sections
MORE

സൗന്ദര്യ സംരക്ഷണത്തിനും നിർമിത ബുദ്ധി! കൊതിപ്പിക്കും ഉപകരണങ്ങളുമായി സിഇഎസ് മിഴി തുറന്നു

CES-2020
SHARE

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലോകത്തെ ഏറ്റവും വലിയ പ്രദര്‍ശനമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (സിഇഎസ്) ലാസ് വേഗാസില്‍ തുടങ്ങി. എല്ലാ വര്‍ഷവും പല പുതിയ ഉപകരണങ്ങളെയും ട്രെന്‍ഡുകളെയും ഇതിലൂടെയാണ് ടെക്‌നോളജി പ്രേമികള്‍ പരിചയപ്പെടുക. ആദ്യ ദിവസം തങ്ങളുടെ ഉപകരണങ്ങള്‍ പരിചയപ്പെടുത്തിയ കമ്പനികളുടെ കൂട്ടത്തില്‍ എച്പി, ഡെന്‍, ലെനോവോ തുടങ്ങിയ കമ്പനികളുണ്ട്. പുതിയ ഇന്റല്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് അള്‍ട്രാബുക്കുകളും അവയുടെ ചില ഫീച്ചറുകളുമാണ് ഇവര്‍ പരിചയപ്പെടുത്തിയത്.

സാംസങ്

സാംസങ് പരിചയപ്പെടുത്തിയത് ഗ്യാലക്‌സി എസ് 10 ലൈറ്റ്, നോട്ട് 10 ലൈറ്റ് എന്നീ ഫോണുകളെയാണ്. സ്‌നാപ്ഡ്രാഗണ്‍ 855 ന്റെ ശക്തി, എസ് പെന്‍ ഉപയോഗിക്കാമെന്ന സവിശേഷത തുടങ്ങിയവയൊക്കെയാണ് ഈ ഫോണുകളുടെ പ്രത്യേകത. വില, ഇവ എന്നു ലഭ്യമാകുമെന്ന കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Galaxy-S10-Lite

ലോറിയല്‍

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനിയായ ലോറിയല്‍ (LÓreal), ഇത്തരം വസ്തുക്കള്‍ മിക്‌സ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളെയാണ് പരിചയപ്പെടുത്തിയത്. ലിപ്സ്റ്റിക്, ത്വക് പരിപാലനം തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങളാണ് അവതരിപ്പിച്ചത്. ഇതിനെല്ലാം എന്താണ് പ്രത്യേകത എന്നു ചോദിച്ചാല്‍ പുതിയ തലമുറയുടെ സൗന്ദര്യപരിപാലനത്തിനിണങ്ങിയ രീതിയിലുള്ളവയാണ് അവ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കണ്ണിലൂടെ നിങ്ങളുടെ മുഖത്തിന്റെ സവിശേഷതകള്‍ അവലോകനം ചെയ്ത ശേഷമായിരിക്കും ഉചിതമായ മെയ്ക്-അപ് സൃഷ്ടിക്കുക. ആഗോളതലത്തില്‍ ട്രെന്‍ഡിങ് ആയ ഷെയ്ഡുകള്‍ വേണമെങ്കിലും തിരഞ്ഞെടുക്കാം. എന്നാല്‍, നിറങ്ങളുടെ റീഫില്ലുകള്‍ വേറേ വാങ്ങേണ്ടതായി വരും. ഒപ്പം ലഭിക്കുന്ന കൊച്ചു കണ്ണടയില്‍ നോക്കി മെയ്ക്-അപ് ഇടുകയും ചെയ്യാം. ഇത് 2021ല്‍ ആയിരിക്കും ലഭ്യമാക്കുക.

mixing-cosmetic-items

സ്മാര്‍ട് ടൂത്ത് ബ്രഷുകള്‍

ഈ വര്‍ഷവും സ്മാര്‍ട് ടൂത്ത് ബ്രഷുകള്‍ പരിചയപ്പെടുത്താന്‍ രണ്ടു കമ്പനികള്‍ എത്തിയിരുന്നു. മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് എഐയുടെ സഹായം തേടുകയാണ് ഒരെണ്ണം ചെയ്യുന്നത്. ഓറല്‍-ബിയുടെ ഐഒ (iO) എന്ന മോഡല്‍ എഐ ഉപയോഗിച്ച് മൗത്ത് വാഷ് നടത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ മാഗ്‌നെറ്റിക് ഡ്രൈവ് വായിലെ 16 മേഖലകള്‍ തിരിച്ചറിഞ്ഞ് ക്ലീന്‍ ചെയ്യാന്‍ അനുവദിക്കുന്നു. ഏഴു ബ്രഷിങ് മോഡുകളാണ് ഇതിനുള്ളത്. ഒറ്റ ചാര്‍ജില്‍ 12 തവണ ഉപയോഗിക്കാമെന്നും പറയുന്നു. മറ്റൊരു മോഡല്‍ കോള്‍ഗേറ്റ് പ്ലാക്‌ലെസ് പ്രോ ടൂത്ത്ബ്രഷാണ്. പ്ലാക് (plaque) അഥവാ പല്ലിനു പുറത്തുണ്ടാകുന്ന കട്ടിയുള്ള ആവരണവും ബാക്ടീരിയയുടെ അടരുകളെയും നശിപ്പിച്ചു കളയാന്‍ ശേഷിയുള്ള ഓന്നാണിത്. എന്നാല്‍, കൃത്യമായി എങ്ങനെയാണിത് പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഗെയ്മിങ് ഡിസ്‌പ്ലേയുമായി അസൂസ്

ഗെയ്മിങ് പ്രേമികളുടെ ഏറ്റവും ഇഷ്ടമുള്ള ഫീച്ചറുകളിലൊന്നാണ് കൂടിയ റിഫ്രഷ് റെയ്റ്റ് ഉളള സ്‌ക്രീനുകള്‍. ഈ വര്‍ഷത്തെ ഐഫോണുകള്‍ക്ക് 90-120 ഹെട്‌സ് റിഫ്രെഷ് റെയ്റ്റ് ഉണ്ടായിരിക്കുമെന്നാണ് പറയുന്നത്. വണ്‍പ്ലസ് 7 പ്രോയുടെ ഡിസ്‌പ്ലേയ്ക്ക് 90 ഹെട്‌സ് റിഫ്രഷ് റെയ്റ്റ് ഉണ്ട്. അസൂസിന്റെ സ്വന്തം റോഗ് ഫോണ്‍ IIന് സെക്കന്‍ഡില്‍ 120 ഹെട്‌സ് ആണ് റിഫ്രഷ് റെയ്റ്റ്. കൂടിയ റിഫ്രഷ് റെയ്റ്റ് ഇഷ്ടപ്പെടുത്തുന്നവരെ മോഹിപ്പിക്കാനായി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഫൂളിന് അസൂസ് ഒരു വാര്‍ത്ത നല്‍കിയിരുന്നു- തങ്ങള്‍ 360 ഹെട്‌സ് റെയ്റ്റ് ഉള്ള ഒരു മോണിട്ടര്‍ ഇറക്കിയെന്ന്. അന്ന് അവര്‍ ഗെയ്മിങ് പ്രേമികളെ പറ്റിച്ചുവെങ്കിലും ഇന്നത് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് അസൂസ്. അതെ, യാതൊരു ലാഗുമില്ലാതെ ഗെയ്മില്‍ മുഴുകാന്‍ അനുവദിക്കുന്ന 360 ഹെട്‌സ് റിഫ്രഷ് റെയ്റ്റുള്ള ഫുള്‍എച്ഡി ഡിസ്‌പ്ലേയാണ് അസൂസ് അവതരിപ്പിച്ചത്. ഏറ്റവും സുഗമമായ ഗെയ്മിങ് അനുഭവത്തിനായി എത്ര പൈസയും മുടക്കാന്‍ തയാറുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ഈ വര്‍ഷം അസൂസിന്റെ റോഗ് സ്വിഫ്റ്റ് ഡിസ്‌പ്ലേ നിങ്ങളെ കാത്തിരിപ്പുണ്ടാകും. എന്നാല്‍, ഇതിനോട് ഒത്തു പ്രവര്‍ത്തിക്കാനാകുന്ന ഗ്രാഫിക്‌സ് പ്രോസസറും ഉണ്ടെങ്കില്‍ മാത്രമെ ഇതിന്റെ മുഴുവന്‍ ഗുണവും ചൂഷണം ചെയ്യാനാകൂ എന്ന കാര്യം മനസ്സില്‍ വയ്ക്കണം.

gaming-display

കൂടുതല്‍ മെലിഞ്ഞ ലാപ്‌ടോപ്പുകള്‍

വില കൂടിയ ഏതാനും അള്‍ട്രാബുക്കുകളായിരുന്നു ആദ്യ ദിനത്തിലെ പ്രധാന ആകര്‍ഷണീയത. ഡെല്‍ കമ്പനിയുടെ എക്‌സ്പിഎസ് 13 ന് നാലു വശത്തും നേര്‍ത്ത ബെസല്‍ മാത്രമുള്ള സ്‌ക്രീനാണ് ഉള്ളത്. ഇന്റലിന്റെ പത്താം തലമുറയിലെ പ്രോസസറുകളുമായി ഒത്തു പ്രവര്‍ത്തിക്കുന്ന അവ മിന്നും വേഗം പുറത്തെടുക്കും. എച്പിയുടെ ഊഴമായിരുന്നു അടുത്തത്. അത്യാകര്‍ഷകമായ 15-ഇഞ്ച് സ്‌ക്രീനുള്ള സ്‌പെക്ട്രെ എക്‌സ്360 മോഡലാണ് അവര്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. നേര്‍ത്ത ബെസലും ഇന്റലിന്റെ പത്താം തലമുറയിലെ പ്രോസസറുമാണ് ഈ മോഡലിന്റെയും പ്രധാന സവിശേഷത. ബിസിനസ് ഉപയോക്താക്കള്‍ക്കായി നിര്‍മിച്ച എച്പി എലൈറ്റ് ഡ്രാഗണ്‍ഫ്‌ളൈ ജി2 മോഡലും അവര്‍ അവതരിപ്പിച്ചു. ഇതില്‍ ബ്ലൂടൂത്ത് ട്രാക്കര്‍ ഉണ്ട്.

എന്നാല്‍, കാഴ്ചയില്‍ വിസ്മയം തീര്‍ക്കുന്ന കാര്യത്തില്‍ ലെനോവോ ലീജിയന്‍ വൈ740എസ് എന്ന മോഡല്‍ മുന്നിലായിരുന്നു. ഭാരക്കുറവും മെലിഞ്ഞതുമായ ഈ ഗെയ്മിങ് ലാപ്‌ടോപും ഇന്റലിന്റെ പത്താം തലമുറ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്നു. സ്‌ക്രീനിന് 60 ഹെട്‌സ് റിഫ്രഷ് റെയ്റ്റ് ഉണ്ട്. ഈ മോഡലിന് ഒരു എക്‌സ്‌റ്റേണല്‍ ഗ്രാഫിക്‌സ് പ്രോസസറും ഉണ്ട്. എന്‍വിഡിയയുടെയും എഎംഡിയുടെയും പല ഗ്രാഫിക്‌സ് കാര്‍ഡുകളും ഇതു സപ്പോര്‍ട്ട് ചെയ്യും.

G2

കരുത്തിലും വിലയിലും കേമനായ കഴിഞ്ഞ വര്‍ഷത്തെ മാക് പ്രോ മോഡല്‍ കണ്ടു കൊതിക്കുന്നയാളാണോ നിങ്ങള്‍? എന്നാല്‍ നിങ്ങള്‍ക്കായി വില കുറച്ചിറക്കിയിരിക്കുന്ന മോഡലാണ് എച്പിയുടെ എന്‍വി 32 എഐഒ. സമ്പൂര്‍ണ്ണ ഡെസ്‌ക്ടോപ് എന്ന നിലയിലാണ് എച്പി ഇത് സിഇഎസില്‍ അവതരിപ്പിച്ചത്. ഒൻപതാം തലമുറയിലെ ഇന്റല്‍ പ്രോസസറിന്റെ കരുത്തും 31.5-ഇഞ്ച് വലുപ്പമുള്ള 4കെ, എച്ഡിആര്‍600 ഡിസ്‌പ്ലേയുമുള്ള ഈ പിസിക്ക് എന്‍വിഡിയ ആര്‍ടിഎക്‌സ് 2080 മാക്‌സ്-ക്യു ഗ്രാഫിക്‌സ് പ്രോസസറും ഉണ്ട്. രണ്ടു സ്പീക്കറും ഒരു സബ് വൂഫറും അടങ്ങുന്ന ഓഡിയോ സിസ്റ്റവും ഒപ്പമുണ്ട്. ഈ കംപ്യൂട്ടറിന്റെ ബെയ്‌സ് സ്റ്റാന്‍ഡില്‍ ഫോണുകള്‍ വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. കംപ്യൂട്ടര്‍ ഓഫാണെങ്കിലും ചാര്‍ജ് ചെയ്യാം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA