sections
MORE

ലോകത്തെ ‘പാട്ടിലാക്കിയ’ വോക്മാന്റെ നാൽപതാം പിറന്നാളിന് സോണിയുടെ സമ്മാനം

Sony-Releasing-A-Walkman
SHARE

വോക്മാന്റെ 40-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാണ ഭീമന്‍ സോണി ഇറക്കിയ പുതിയ മോഡലില്‍ സംഗീത പ്രേമികളെ ഉണര്‍ത്താന്‍ വേണ്ട ചില മികവുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഗൃഹാതുരത്വമുണര്‍ത്തുന്ന രീതിയില്‍ ടേപ്പിന്റെ ചലനവും NW-A100TPS എന്നുപേരിട്ടിരിക്കുന്ന മോഡലില്‍ ഒരുക്കിയിരിക്കുന്നു എന്നത് പഴയകാല സംഗീതപ്രേമികള്‍ക്ക് ഇമ്പം പകരുന്ന വാര്‍ത്തയായിരിക്കും. ആന്‍ഡ്രോയിഡ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

യാത്രയില്‍ വരെ പാട്ടുകൾ കൊണ്ടുനടക്കുക എന്നത് തുടങ്ങിവച്ച മോഡലാണ് സോണിയുടെ വോക്മാന്‍ (TPS-L2 Walkman). ഇത് അവതരിപ്പിച്ചത് 1979ല്‍ ആണ്.

ഫീച്ചറുകള്‍

പുതിയ മോഡലിന്റെ പ്രധാന ഫീച്ചറുകളിലൊന്ന് എസ് മാസ്റ്റര്‍ ഡിജിറ്റല്‍ ആംപ്ലിഫയര്‍ (S-Master HX digital amplifier) ആണ്. ഹൈ-റെസലൂഷന്‍ ശബ്ദം ഉറപ്പാക്കാനാണിത്. ശബ്ദത്തില്‍ കടന്നുകൂടാവുന്ന വക്രീകരണം കുറയ്ക്കുകയും ചെയ്യും. കംപ്രസ് ചെയ്ത വിഡിയോ ആണെങ്കില്‍ പോലും മികച്ച അനുഭവം നല്‍കാനായി പുതിയ പ്രോസസര്‍ ( DSEE HX) ഉപയോഗിച്ചിരിക്കുന്നു. ഇതിലൂടെ ഓഡിയോ അപ്‌സ്‌കെയിലിങ് നടത്തും. പഴയ വിനില്‍ (vinyl) റെക്കോഡുകളുടെ ചുവ ലഭിക്കാനായി വിനില്‍ പ്രോസസറും ഉള്‍ക്കൊളളിച്ചിട്ടുണ്ട്. 26 മണിക്കൂര്‍ നീളുന്ന ബാറ്ററി ലൈഫും യുഎസ്ബി-സി പോര്‍ട്ടും ഉണ്ട്. പുതിയ വോക്മാന്റെ വിലയും അത് എന്നെത്തുമെന്ന വിവരവും സോണി പുറത്തുവിട്ടില്ല.

ആദ്യകാലം

ഇന്ന് സംഗീത പ്രേമികള്‍ മ്യൂസിക് ലൈബ്രറി മുഴുവന്‍ സ്മാര്‍ട് ഫോണുകളില്‍ സൂക്ഷിക്കുന്നു. എന്നാല്‍ ഹെഡ്‌ഫോണും വച്ച് ലോകത്തെ മുഖ്യ നിരത്തുകളിലൂടെ ആളുകള്‍ നടക്കുന്ന കാഴ്ച തികച്ചും അസ്വാഭാവികമായ ഒന്നായിരുന്നുവെന്ന് പഴയകാല പത്രപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നു. എന്നാല്‍ അത് അതിവേഗം അംഗീകരിക്കപ്പെട്ടു. നടപ്പിനും യാത്രയ്ക്കുമൊപ്പം പ്രിയപ്പെട്ട പാട്ടുകള്‍ ലഭ്യമാക്കിയത് പുതിയൊരു തുടക്കം കുറിക്കുകയായിരുന്നു. കൂടാതെ മികച്ച ഓഡിയോ ക്വാളിറ്റിയും ആ പാട്ടുകള്‍ക്കുണ്ടായിരുന്നു.

കൊണ്ടുനടക്കാവുന്ന സൈസിലുള്ള കാസെറ്റുകളില്‍ പാട്ടുകള്‍ നിറച്ചാണ് സംഗീത പ്രേമികള്‍ പാട്ടു കേട്ടിരുന്നത്. ചിലരെല്ലാം തങ്ങളുടെ കാസെറ്റുകള്‍ മുഴുവന്‍ സഞ്ചിയിലാക്കി കൊണ്ടുനടന്നിരുന്നു. എന്നാല്‍ ഐപോഡ് തുടങ്ങിയ ഉപകരണങ്ങളുടെ ആവിര്‍ഭാവത്തോടെ കാസെറ്റ് പ്ലെയറുകളോടുള്ള താത്പര്യത്തിനു മങ്ങലേറ്റു. എന്നാല്‍ ഇപ്പോഴും വോക്മാന്‍ ഉപയോഗിക്കുന്ന ആളുകള്‍ ഉണ്ട് എന്നതാണ് സോണിയെ കാലോചിതമായി പരിഷ്‌കരിച്ച ഡിവൈസ് അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചതത്രെ. ഐഫോണ്‍ വന്നുവെങ്കിലും ഐപോഡുകള്‍ ആപ്പിള്‍ ഇപ്പോഴും ഇറക്കുന്നുണ്ട് എന്നതും പുതിയ ഡിവൈസ് ഇറക്കാനുള്ള കാരണങ്ങളിലൊന്നാണത്രെ.

മികച്ച പ്രൊഡക്ട്

ബെര്‍ലിനില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് സോണി തങ്ങളുടെ പുതുക്കിയ വോക്മാന്‍ അവതരിപ്പിച്ചത്. ഇവിടെയെത്തി പാട്ടു കേള്‍ക്കാനിടവന്ന റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത് പാട്ടുകള്‍ക്കുന്നതില്‍ പ്രതീക്ഷിക്കുന്ന ഉന്നത നിലവാരം പുതിയ ഡിവൈസിനുണ്ട് എന്നാണ്. സോണി ഉപകരണങ്ങള്‍ക്കു പൊതുവെയുള്ള ഓഡിയോ ഗുണനിലവാരം അനുഭവവേദ്യമാണ്. വായ്പ്പാട്ടില്‍ സമ്പന്നമായ അനുഭവം തരുന്നു. മിഡ് ടോണ്‍സിലും മികവു പുലര്‍ത്തുന്നു. സുഖകരമായ ബെയ്‌സും ഉണ്ട്.

നിര്‍മാണത്തില്‍ കാസെറ്റ് പ്ലെയറിനോട് സാമ്യം തോന്നാമെങ്കിലും ഇത് സമ്പൂര്‍ണ്ണമായും ഡിജിറ്റല്‍ ആണ്. പാട്ടു കേള്‍ക്കുമ്പോള്‍ ടേപ് കറങ്ങുന്നതുപോലെ തോന്നും. എന്നാല്‍ പുറമെയുള്ള പ്ലാസ്റ്റിക് കവറിനു കീഴില്‍ ഒരു ടച് സ്‌ക്രീന്‍ ഇന്റര്‍ഫെയ്‌സാണുള്ളത്. കവര്‍ തുറന്ന് കറങ്ങുന്ന ടേപ്പില്‍ സ്പര്‍ശിച്ചാല്‍ ആധുനിക ഇന്റര്‍ഫെയ്‌സ് ലഭിക്കും. ആല്‍ബം ആര്‍ട്ട്, പാട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍, പ്ലേ, പോസ് ബട്ടണുകള്‍ എല്ലാം പ്രത്യക്ഷപ്പെടും. കവര്‍ അടച്ചാല്‍ വീണ്ടും 'ടേപ്' കറങ്ങിത്തുടങ്ങും!

അധികം പാട്ടുകള്‍ സ്റ്റോറു ചെയ്യാനാവില്ല. 16ജിബിയാണ് മെമ്മറി എന്നതാണ് പുതിയ വോക്മാനെക്കുറിച്ചുളള പ്രധാന പരാതി. അതൊഴിച്ചാല്‍ പാട്ടുകേള്‍ക്കലില്‍ മികച്ച അനുഭവം നല്‍കുന്ന ഒന്നാണ് സോണിയുടെ പുതിയ ഉപകരണം.

English Summary: Sony releases a Walkman for its 40th anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA