sections
MORE

വില കുറച്ച്, ഇന്ത്യന്‍ ലാപ്‌ടോപ് വിപണിയും ചൈനീസ് കമ്പനി തൂത്തുവാരുമോ?

Mi-NoteBook-14-variants
SHARE

ഷഓമി അടുത്തിടെയാണ് തങ്ങളുടെ എംഐ ബ്രാന്‍ഡ് നെയിമുള്ള ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിര്‍മിതിയിലും ശക്തിയിലും മികവു പുലര്‍ത്തിയെങ്കിലും വിലയുടെ കാര്യത്തില്‍ ഷഓമി ഫാന്‍സിന് ആഹ്ലാദിക്കാന്‍ ഒന്നും നല്‍കുന്നതായിരുന്നില്ല. പുതിയ ലാപ്‌ടോപ്പുകള്‍ എംഐ നോട്ട്ബുക്ക്, എംഐ ഹൊറൈസണ്‍ എന്നീ രണ്ടു സീരിസില്‍ ഇറക്കിയ ലാപ്‌ടോപ്പുകളുടെ എംആര്‍പി തുടങ്ങുന്നത് യഥാക്രമം 41,999 രൂപയും 54,999 രൂപയുമായിരുന്നു. ഇത് ഷഓമിയില്‍ നിന്നു വിലക്കുറവ് മാത്രം പ്രതീക്ഷിച്ചവര്‍ക്ക് നിരാശയായിരുന്നു നൽകിയത്. എന്നാല്‍, പുതിയ അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ കമ്പനി റെഡ്മി ബ്രാന്‍ഡ് നെയിമില്‍ പുതിയ ലാപ്‌ടോപ്പുകള്‍ ഇറക്കിയേക്കും. തുടക്ക വില 20,000 രൂപയില്‍ താഴെയായേക്കാമെന്നും ചില ഊഹാപോഹങ്ങള്‍ ഉണ്ട്. ഇന്റല്‍ ഐ3 പ്രോസസര്‍ ശക്തിപകരുന്ന ലാപ്‌ടോപ്പുകള്‍ 25,000 രൂപയില്‍ താഴെ വിറ്റേക്കുമെന്നും പറയുന്നു.

ഐ3 കൂടാതെ പഴയ തലമുറയിലുള്ള ഐ5 പ്രോസസര്‍ ഉപയോഗിച്ചുള്ള ലാപ്‌ടോപ്പുകളും റെഡ്മി ബ്രാന്‍ഡ് നെയിമില്‍ പുറത്തിറക്കിയേക്കുമെന്നാണ്. അഭ്യൂഹങ്ങളില്‍ സത്യമുണ്ടെങ്കില്‍ ഇവയുടെ വില 20,000 രൂപയില്‍ താഴെ മുതല്‍ ഏകദേശം 33,000 രൂപ വരെയായിരിക്കുമെന്നും പറയുന്നു. ഈ ലാപ്‌ടോപ്പുകള്‍ വിദ്യാര്‍ഥികള്‍ക്കും, വിലകുറഞ്ഞ പിസി ആഗ്രഹിക്കുന്നവര്‍ക്കും ഉചിതമെന്നു പറഞ്ഞായിരിക്കും ഷഓമി വിപണിയിലെത്തിക്കുക എന്നും പറയുന്നു. ചൈനയില്‍ ഇത്തരം ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ചതാണ് പൊടുന്നനെ ഈ അഭ്യൂഹം പൊങ്ങിവരാന്‍ കാരണമായത്.

എന്നാല്‍, ചൈനയിലായിരിക്കില്ല ഇന്ത്യന്‍ വിപണിയ്ക്കു വേണ്ടിയുള്ള റെഡ്മി ലാപ്‌ടോപ്പുകൾ നിര്‍മിക്കുക, അവ ഇന്ത്യയില്‍ തന്നെ ആയിരിക്കുമെന്നും പറയുന്നു. വില താഴ്ത്തി നിർത്താന്‍ കൂടുതല്‍ പ്ലാസ്റ്റിക് ഉള്‍ക്കൊള്ളിച്ചായിരിക്കാം നിര്‍മിതി എന്നും പറയുന്നു. ഇവ ലിനക്‌സോ, ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ക്രോം ഒഎസ് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ക്രോം ബുക്കുകളോ ആവില്ല, മറിച്ച് വിന്‍ഡോസ് 10 ഹോം അടക്കമായിരിക്കും വില്‍പ്പനയ്‌ക്കെത്തുക എന്നും വാദമുണ്ട്.

അടുത്തു വരുന്ന മാസങ്ങളില്‍ തന്നെ റെഡ്മി ബ്രാന്‍ഡ് നെയിമുള്ള ലാപ്‌ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയാല്‍ അദ്ഭുതപ്പെടേണ്ട. ജൂലൈ മധ്യത്തിലോ, ഓഗസ്റ്റിലോ എത്തുമെന്നാണ് കേള്‍വി. ഇതെക്കുറിച്ച് ഷഓമി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷേ, തങ്ങളുടെ ഇന്ത്യന്‍ ഫാന്‍സിനോട് എക്കാലത്തും പ്രിയം കാണിച്ചിട്ടുള്ളവരാണ് ഷഓമി. പലരും ഷഓമിയെ കുറ്റം പറയാന്‍ ഉപയോഗിക്കുന്നത് ഷഓമിയുടെ തന്നെ ഫോണില്‍ നിന്നാകാമെന്ന തമാശയും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

റെഡ്മിബുക്‌സ് (RedmiBooks) എന്നതായിരിക്കാം ഔദ്യോഗിക പേര് എന്നും പറയുന്നു. എട്ടു മുതല്‍പത്തു മണിക്കൂര്‍ വരെ ലഭിക്കുന്ന ബാറ്ററി ലൈഫ് ആയിരിക്കാം റെഡ്മിബുക്‌സിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അതെ, ഇതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്. എന്നാല്‍, ലാപ്‌ടോപ്പുകളുടെ നിര്‍മാണം ഷഓമി ഗൗരവത്തിലെടുത്തു കഴിഞ്ഞു എന്നതിന്റെ തെളിവാണ് അടുത്തിടെ അവതരിപ്പിച്ച എംഐബ്രാന്‍ഡിലുള്ള അവരുടെ പ്രീമിയം പിസികള്‍.

എംഐ നോട്ട്ബുക്‌സിനും, വില കൂടിയ ഹൊറൈസണ്‍ എഡിഷനും മികച്ച നിര്‍മിതിയാണുള്ളത്. ഭാരക്കുറവാണ് മറ്റൊരു ആകര്‍ഷണീയത- ഇരു സീരിസിനും ഏകദേശം 1.35 കിലോഗ്രാം മാത്രം ഭാരമേയുള്ളു. എംഐ നോട്ട്ബുക്ക് 14 സീരിസിന് ശക്തി പറയുന്നത് ഇന്റലിന്റെ കോര്‍ ഐ5, 10 തലമുറ പ്രോസസറുകളാണ്. 8 ജിബി റാമും ഇവയ്ക്കുണ്ട്. ഗ്രാഫിക്‌സ് കാര്‍ഡുകള്‍ ഓരോ മോഡലിനും വ്യത്യാസമുണ്ട്. സംഭരണത്തിനായി 512 ജിബി സാടാ എസ്എസ്ഡി ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഹൊറൈസണ്‍ എഡിഷന്റെ തുടക്ക വില 54,999 രൂപയാണ്. ഇന്റല്‍ കോര്‍ ഐ5, ഐ7 എന്നിവയുടെ 10 തലമുറയിലുള്ള പ്രോസസറുകളില്‍ ഒരെണ്ണം ഉപയോഗിച്ചായിരിക്കും നിര്‍മിച്ചിരിക്കുക. 8 ജിബി റാം, എന്‍വിഡിയ ജിഫോഴ്‌സ് എംഎക്‌സ്350 ഗ്രാഫിക്‌സ്, 10 മണിക്കൂര്‍ ബാറ്ററി, നേര്‍ത്ത ബെസല്‍ മാത്രമുള്ള ഫുള്‍എച്ഡി സ്‌ക്രീന്‍, കേവലം 1.35 കിലോഗ്രാം ഭാരം, ഏകദേശം ഒരു എ4 ഷീറ്റ് പേപ്പറിന്റെ വിലുപ്പം എന്നിവയെല്ലാം ഉള്ള ഈ ലാപ്‌ടോപ്പിനെ പാവപ്പെട്ടവന്റെ മാക്ബുക്ക് എയര്‍ എന്നു വിളിക്കാമെന്നു പറയുന്നു. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന മാക്ബുക്ക് എയര്‍ എന്നും ചില റിവ്യൂവര്‍മാര്‍ വിളിക്കുന്നു. യഥാര്‍ഥ പ്രകടനം ഇനിയു വിലയിരുത്തേണ്ടിയരിക്കുന്നു. ആപ്പിളിന്റെ ഉപകരണങ്ങള്‍ തമ്മില്‍ ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറാണ് എയര്‍ഡ്രോപ്. തങ്ങളുടെ ഉപകരണങ്ങള്‍ തമ്മില്‍ യഥേഷ്ടം കൈമാറാനായി ഷഓമി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് എംഐ ക്വിക്‌ഷെയര്‍ (Mi Quickshare). ഷഓമിയുടെ ഫോണുകള്‍ തമ്മിലും ലാപ്‌ടോപ്പുകളിലേക്കും ഒക്കെ ഇതിലൂടെ ഫയലുകള്‍ കൈമാറ്റം ചെയ്യാം.

English Summary: Budget Redmi Laptop Likely Coming Soon To India; To Be Priced Under Rs. 20,000

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA