ADVERTISEMENT

സ്മാര്‍ട് സ്പീക്കറുകള്‍ക്കും വോയിസ് അസിസ്റ്റന്റുകള്‍ക്കെല്ലാം ആരെങ്കിലും ശബ്ദം നല്‍കുകയാണോ ചെയ്യുന്നത്? ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായ സിറിയുടെ ശബ്ദത്തിനു പിന്നില്‍ സൂസന്‍ ബെന്നറ്റ് എന്ന ആര്‍ട്ടിസ്റ്റിന്റെ ശബ്ദവും ഉണ്ടെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍, പൊതുവെ അങ്ങനെയല്ല. എന്തായാലും ഈ വിഷയം ഇപ്പോള്‍ ഉയര്‍ന്നുവരാന്‍ ഒരു കാരണമുണ്ട്. ഇന്ത്യയിലെ ആമസോണ്‍ അലക്‌സയുടെ ശബ്ദത്തോടു സമാനത തോന്നുന്ന ഒരു വോയിസ് ആര്‍ട്ടിസ്റ്റിനെ കണ്ടെത്തിയതാണ് സൈബര്‍ ലോകത്ത് ഉദ്വേഗം ജനിപ്പിച്ചത്.

 

സുപ്രിയ കപൂര്‍ എന്ന വോയിസ് ആര്‍ട്ടിസ്റ്റാണ് അലക്‌സയുടെ അതേ ശബ്ദത്തില്‍ സംസാരിക്കുന്നത്. ഒരു ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ സുപ്രിയ മറ്റൊരു ഡിജെയുടെ ചോദ്യങ്ങള്‍ക്ക് അലക്‌സയുടെ ശബ്ദത്തില്‍ മറുപടി നല്‍കിയതാണ് സൈബര്‍ ലോകത്ത് സംശയത്തിനു വഴിവച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുൻപ് വോയിസ് അസിസ്റ്റന്റുകളുടെ ശബ്ദം പലര്‍ക്കും കേള്‍ക്കാനിഷ്ടമില്ലാത്ത രീതിയില്‍ 'യാന്ത്രികമായിരുന്നു'. തുടര്‍ന്ന് വന്‍ മാറ്റമാണ് കണ്ടത്. സ്മാര്‍ട് സ്പീക്കറുകള്‍ വന്നതോടെ, പലരും വീട്ടിനുള്ളില്‍ ലൈറ്റ് സ്വിച്ചിടാനും ഓഫ് ചെയ്യാനും അടക്കമുള്ള കാര്യങ്ങള്‍ വോയിസ് അസിസ്റ്റന്റുകളോട് ആജ്ഞാപിക്കുകയാണ് ചെയ്യുന്നത്.

 

ഇന്റര്‍നെറ്റില്‍ നിന്നുള്ളതടക്കമുള്ള വിവരങ്ങളും ഇമെയിലുകളും മറ്റു സന്ദേശങ്ങളും വായിച്ചു കേള്‍പ്പിക്കാനും മറ്റും ഇക്കാലത്ത് ആളുകള്‍ വോയിസ് അസിസ്റ്റന്റുകളുടെ സഹായം തേടാറുണ്ട്. അവയുടെ ശബ്ദത്തില്‍ വന്ന മാറ്റം അത്രമേല്‍ മാറിയിരിക്കുന്നു. ഇത്തരം വോയിസ് അസിസ്റ്റന്റുകളില്‍ പ്രധാനപ്പെട്ടതാണ് ആമസോണിന്റെ അലക്‌സയുടെ ശബ്ദം. ആമസോണ്‍ എക്കോയും മറ്റും വീട്ടിലുള്ളവര്‍ക്ക് അലക്‌സയുടെ ശബ്ദം ഒരു കുടുംബാംഗത്തിന്റെതെന്ന പോലെ പരിചിതമാണ്. സ്‌നേഹപൂര്‍ണ്ണം, ഇല്‌ക്ട്രോണിക്, കാര്യമായി അലോസരപ്പെടുത്താത്തത് എന്നെല്ലാമാണ് അലക്‌സയുടെ ശബ്ദത്തെ ഓരോരുത്തരും വിശേഷിപ്പിക്കുന്നത്.

 

സുപ്രിയ കപൂറിന്റെ ശബ്ദവും സംസാര രീതിയും അലക്‌സയുടേതിനോട് സാമ്യമുള്ളതാണെന്ന് കണ്ടെത്തിയതോടെ അലക്സയ്ക്കു പിന്നില്‍ ഈ വോയിസ് ആര്‍ട്ടിസ്റ്റ് തന്നെയാണോ എന്ന സംശയമുയര്‍ന്നത്. പല പരസ്യങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള ആര്‍ട്ടിസ്റ്റാണ് സുപ്രിയ. ഇപ്പോള്‍ അവര്‍ 104.8 ഇഷ്‌ക് എഫ്എമ്മിലാണ് ജോലി ചെയ്യുന്നത്. ഏപ്രില്‍ 2019 മുതലാണ് അവര്‍ ഇഷ്‌കിലെത്തുന്നത്. എന്നാല്‍, അലക്‌സയുടെ ശബ്ദത്തിനു പിന്നില്‍ സുപ്രിയയല്ല, വളരെ തന്മയത്വത്തോടെ അവര്‍ അലക്‌സയുടെ ശബ്ദ സവിശേഷതകള്‍ തന്റെ സംസാരത്തില്‍ ഉള്‍ക്കൊള്ളിക്കുകയാണ് എന്നാണ് കണ്ടെത്തിയത്. ചോദ്യങ്ങള്‍ക്ക് അലക്‌സ മറുപടി പറയുന്ന രീതി അനുകരിക്കുകയാണ് സുപ്രിയ ചെയ്യുന്നത്. എന്നാല്‍, രണ്ടു പേരുടെയും ശബ്ദത്തിലും സംസാര രീതിയിലുമുള്ള സാമ്യം അത്രേമല്‍ അമ്പരപ്പിക്കുന്നതാണ് എന്നതാണ് ഇപ്പോള്‍ സുപ്രിയയ്ക്ക് ശ്രദ്ധ കിട്ടാനുള്ള കാരണം.

 

എങ്ങനെയാണ് വോയിസ് അസിസ്റ്റന്റുകളുടെ ശബ്ദം സൃഷ്ടിക്കുന്നത്?

 

വോയിസ് അസിസ്റ്റന്റുകളോട് നിരന്തരം ഇടപെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അവരുടെ ശബ്ദം എങ്ങനെയാണ് സൃഷ്ടിക്കുക എന്ന് സംശയിക്കാത്തവരായി ആരും കാണില്ല. ഇതേക്കുറിച്ച് പൊതുവെ കിട്ടുന്ന ഉത്തരം ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉരുത്തിരിച്ചെടുക്കുന്ന ഒന്നാണ് എന്നാണ്. റെക്കോഡു ചെയ്തുവച്ചിരിക്കുന്ന വാക്കുകളും ശബ്ദങ്ങളും ആവശ്യാനുസരണം കോര്‍ത്തിണക്കി വാചകങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതത്രെ. ഇത് സ്വാഭാവികമാണ് എന്നു തോന്നിക്കത്തക്ക വിധത്തിലുള്ള മാറ്റങ്ങളോടെയാണ് കേള്‍പ്പിക്കുന്നത്. അതു സംസാരിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ ശബ്ദം കേട്ട്, എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com