sections
MORE

23 മണിക്കൂര്‍ ബാറ്ററി ലൈഫുമായി സാംസങ് ഗ്യാലക്‌സി ബുക്ക് എസ് 4ജി ലാപ്‌ടോപ്

samsung-galaxy-book-s-laptop
SHARE

കീബോര്‍ഡും മറ്റ് ലാപ്‌ടോപ് സജീകരണങ്ങളുമുള്ള, വലുപ്പമുള്ള സ്മാര്‍ട്ട്‌ഫോണ്‍ എന്ന് സാംസങ് ഇറക്കിയ ഗ്യാലക്‌സി ബുക്ക് എസ് (Galaxy Book S ) എന്ന ലാപ്‌ടോപ്പിനെ വിശേഷിപ്പിക്കാം. സ്‌നാപ്ഡ്രാഗണ്‍ ഇറക്കിയ ലോകത്തെ ആദ്യത്തെ 7എന്‍എം ലാപ്‌ടോപ് പ്രൊസസറായ 8cx ആണ് ഇതിനു ശക്തി പകരുന്നത്. 4ജി സിം സ്ലോട്ടാണ് ഒരു പ്രധാന ആകര്‍ഷണിയതയെങ്കില്‍, 'ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന' ബാറ്ററി ചാര്‍ജായിരിക്കും ഇതിന്റെ ഉയര്‍ത്തിക്കാണിക്കുന്ന ഫീച്ചര്‍. 23 മണിക്കൂര്‍ വരെ ഫുള്‍ ചാര്‍ജ് നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ലാപ്‌ടോപ്പുകളുടെ പരമ്പരാഗത പ്രകൃതിയില്‍ ആണ് ഗ്യാലക്‌സി ബുക്ക് എസ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 13-ഇഞ്ച് വലുപ്പമുള്ള, 1080പിക്സൽ റെസലൂഷനുള്ള സ്‌ക്രീന്‍ ആയിരിക്കും ഈ പിസിക്ക്. 8ജിബി റാം, 512 ജിബി വരെ സംഭരണശേഷിയുള്ള എസ്എസ്ഡി എന്നിവയാണ് മറ്റു ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകള്‍. സംഭരണശേഷി 1ടിബി വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. സിം കാര്‍ഡ് സ്ലോട്ടും, യുഎസ്ബി-സി പോര്‍ട്ടുമുണ്ട്.

ലാപ്‌ടോപ് മാര്‍ക്കറ്റില്‍ കാര്യമായ ചലനം സൃഷ്ടിക്കാനാകാത്ത കമ്പനിയാണ് സാംസങ്. 1 കിലോയില്‍ താഴെയാണ് ഭാരം. ഈ ലാപ്‌ടോപിനെ കൂടുതൽ യാത്ര ചെയ്യുന്നവര്‍ക്ക് പ്രിയപ്പെട്ടതാക്കിയേക്കാം. ഇന്നത്തെ മൊബൈല്‍ പ്രൊസസറുകള്‍ക്ക് വേണ്ടത്ര കംപ്യൂട്ടിങ് ശക്തിയുണ്ടെന്നതു കൂടാതെ, ശരാശരി ലാപ്‌ടോപ് ചിപ്പുകളേക്കാള്‍ ബാറ്ററി ശേഷിയുമുണ്ട് എന്നതാണ് പുതിയ സാംസങ് ഗ്യാലക്‌സി ബുക്ക് എസ് മോഡലിന്റെ നിര്‍മാണത്തിനു പിന്നിലെ മേൻമ. മിക്ക ഉപയോക്താക്കള്‍ക്കും ഇത്തരം ഒരു ഉപകരണം ധാരാളം മതിയാകും. എന്നാല്‍, ഇന്റല്‍ യു പ്രൊസസറുകളുടെ ശക്തി പ്രതീക്ഷിക്കരുത്. 

ക്വാല്‍കം, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളുമായി സഹകരിച്ചാണ് സാംസങ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള പുതിയ ലാപ്‌ടോപ് നിര്‍മിച്ചിരിക്കുന്നത്. തങ്ങളുടെ മുന്‍ വര്‍ഷമിറക്കിയ ഗ്യാലക്‌സി ബുക്ക് 2നേക്കാള്‍ 40 ശതമാനം ശക്തി കൂടിയ പ്രൊസസറും, 80 ശതമാനം മെച്ചപ്പെട്ട ഗ്രാഫിക്‌സ് പ്രകടനവും പുതിയ ലാപ്‌ടോപ്പിനു ലഭിക്കും എന്ന് സാംസങ് അവകാശപ്പെട്ടു. മൈക്രോസോഫ്റ്റ് സര്‍ഫസ് ലാപ്‌ടോപ് ശ്രേണിയെ അനുസ്മരിപ്പിക്കുന്ന ഒന്നായിരിക്കും ഇതെന്നു കരുതിയിരുന്നെങ്കിലും, കുടുതല്‍ പരമ്പരാഗത രീതിയിലാണ് പുതിയ സര്‍ഫസ് ബുക്ക്എസിന്റെ നിര്‍മിതി. ഫാന്‍ ഇല്ലാതെയാണ് ഇതു നിര്‍മിച്ചിരിക്കുന്നത് എന്നതാണ് ബാറ്ററി നീണ്ടു നില്‍ക്കാനുള്ള പ്രധാന കാരണം. ഒറ്റ ഫുള്‍ ചാര്‍ജില്‍ തുടര്‍ച്ചയായി 23 മണിക്കൂര്‍ വിഡിയോ കാണാമെന്നാണ് സാംസങ് അവകാശപ്പെടുന്നത്. എന്നാല്‍, ദൈനംദിന ഉപയോഗത്തില്‍ അതിലൊക്കെകുറച്ചു പ്രകടനം പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് ടെക് നിരൂപകര്‍ പറയുന്നത്.

ഇന്റലിന്റെ പ്രൊസസറുകളുടെ ബാറ്ററി വലിച്ചു കുടിക്കലിനെതിരായി ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനു മുമ്പ് ഇറക്കിയ എആര്‍എം-കേന്ദ്രീകൃത ലാപ്‌ടോപ്പുകളുടെ പ്രകടനം നിരാശാജനകമായിരുന്നു. 999 ഡോളർ വിലയിട്ടിരിക്കുന്ന ഈ ലാപ്‌ടോപ് ചില കാശുകാരായ ഉപയോക്താക്കള്‍ക്കു മാത്രമായിരിക്കും ആകര്‍ഷകം.

ഗ്യാലക്‌സി ബുക്ക് എസ് അവതരണ വിഡിയോ കാണാം: https://youtu.be/JiGkOVG73kc

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA