ADVERTISEMENT

ആപ്പിളിന്റെ വാച്ചില്‍ പ്രവര്‍ത്തിക്കുന്നത് തനിക്കു പേറ്റന്റുള്ള ഹൃദയമിടിപ്പു നിരീക്ഷിക്കാനുള്ള ടെക്‌നോളജിയാണെന്ന് ന്യൂയോര്‍ക്കിലെ ഡോക്ടര്‍ ആരോപിച്ചിരിക്കുകയാണ്. ഇതിനാല്‍ തനിക്കു നഷ്ടപരിഹാരം നല്‍കണമെന്നാണ് എൻവൈയു സ്‌കൂള്‍ ഓഫ് മെഡിസിനിൽ അധ്യാപകനായ ഡോക്ടര്‍ ജോസഫ് വെയ്‌സല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രൂക്‌ലിനിലെ ഫെഡറല്‍ കോടതിയില്‍ അദ്ദേഹം കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ക്രമരഹിതമായി ഹൃദയമിടിച്ചാല്‍ പുതിയ ആപ്പിള്‍ വാച്ച് ഉപയോക്താവിനെ അറിയിക്കും. ഈ സാങ്കേതികവിദ്യയ്ക്കാണ് തനിക്ക് പേറ്റന്റ് ഉണ്ടെന്ന് വെയ്‌സെല്‍ അവകാശപ്പെടുന്നത്.

 

പരസ്യത്തിലും അണിയുന്നയാളിന്റെ ക്രമരഹിതമായ ഹൃദയമിടിപ്പു കണ്ടെത്താനുള്ള വാച്ചിന്റെ ശേഷിയെക്കുറിച്ച് ആപ്പിള്‍ എടുത്തു പറഞ്ഞ് പ്രചാരണം നടത്തുന്നുണ്ട്. തങ്ങളുടെ ബിസിനസില്‍ വെയറബിൾ വിഭാഗത്തിലാണ് വാച്ച് വരുന്നത്. എയര്‍പോഡ്‌സ് തുടങ്ങിയവയാണ് മറ്റുപകരണങ്ങള്‍. വെയറബ്ള്‍സ് ബിസിനസ് കഴിഞ്ഞ വര്‍ഷം 2400 കോടി ഡോളറാണ് ആപ്പിളിന് നേടിക്കൊടുത്തത്. കമ്പനിയുടെ ഏറ്റവും വളര്‍ച്ചയുള്ള ബിസിനസും ഇതാണ്.

 

തന്റെ കണ്ടുപിടുത്തം ഹൃദയമിടിപ്പ് നോക്കിയിരിക്കുന്നതില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ആട്രിയല്‍ ഫിബ്രിലേഷന്‍ ഡിറ്റെക്‌ഷന്‍ (atrial fibrillation detection) ക്രമരഹിതമായ ഹൃദയ താളം പരിശോധിച്ചു കണ്ടെത്തുന്നതായിരുന്നു തന്റെ കണ്ടുപിടുത്തമെന്ന് അദ്ദേഹം വാദിക്കുന്നു. താന്‍ 2017ല്‍ തന്നെ ആപ്പിള്‍ കമ്പനിയോട് ഇക്കാര്യത്തില്‍ തനിക്കു പേറ്റന്റുള്ള കാര്യം അറിയിച്ചിരുന്നതാണെന്നാണ് ഡോക്ടര്‍ പറയുന്നത്. താനുമായി ഒരു നീക്കുപോക്കിനും ആപ്പിള്‍ തയാറായില്ല. ഇതിനാലാണ് താന്‍ നിയമവവഴി സ്വീകരിക്കുന്നതെന്ന് ഡോക്ടര്‍ പറയുന്നു. തനിക്ക് ആപ്പിള്‍ നഷ്ടപരിഹാരം നൽകണമെന്നും തന്റെ അനുവാദത്തോടെയാണ് ടെക്‌നോളജി ഉപയോഗിക്കുന്നതെന്ന് സമ്മതിക്കണമെന്നുമാണ് അദ്ദേഹം കോടതിയില്‍ ആവശ്യപ്പെടുന്നത്. ആപ്പിള്‍ ഇതേക്കുറിച്ച് പ്രതികരിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com