ADVERTISEMENT

ഏറെക്കാലമായി പറഞ്ഞുകേൾക്കുന്ന, എന്നാല്‍ അധികം ആരവമില്ലാതെ അവതരിപ്പിക്കപ്പെട്ട ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ബഡുകളാണ് എയര്‍പോഡ്‌സ് പ്രോ. നിലവിലുള്ള രണ്ട് എയര്‍പോഡ് വേര്‍ഷനുകളെക്കാളും മികവുറ്റ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ ഇയര്‍ഫോണുകള്‍ ഇറക്കിയിരിക്കുന്നത്. എന്നാല്‍ ഐഫോണ്‍ 8 മുതലുള്ള ഐഫോണുകള്‍ക്കും 12.9- ഇഞ്ച് ഐപാഡ് പ്രോ രണ്ടാം തലമുറ തൊട്ടുള്ള ഐപാഡുകള്‍ക്കുമൊത്ത് മാത്രമേ ഇവ പ്രവര്‍ത്തിക്കൂ. നിലവിലുള്ള എയര്‍പോഡുകളെ അപേക്ഷിച്ച് രാജകീയമായ നിര്‍മിതിയാണ് പ്രോ മോഡലുകളുടേത്. ചാര്‍ജിങ് കെയ്‌സുകള്‍ക്കു പോലുമുണ്ട് വ്യത്യാസം.

എയര്‍പോഡുകള്‍ ആദ്യം ഇറക്കിയപ്പോള്‍ ആപ്പിളിന് ഇത്ര വില കുറഞ്ഞ ഉൽപന്നമോ എന്നു വിലപിച്ചവര്‍ക്ക് ഇനി ആശ്വസിക്കാം. പ്രോ മോഡലിന് 24,900 രൂപയാണ് വില. മുന്‍ എയര്‍പോഡുകളെ പോലെ ചെവിക്കുള്ളിലേക്ക് വയ്ക്കാവുന്ന രീതിയില്‍ തന്നെയാണ് പ്രോ മോഡലുകളുടെയും രൂപകല്‍പന. ഇപ്പോള്‍ വെള്ള നിറത്തില്‍ മാത്രമാണ് ഇറക്കിയിരിക്കുന്നത്. മൂന്നു സിലിക്കണ്‍ ടിപ്പുകളാണ് ഇവയ്ക്കുള്ളത്- ലാര്‍ജ്, മീഡിയം, സ്‌മോള്‍. ചെവിയ്ക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കണം. മുന്‍ മോഡലുകള്‍ എയര്‍പോഡുകള്‍ സുരക്ഷിതമായി ചെവിയില്‍ ഇരിക്കുന്നില്ലെന്ന പരാതിക്കും ഇതോടെ പരിഹാരമായേക്കും.

ആക്ടീവ് നോയിസ് ക്യാൻസലേഷന്‍ മോഡാണ് ഇതിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. എന്നാല്‍ സവിശേഷമായ ട്രാന്‍സ്പരന്‍സി മോഡുമുണ്ട്. ട്രാന്‍സ്പരന്‍സി മോഡിനായി പുറത്തേക്കു തിരിച്ചുവച്ചിരിക്കുന്ന മൈക്രോഫോണ്‍ ഉണ്ട്. ഇത് ആക്ടിവേറ്റ് ചെയ്താല്‍ പുറത്തു നിന്നുള്ള ശബ്ദങ്ങൾ വേണമെങ്കില്‍ കേള്‍ക്കാം. ഫോഴ്‌സ് സെന്‍സറില്‍ അമര്‍ത്തിപ്പിടിച്ച് ആക്ടീവ് നോയിസ് ക്യാൻസലേഷന്‍ മോഡ് ആക്ടിവേറ്റ് ചെയ്യുകയോ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്യാം. അങ്ങനെ പുറത്തു നിന്നുള്ള ശബ്ദം കേള്‍ക്കാനോ, വേണ്ടെന്നുവയ്ക്കാനോ സാധിക്കും.

പുറത്തു നിന്നു വരുന്ന വേണ്ടാത്ത ശബ്ദം സ്വീകരിക്കാതിരിക്കാനുള്ള ഫീച്ചറാണ് 'ആന്റി-നോയിസ്'. ചെവിക്കുള്ളിലെത്തുന്ന ആവശ്യമില്ലാത്ത ശബ്ദത്തെയും ഇതു നീക്കം ചെയ്യുമെന്നും കമ്പനി പറയുന്നു. ഇതിനെല്ലാമായി ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍, ഒരു സെക്കന്‍ഡില്‍ 200 തവണ സ്വയം ക്രമീകരിക്കുമെന്ന് ആപ്പിള്‍ പറയുന്നു. ഇതെല്ലാം വ്യക്തമായ സ്വരം ഉപയോക്താവിനു ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. സെന്‍സറില്‍ അമര്‍ത്തി ഫോണ്‍ കോളുകളെയും നിയന്ത്രിക്കാം. എയര്‍പോഡ് പ്രോയുടെ സ്‌റ്റെമ്മിലൂടെയും അതിനെ നിയന്ത്രിക്കാം. എയര്‍പോഡ് പ്രോയ്ക്ക് അഡാപ്റ്റീവ് ഈക്വലൈസര്‍ ഉണ്ട്. ഇത് ഓരോ ഉപയോക്താവിന്റെയും ചെവിയുടെ ആകൃതിക്കനുസരിച്ച്, അനുയോജ്യമായ രീതിയില്‍ ശബ്ദങ്ങളെ ഓട്ടോ-ട്യൂണ്‍ ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ബെയ്‌സ് ശബ്ദത്തിനായി ആപ്പിള്‍ തന്നെ സൃഷ്ടിച്ച ഹൈ-എതക്‌സ്‌കേര്‍ഷന്‍, ലോ-ഡിസ്‌റ്റോര്‍ഷന്‍ ഡ്രൈവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചെവിയുടെ ഉള്ളിലേക്കിരിക്കുന്ന മൈക്രോഫോണ്‍, മിഡ്, ലോ ഫ്രീക്വന്‍സികളെ ട്യൂണ്‍ ചെയ്യുന്നു. എയര്‍പോഡ് പ്രോയ്ക്ക് ശക്തിപകരുന്നത് ആപ്പിളിന്റെ എച് 1 ചിപ്പാണ്. പുറമെ നിന്നുള്ള ശബ്ദങ്ങളെ ഒഴിവാക്കാനായി ഒരു ആംപ്ലിഫയറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ ഹൈ ഡൈനാമിക് റെയ്ഞ്ച് ആംപ്ലിഫയറാണ് സ്വരമധുരിമ ഉറപ്പാക്കുന്നതും ബാറ്ററി ലൈഫ് ദീര്‍ഘിപ്പിക്കുന്നതുമത്രെ. ലോ ലേറ്റന്‍സിക്കായി 10 കോറുകളുണ്ട്.

പുതിയ ഇയര്‍ബഡുകളിലൂടെയും സിറിയുടെ സേവനം തേടാം. എയര്‍പോഡ് പ്രോ മോഡലുകള്‍ക്ക് IPx4 റെയ്റ്റിങ് ഉണ്ട്. എന്നു പറഞ്ഞാല്‍ ഇവയ്ക്ക് വാട്ടര്‍ റെസിസ്റ്റന്‍സുണ്ട്. വിയര്‍പ്പിനെയും പ്രതിരോധിക്കും. മറ്റ് എയര്‍പോഡുകളെ പോലെ ഇവയ്ക്കും വയര്‍ലെസ് ചാര്‍ജിങ് കെയ്‌സ് ഉണ്ട്. 24 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് നല്‍കാനാണ് ശ്രമം. ഒറ്റ ഫുള്‍ ചാര്‍ജില്‍ 4.5 മണിക്കൂര്‍ വരെ ഉപയോഗിക്കാം. തുടര്‍ന്ന് 5 മിനിറ്റ് ചാര്‍ജു ചെയ്താല്‍ 1 മണിക്കൂര്‍ പാട്ടുകേള്‍ക്കാം.

airpods-pro-airpods-compare-ear-tips

ഇതോടെ വയര്‍ലെസ് ഇയര്‍ബഡ്‌സിന്റെ വില്‍പനയില്‍ പ്രീമിയം ബ്രാന്‍ഡുകളായ സോണി, ജാബ്ര, ബോസ്, സാംസങ് തുടങ്ങിയ കമ്പനികളുമായി മത്സരിക്കാന്‍ ആപ്പിളിനുമാകും. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികളും വയര്‍ലെസ് ഇയര്‍ഫോണ്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ എയര്‍പോഡ് പ്രോയുടെ മാത്രം ഫീച്ചറാണിപ്പോള്‍. എയര്‍പോഡ് 1, 2 തലമുറകളിലൂടെ ഈ സെഗ്‌മെന്റിന്റെ 60 ശതമാനവും ആപ്പിള്‍ സ്വന്തമാക്കിയിരിക്കുന്നു. അമേരിക്കയില്‍ ഒക്ടോബര്‍ 30ന് ഇതു വില്‍പനയാരംഭിക്കും. ഇന്ത്യയിലെ വില്‍പന തീയതി അറിയിച്ചിട്ടില്ല.

English Summary: AirPods Pro: what you need to know about the next AirPods model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com