sections
MORE

ഗൂഗിള്‍ 14,848 കോടി നൽകി ഫിറ്റ്ബിറ്റ് വാങ്ങി, ആപ്പിള്‍ വാച്ചിനു വെല്ലുവിളി

fitbit
SHARE

ഫിറ്റ്‌നസ് ട്രാക്കിങ്ങില്‍ ആപ്പിള്‍ വാച്ചിനു വെല്ലുവിളിയുയര്‍ത്താനായി സ്മാര്‍ട് വാച്ച് നിര്‍മാതാവ് ഫിറ്റ്ബിറ്റിനെ ആല്‍ഫബെറ്റ് ഇങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ വാങ്ങി. 210 കോടി ഡളറിനാണ് (ഏകദേശം 14845 കോടി രൂപ) ഫിറ്റ്ബിറ്റ് വാങ്ങിയിരിക്കുന്നത്. വെയറബിൾ സാങ്കേതികവിദ്യയില്‍ കളംപിടിക്കാന്‍ കൂടിയാണ് ഗൂഗിള്‍ ഈ നീക്കം നടത്തിയിരിക്കുന്നത്. ഗൂഗിളും ഫെയ്‌സ്ബുക്കും വാങ്ങിക്കൂട്ടുന്ന ബിസിനസ് സംരംഭങ്ങള്‍ അമേരിക്കയുടെ ആന്റി ട്രസ്റ്റ് അന്വേഷണത്തിന്റെ പരിധിയിലാണ്. ഗൂഗിളിന്റെ തീരുമാനത്തെ തുടര്‍ന്ന് ഫിറ്റ്ബിറ്റിന്റെ ഓഹരികള്‍ 16 ശതമാനം കുതിച്ചുയര്‍ന്നു. ഒരു ഷെയറിന് 7.5 ഡോളര്‍വീതം നല്‍കിയാണ് കമ്പനിയെ ഗൂഗിള്‍ സ്വന്തമാക്കുന്നത്. ഗൂഗിള്‍ നടത്തിയ ഈ വര്‍ഷത്തെ രണ്ടാമത്തെ പ്രധാനപ്പെട്ട വാങ്ങലാണിത്.

സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട് സ്പീക്കറുകള്‍ തുടങ്ങിയവ ഇപ്പോള്‍ത്തന്നെ ഗൂഗിള്‍ നിര്‍മിക്കുന്നുണ്ട്. എന്നാല്‍, ഗൂഗിള്‍ ഇതുവരെ ഒരു സ്മാര്‍ട് വാച്ച് നിര്‍മിച്ചിരുന്നില്ല. ആ കുറവ് പരിഹരിക്കാനാണ് ഫിറ്റ്ബിറ്റിനെ ഏറ്റെടുത്തിരിക്കുന്നത്. ഫിറ്റ്ബിറ്റിന് 2.7 കോടി സ്ഥിരം ഉപയോക്താക്കളാണുള്ളത്. കൂടാതെ അവര്‍ മൊത്തം 10 കോടി വാച്ചുകള്‍ വിറ്റിട്ടുമുണ്ട്. എന്നാല്‍, ആപ്പിള്‍ വാച്ചിന് ഒരു ഭീഷണിയുയര്‍ത്താന്‍ ഫിറ്റ്ബിറ്റിന് ഇതുവരെ സാധിച്ചിരുന്നില്ല. പക്ഷേ, ഗൂഗിള്‍ പണമിറക്കാന്‍ തയാറായി വരുന്നതോടെ പുതിയ മികച്ച ഫീച്ചറുകളും ഉൾപ്പെടുത്തിയായിരിക്കും ഭാവിയില്‍ ഫിറ്റ്ബിറ്റ് ഇറങ്ങുക.

ഈ വാങ്ങലുകള്‍ ആന്റി ട്രസ്റ്റ് ഏജന്‍സി തീര്‍ച്ചയായും സൂക്ഷ്മപരിശോധന നടത്തും. അവര്‍ അംഗീകരിച്ചാല്‍ മാത്രമകാകും വാങ്ങല്‍ പൂര്‍ത്തിയാകുക. ഫെയ്‌സ്ബുക് വാങ്ങിയ വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള ഇടപാടുകളും ഇതിന്റെ പരിധിയിലാണ് ഇപ്പോഴുള്ളത്. ഫിറ്റ്ബിറ്റ് വാച്ചില്‍ നിന്നു ലഭിക്കുന്ന ഡേറ്റ എന്തു ചെയ്യാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നതെന്ന് പല രാജ്യങ്ങളും അന്വേഷിക്കും.

വാങ്ങലിന് രഹസ്യ ഉദ്ദേശമുണ്ടോ?

ലോകത്ത് അതിവേഗം വളരുന്ന മേഖലയാണ് ആരോഗ്യപരിപാലനം. ഫിറ്റ്ബിറ്റിന് ആന്‍ഡ്രോയിഡിലും ഐഒഎസിലും ആപ്പുകളുണ്ട്. ആപ്പുകളിലൂടെ ഫിറ്റ്ബിറ്റ് പല ആരോഗ്യ പരിപാലന സേവനങ്ങളും നല്‍കുന്നുണ്ട്. ഇവ സാധാരണ ഉപയോക്താക്കള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയലാണ് നല്‍കുന്നത്. തങ്ങളോട് കൂറുകാണിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ഡേറ്റയാണ് ഫിറ്റ്ബിറ്റിന്റെ കയ്യിലുള്ളത്. ഈ ഡേറ്റാ കൂനയില്‍ കണ്ണുവച്ചു തന്നെയാകണം ഗൂഗിള്‍ ഫിറ്റ്ബിറ്റ് വാങ്ങുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. മറ്റ് വെയറബിള്‍സിന്റെ കാര്യത്തില്‍ കാര്യമായ ആവേശമൊന്നും ഗൂഗിള്‍ ഇതുവരെ കാണിച്ചിട്ടില്ല. എന്നാല്‍ ഫിറ്റ്ബിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്പനി ഗൗരവത്തില്‍ തന്നെ എടുത്തേക്കുമെന്നും പറയുന്നു.

ഫിറ്റ്ബിറ്റിന് പല ആരോഗ്യ പരിപാലന സേവനങ്ങളുമായും, ഇന്‍ഷുറന്‍സ് ഏജന്‍സികളുമായും ഇടപാടുകളുണ്ട്. ഇവയെല്ലാം ഗൂഗിളിന് ഗുണകരമാകും. 27-28 ദശലക്ഷം ആളുകളുടെ ഡേറ്റ ഈ രംഗത്ത് ഗൂഗിളിന് നല്ല ഉള്‍ക്കാഴ്ച നല്‍കും. ഇതിനാല്‍ ബിസിനസ് വിപുലീകരിക്കാനുള്ള വെറുതെയുള്ള ഒരു വാങ്ങലല്ല ഗൂഗിള്‍ നടത്തിയിരിക്കുന്നതെന്നും ആളുകളുടെ ഡേറ്റാ ഖനി ലക്ഷ്യം വച്ചാണ് കമ്പനി ഈ നീക്കം നടത്തിയിരിക്കുന്നതെന്നും ചില ആരോപണങ്ങളുണ്ട്. സേര്‍ച് എൻജിനിലൂടെ ഉപയോക്താക്കളുടെ ഡേറ്റയിലേക്ക് കടന്നു കയറുന്ന കാര്യത്തിലും കമ്പനിക്കെതിരെ അന്വേഷണം നടക്കുകയാണല്ലോ.

ഫിറ്റ്ബിറ്റിന്റെ കാര്യമെടുത്താല്‍ അതിപ്പോള്‍ ഷഓമിയുടെ മി ബാന്‍ഡില്‍ നിന്നും മറ്റും ശക്തമായ വെല്ലുവിളിയാണ് നേരിടുന്നത്. മി ബാന്‍ഡിന് 2,229 രൂപയാണ് വില. ഫിറ്റ്ബിറ്റ് ഇന്ത്യയില്‍ സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ നല്‍കാന്‍ ഒരുങ്ങുകയാണ്. പ്രതിമാസം 819 രൂപയായിരിക്കും മാസവരി. ഒരു വര്‍ഷത്തേക്കാണെങ്കില്‍ 6,999 രൂപയും നല്‍കണം. ഇതിനെ ഫിറ്റ്ബിറ്റ് പ്രീമിയം എന്നായിരിക്കും വിളിക്കുക. ഇതിനായി മാസവരി നല്‍കുന്നവര്‍ക്ക് ആരോഗ്യസംബന്ധമായ പല ഉപദേശങ്ങളും ഓരോരുത്തരുടെയും ആരോഗ്യസ്ഥതി പരിഗണിച്ചു നല്‍കും.

വെയറബിൾസ് മത്സരത്തില്‍ വിജയിക്കാന്‍ ഗൂഗിളിന് ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും ആരോഗ്യ സംബന്ധമായ ഡേറ്റയും ആവശ്യമുണ്ട്. ഇപ്പോള്‍ ഗൂഗിളിന് ഇതൊന്നും ഇല്ല. എന്നാല്‍ ഫിറ്റ്ബിറ്റിന്റെ വാങ്ങലിലൂടെ ഒരു വന്‍ ചുവടുവയ്പ്പാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാല്‍ ഗൂഗിളിനെ പോലെ ഒരു കമ്പനി തന്റെ ആരോഗ്യ ഡേറ്റയിലേക്ക് കടന്നുകയറുന്നതില്‍ അത്ര സന്തോഷിക്കാത്ത ഉപയോക്താക്കളും ഉണ്ടായിരിക്കാം.

English Summary: Google buys Fitbit for $2.1 billion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA