ADVERTISEMENT

അതിനൂതന കംപ്യൂട്ടിങ് കരുത്ത് ഉള്‍ക്കൊള്ളിച്ചാണ് ഈ വര്‍ഷത്തെ മാക് പ്രോ ഡെസ്‌ക്ടോപ് മോഡലുകള്‍ ഇറക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടിയ സ്‌പെസിഫിക്കേഷന്‍ തന്നെ വേണമെന്നുള്ളവര്‍ ഏകദേശം  37,213,68 രൂപ (52,599 ഡോളര്‍) നല്‍കണം. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല മോഡല്‍ 3 ഇലക്ട്രിക് കാര്‍ വാങ്ങാന്‍ അത്ര പണം നല്‍കേണ്ടതില്ലല്ലോ എന്നാണ് ടെക്‌നോളജി ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മോഡല്‍ 3യുടെ തുടക്ക വില 41,100 ഡോളറാണ്.

 

വില ഒന്നുകൊണ്ടു മാത്രം ഉറപ്പിക്കാവുന്ന കാര്യമിതാണ്- മാക് പ്രോ എല്ലാവര്‍ക്കും വേണ്ടിയിറക്കിയിരിക്കുന്ന മോഡലല്ല. മ്യുസീഷ്യന്‍മാര്‍, വിഡിയോ എഡിറ്റര്‍മാര്‍, ആര്‍ട്ടിസ്റ്റുകള്‍, ചില കണ്ടെന്റ് സൃഷ്ടാക്കള്‍ തുടങ്ങിയവര്‍ക്കായിരിക്കും ഇതിന്റെ കരുത്ത് ആവശ്യം വരുന്നത്. അക്കാഡമി അവര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനെ പോലുള്ള ഒരാള്‍ക്കു പോലും ഇത് മുതലാകണമെന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

ഏറ്റവും കരുത്തുറ്റ മോഡലിന് 28 കോറുള്ള ഇന്റര്‍ സിയോണ്‍ ഡബ്ല്യു (Intel Xeon W) ആണ് ശക്തി പകരുന്നത്. 4.4 ഗിഗാഹെട്‌സ് വരെ ബൂസ്റ്റു ചെയ്യാവുന്ന ഇതിന് 56 ത്രെഡുകളുമുണ്ട്. മെമ്മറി സപ്പോര്‍ട്ട് 2933MHz വരെയുണ്ട്. കൂടിയ മെഷീന്റെ മെമ്മറി 1.5 ടിബിയാണ്! അത്രയും വേണ്ടെങ്കില്‍ 768 ജിബി മതിയെന്നു വയ്ക്കാം. (തുടക്ക മോഡലിന് 32 ജിബിയാണ് മെമ്മറി).

 

ഏറ്റവും വില കൂടിയ മോഡിലന് എഎംഡി റാഡിയോണ്‍ പ്രോ വെഗാ II ഡുവോ (AMD Radeon Pro Vega II Duo) ഗ്രാഫിക്‌സ് പ്രോസസറാണുള്ളത്. എട്ട് 4കെ ഡിസ്‌പ്ലെകള്‍ ഒരേസമയം ഉപയോഗിക്കാം. 5 കെ ഡിസ്‌പ്ലെയാണെങ്കില്‍ 5 എണ്ണവും. കറന്റ് ഉപയോഗിക്കുന്നത് കുറച്ചൊന്നുമല്ല – 1.4 കിലോ വാട്‌സാണ്.

 

എട്ടു പിസിഐ സ്ലോട്ടാണുള്ളത്. ആപ്പിള്‍ ആഫ്റ്റര്‍ബേര്‍ണര്‍ പ്രോറെസ് റോ ആക്‌സിലറേറ്റര്‍ കാര്‍ഡും ഉണ്ട്. 8കെ വിഡിയോയുടെ ആറു സ്ട്രീമുകളും 4കെ വിഡിയോയുടെ 23 സ്ട്രീമുകളും കൈകാര്യം ചെയ്യും. 8 ടിബി എസ്എസ്ഡിയാണ് സ്‌റ്റോറേജ്. സെക്കന്‍ഡില്‍ 3.4 ജിബിയാണ് റീഡ് സ്പീഡും റൈറ്റ് സ്പീഡും. ആപ്പിള്‍ റ്റി 2 സെക്യൂരിറ്റി ചിപ് ഉപയോഗിച്ച് സ്‌റ്റോറേജ് എന്‍ക്രിപ്റ്റ് ചെയ്യും. ഇതിനെല്ലാം ഇണങ്ങിയ മറ്റ് അനുബന്ധ ഘടകങ്ങളും ചേര്‍ന്നതാണ് ഈ 37 ലക്ഷത്തിന്റെ ഡിവൈസ്.

 

പ്രോ ഡിസ്‌പ്ലെ എക്‌സ്ഡിആര്‍ മോണിട്ടര്‍ ക്ലീന്‍ ചെയ്യാന്‍ പ്രത്യേകതരം തുണി

 

സാങ്കേതികവിദ്യാ പ്രേമികള്‍ ആപ്പിള്‍ പ്രെോഡക്ടുകളുടെ മികവിനു മുന്നില്‍ പകച്ചു നിന്നു പോകാറുണ്ട്. അത്തരം പ്രോഡക്ടുകളാണ് ഈ വര്‍ഷത്തെ മാക് പ്രോയും പ്രോ ഡിസ്‌പ്ലെ എക്‌സ്ഡിആര്‍ മോണിട്ടറും. അക്ഷരാര്‍ഥത്തില്‍ പ്രൊഫഷണലുകളെ മാത്രം ലക്ഷ്യം വിച്ചിറക്കിയിരിക്കുന്ന ഈ ഡിസ്‌പ്ലെയ്ക്കു വില 4,25,000 രൂപയിലേറെയാണ് (5,999 ഡോളര്‍). മറ്റൊരു രസകരമായ സംഗതി ഈ മോണിട്ടറിനായി ആപ്പിള്‍ പ്രത്യേകമായി നിര്‍മിച്ച സ്റ്റാന്‍ഡും കൂടെ വേണമെങ്കില്‍ അതിനും കൊടുക്കണം ഐഫോണ്‍ 11 പ്രോയുടെ തുടക്ക മോഡലിന്റെ വില– 999 ഡോളര്‍. ആന വാങ്ങുന്നവനു തോട്ടി പോലും ഫ്രീ ആയി നല്‍കില്ലെ എന്നൊക്കെയാണ് ചിലരൊക്കെ ചോദിക്കുന്നത്.

 

ഈ ഡിസ്‌പ്ലെ ക്ലീന്‍ ചെയ്യാന്‍ സാധാരണ തുണിയൊന്നും ഉപയോഗിക്കാന്‍ പാടില്ലെന്നാണ് കമ്പനി പറയുന്നത്. ദൈവം സഹായിച്ച് അതിനുള്ള പ്രത്യേക തരം തുണി ഡിസ്‌പ്ലെയ്‌ക്കൊപ്പം കമ്പനി ഫ്രീ ആയി നല്‍കുന്നുണ്ട്. തങ്ങളുടെ ഡസ്‌പ്ലെയ്ക്ക് നാനോ-ടെക്‌സ്ചര്‍ ഗ്ലാസ് ആണുള്ളതെന്ന് ആപ്പിള്‍ പറയുന്നു. കാശു പോകരുതെന്നുണ്ടെങ്കില്‍ തങ്ങള്‍ പറയുന്ന രീതിയില്‍ മാത്രമെ ക്ലീന്‍ ചെയ്യാവൂ എന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. നിങ്ങളുടെ സ്‌കീനിനൊപ്പം ലഭിക്കുന്ന തുണി മാത്രം ഉപയോഗിച്ചായിരിക്കണം ക്ലീനിങ് എന്ന് അവര്‍ പ്രത്യേകം ഓര്‍മപ്പെടുത്തുന്നു. നാനോ ടെക്‌സ്ചര്‍ ഗ്ലാസ് ക്ലീന്‍ ചെയ്യാനായി വെള്ളമോ മറ്റു ദ്രാവകങ്ങളോ ഉപയോഗിക്കരുത്. ഈ തുണി മുഷിഞ്ഞാല്‍ എങ്ങനെ വൃത്തിയാക്കണമെന്നുള്ളതിനും വിവരങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്.

 

അപ്പോള്‍ നമ്മളുടെ ക്ലീനിങ് തുണിയെങ്ങാനും പോയാലോ. ആപ്പിളിനെ സമീപിച്ച് പുതിയ തുണി വാങ്ങിക്കൊള്ളണം. ഈ തുണി എങ്ങനെ നിര്‍മിച്ചതാണെന്നൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒരു തരം പ്രതിഫലനവും അനുവദിക്കാത്ത നാനോ-ടെക്‌സ്ചര്‍ ഗ്ലാസ് ടെക്‌നോളജിയുടെ പുതിയൊരു മുഖമാണത്രെ കാണിച്ചു തരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com