ADVERTISEMENT

യുഎസ്ബി4 നാളിതുവരെ കണ്ടിരിക്കുന്ന എല്ലാ പോര്‍ട്ടുകളെയും അതിശയിപ്പിക്കുന്ന ശക്തിയുള്ളതായിരിക്കുമെന്ന് യുഎസ്ബി ഇംപ്ലിമെന്റേഴ്‌സ് ഫോറം (USB Implementers Forum). ഈ സംഘടനയ്ക്കാണ് യുഎസ്ബിയെക്കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ള അവകാശം. ഉചിതമായ കേബിള്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ പരമാവധി 40 ജിബി ഡേറ്റ വരെ ഇതിലൂടെ പകര്‍ത്താം. യുഎസ്ബി4നും അനുബന്ധഘടകങ്ങള്‍ക്കും മറ്റും യുഎസ്ബി 2, യുഎസ്ബി 3.2 എന്നീ മുൻ പതിപ്പുകളുമായി സാമ്യമുണ്ടായിരിക്കും. ഇരട്ടി ബാന്‍ഡ്‌വിട്ത് ഉള്ളതിനാല്‍ യുഎസ്ബി ടൈപ്-സിയെക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലുള്ള യുഎസ്ബി 3.2, യുഎസ്ബി 2 എന്നിവയുടെ ആര്‍ക്കിടെക്ചറില്‍ ഊന്നിത്തന്നെയാണ് പുതിയ പോര്‍ട്ടും നിര്‍മിച്ചിരിക്കുന്നത്. സ്‌പെസിഫിക്കേഷനുകള്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് തീര്‍ച്ചപ്പെടുത്തിയത്. തണ്ടര്‍ബോള്‍ട്ട്‌ പ്രോട്ടോക്കോള്‍ സ്‌പെസിഫിക്കേഷനെയും യുഎസ്ബി4 ല്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു. പുതിയ പോര്‍ട്ടിന്റെ മാക്‌സിമം അഗ്രെഗെറ്റ് ബാന്‍ഡ്‌വിട്ത് ഇരട്ടിയാക്കാമെന്നാണ് സൂചന. ഇതിനാല്‍ പല സോഴ്‌സുകളില്‍ നിന്നുള്ള ഡേറ്റ പകര്‍ത്താനുള്ള ശേഷി ഉണ്ടായിരിക്കും. കൂടാതെ ഡിസ്‌പ്ലെ പ്രോട്ടോക്കോളുകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരിക്കും.

യുഎസ്ബി ടൈപ്-സി പോര്‍ട്ട്, പല ഉപകരണങ്ങളുടെയും എക്‌സ്റ്റേണല്‍ ഡിസ്‌പ്ലെ പോര്‍ട്ടായി ഉരുത്തിരിഞ്ഞു വന്നതു പോലെ, യുഎസ്ബി 4നും ഡിസ്‌പ്ലെകള്‍ക്കു വേണ്ട ഡേറ്റ എത്തിച്ചുകൊടുക്കാനുള്ള ശേഷി ഉണ്ടായിരിക്കും. തത്വത്തില്‍ 40 ജിബിപിഎസ് ട്രാന്‍സ്ഫര്‍ സ്പീഡുണ്ടെങ്കിലും എല്ലാ ഉപകരണങ്ങളും ഇതു സപ്പോര്‍ട്ട് ചെയ്യില്ല. മൂന്നുതരം ട്രാൻസ്ഫർ സ്പീഡുകളായിരിക്കും ഇതിനുണ്ടാകുക– 10 ജിബിപിഎസ്, 20 ജിബിപിഎസ്, 40 ജിബിപിഎസ്. ഫോണുകള്‍ക്കും ക്രോംബുക്കുകള്‍ക്കും ഇതിലും കുറഞ്ഞ സ്പീഡായിരിക്കും ലഭിക്കുക. ഉപകരണങ്ങള്‍ക്ക് യുഎസ്ബി4 പോര്‍ട്ട് ഉണ്ടാകണം, മാത്രമല്ല അതിരിക്കുന്ന കംപ്യൂട്ടറുകള്‍ക്കും ഡേറ്റാ സ്വീകരിക്കുന്നവയ്ക്കും മറ്റും ഇത്രയധികം ഡേറ്റാ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ശേഷിയും ഉണ്ടായിരിക്കണം.

വിഡിയോയും ഡേറ്റയും ഒരേ കണക്ഷനിലൂടെ ഷെയർ ചെയ്യുന്നതിലായിരിക്കും യുഎസ്ബി4 സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരിക. 4കെ, 8കെ വിഡിയോ എല്ലാം സാധാരണമാകുന്ന കാലത്ത് ഇത്തരമൊരു പോര്‍ട്ട് അത്യാവശ്യമായിരിക്കും. മറ്റൊരു ഗുണം യുഎസ്ബി പവര്‍ ഡെലിലവറി അല്ലെങ്കില്‍ പിഡി ആണ്. പ്രവര്‍ത്തിക്കാന്‍ ധാരാളം വൈദ്യുതി വേണ്ട, കംപ്യൂട്ടിങ് ഉപകരണങ്ങള്‍ക്ക് അതു നൽകാനും യുഎസ്ബി4നു സാധിക്കും.

പുതിയ പ്രോട്ടോക്കോളാണ് യുഎസ്ബി4ല്‍ കൊണ്ടുവരുന്നതെങ്കിലും നിലവിലുളള യുഎസ്ബി 2, 3.2, തണ്ടര്‍ബോള്‍ട്ട് തുടങ്ങിയവയുമായി ഒരുമയോടെ നീങ്ങാനും അതിനു സാധിക്കും. ഇത്തരം പോര്‍ട്ടുകളില്‍ നിന്നും അവയിലേക്കും ഡേറ്റാ പകര്‍ത്താന്‍ യുഎസ്ബി4നു സാധിക്കും. എന്നാല്‍, പഴയ പോര്‍ട്ടുകള്‍ക്ക് പെട്ടെന്ന് ശക്തികൂടുകയും മറ്റുമില്ല. അവയുടെ പരമാവധി ശേഷിയില്‍ അവ യുഎസ്ബി4മായി സഹകരിക്കും. യുഎസ്ബി4 ഉൾപ്പെടുത്തുന്ന ആദ്യ ഉപകരണം എത്തണമെങ്കില്‍ 2020 ആകണമെന്നാണ് പറയുന്നത്.

അടുത്ത തലമുറ കംപ്യൂട്ടിങ് ഡേറ്റാ പകര്‍ത്തലില്‍ പുതിയ മാനങ്ങള്‍ തേടുമെന്ന് ഉറപ്പാണല്ലോ. എന്നാല്‍ നിലവിലുള്ള സംവിധാനങ്ങള്‍ ആവശ്യത്തിനൊത്ത് ഉയര്‍ന്നേക്കില്ല. പുതിയ പോര്‍ട്ടിന്റെ വരവ് സ്വാഗതാര്‍ഹമാണെന്ന് ടെക്‌നോളജി ലോകം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com