ADVERTISEMENT

കൊറോണ വൈറസ് ഭീതിയില്‍ ഈ വര്‍ഷം ഇറങ്ങേണ്ടിയിരുന്ന പല ഉൽപന്നങ്ങളുടെയും അവതരണം മാറ്റിവച്ചെങ്കിലും ആപ്പിള്‍ കമ്പനി അതിൽ വ്യത്യസ്തരാകുകയാണ്. തങ്ങളുടെ ഏറ്റവും പുതിയ ഐപാഡ് പ്രോ മോഡലുകള്‍, വില കുറഞ്ഞ മാക്ബുക്ക് എയര്‍, മാക് മിനി മോഡലുകള്‍ എന്നിവ കമ്പനി അവതരിപ്പിച്ചു. എന്നാല്‍, പല മാസങ്ങളായി പറഞ്ഞു കേട്ട ഐഫോണ്‍ 9 അല്ലെങ്കില്‍ ഐഫോണ്‍ എസ്ഇ2 എന്ന വില കുറഞ്ഞ ഫോണ്‍ അവതരിപ്പിച്ചില്ല.

 

ഐപാഡ് പ്രോ 

 

പുതിയ രണ്ട് ഐപാഡ് പ്രോ മോഡലുകളാണ് അവതരിപ്പിച്ചത്. ഇവയ്ക്ക് 11 ഇഞ്ചും 12.9 ഇഞ്ചുമാണ് വലുപ്പം. തൊട്ടുമുന്നിലെ ഐപാഡ് പ്രോ മോഡലിന്റെയും ഐഫോണ്‍ 11ന്റെയും ഫീച്ചറുകള്‍ സമ്മേളിപ്പിച്ചാലെന്നവണ്ണമാണ് കാഴ്ചയില്‍ ഇവ. ഐഫോണ്‍ 1ൽ ഉള്ളതിന് സമാനമായ ഇരട്ട ക്യാമറകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് ലിഡാര്‍ (Lidar) സാങ്കേതികവിദ്യയുടെ മികവുണ്ട്. സെല്‍ഫ് ഡ്രൈവിങ് കാറുകളില്‍ ഉപയോഗിക്കുന്നതാണ് ഈ ടെക്‌നോളജി. ഡെപ്തിന്റെ അനുഭവം വര്‍ധിപ്പിക്കുക എന്നതാണ് ഇതിന്റെ കര്‍ത്തവ്യം. ഐപാഡ് പ്രോ മോഡലുകളില്‍ ഇവ ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം കൂടുതല്‍ മികവുറ്റതാക്കും.

 

ലിഡാര്‍

 

ക്യാമറാ മൊഡ്യൂളിലാണ് ലിഡാര്‍ സെന്‍സറിന്റെ സ്ഥാനം ഇന്‍ഫ്രാറെഡ് ലൈറ്റ് അയച്ച് വസ്തുക്കള്‍ എത്ര അകലെയാണ് എന്ന് അളക്കും. ഇതിന്റെ റെയ്ഞ്ച് 5 മീറ്ററാണ്. ആപ്പിളിന്റെ മെഷര്‍ ആപ്പുമായി ഒത്തു പ്രവർത്തിക്കുമ്പോള്‍ ഒരാളുടെ പൊക്കവും മറ്റും കൂടുതല്‍ കൃത്യതയോടെ അറിയാന്‍ സാധിക്കും. എന്തെല്ലാം മാറ്റമാണ് ഇത് ഐപാഡ് പ്രോയുടെ ക്യാമറയ്ക്ക് കൊണ്ടുവന്നിരിക്കുന്നത് എന്നത് ഇപ്പോള്‍ പറയാനാവില്ല.

 

പുതിയ ഐപാഡ് പ്രോ മോഡലുകള്‍ക്ക് ശക്തി പകരുന്നത് എ12സെഡ് (A12Z) പ്രൊസസറാണ്. തൊട്ടു മുന്നിലെ തലമുറയില്‍ ഉപയോഗിച്ചിരിക്കുന്നത് എ12എക്‌സ് പ്രൊസസറാണ്. പുതിയ ചിപ്പിന് 8-കോറുള്ള ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റും ഉണ്ട്. ചൂട് നിയന്ത്രിക്കാനുള്ള കഴിവും മെച്ചപ്പെടുത്തിയെന്ന് കമ്പനി പറയുന്നു. 2017ലെ ഐപാഡ് പ്രോ മോഡലുകളെക്കാള്‍ 2.6 ശതമാനം ശക്തിയുള്ളതാണ് പുതിയ മോഡലുകള്‍. ഫെയ്‌സ് ഐഡി തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോം ബട്ടണ്‍ ഇല്ല. മാഗ്നറ്റിക് ഡോക് ഉണ്ട്. രണ്ടാം തലമുറയിലെ ആപ്പിള്‍ പെന്‍സിലും സപ്പോര്‍ട്ട് ചെയ്യും.

 

കീബോര്‍ഡ്

 

കൂടുതല്‍ കാശു നല്‍കി വാങ്ങേണ്ട ഒന്നാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്ന കീബോര്‍ഡ്. ഐപാഡ് ഉയര്‍ത്തിവയ്ക്കാനും, ലാപ്‌ടോപ്പിനു സമാനമായ തോന്നലുണ്ടാക്കാനും ഇതിനു സാധിക്കും. ഇതില്‍ യുഎസ്ബി-സി പോര്‍ട്ടും ഉണ്ട്. എസ്ഡി കാര്‍ഡ് റീഡറും മറ്റും കണക്ടു ചെയ്യാനാകും. കീബോര്‍ഡിനു താഴെയായി ട്രാക്പാഡും ഉണ്ട്. ഐപാഡില്‍ കേര്‍സര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മാക് ഒഎസിന്റെ തോന്നലുണ്ടാക്കും. നിരവധി വര്‍ഷങ്ങള്‍ ആവശ്യപ്പെട്ടതിനു ശേഷമാണ് ആപ്പിള്‍ ഐപാഡുകള്‍ക്ക് ട്രാക്പാഡ് അനുവദിച്ചു കൊടുക്കുന്നത്. പുതിയ കീബോര്‍ഡ് വില്‍പ്പനയ്ക്ക് എത്താന്‍ അല്‍പ്പം വൈകും. ഐപാഡുകളുടെ കേര്‍സര്‍ സപ്പോര്‍ട്ട് മാര്‍ച്ച് 24 മുതല്‍ ലഭ്യമാകും.

 

വില 

 

പുതിയ ഐപാഡുകളില്‍ 11-ഇഞ്ച് മോഡലിന്റെ തുടക്ക വില 71900 രൂപയായിരിക്കും. സ്‌ക്രീന്‍ വലുപ്പം കൂടുതലുള്ള 12.9-ഇഞ്ചിന് 89,900 രൂപ നല്‍കണം. ഇവയെക്കുറിച്ച് ആപ്പിള്‍ പുറത്തിറക്കിയ വിഡിയോ താഴെ കാണാം. https://youtu.be/09_QxCcBEyU

 

പുതിയ മാക്ബുക്ക് എയര്‍

 

സാധാരണ ഉപയോഗത്തിനായി ആപ്പിളിന്റെ ലാപ്‌ടോപ് വാങ്ങാന്‍ ആഗ്രഹിക്കുന്ന മിക്കവാറും എല്ലാവര്‍ക്കും മതിയാകുന്ന മോഡലാണ് മാക്ബുക്ക് എയര്‍ 2020. ഇതിന്റെ തുടക്ക വില 92,990 രൂപയായിരിക്കും. പത്താം തലമുറയിലെ ഇന്റല്‍ കോര്‍ പ്രൊസസറുകളാണ് ശക്തി പകരുന്നത്. തുടക്ക മോഡലുകള്‍ കോര്‍ ഐ3, കോര്‍ ഐ5 എന്നിവ രണ്ടും ഉപയോഗിച്ചുള്ളവയാണെങ്കില്‍, കോര്‍ ഐ7 ഉപയോഗിച്ചുള്ള എയറും ഇറക്കുന്നുണ്ട്. തുടക്ക മോഡലിന് 8ജിബി ആയിരിക്കും റാം. ഇവ 2ടിബി എസ്എസ്ഡി വരെ സ്വീകരിക്കും.

 

പുതുക്കി സൃഷ്ടിച്ച മാജിക് കീബോര്‍ഡാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണീയത. 13.3-ഇഞ്ച് റെറ്റിനാ ഡിസ്‌പ്ലെയാണ് സ്‌ക്രീന്‍ (2560 x 1600 റെസലൂഷന്‍). ടി2 സുരക്ഷാ ചിപ്പ് അടക്കമുള്ള നിരവധി ഫീച്ചറുകളും ഉണ്ട്. 

 

മാക് മിനി

 

പുതുക്കി ഇറക്കിയ മാക് മിനി മോഡലുകള്‍ക്ക് 256ജിബി ആയിരിക്കും തുടക്ക സ്‌റ്റോറെജ് കപ്പാസിറ്റി. ഇതിന് വില 74,900 രൂപയായിരിക്കും. അടുത്തയാഴ്ച മുതല്‍ വിവിധ സ്‌റ്റോറുകളില്‍ മാക്ബുക്ക് എയര്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com