ADVERTISEMENT

പല തരത്തിലുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അത്ര ഉണര്‍വു കാട്ടാതിരുന്ന ഒന്നാണ് ടാബ്‌ലറ്റ് വിപണി. ആഗോള തലത്തില്‍ ഈ വിഭാഗത്തില്‍ പൊതുവെ വില കൂടിയ പ്രൊഡക്ടുകള്‍ മാത്രം വില്‍ക്കുന്ന ആപ്പിളാണ് ഒന്നാം സ്ഥാനത്തെന്നു പറഞ്ഞാല്‍ തന്നെ അതില്‍ നിന്ന് ഒരു കാര്യം മനസിലാക്കാം – ഫോണുകളെ പോലെ ജനസമ്മതി ടാബുകള്‍ക്ക് ലഭിച്ചിട്ടില്ല. ഇതിന്റെ പ്രധാന കാരണം ടാബുകള്‍ കൊണ്ടുനടക്കുക എന്നു പറയുന്നത് എളുപ്പമുള്ള കാര്യമല്ല എന്നതു തന്നെയാണ്. കോളിന് ഫോണും ബ്രൗസിങിനും മറ്റും ടാബും എന്നുള്ളതും പ്രായോഗികമല്ലാത്ത കാര്യമായിരുന്നു. പലരും ഫോണിന്റെ സ്‌ക്രീന്‍ സൈസ് മതി എന്ന പ്രായോഗിക തീരുമാനം കൈക്കൊള്ളുകയായിരുന്നു.

വലിയ സ്‌ക്രീന്‍ വേണമെന്നുള്ളവര്‍ ലാപ്‌ടോപ്പുകള്‍ മതിയെന്നും തീരുമാനക്കുകയായിരുന്നു. ധാരാളം ഫീച്ചറുകളുള്ള ഫോണുകള്‍ക്കും വലിയ സ്‌ക്രീനും ഗൗരവമുള്ള ആപ്പുകളുമുള്ള ലാപ്‌ടോപ്പിനുമിടയില്‍ ശ്വാസംകിട്ടാതെ കഴിയുകയായിരുന്ന ടാബിനാണ് ഇപ്പോള്‍ പുതിയ ഊര്‍ജം കൈവന്നിരിക്കുന്നത്. ഒരിക്കലും തന്നെ ഒരു പരിധിക്കപ്പുറം വളരാതിരുന്ന ടാബ് വിപണി 2019ല്‍ 18 ശതമാനമാണ് ഇടിവിലേക്ക് പോയത് എന്നിരിക്കെ, ടാബ് എന്ന സങ്കല്‍പ്പം വിസ്മൃതിയിലാകാനുള്ള സാധ്യത പോലും ചിലര്‍ കണ്ടിരുന്നു. എന്നാല്‍, കൊറോണവൈറസ് വ്യാപനം തുടങ്ങിയതോടെ ടാബ് മാര്‍ക്കറ്റിനു ജീവന്‍വച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീട്ടിലിരുന്നു ജോലി ചെയ്യാൻ തുടങ്ങിയതോടെ പലരും ടാബിന്റെ വലിയ സ്‌ക്രീനിനോട് ഇഷ്ടം കാണിച്ചു തുടങ്ങിയിരിക്കുന്നു. ടാബ് വിപണി ഈ വര്‍ഷം കുറഞ്ഞത് 5-10 ശതമാനം വളര്‍ച്ച കാണിച്ചേക്കുമെന്നാണ് പുതിയ കണക്കുകൂട്ടല്‍.

വിദ്യാഭ്യാസ രംഗത്ത് ഫോണുകളെ പിന്തള്ളി മുന്നേറ്റം

ഓണ്‍ലൈന്‍ ക്ലാസുകളാണ് ടാബുകളിലേക്ക് ശ്രദ്ധ തിരിച്ചുവരാനുള്ള കാരണങ്ങളിലൊന്ന്. ഇലേണിങിന് ഫോണുകളെക്കാള്‍ ടാബുകളുടെ വലിയ സ്‌ക്രീനാണ് ഉപയോഗപ്രദം എന്ന തിരിച്ചറിവാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ഈ അവസരം മുതലെടുത്ത് ടാബ് നിര്‍മാതാക്കള്‍ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടാനുള്ള ശ്രമത്തിലാണ് പല നിര്‍മാതാക്കളെന്നും പറയുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യത്തിനായി മാത്രം 'ലോക്ക്' ചെയ്ത ടാബുകള്‍ എന്ന സങ്കല്‍പ്പം വിദേശരാജ്യങ്ങളില്‍ നേരത്തെ മുതല്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സ്‌കൂളുകളും ഇനി ഇത് അനുവര്‍ത്തിച്ചേക്കും. വീട്ടിലിരുന്നു പഠിക്കുന്ന കുട്ടികള്‍ക്ക് ക്ലാസ് ടെസ്റ്റുകളും മറ്റും ഇടാന്‍ ഇത് നല്ലൊരു മാര്‍ഗമാണ്. ലോക്കു ചെയ്ത ടാബ് ആണെങ്കില്‍ കുട്ടികള്‍ ടാബില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എപ്പോഴും മാതാപിതാക്കള്‍ എത്തി നോക്കേണ്ടതായും വരില്ല.

എന്നാല്‍, 2020 ടാബ് വിപണിയുടെ ഉണര്‍വിനു തുടക്കമിടുക മാത്രമായിരിക്കും ചെയ്യുക എന്നു വശ്വസിക്കപ്പെടുന്നവരും ഉണ്ട്. ടാബുകളിലേക്ക് ഉപയോക്താക്കളുടെ ശ്രദ്ധ കൂടുതല്‍ വീഴുന്നുവെന്നു കണ്ടാല്‍ അവയ്ക്ക് കൂടുതല്‍ ഫീച്ചറുകളും നിര്‍മാതാക്കള്‍ കൊണ്ടുവന്നേക്കും. എന്നാല്‍, ടാബുകള്‍ക്കു മാത്രമല്ല ലാപ്‌ടോപ്പുകള്‍ക്കും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. ഇന്ത്യന്‍ ടാബ് വിപണിയില്‍ ലെനോവോയ്ക്ക് 47 ശതമാനം സാന്നിധ്യവും, സാംസങിന് 15 ശതമാനവും ഐബോളിനും ആപ്പിളിനും 11 ശതമാനം വീതവും വില്‍പനയുണ്ട് എന്നാണ് സൈബര്‍മീഡിയ റിസേര്‍ച് (സിഎംആര്‍) പറയുന്നത്. പുത്തന്‍ പ്രവണത മുതലാക്കാന്‍ സാംസങ് കഴിഞ്ഞ ദിവസം ഗ്യാലക്‌സി ടാബ് എസ്6 ലൈറ്റ് അവതരിപ്പിച്ചിരുന്നു. വൈ-ഫൈ, എല്‍ടിഇ കണക്ടിവിറ്റിയുള്ള ഈ ടാബ് കുതിച്ചുയരുന്ന ടാബ് വിപണിയുടെ സാധ്യത മുതലാക്കാനാണ്. വിദ്യാഭ്യാസം കഴിഞ്ഞാല്‍ ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും നിയമപാലകര്‍ക്കും ടാബ് ആയിരിക്കാം ഇനി നല്‍കുക എന്നും വാര്‍ത്തകളുണ്ട്.

ടാബുകളുടെ വലിയ സ്‌ക്രീന്‍ വിനോദ പരിപാടികള്‍ കാണാനും, ഗെയ്മിങിനും, വായനയ്ക്കും, പഠനത്തിനും സ്മാര്‍ട് ഫോണുകളെക്കാള്‍ എന്തുകൊണ്ടും ഉപയോഗപ്രദമാണെന്ന കാര്യം വീടുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരുന്നവര്‍ കൂടുതലായി മനസിലാക്കി വരികയാണ്. ഇപ്പോള്‍ കൂടുതലായി ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ടാബുകള്‍ 8-10 ഇഞ്ച് വലുപ്പത്തിലുള്ളവയാണ്. ഇവയില്‍ ബജറ്റ് ഉപകരണങ്ങള്‍ 8,000 മുതല്‍ 15,000 രൂപ വരെ വിലയുള്ളവയുമാണ്. പ്രീമിയം ടാബുകളെല്ലാം 25,000 രൂപ മുതല്‍ തുടങ്ങുന്നു.

എന്നാല്‍, ടാബ് വിപണിയിലെ കുതിപ്പ് ഒരു താത്കാലിക പ്രതിഭാസമാണോ അതോ ദീര്‍ഘകാലം നിലനില്‍ക്കുമോ എന്ന കാര്യം ഇപ്പോള്‍ അപ്രവചനീയമാണെന്നും നിരീക്ഷകര്‍ പറയുന്നു. ടാബ് വിപണിയെ പിന്നോട്ടടിച്ചുകൊണടിരുന്നത് 'പൊടിപ്പും തൊങ്ങലും' ചാര്‍ത്തി, ചെറിയ വിലയ്ക്ക് എത്തിക്കൊണ്ടിരുന്ന സ്മാര്‍ട് ഫോണുകളാണ്. പുതിയ ട്രെന്‍ഡ് തുടര്‍ന്നാല്‍ ടാബുകളും ജനസമ്മതി നേടിയേക്കും.

English Summary: Tablet market surges amidst coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com