഐപാഡ് നാലാം തലമുറ വൈ-ഫൈ+സെല്ലുലാര്‍ എന്നിവ അപ്‌ഡേറ്റിനു ശേഷം ഐഒഎസ് 10.3.4 എന്നും കാണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com