sections
MORE

ആപ്പിളിന്റേത് അപ്രതീക്ഷിത നീക്കം; ഐഫോൺ 11 ചടങ്ങിൽ ഐപാഡ് അവതരണവും

ipad
SHARE

ഐഫോണ്‍ അനാവരണ ചടങ്ങില്‍ അപ്രതീക്ഷിതമായാണ് ആപ്പിള്‍ പുതിയ ഐപാഡ് അവതരിപ്പിച്ചത്. തങ്ങളുടെ നിലവിലുള്ള ഏറ്റവും വില കുറഞ്ഞ 9.7-ഇഞ്ച് ഐപാഡിനു പകരമായി പുതിയ 10.2-ഇഞ്ച് വലുപ്പമുള്ള ടാബ്‌ലറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. തുടക്ക ഐപാഡിന്റെ വില തന്നെയായിരിക്കും ഇതിനും - 329 ഡോളര്‍. ഏഴാം തലമുറ ഐപാഡ് എന്ന് അറിയപ്പെടുന്ന ഈ ഉപകരണം വിദ്യാര്‍ഥികള്‍ക്കും മറ്റും 299 ഡോളറിനും വാങ്ങാന്‍ സാധിക്കും. ഐപാഡ് എയര്‍ 3, ഐപാഡ് പ്രോ തുടങ്ങിയ മോഡലുകളുടെ സ്‌ക്രീന്‍ വിലുപ്പം തുടങ്ങുന്നത് 10.5-ഇഞ്ചിലാണ്. ആപ്പിള്‍ ബുദ്ധിപൂര്‍വ്വം ആ വലുപ്പം തുടക്ക മോഡലിനു നല്‍കിയിട്ടില്ലെന്നു കാണാം. പക്ഷേ, ഇനി കമ്പനി പഴയ 9.7 ഇഞ്ച് വലുപ്പമുള്ള മോഡല്‍ ഇറക്കിയേക്കില്ല. വലുപ്പം കുറഞ്ഞ ഐപാഡ് വേണ്ടവര്‍ ഐപാഡ് മിനി വാങ്ങേണ്ടതായി വരും.

ഈ വര്‍ഷം ഇനിയും ഐപാഡുകള്‍ ഇറങ്ങുമെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. ഒക്ടോബറിലാണ് ആപ്പിളിന്റെ വാര്‍ഷിക ഐപാഡ് സമ്മേളനം നടത്തുക. അപ്പോള്‍ പുതിയ പ്രോ മോഡലുകള്‍ അടക്കം അനാവരണം ചെയ്യപ്പെട്ടേക്കാം. സെപ്റ്റംബര്‍ മീറ്റിങ്ങില്‍ ഐപാഡുകള്‍ അവതരിപ്പിക്കുന്ന പതിവ് ആപ്പിളിനില്ലായിരുന്നു.

പ്രോസസര്‍

പുതിയ മോഡലിന് ശക്തി പകരുന്നത് ആപ്പിളിന്റെ പഴയ എ10 ഫ്യൂഷന്‍ പ്രോസസറാണ്. രണ്ടാം തലമുറ ഐപാഡ് പ്രോ മോഡലുകളില്‍ കാണുന്ന എ10X ചിപ്പിനേക്കാള്‍ ശക്തി കുറവാണിതിന്. എന്നാല്‍ നിലവിലുള്ള തുടക്ക ഐപാഡിനേക്കാള്‍ വളരെ ശക്തി കൂടുതലും ഉണ്ടിതിന്. ഈ ഐപാഡിന്റെ ഫ്രെയിം നൂറു ശതമാനം റീസൈക്കിൾഡ് അലൂമിനിയത്തില്‍ നിന്ന സൃഷ്ടിച്ചതാണെന്നും ആപ്പിള്‍ പറഞ്ഞു. ഇതിന് എന്തു കണക്ടറാണ് നല്‍കുക എന്നറിയില്ല. ഏറ്റവും പുതിയ പ്രോ മോഡലുകള്‍ക്ക് ആപ്പിൾ യുഎസ്ബി-സിയിലേക്കു മാറിയിരുന്നു. എന്നാല്‍ ലൈറ്റ്‌നിങ് പോര്‍ട്ട് തന്നെയായിരിക്കാം തുടക്ക ഐപാഡിന്റെ കണക്ടര്‍ എന്നാണ് അനുമാനം. ടച് ഐഡി ഇതിനുണ്ടെന്നതും ലൈറ്റ്‌നിങ് കണക്ടര്‍ ആയിരിക്കാമെന്ന വാദത്തിന് ബലം നല്‍കുന്നു. ഏറ്റവും പുതിയ പ്രോ മോഡലുകള്‍ക്ക് ഫെയ്‌സ്‌ഐഡി ഉണ്ട്. കൂടാതെ പുതിയ ഐപാഡിന്‍ പെന്‍സില്‍ സപ്പോര്‍ട്ട് ഉണ്ടെങ്കിലും അതില്‍ ആദ്യ തലമുറ പെന്‍സില്‍ മാത്രമെ ഉപയോഗിക്കാനാകൂ. ഇതു ചാര്‍ജ് ചെയ്യണമെങ്കിലും ലൈറ്റ്‌നിങ് പോര്‍ട്ട് വേണം.

32 ജിബി സ്റ്റോറേജ് ശേഷിയുള്ള തുടക്ക മോഡലിന് 483 ഗ്രാം തൂക്കമായിരിക്കും ഉള്ളത്. വൈ-ഫൈ മാത്രമായിരിക്കും ഇതിനുള്ളത്. സെല്ല്യൂലാര്‍ ആന്റിന ഉണ്ടാവില്ല. 128 ജിബി സ്റ്റോറേജ് ശേഷിയും സെല്ല്യുലാര്‍ ആന്റിനയുമുള്ള മോഡലിന് 100 ഡോളര്‍ അധികം നല്‍കേണ്ടി വന്നേക്കാം. 8 എംപി പിന്‍ ക്യാമറയും 1.2 എംപി സെല്‍ഫി ക്യാമറയുമായിരിക്കും ഇതിനുണ്ടായിരിക്കുക.

മാഗ്നറ്റിക് കീബോര്‍ഡും ഐപാഡ് ഒഎസുമുള്ള പുതിയ ഐപാഡ് തുടക്കക്കാര്‍ക്ക് ഉചിതമായിരിക്കും. മറ്റു നിര്‍മാതാക്കളൊന്നും കാര്യമായി ഇടപെടാത്ത ടാബ്‌ലറ്റ് വിപണിയില്‍ ആപ്പിളാണ് ഒന്നാം സ്ഥാനത്ത്. എന്തായാലും പുതിയ ഐപാഡ് വാങ്ങാന്‍ തിരക്കു കൂട്ടുന്നവര്‍ അടുത്തമാസത്തെ ഐപാഡ് അനാവരണ ചടങ്ങ് വരെ കാത്തിരിക്കുന്നത് ഉചിതമായിരിക്കും. പുതിയ മോഡലുകള്‍ പരിചയപ്പെട്ട ശേഷം ഏതു വേണമെന്നു തീരുമാനിക്കാമെന്നതു കൂടാതെ പഴയ മോഡലുകളുടെ വില താഴ്‌ന്നേക്കാമെന്നതും പരിഗണിക്കാം. പ്രോ, എയര്‍ മോഡലുകള്‍ക്കായിരിക്കും വില താഴുക. എന്തായാലും തുടക്കമോഡലിന് പുതിയ ഐപാഡ് 10.2-ഇഞ്ചിനെക്കാള്‍ വില താഴില്ല. പ്രോ മോഷന്‍ തുടങ്ങിയ സ്‌ക്രീന്‍ ടെക്‌നോളജി ഒന്നുമില്ലെങ്കിലും മികച്ച ഉപകരണം തന്നെയായരിക്കും തുടക്ക ഐപാഡ്. ബ്രൗസിങ്, സ്‌കെച്ചിങ് തുടങ്ങിയ കാര്യങ്ങള്‍ക്കായി ഒരു ടാബ് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണിത്. 

ഐപാഡ് ഒഎസ്

വലുപ്പം കൂടിയ ഐഫോണ്‍ എന്ന പേരില്‍ നിന്ന് കൂടുതല്‍ 'വ്യക്തിത്വമുള്ള' ഒരു ഉപകരണമായിത്തീരാന്‍ പോകുകയാണ് ഐപാഡ് ശ്രേണി. അതിന്റെ തുടക്കമായി അവതരിപ്പിച്ചിരിക്കുന്ന ഐപാഡ് ഒഎസ് സെപ്റ്റംബര്‍ 30ന് എത്തുന്നതാണ്. എന്നാല്‍, ഏറ്റവും പുതിയ ഐപാഡ് വാങ്ങുമ്പോഴെ ഇതു ലഭിച്ചേക്കും. (ബീറ്റാ വേര്‍ഷന്‍ കോംപാറ്റിബിൾ ഐപാഡ് ഉള്ളവര്‍ക്ക് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം.) വലിയ സ്‌ക്രീനിന്റെ ഗുണം പുതിയ ഒഎസ് ചൂഷണം ചെയ്യുമെന്നാണ് അറിയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA