sections
MORE

സ്വന്തം ലാപ്‌ടോപ് ഇറക്കി ഫ്‌ളിപ്കാര്‍ട്; വാറന്റി വീട്ടുപടിക്കല്‍ കിട്ടുമെന്ന് ഓഫർ!

marq
SHARE

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനാ സംരംഭങ്ങളിലൊന്നായ ഫ്‌ളിപ്കാര്‍ട് സ്വന്തമായി മാര്‍ക്ക് (MarQ) ബ്രാന്‍ഡില്‍ ലാപ്‌ടോപ് ഇറക്കി. ഫോള്‍ക്കണ്‍ എയര്‍ബുക്ക് (Falkon Aerbook ) എന്നു പേരിട്ടിരിക്കുന്ന മെലിഞ്ഞ, ഭാരം കുറഞ്ഞ ഈ ലാപ്‌ടോപിന് ശക്തി പകരുന്നത് ഇന്റലിന്റെ എട്ടാം തലമുറയിലുള്ള ഐ5 പ്രോസസറാണ്. ഏറ്റവും രസകരം ഈ ലാപ്‌ടോപ്പിന്റെ വാറന്റിയും സര്‍വീസും കമ്പനി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന രീതിയാണ്.

ഇതിലൂടെ ഫ്‌ളിപ്കാര്‍ട് പുതിയൊരു ബിസിനസ് രീതി തന്നെ ഉദ്ഘാടനം ചെയ്തതാവാം. ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്ന സാധനങ്ങള്‍ക്ക് എങ്ങനെ വാറന്റി നല്‍കുമെന്ന ചോദ്യത്തിന് ബുദ്ധിപൂര്‍വ്വവും പ്രായോഗികവുമായ രീതിയില്‍ ഉത്തരം നല്‍കിയതാണ് പലര്‍ക്കും ഇഷ്ടപ്പെട്ടിരിക്കുന്ന ഒരു കാര്യം. മികച്ച വില്‍പ്പനാനന്തര സേവനം നല്‍കി വിശ്വാസമാര്‍ജ്ജിച്ച ഫ്‌ളിപ്കാര്‍ട് പുതിയ നീക്കത്തിലും വിജയം കണ്ടാല്‍ അത് കടക്കാര്‍ക്ക് ഭീഷണിയായേക്കാം. പലരും വില്‍പ്പനാനന്തര സേവനം ഭേദമായിരിക്കുമെന്ന കാരണത്താലാണ് കടകളിലെത്തി സാധനങ്ങള്‍ വാങ്ങുന്നത്. ആദ്യം ഈ വിപണിക്കു പിന്നിലെന്താണെന്നു നോക്കാം.

മാര്‍ക്ക്

മാര്‍ക്ക് നാമമുള്ള പല കണ്‍സ്യൂമര്‍ ഉപകരണങ്ങളും തങ്ങള്‍ രണ്ടു വര്‍ഷത്തോളമായി വിറ്റുവരികയാണെന്നും അതിപ്പോള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കണ്‍സ്യൂമര്‍ ഇല്‌ക്ട്രോണിക് ബ്രാന്‍ഡ് ആയി തീര്‍ന്നുവെന്നും കമ്പനി അറിയിച്ചു. മാര്‍ക്ക് ഇപ്പോള്‍ത്തന്നെ ഉപയോക്താക്കളുടെ വിശ്വാസം ആര്‍ജ്ജിച്ചു കഴിഞ്ഞതിനാലാണ് പുതിയ പ്രൊഡക്ട് അവതരിപ്പിക്കുന്നതെന്നും കമ്പനി പറഞ്ഞു.

ഫോള്‍ക്കണ്‍ എയര്‍ബുക്ക്

കേവലം 16.5 മില്ലിമീറ്റര്‍ കനമാണ് ഫോള്‍ക്കണ്‍ എയര്‍ബുക്കിനുള്ളത്. ഭാരമാകട്ടെ 1.26 കിലോഗ്രാമും. ലാപ്‌ടോപ്പിന്റെ സ്‌ക്രീന്‍ സൈസ് 13.3-ഇഞ്ചാണ്. ഡിസ്‌പ്ലേയ്ക്ക് ഫുള്‍എച്ഡി റെസലൂഷനുണ്ട്. മുഴുവന്‍ സൈസ് ഉള്ള കീബോഡും ടച്ച് കൃത്യത ഉറപ്പാക്കുന്ന ടച്പാഡും ഇതിനുണ്ട്. റാം 8 ജിബിയായിരിക്കും. 256 ജിബി എസ്എസ്ഡി ആണ് സ്റ്റോറേജിനായി നല്‍കിയിരിക്കുന്നത്. ശേഷി 1 ടിബി വരെ വര്‍ധിപ്പിക്കാം. ലാപ്‌ടോപ്പിന്റെ 37W-hr ബാറ്ററി 5 മണിക്കൂര്‍ വരെ ലൈഫ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വാറന്റിയും വില്‍പ്പനാനന്തര സേവനവും

ഉടമയുടെ വീട്ടുപടിക്കല്‍ വാറന്റിയും വില്‍പ്പനാനന്തര സേവനവും നല്‍കാനാണ് കമ്പനിയുടെ ഉദ്ദേശം. 10,000 ലേറെ പിന്‍കോഡുകളില്‍ ഇതു നല്‍കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതിവിദഗ്ധരായ ടെക്‌നീഷ്യന്മാരുടെ സേവനം തങ്ങള്‍ ഉറപ്പാക്കുമെന്നാണ് ഫ്‌ളിപ്കാര്‍ട് പറയുന്നത്. എന്തെങ്കിലും ഘടകഭാഗങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഒറിജിനല്‍ മാത്രമെ ഉപയോഗിക്കൂ എന്നും അവര്‍ പറയുന്നു. ഇതിനായി ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെ വിളിക്കാവുന്ന കോള്‍ സെന്റര്‍ സേവനവും ലഭ്യമാകും.

പുതിയ ലാപ്‌ടോപ്പിന്റെ ആദ്യ ലക്ഷ്യം യുവ പ്രൊഫഷണലുകളും വിദ്യാര്‍ഥികളും സ്ത്രീകളുമാണെന്നാണ് കമ്പനി പറയുന്നത്. തങ്ങള്‍ക്ക് ധാരാളം പ്രതികരണങ്ങള്‍ ലഭിക്കാറുണ്ടെന്നും അവ വിശകലനം ചെയ്താണ് പുതിയ വില്‍പ്പനാനന്തര സേവനം കൊണ്ടുവരുന്നതെന്നും കമ്പനി പറഞ്ഞു. തങ്ങളുടെ ലാപ്‌ടോപ്പില്‍ ഉപയോക്താവിന് വേണ്ടത് എന്തെന്നും വിശകലനം ചെയ്ത ശേഷം നിര്‍മ്മിച്ചതാണ് എയര്‍ബുക്കുകളെന്നും കമ്പനി അവകാശപ്പെട്ടു. കനം കുറഞ്ഞതും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പുകളോടാണ് ആളുകള്‍ക്ക് ഇപ്പോള്‍ പ്രിയമെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍.

മാര്‍ക്ക് ബ്രാന്‍ഡിങ്ങുമായി ഇറങ്ങുന്ന ആറാമത്തെ പ്രൊഡ്ക്ട് ആണ് എയര്‍ബുക്ക്. ഐ5 പ്രോസസറിന്റെ കരുത്തുള്ള ഒരു ലാപ്‌ടോപ് വാങ്ങാന്‍ വിപണിയിലെത്തുന്നവര്‍ക്ക് അവഗണിക്കന്‍ ആകാത്തതായിരിക്കും തങ്ങളുടെ മോഡല്‍ എന്നും കമ്പനി കരുതുന്നു. അധികം താമസിയാതെ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാക്കുന്ന ലാപ്‌ടോപ്പിന്റെ വില 39,990 രൂപയായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA