ADVERTISEMENT

ഡോളര്‍ വിലയേക്കാള്‍ കുറച്ച് ഒരു ആപ്പിള്‍ പ്രൊഡക്ട് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് - ഹോംപോഡ്. അമേരിക്കയില്‍ 499 ഡോളര്‍ വിലയ്ക്ക് അവതരിപ്പിച്ച ഹോംപോഡിന് ഇന്ത്യയില്‍ വില്‍ക്കാന്‍ എത്തിക്കുമ്പോള്‍ ഇട്ടിരിക്കുന്ന വില 19,990 രൂപയാണ്. ഇപ്പോഴും അമേരിക്കിയില്‍ ലഭ്യമായ വിലയേക്കാള്‍ കുറവാണിത്. അടുത്തിടെ ഇറക്കിയ ആപ്പിളിന്റെ വില കുറഞ്ഞ സ്മാര്‍ട് ഫോണായ ഐഫോണ്‍ എസ്ഇയുടെ തുടക്ക വില 399 ഡോളറാണ്. ഇന്ത്യയില്‍ ഇതിന് 42,500 രൂപ നല്‍കണം എന്നിരിക്കെയാണ് പുതിയ വിലയിടല്‍ തന്ത്രവുമായി ആപ്പിള്‍ എത്തിയിരികകുന്നത്. 

 

തങ്ങളുടെ പ്രൊഡക്ടുകളുടെ വില ഇന്ത്യക്കാര്‍ക്കായി ഇടുമ്പോള്‍ ഇങ്ങനെ മാറിചിന്തിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയായിരിക്കുമോ ഇതെന്നാണ് ആപ്പിള്‍ കമ്പനിയുടെ ആരാധകര്‍ ചോദിക്കുന്നത്. ആമസോണ്‍ എക്കോ, ഗൂഗിള്‍ ഹോം തുടങ്ങിയവയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ അവതരപ്പിച്ച പ്രൊഡക്ട് ആണ് ആപ്പിള്‍ ഹോംപോഡ് എന്ന സ്മാര്‍ട് സ്പീക്കര്‍. ഹോംപോഡ് ഇന്ത്യയിലെ ഗ്രീന്‍, ഓറഞ്ച് സോണുകളിലുള്ളവര്‍ക്കു മാത്രമായിരിക്കും ഉടനടി ലഭ്യമാകുക. ഇവ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ പോകുന്നുവെന്നു പറഞ്ഞ് നാല് മാസത്തിനുള്ളില്‍ തന്നെ അവ വില്‍പനയ്ക്ക് എത്തുകയാണ്.

 

പ്രധാന സവിശേഷത

 

മറ്റ് സ്മാര്‍ട് സ്പീക്കറുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതിനുള്ള പ്രധാന സവിശേഷത അതിന്റെ 'സ്വയം ബോധമാണ്', അഥവാ, ഓട്ടോമാറ്റിക് സെന്‍സിങ്. ഈ സ്പീക്കറില്‍ കുടിയിരുത്തിയിരിക്കുന്ന ആപ്പിള്‍ മാജിക് ഇതാണ് - ഹോംപോഡിനെ എവിടെയാണ് വച്ചിരിക്കുന്നതെന്ന് അതിനറിയാം! മുറിയിലാണോ വച്ചിരിക്കുന്നത്, മൂലയിലാണോ, മേശയിലാണോ, ബുക്ക് ഷെല്‍ഫിലാണോ എന്നെല്ലാം 'മനസിലാക്കി' ആയിരിക്കും അത് ശബ്ദമുണ്ടാക്കുക!

 

മുറിയിലെ ശബ്ദം കേള്‍ക്കാനായി ആറു മൈക്രോഫോണുകളാണ് ഹോംപോഡില്‍ നിരന്നിരിക്കുന്നത്. ശബ്ദം കേള്‍പ്പിക്കാനായി ഒരു വൂഫറും ഏഴു ട്വീറ്ററുകളും അണിനിരക്കുന്നു. ഒരു കസ്റ്റം ആംപ്ലിഫയറുമുണ്ട്. ആമസോണില്‍ അലക്‌സ ഇരിക്കുന്നതു പോലെ ഹോംപോഡിലെ വോയിസ് അസിസ്റ്റന്റ് കമ്പനിയുടെ സിറി ആണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതും മറ്റു കമാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതും സിറി ആയിരിക്കും. സ്പീക്കറിനു ശക്തി പകരുന്നത് ആപ്പിളിന്റെ സ്വന്തം എ8 ചിപ്പാണ്. ഹോംപോഡിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഏകീകരിക്കുന്നത് ഈ ചിപ്പ് ആണ്.

 

കുടുംബത്തിനു വെളിയിലുള്ളവര്‍ കണ്ണുവയ്‌ക്കേണ്ട

 

ആപ്പിളിന്റെ ഐഒഎസ്, ഐപാഡ് ഒഎസ്, മാക്ഒഎസ് എന്നിവ ഉള്ള ഉപകരണങ്ങളുമായി മാത്രം സന്ധിക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് ഹോംപോഡ്. ചുരുക്കിപ്പറഞ്ഞാല്‍ ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ലിനക്‌സ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇതു പരിഗണിക്കേണ്ട കാര്യമില്ല. വെള്ള, സ്‌പെയ്‌സ് ഗ്രേ നിറങ്ങളില്‍ ലഭ്യമായ സ്പീക്കറിനെ വല പോലെയുള്ള ഒരു ആവരണമാണ് പൊതിഞ്ഞും സംരക്ഷിക്കുന്നത്.

 

ആമസോണില്‍ ലഭ്യമല്ല

 

ഫ്‌ളിപ്കാര്‍ട്ട്, പേടിഎം, ആപ്പിളിന്റെ അംഗീകൃത വ്യാപാരികള്‍ എന്നിവരിലൂടെ ഹോം പോഡ് വാങ്ങാം. തങ്ങളുടെ എക്കോയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമോ എന്ന കാരണമാണ് ആമസോണ്‍ ഹോംപോഡിന് ഇടം നല്‍കാത്തതെന്നാണ് അറിവ്.

 

ഒന്നു കൂടെ ആലോചിക്കാം, ശരിക്കും വില കുറവുണ്ടോ?

 

അതെ, ഹോംപോഡിന്റെ വിലയിടലില്‍ എവിടെയോ ഒരു പന്തികേടില്ലേ? തങ്ങളുടെ ഉപകരണങ്ങള്‍ അങ്ങനെ വില കുറച്ചു വില്‍ക്കുന്ന രീതി ആപ്പിളിനില്ലല്ലോ. പ്രഥമദൃഷ്ട്യാ കാണുന്നതു പോലെയല്ല കാര്യങ്ങള്‍. അതെ, ഈ സ്പീക്കര്‍ അവതരിപ്പിക്കുന്നത് ജൂണ്‍ 5, 2017ല്‍ ആണ്. എന്നാല്‍, ഇതിന്റെ ഓര്‍ഡര്‍ കമ്പനി സ്വീകരിച്ചു തുടങ്ങുന്നത് ജനുവരി 26, 2018ല്‍ ആണ്. കടകളില്‍ എത്തുന്നത് അതേ വര്‍ഷം ഫെബ്രുവരി 9നും. എങ്ങനെ നോക്കിയാലും മൂന്നു വര്‍ഷം എന്നു പറയാന്‍ പറ്റില്ലെങ്കിലും രണ്ടുവര്‍ഷമെങ്കിലും മുൻപിറക്കിയ സ്പീക്കറാണിത്. മിക്ക വിദേശ വില്‍പക്കാരും ഇതിനിപ്പോള്‍ ഇട്ടിരിക്കുന്ന വില 299 ഡോളറാണ്. അല്‍പം കൂടെ കുറച്ചു ലഭിക്കും. അപ്പോള്‍ കൊട്ടിഘോഷിക്കാവുന്ന അത്ര കിഴിവൊന്നുമില്ല. ശരിയാണ്, ഇത് 2018ല്‍ വില്‍പനയ്ക്കു വന്നിരുന്നെങ്കില്‍ ഏകദേശം 53,000 രൂപ ആകുമായിരുന്നു വില.

 

എന്നാല്‍, ശരിക്കും വില കുറവുണ്ട്

 

ഇപ്പോഴത്തെ കുറഞ്ഞ വിലയായ 299 ഡോളര്‍ വച്ചു നോക്കിയാലും ഒരു 22,500 രൂപ വില വരേണ്ടതായിരുന്നു. ഇതിനാല്‍ അല്‍പം വില കുറവുണ്ടെന്നു തന്നെ പറയാം. അതിലേറെ, ഇന്ത്യയില്‍ ഒരു പ്രൊഡക്ട് വില്‍പനയ്ക്ക് എത്തുമ്പോള്‍, തങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത വിലയിടല്‍ നടപ്പാക്കണമെന്ന നിര്‍ബന്ധബുദ്ധിയില്ലാതെ ആദ്യമായി അവതരിപ്പിച്ച പ്രൊഡക്ടുകളില്‍ ഒന്നാണിത്. എന്നാല്‍, ഇന്ത്യക്കാര്‍ക്കുള്ള വിലയിടലില്‍ കമ്പനി കാര്യമായി മാറി ചിന്തിച്ചു തുടങ്ങിയോ എന്നൊക്കെ അറിയണമെങ്കില്‍ ഇനിയും കാതങ്ങള്‍ താണ്ടേണ്ടിയിരിക്കുന്നു. ഉദാഹരണം പുതിയ എസ്ഇ മോഡലിന്റെ വില തന്നെ. അതിന് 30,000 രൂപയില്‍ താഴെ ആയിരുന്നു ഉചിതമായ വില.

 

ആപ്പിള്‍ ഉപയോക്താക്കള്‍ പോലും ഹോംപോഡ് പരിഗണിക്കണോ?

 

സ്മാര്‍ട് സ്പീക്കറുകള്‍ പലപ്പോഴും സ്വകാര്യതയ്ക്കു ഭീഷണിയാകാറുണ്ട്. ഇതില്‍ ഭയമില്ലെങ്കില്‍ ആമസോണ്‍ എക്കോ സീരിസിലെ മികച്ച മോഡലുകള്‍ ഇതിലും വില കുറച്ചു ലഭ്യമാണെന്നു കാണാം. ആമസോണ്‍ എക്കോ ഷോ 5ന്, 5.5 സ്മാര്‍ട് ഡിസ്‌പ്ലേ പോലുമുണ്ട്. ഇപ്പോള്‍ വില്‍ക്കുന്ന വില 6,999 രൂപയാണ് (എംആര്‍പി 8,999 രൂപ). എക്കോ ഷോ ഇപ്പോള്‍ വില്‍ക്കുന്ന വില 8,999 രൂപയാണ്. ഇതിന് 8-ഇഞ്ച് വലുപ്പമുള്ള എച്ഡി സ്‌ക്രീന്‍ ഉണ്ട്. ഇത്തരം സ്പീക്കറുകളില്‍ സ്‌കൈപ് വിഡിയോ കോളുകള്‍, വേയിസ് കോളുകള്‍ തുടങ്ങിയവ വിളിക്കുകയും മെസേജുകള്‍ അയയ്ക്കുകയും ചെയ്യാം. നിങ്ങളുടെ വീട്ടിലെ സെക്യൂരിറ്റി ക്യാമറയുടെ ദൃശ്യങ്ങള്‍ കൊണ്ടുവരാന്‍ വാക്കാല്‍ പറയാം. അടുത്ത തലമുറയിലെ സ്പീക്കറുകളാണിവ. ഐഒഎസ് അടക്കം ഒരു ഒഎസിനോടും ഒരു അയിത്തവുമില്ല താനും. ഇനി വെറുമൊരു സ്മാര്‍ട് സ്പീക്കര്‍ മതിയെങ്കില്‍ എക്കോ ഡോട്ട് 3 പരിഗണിക്കാം- ഇപ്പോള്‍ വില്‍ക്കുന്ന വില 3,499 രൂപ. ഓര്‍ത്തിരിക്കുക, ഇത്തരം സ്മാര്‍ട് സ്പീക്കറുകള്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചു വേണം പ്രവര്‍ത്തിപ്പിക്കാന്‍.

 

ആപ്പിള്‍ മാത്രം മതിയെങ്കിലോ?

 

ആപ്പിള്‍ ടെക് പരിസ്ഥിതി മാത്രം മതിയെന്നു കരുതുന്നവര്‍ക്ക് ഹോംപോഡ് തന്നെ ഉറപ്പായും പരിഗണിക്കാം. പ്രത്യേകിച്ചും ഇത്ര വിലകുറച്ച് വില്‍പനയ്ക്ക് എത്തിയിരിക്കുന്നതിനാല്‍. ആര്‍ക്കറിയാം, ഇതു നന്നായി വിറ്റുപോയാല്‍ ഇന്ത്യയില്‍ ഉപകരണങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ മാറിച്ചിന്തിക്കില്ലെന്ന്?

English Summary: Apple starts selling HomePod in India for less than US pricing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com