ADVERTISEMENT

സംഗീതപ്രേമികൾക്കു ഗൃഹാതുരത്വം ഉണർത്തുന്ന ഉപകരണമാണ് സോണിയുടെ വോക്മാൻ മ്യൂസിക് പ്ലേയർ. വർഷങ്ങളോളം ലോകമെങ്ങും ഏറെ പ്രചാരമുണ്ടായിരുന്ന വോക്മാൻ പിന്നീട് ഡിജിറ്റൽ സംഗീതത്തിന്റെ വ്യാപനത്തോടെ സോണി നിർത്തലാക്കി. ഇപ്പോഴിതാ വോക്മാന്റെ പുതിയ പതിപ്പ് വിപണിയിലെത്തിച്ചിരിക്കുകയാണു സോണി. 

NW-A105 എന്ന പുതിയ മോഡലിന് ആൻഡ്രോയ്ഡ് വോക്മാൻ എന്നാണ് സോണി പേരിട്ടിരിക്കുന്നത്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇത് ആപ്പിളിന്റെ ഐപോഡിനോട് ഏറെ സാദൃശ്യമുള്ളതാണ്. ഫോൺ കോളുകൾ ചെയ്യാൻ സാധിക്കില്ല എന്നതൊഴിച്ചാൽ മറ്റുള്ള എല്ലാ സേവനങ്ങളും ആപ്പുകളുമൊക്കെ ഇതിൽ പ്രവർത്തിക്കും. 

ഫോണിലെ ബട്ടണുകളിൽ നിന്നു വ്യത്യസ്തമായി ആൻഡ്രോയ്ഡ് വോക്മാന്റെ ബട്ടണുകളും ഡിസൈനുമെല്ലാം സംഗീതപ്രേമികളെ ലക്ഷ്യം വച്ചുള്ളതാണ്. ആൻഡ്രോയ്ഡ് 9 ഒഎസിൽ പ്രവർത്തിക്കുന്ന ഇത് നിലവിലുള്ള എല്ലാ മ്യൂസിക് സ്ട്രീമിങ് സേവനങ്ങളെയും പിന്തുണയ്ക്കുന്നു. 3.6 ഇഞ്ച് ഡിസ്പ്ലേയുള്ള വോക്മാനിൽ 4 ജിബി റാമും 16 ജിബി ഇന്റേണൽ മെമ്മറിയുമുണ്ട്. 128 ജിബി വരെയുള്ള മെമ്മറി കാർഡും ഇതിലുപയോഗിക്കാം. 

ഡിജിറ്റൽ കംപ്രഷൻ വഴി നിലവാരം നഷ്ടപ്പെട്ടു പോയ മ്യൂസിക് ഫയലുകൾ പഴയ നിലവാരത്തിലെത്തിക്കുന്നതുൾപ്പെടെ ഒട്ടേറെ നൂതനസംവിധാങ്ങൾ ഇതിലുണ്ട്. എംപിത്രിയുടെ നിലവാരം ഉയർത്തുന്ന സോണിയുടെ DSEE HX സോഫ്റ്റ്‌വെയർ, എസ്-മാസ്റ്റർ എച്ച്എക്സ് ‍ഡിജിറ്റൽ ആംപ്ലിഫയർ എന്നിവയുള്ള വോക്മാൻ ഡയറക്ട് സ്ട്രീം ഡിജിറ്റൽ (ഡിഎസ്ഡി) ഓഡിയോ ഫോർമാറ്റുകളെല്ലാം സപ്പോർട്ട് ചെയ്യും.

വൈഫൈ, ബ്ലൂടൂത്ത്, എൻഎഫ്സി കണക്ടിവിറ്റിയുള്ള വോക്മാൻ 26 മണിക്കൂർ വരെ തുടർച്ചയായി സംഗീതമാസ്വദിക്കാനുള്ള ബാറ്ററി ബായ്ക്കപ്പോടെയാണ് എത്തുന്നത്. യുഎസ്ബി-സി, ഫാസ്റ്റ്ചാർജ്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയുള്ള ആൻഡ്രോയ്ഡ് വോക്മാന് 23,990 രൂപയാണു വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com