ADVERTISEMENT

ഒരേ സമയം നാല് ഉപകരണങ്ങള്‍ വരെ ചാര്‍ജ് ചെയ്യാമെന്ന അവകാശവാദവുമായാണ് എക്‌സെക് സാറ്റലൈറ്റ് പ്രോ വയര്‍ലെസ് പവര്‍ബാങ്ക് (Xech Satellite Pro Wireless Powerbank) എത്തുന്നത്. സാധാരണ പവര്‍ബാങ്കിന്റെയും വയര്‍ലെസ് പവര്‍ബാങ്കിന്റെയും മികവുകള്‍ കലര്‍ത്തി നിര്‍മിച്ചതാണിത്. ഭാവിയിലെ പവര്‍ബാങ്കുകളെല്ലാം തന്നെ ഇങ്ങനെയായിരിക്കും ഇറങ്ങുക എന്നതിനാല്‍ ഇതേക്കുറിച്ച് അറിഞ്ഞുവയ്ക്കുന്നത് ഉപകാരപ്രദമായിരിക്കും.

 

എക്‌സെക് കമ്പനിയുടെ സാറ്റലൈറ്റ് പ്രോ മോഡല്‍ കഴിഞ്ഞ മാസമാണ് വിപണിയിലെത്തിയത്. ഓട്ടോ കട്ട്ഓഫ് ടെക്‌നോളജി, സക്ഷന്‍ കപ്പുകള്‍, ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട്, വയര്‍ലെസും അല്ലാത്തതുമായ ചാര്‍ജിങ് എന്നിവയെല്ലാമാണ് പവര്‍ബാങ്കിന്റെ പ്രത്യേകതകള്‍. യുഎസ്ബി-എ, മൈക്രോ യുഎസ്ബി, യുഎസ്ബി-ടൈപ് സി പോര്‍ട്ടുകളും ഈ മോഡലില്‍ അണിനിരത്തിയിട്ടുണ്ട്.

 

പ്ലാസ്റ്റിക് നിര്‍മിതമാണ് പവര്‍ബാങ്ക്. അധികം ഭാരമില്ല. എളുപ്പത്തില്‍ കൊണ്ടുനടക്കാം. ഉപകരണത്തിന്റെ മുകളില്‍, വയര്‍ലെസ് സിംബലിന് ഇരുവശവുമായി കാണുന്നത് നാലു നിര സക്ഷന്‍ കപ്പുകളാണ്. ഇവയിലേക്ക് ഫോണ്‍ അമര്‍ത്തി വച്ചാല്‍ അവിടെ മുറുകിപ്പിടിച്ചിരിക്കും എന്നാണ് സങ്കല്‍പ്പം. എന്നാല്‍, ഫോണും വച്ച് പവര്‍ബാങ്ക് കമഴ്ത്തിപ്പിടിക്കുന്നത് ഒരിക്കലും ഉചിതമായിരിക്കില്ല. ഇതു കൂടാതെ നാലു തരം യുഎസ്ബി പോര്‍ട്ടുകളും പവര്‍ ബട്ടണും എല്‍ഇഡി ഇന്‍ഡിക്കേറ്ററും ഉണ്ട്. പവര്‍ ബട്ടണ്‍ നിലവാരം കുറഞ്ഞാതാണോ എന്ന സംശയം തോന്നും. ബാറ്ററി ലെവല്‍ പ്രത്യേകം കാണിച്ചു തരും. എന്നാല്‍, ഇതിന്റെ പ്രവര്‍ത്തനത്തില്‍ കൃത്യത തോന്നിയില്ല.

Satelite-Pro-Power-Bank_3

 

പ്രകടനം

 

ഒരേസമയം നാല് ഉപകരണങ്ങള്‍ വരെ ചാര്‍ജ് ചെയ്യാമെന്നാണ് അവകാശവാദം. രണ്ട് യുഎസ്ബി എ പോര്‍ട്ടുകളുണ്ട്. അവയില്‍ ഒന്ന് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നു. അതു കൂടാതെ ഒരു ടൈപ്-സി പോര്‍ട്ടും, മൈക്രോ യുഎസ്ബി പോര്‍ട്ടുമാണ് ഉള്ളത്. മൈക്രോ യുഎസ്ബി കേബിള്‍ ഉപയോഗിച്ച് പവര്‍ബാങ്ക് മുഴുവന്‍ ചാര്‍ജാകാന്‍ മൂന്നു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ എടുക്കുന്നു.

 

വയര്‍ലെസ്

 

ക്വി (Qi) ചാര്‍ജിങ് കപ്പാസിറ്റിയുള്ള ഫോണുകള്‍ വയര്‍ലെസായി ചാര്‍ജ് ചെയ്യാം. വയര്‍ലെസ് ചാര്‍ജിങ് ഉപയോഗിച്ച് സാംസങ് ഗാലക്‌സി നോട്ട് 10 പ്ലസ് 73 ശതമാനം ചാര്‍ജ് ചെയ്യാന്‍ 2 മണിക്കൂര്‍ 10 മനിറ്റ് എടുത്തു. ഇത് തരക്കേടില്ലാത്ത സമയമാണ്. വയര്‍ലെസ് ചാര്‍ജിങ് വയേഡ് ചാര്‍ജിങ്ങിനെക്കാള്‍ പതുക്കെയാണല്ലോ.

power-bank

 

ഫാസ്റ്റ് ചാര്‍ജിങ്

 

സാംസങ് ഗാലക്‌സി എ50 (4000 എംഎഎച് ബാറ്ററി) 76 ശതമാനം ഫാസ്റ്റ് ചാര്‍ജ് ചെയ്യാന്‍ ഏകദേശം ഒരു മണിക്കൂര്‍ 30 മിനിറ്റ് എടുത്തു. ഗാലക്‌സി ടാബ് എസ്5ഇ (7040 എംഎഎച്) 62 ശതമാനം ചാര്‍ജ് ചെയ്തു. ചാര്‍ജിങ് സ്പീഡ് നല്ലതാണ്. ടാബ് കണക്ടു ചെയ്തപ്പോള്‍ നടത്തിയ ചാര്‍ജിങ് രീതിയില്‍ നിന്നു മനസ്സിലാകുന്നത് ചാര്‍ജറിന് കണക്ടു ചെയ്യുന്ന ഉപകരണങ്ങളെ പലതിനെയും തിരിച്ചറിയാമെന്നു തന്നെയാണ്.

 

ഇന്റലിജന്റ് കട്ട് ഓഫ്

 

പവര്‍ബാങ്കിന്റെ മറ്റൊരു മികച്ച ഫീച്ചര്‍ ഇന്റലിജന്റ് കട്ട് ഓഫാണ്. എന്നു പറഞ്ഞാല്‍, കണക്ടു ചെയ്തിരിക്കുന്ന ഉപകരണത്തിന്റെ ബാറ്ററി ഫുള്‍ ആയാല്‍ പവര്‍ബാങ്ക് ചാര്‍ജിങ് നിർത്തും.

 

നാല് ഉപകരണങ്ങള്‍ ഒരുമിച്ചു ചാര്‍ജ് ചെയ്താല്‍

 

നാല് ഉപകരണങ്ങള്‍ ഒരുമിച്ചു ചാര്‍ജ് ചെയ്താല്‍ പവര്‍ബാങ്ക് വല്ലാതെ ചൂടാകും. അത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. പരമാവധി രണ്ട് ഉപകരണങ്ങള്‍ തരക്കേടില്ലാത്ത രീതിയില്‍ ചാര്‍ജ് ചെയ്‌തെടുക്കാം.

 

വിലയും കപ്പാസിറ്റിയും

 

10,000 എംഎഎച് കപ്പാസിറ്റിയുള്ള ഈ പവര്‍ബാങ്കിന് 2,799 രൂപയാണ് എംആര്‍പി എങ്കിലും, ഇതെഴുതുന്ന സമയത്ത് ആമസോണില്‍ 1,449 രൂപയ്ക്കു വാങ്ങാം. പ്രകടനവും ഫീച്ചറുകളും പരിഗണിച്ചാല്‍ ഇത് മോശമല്ലാത്ത വിലയാണ്. എന്നാല്‍, എല്ലാ ഉപകരണങ്ങളോടും ഒരേ രീതിയില്‍ ആയിരിക്കുമോ എക്‌സെക്സാറ്റലൈറ്റ് പ്രോ വയര്‍ലെസ് പവര്‍ബാങ്ക് പ്രതികരിക്കുക എന്ന കാര്യത്തില്‍ ഉറപ്പു പറയാനാവില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com