പ്രൊഫഷണലുകള്‍ക്ക് ഏറെ പ്രിയപ്പെട്ട മാക്ബുക് പ്രോ മോഡലുകള്‍ അടുത്തകാലത്ത് വേണ്ടത്ര കരുത്തുകാട്ടുന്നില്ലെന്ന ആരോപണത്തിന്റെ മുനയൊടിക്കാനായാണ് ആപ്പിള്‍ പുതിയ 16-ഇഞ്ച് സ്‌ക്രീനുള്ള ലാപ്‌ടോപ് പുറത്തിറക്കിയതെന്ന് ടിം കുക്കിന്റെ ട്വീറ്റില്‍ നിന്ന് വ്യക്തമാണ്. ‘പ്രൊഫഷണലുകളേ, നിങ്ങള്‍ അതു വേണമെന്നു പറഞ്ഞു. ഇതാ അത്’– എന്നായിരുന്നു ട്വീറ്റ്.
ഞങ്ങളുടെ പ്രോ കസ്റ്റമര്‍മാര്‍ പറഞ്ഞിരുന്നത് അടുത്ത മാക്ബുക് പ്രോയ്ക്ക് അല്‍പം കൂടെ വലുപ്പക്കൂടുതലുള്ള സ്‌ക്രീന്‍ വേണമെന്നായിരുന്നു. പറക്കുന്ന സ്പീഡും ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ബാറ്ററിയും അവരുടെ ആവശ്യങ്ങളായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ഈ കരുത്തന് പരമാവധി എന്തു ഹാര്‍ഡ്‌വെയര്‍ ശക്തി വരെ ലഭിക്കുമെന്നു നോക്കാം. ഇന്റലിന്റെ എട്ടു കോറുള്ള, 2.4GHz, ഐ9 പ്രോസസറിനെ കേന്ദ്രീകരിച്ചു നിര്‍മിച്ചിരിക്കുന്ന ലാപ്‌ടോപിന് പരമാവധി 64 ജിബി റാം വരെ പിടിപ്പിക്കാം. ഇത് 5.0GHz വരെ ടര്‍ബോ ബൂസ്റ്റ് ചെയ്യാം. ലാപ്‌ടോപിനുള്ളില്‍ തന്നെ 8 ടിബി എസ്എസ്ഡിയും ഉൾപ്പെടുത്താം. പുതിയ 16-ഇഞ്ച് റെറ്റിനാ ഡിസ്‌പ്ലെയ്ക്ക് 500 നിറ്റ്‌സ് ബ്രൈറ്റ്‌നസാണുള്ളത്. ഈ കംപ്യൂട്ടറിന് 'സ്റ്റുഡിയോ ക്വാളിറ്റി' മൈക്രോഫോണ്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി ആപ്പിള്‍ അവകാശപ്പെട്ടു. ആപ്പിളിന്റെ സിസര്‍-സ്വിച് മാജിക്കീബോഡ് ഈ നോട്ബുക്കില്‍ തിരിച്ചെത്തിയിരിക്കുന്നതായി കാണാം. ( അടുത്തിടെ ആപ്പിള്‍ ഇറക്കിയ മാക്ബുക്കുകളുടെ കീബോഡ് പ്രശ്‌നങ്ങള്‍ കുപ്രസിദ്ധമായിരുന്നല്ലോ.) ഇതിന് 100wH ചാര്‍ജറും ഉണ്ട്. സ്‌ക്രീന്‍ റെസലൂഷന്‍ 3072×1920 ആണ്. ഗ്രാഫിക്‌സ് പ്രോസസറിന് 2.1 അധികം വേഗം നല്‍കിയിരിക്കുന്നതായും കമ്പനി അറിയിച്ചു.
കുറഞ്ഞ മോഡല്‍
എന്നാല്‍ ഇത്രയധികം ഹാര്‍ഡ്‌വെയര്‍ കരുത്തു വേണ്ടാത്തവര്‍ക്കുള്ള മോഡലും ഇറക്കിയിട്ടുണ്ട്. ഇതിന് ശക്തിപകരുന്നത് 6-കോറുള്ള, ഇന്റല്‍ ഐ7, 2.6Ghz പ്രോസസറാണ്. ഇത് 4.5GHZ വരെ ടര്‍ബോ ബൂസ്റ്റ് ചെയ്യാം. തുടക്ക മോഡലിന് 512 ജിബി എസ്എസ്ഡിയായിരിക്കും ഉള്ളത്.
ഇരു മോഡലുകളിലും ആധുനിക തെര്‍മല്‍ ആര്‍ക്കിടെക്ചര്‍ ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ആപ്പിള്‍ പറയുന്നു. ഇതിനാല്‍ ബാറ്ററിയുടെ ശക്തി കുറച്ചുമാത്രം ഉപയോഗിച്ച് കരുത്തുകാട്ടാന്‍ ശക്തമാണ് പുതിയ ലാപ്‌ടോപുകളെന്നാണ് കമ്പനി പറയുന്നത്. ഇതിനായി ഈ മോഡലുകള്‍ക്കുള്ളിലേക്കുള്ള വായു സഞ്ചാരം 18 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇവയ്ക്കുളളിലെ ഹീറ്റ് സിങ്കിന്റെ വലുപ്പം മുന്‍തലമുറ പ്രോ മോഡലുകളെ അപേക്ഷിച്ച് 35 ശതമാനം വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഈ പുതിയ ശേഷികളും 100Wh ബാറ്ററിയും സമ്മേളിക്കുമ്പോള്‍ മുഴുവന്‍ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 11 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വില
ഏറ്റവും കൂടിയ മോഡലിന് 6,000 ഡോളറായിരിക്കും (ഏകദേശം 4.31 ലക്ഷം രൂപ) വില. എന്നാല്‍ കുറഞ്ഞ മോഡലിന്റെ തുടക്ക വേരിയന്റിന് 199,900 രൂപയായിരിക്കും വിലയെന്നാണ് അറിയുന്നത്.
എയര്‍പോഡ് പ്രോ വില്‍പന തുടങ്ങി
ആപ്പിളിന്റെ ഏറ്റവും മികച്ച വയര്‍ലെസ് ഇയര്‍ഫോണ്‍ ആയ എയര്‍പോഡ് പ്രോ ഇന്ത്യയില്‍ വില്‍പന തുടങ്ങി. ആപ്പിള്‍ ഓതറൈസ്ഡ് സെല്ലര്‍മാരില്‍ നിന്നും ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ സൈറ്റുകളില്‍ നിന്നും ഇവ സ്വന്തമാക്കാം. ഇതിന് 24,900 രൂപയാണു വില. മുന്‍ മോഡലുകളെപ്പോലെയല്ലാതെ മൂന്നു വേരിയന്റുകള്‍ ലഭ്യമാണ്. അവരവരുടെ ചെവിക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കണം.
ആപ്പിളിന്റെ എച്1 ചിപ്പാണ് എയര്‍പോഡ് പ്രോയ്ക്കുള്ളില്‍. ഐഫോണ്‍, ഐപാഡ് ഉടമകള്‍ക്ക് വോയിസ് അസിസ്റ്റന്റായ സിറിയുമായി സംവാദിക്കാനുള്ള കഴിവും പുതിയ ഇയര്‍ഫോണിന് ഉണ്ടായിരിക്കും. ഒറ്റ ചാര്‍ജില്‍ 4.5 മണിക്കൂര്‍ വരെ ഉപയോഗിക്കാം.
English Summary: Apple's new 16-inch MacBook Pro offers options for 8-core processor, 64GB of RAM