sections
MORE

ഓണര്‍ ബാന്‍ഡ് 5: മികച്ച ഫീച്ചറുകള്‍ 'അണിയാന്‍' താൽപര്യമുള്ളവര്‍ക്കൊരു ഫിറ്റ്‌നസ് ബാന്‍ഡ്

honor
SHARE

സാമര്‍ത്ഥ്യം വിളിച്ചറിയിക്കുന്ന പല ഫീച്ചറുകളുമായി എത്തിയ പുതിയ ഓണര്‍ ബാന്‍ഡ് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു. വാവെയ് ഹെല്‍ത്ത് ആപ്പുമായി ബന്ധിപ്പിച്ചാല്‍ പല അധിക ഫീച്ചറുകളും ലഭിക്കുകയും ചെയ്യും. മുതിര്‍ന്നവരില്‍ പലരും അനിവാര്യമായി കാണാന്‍ തുടങ്ങിയിട്ടില്ലെങ്കിലും ഫിറ്റ്‌നസ് ബാന്‍ഡുകള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ തരംഗം തീര്‍ത്തു തുടങ്ങിയിട്ടുണ്ട്. ഫിറ്റ്‌നസ് ബാന്‍ഡ് വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിലൊന്നല്ല ഓണര്‍. ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായ വാവെയുടെ സബ് ബ്രാന്‍ഡ് ആണ് ഓണര്‍.

ഫിറ്റ്‌നസ് ബാന്‍ഡുകളെ പ്രിയങ്കരമാക്കുന്ന ഫീച്ചറുകള്‍ അവയ്ക്ക് ഉപയോക്താവ് എത്ര ചുവട് നടന്നു, ഓടി എന്നൊക്കെ അറിയാനുള്ള കഴിവാണ്. സൈക്ലിങ്, നീന്തല്‍ തുടങ്ങിയവയും ഇവയ്ക്ക് ട്രാക്കു ചെയ്യാനാകും. ശാരീരികക്ഷമത നിരന്തരം അറിഞ്ഞുകൊണ്ടിരിക്കാന്‍ അനുവദിക്കുന്ന ഉപകരണമെന്ന നിലയില്‍ ബാന്‍ഡ് 5ല്‍ റോവിങ് മെഷീന്‍, എലിപ്റ്റിക്കൽ മെഷീന്‍ എന്നീ മോഡുകള്‍ അധികമായി നല്‍കിയിട്ടുണ്ട്. ഇവ ജിമ്മില്‍ ഉപകരിക്കും. ഓണര്‍ ബാന്‍ഡ് 4 വരെയുള്ളവ ട്രാക്കിങില്‍ മികച്ച പ്രകടനം നടത്തിയവയായിരുന്നു എന്നതിനാല്‍ ബാന്‍ഡ് 5 മോശം വരില്ല എന്ന വിശ്വാസത്തിലാണ് അവരുടെ ആരാധകര്‍. മൊത്തം എത്ര ചുവടു നടന്നു എന്നത് സാമാന്യം കൃത്യതയോടെ തന്നെ കാണിക്കാനുള്ള കഴിവ് മറ്റു ബാന്‍ഡുകളെപ്പോലെ തന്നെ ബാന്‍ഡ് 5നും ഉണ്ട്. പുതിയ ബാന്‍ഡിന് കൂടുതല്‍ കൃത്യത ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ.

ഹൃദയമിടിപ്പിന്റെ നിരക്കും ബാന്‍ഡ് 5 ട്രാക്കു ചെയ്യും. ഇതിലും മുന്‍ പതിപ്പിനെക്കാള്‍ കൃത്യത വന്നിരിക്കാമെന്നാണ് വിശ്വാസം. നേരത്തെ ഹൃദയമിടിപ്പ് അളക്കാനായി നെഞ്ചില്‍ ഹാര്‍ട്ട് റെയ്റ്റ് മോനിറ്ററുകള്‍ അണിയുകയായിരുന്നു. അത്തരം ഹാര്‍ട്ട് റെയ്റ്റ് മോനിറ്ററുകളോളം പ്രവര്‍ത്തന മികവിലേക്ക് തങ്ങളുടെ ബാന്‍ഡ് എത്തുകയാണ് എന്ന് ഓണര്‍ പ്രതിനിധികള്‍ അവകാശപ്പെട്ടു. മറ്റൊരു പുതിയ ഫീച്ചര്‍ ശരീരത്തില്‍ സംഭവിക്കുന്ന നിർജലീകരണം അറിയാനുള്ള കഴിവാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്നുറപ്പുവരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത്തരം ബാന്‍ഡുകള്‍ ഉപയോഗിക്കാം.

അമോലെഡ് ഫുള്‍ കളര്‍ ഡിസ്‌പ്ലേയാണ് ബാന്‍ഡ് 5ന് ഉള്ളത്. സ്‌റ്റൈലിഷ് വാച് ഫെയ്‌സുകളും ഉണ്ട്. നീന്താന്‍ പോകുമ്പോഴും ഇത് അണിയാം. അമ്പതു മീറ്റര്‍ വരെ ബാന്‍ഡ് വാട്ടര്‍പ്രൂഫ് ആണെന്നു കമ്പനി പറയുന്നു.

ഓണര്‍ ബാന്‍ഡ് 5 വാവെയുടെ ഹെല്‍ത്ത് ആപ്പുമായി ബന്ധിപ്പിച്ചാല്‍ ഇന്‍കമിങ് ഫോണ്‍കോളിനെക്കുറിച്ചുള്ള വിവരം ഫോണെടുക്കാതെ അറിയാം. റിങ് മ്യൂട്ടു ചെയ്യുകയോ, കോള്‍ കട്ടു ചെയ്യുകയോ ആകാം. ഫോണ്‍ എവിടെയെങ്കിലും ഇട്ടു മറഞ്ഞു കിടക്കുകയാണെങ്കില്‍ അതു കണ്ടെത്താനും ബാന്‍ഡ് ഉപയോഗിക്കാം. ഫോണിന്റെ ക്യാമറയിലൂടെ ഫോട്ടോ എടുക്കാനും ബാന്‍ഡിനു സാധിക്കും. ബാറ്ററി ലൈഫ് രണ്ടാഴ്ച കിട്ടുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഏറ്റവും മികച്ച സാങ്കേതികവിദ്യ നല്‍കുന്ന കാര്യത്തില്‍ തങ്ങള്‍ കൂടുതൽ ശ്രദ്ധാലുക്കളാണെന്ന് ബാന്‍ഡ് 5 അവതരിപ്പിക്കാന്‍ വിളിച്ചു ചേര്‍ത്ത മീറ്റിങ്ങില്‍ സംസാരിക്കവേ കമ്പനിയുടെ മുഖ്യ മാര്‍ക്കറ്റിങ് ഓഫിസറായ സുഹൈല്‍ താരിഖ് പറഞ്ഞു. 2,999 രൂപ എംആര്‍പിയുള്ള ബാന്‍ഡ് 5 ഇപ്പോൾ ഫ്ലിപ്കാര്‍ട്ടില്‍ 2,599 രൂപയ്ക്കാണ് വില്‍ക്കുന്നത്. എംഐ ബാന്‍ഡ് ബാന്‍ഡ് 4 ആയിരിക്കും ഓണര്‍ ബാന്‍ഡ് 5ന്റെ കരുത്തുറ്റ എതിരാളി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA