ADVERTISEMENT
വിപണിയിലെ മുന്‍നിര സ്മാര്‍ട്ട് ടിവി നിർമാതാക്കളെ വെല്ലുവിളിക്കുന്ന ഗംഭീര ഫീച്ചറുകളുമായി എത്തിയിരിക്കുകയാണ് ഓണര്‍ വിഷന്‍ ടിവി. സ്വന്തമായി നിര്‍മ്മിച്ച ഹാര്‍മണി ഒഎസ് അടങ്ങുന്ന ലോകത്തെ ആദ്യ ഉപകരണമെന്ന പ്രത്യേകതയും, ഈ ടിവിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ടെക്‌പ്രേമികളെ ആകാംക്ഷാഭരിതരാക്കുന്നു. സ്മാര്‍ട്ട്‌ഫോണുകളില്‍ അടക്കം വിവിധ ഉപകരണങ്ങളില്‍ ഉപയോഗിക്കാവുന്നതാണ് തങ്ങളുടെ പുതിയ ഒഎസ് എന്ന് വാവെയ് അറിയിച്ചിരുന്നു. ഏറ്റവുമധികം സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കു ചാലക ശക്തിയായ ആന്‍ഡ്രോയിഡിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയേക്കും എന്നു കരുതുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ഹാര്‍മണി. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്ട് ഉപകരണവും കമ്പനി പുറത്തിറക്കിയിക്കുകയാണ്.

വാവെയുടെ സബ്-ബ്രാന്‍ഡ് ആയ ഓണറിന്റെ ബാനറിലാണ് ആദ്യ ഉപകരണം എന്നതും ശ്രദ്ധേയമാണ്. ഹോങ്ഗു 818 ഇന്റലിജന്റ് ഡിസ്‌പ്ലേ ചിപ്‌സെറ്റാണ് (HiSilicon's Hongu 818 Intelligent Display Chipset) ആണ് ടിവിയ്ക്കു ശക്തി പകരുന്നത്. എട്ടു കോറുകളുള്ള ഡിസൈനാണ് പ്രൊസസറിനുള്ളത്. വിഡിയോ പ്ലേബാക് ശേഷി വളരെ മികച്ചതാണ്- 8K/30fps അല്ലെങ്കില്‍ 4K/120fps ആണ് ഇതിനുള്ളത്. കൂടാതെ, എച്ഡിആര്‍ സപ്പോര്‍ട്ട്, 64എംപി ഇമെജ് ഡികോഡിങ്, സൂപ്പര്‍ റെസലൂഷന്‍, മോഷന്‍ എസ്റ്റിമേറ്റ്, മോഷന്‍ കോമ്പന്‍സേഷന്‍, നോയിസ് റിഡക്ഷന്‍, ഡൈനാമിക് കോണ്‍ട്രാസ്റ്റ് ഇംപ്രൂവ്‌മെന്റ്, ലോക്കല്‍ ഡിമ്മിങ്, ത്രസിപ്പിക്കുന്ന സ്വര പ്രപഞ്ചം തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഓണര്‍ വിഷന്‍ എത്തുന്നത്. ഒന്നിലേറെ ടാസ്‌കുകള്‍ ഒരേ സമയം കൈകാര്യം ചെയ്യാനും ടിവിയ്ക്കു സാധിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോപ്-അപ് ക്യാമറ

ടിവികളില്‍ അധികം പ്രചാരം നേടാത്ത ഒന്നാണ് പോപ്-അപ് ക്യാമറ എന്ന ആശയം. ഓണര്‍ വിഷന്റെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവുള്ള പോപ്-അപ് ക്യാമറ ഉപയോഗിച്ച് വിഡിയോ കോളുകള്‍ വിളിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനം മികച്ചതാക്കാനായി മാത്രം ഒരു ചിപ്പും (HiSilicon Hi3516DV300 NPU) ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വിഡിയോ കോള്‍ വിളിക്കാനും മറ്റും ഇത് ഉപയോഗിക്കാം. ഉപയോക്താവ് ഇരിക്കുകയാണോ, എഴുന്നേറ്റു നടക്കുകയാണോ എന്നൊക്കെ മനസിലാക്കി വേണ്ടത്ര ക്രമീകരണങ്ങള്‍ നടത്താല്‍ ചിപ്പിനാകും. ടിവി ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുകയാണെങ്കില്‍ ക്യാമറ 10 ഡിഗ്രി വരെ താഴ്ത്താം. മുഖം തിരിച്ചറിയലും സാധ്യമായതിനാല്‍, ആരാണ് മുന്നിലിരിക്കുന്നത് എന്നു മനസിലാക്കി അവരുടെ അഭിരുചിക്കനുസരിച്ചുള്ള വിഭവങ്ങള്‍ കാണിക്കാനും ടിവിയ്ക്കാകുമെന്ന് കമ്പനി പറയുന്നു.

വൈ-ഫൈയ്ക്കായി ഉപയോഗിച്ചിരിക്കുന്നതും ശക്തമായ ചിപ്‌സെറ്റാണ് (HiSilicon Hi1103). ഇതിന്റെ സ്പീഡ് 1.7 ജിബിപിഎസ് ആണ്. 4ജിയുടെ പരമാവധി ശേഷി ഉപയോഗിച്ചാലും ഈ ചിപ്‌സെറ്റിനു വെല്ലുവിളിയാകില്ല. ഫാര്‍ഫീല്‍ഡ് വോയിസ് കമ്മ്യൂണിക്കേഷനും ടിവിയില്‍ ഇണക്കിയിരിക്കുന്നു. ആമസോണ്‍ അലക്‌സാ, ഗൂഗിള്‍ അസിസ്റ്റന്റ് തുടങ്ങിയ വേയ്‌സ് അസിസ്റ്റന്റുകളുടെ സേവനം ഇതിലൂടെ ആസ്വദിക്കാം. എന്നാല്‍, ഈ ഫീച്ചര്‍ ചൈനയ്ക്കു വെളിയില്‍ ലഭ്യമാക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തീര്‍ച്ചയില്ല.

55-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുള്ള ടിവിയായിരിക്കാം ആദ്യം പുറത്തു വരിക എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്‍എഫ്‌സി, ബ്ലൂടൂത്ത് 5, മൂന്ന് എച്ഡിഎംഐ 2.0 പോര്‍ട്ടുകള്‍, എതര്‍നെറ്റ് ഇന്‍പുട്ട്, വോയ്‌സ് അസിസ്റ്റന്റ് തുടങ്ങിയവയും ഉണ്ടായിരിക്കും. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാമെന്നതിനാല്‍, ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം എളുപ്പമായിരിക്കുമെന്നും കരുതുന്നു. വില പുറത്തു വിട്ടിട്ടില്ല. എന്നാല്‍ 2GB/16GB വേരിയന്റിന് ഏകദേശം 538 ഡോളറാണു പ്രതീക്ഷിക്കുന്നത്. 2GB/32GB വേര്‍ഷന് 679 ഡോളറായിരിക്കും വില എന്നും കരുതുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com