ADVERTISEMENT

കൊച്ചി∙ കൊറോണയിൽ നിന്ന് ഒരു വീട്ടിലെ മുഴുവൻ വസ്തുക്കളെയും വിമുക്തമാക്കാനുള്ള അഞ്ച് ഉപകരണങ്ങൾ നിർമിച്ച് പേറ്റെന്റ് എടുക്കാനൊരുങ്ങി കാക്കനാട് സ്വദേശിയായ എൻജിനിയറിങ് വിദ്യാർഥി. ലോക് ഡൗൺ കാലത്താണ് ഈ കണ്ടു പിടിത്തങ്ങൾ എന്നതാണ് ശ്രദ്ധേയം. മുറി അണു വിമുക്തമാക്കാനുള്ള യുവി ഫാൻ, പുറത്തു നിന്ന് വരുമ്പോൾ ഷൂസ് അണു വിമുക്തമാക്കാനുള്ള ഉപകരണം, മാസ്കുകളും മറ്റും അണുവിമുക്തമാക്കാനുള്ള ഉപകരണം, അൾ ഇൻ വൺ ഡിസ്ഇൻഫെക്ഷൻ മൊഡ്യൂൾ, പോർട്ടബിൾ യുവി സ്റ്റെറിലൈസർ, ആറ് ഷൂസുകൾ വരെ ഒരുമിച്ച് അണുവിമുക്തമാക്കാനുള്ള ഉപകരണം എന്നിവയാണ് ജോർജി നിർമിച്ചിരിക്കുന്നത്. കളമശേരി ആൽബർട്ടേനിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബെടെക് അവസാന വർഷ വിദ്യാർഥിയാണ് ജോർജി.

uv-3

 

നിലവിൽ കെമിക്കലുകൾ ഉപയോഗിച്ച് മുറികൾ അണു വിമുക്തമാക്കുന്നതിനു പകരമാണ് ഫാനിൽ ഘടിപ്പിച്ച യുവി ലൈറ്റ് ഉപയോഗിച്ച് മുറി അണു വിമുക്തമാക്കുന്നത്. റോബോർട്ടുകൾ ഉപയോഗിച്ച് മുറികൾ വൃത്തിയാക്കുന്നത് അധിക ചെലവുണ്ടാക്കുന്നതാണ്. സാധാരണക്കാർക്ക് താങ്ങാനാകാത്തതിനാൽ പകരം എന്തു ചെയ്യാമെന്ന ആലോചനയാണ് ഫാനിലേയ്ക്ക് എത്തിയതെന്ന് ജോർജി പറയുന്നു. ആശുപത്രികൾക്കും ഓഫിസുകൾക്കും ഉപയോഗിക്കാൻ സാധിക്കും വിധമാണ് ഇതിന്റെ നിർമാണം.  

uv-4

 

മുറിയിൽ ആളില്ലാത്തപ്പോൾ മാത്രമായിരിക്കും യുവി പ്രവർത്തിക്കുക. സെൻസർ ഉപയോഗിച്ചാണ് പ്രവർത്തനം. മുറിയിൽ ആൾ സാന്നിധ്യമില്ലാത്തപ്പോൾ അരമണിക്കൂർ പ്രവർത്തിക്കുന്നതിലൂടെ രോഗാണുക്കൾ പൂർണമായും നശിക്കും. ഇതിനിടെ ആരെങ്കിലും മുറിയിൽ പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ ഓട്ടോമാറ്റിക് ആയി യുവി ലൈറ്റ് ഓഫ് ആകുകയും െചയ്യും. ഡബ്ലുഎച്ച്ഒയുടെ മാർഗനിർദേശങ്ങൾ  നിലവിൽ പ്രോട്ടോടൈപ് എന്ന നിലയിലാണ് ചെയ്തിട്ടുള്ളത്. വൻ‍ തോതിൽ നിർമിക്കുന്ന സാഹചര്യമുണ്ടായാൽ കുറഞ്ഞ ചെലവു മാത്രമേ ഇതിനു വരു എന്നത് സാധാരണക്കാർക്കും നേട്ടമാകും.

uv-2

 

∙ ഷൂസ് അണുവിമുക്തമാക്കാം

uv

 

പുറത്തു പോയി വരുന്നവർക്ക് സൗകര്യമാകും വിധമാണ് ഷൂസ് അണുവിമുക്തമാക്കാനുള്ള ഉപകരണം നിർമിച്ചിരിക്കുന്നത്. ഡിജിറ്റൽ വെയിങ് മെഷീൻ ബോർഡ് ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഇതിൽ കയറി നിന്ന് ഷൂസ് അണുവിമുക്തമാക്കാം. ബോർഡിനു താഴെ ക്രമീകരിച്ചിരിക്കുന്ന യുവി ലൈറ്റുകളാണ് ഇവിടെ അണു നശീകരണം നടത്തുന്നത്. ഒന്നിലധികം ചെരുപ്പുകളൊ ഷൂസോ ഒരുമിച്ച് അണുവിമുക്തമാക്കാൻ സഹായിക്കുന്ന ഉപകരണവും ജോർജിയുടേതായി നിർമിച്ചിട്ടുണ്ട്. യുവി ലൈറ്റുകൾ ഉപയോഗിച്ചാണ് ഇവിടെയും അണുനശീകരണം.

 

∙ പോർട്ടബിൾ യുവി സ്റ്റെറിലൈസർ

 

പേപ്പർ ഫയലുകൾ, മാസ്കുകൾ, മൊബൈൽ ഫോൺ തുടങ്ങിയ വസ്തുക്കളെ അണു വിമുക്തമാക്കിനു സഹായിക്കുന്ന ഉപകരണമാണ് പോർട്ടബിൾ യുവി സ്റ്റെറിലൈസർ. ഇത് എവിടേയ്ക്കുവേണമെങ്കിലും എളുപ്പത്തിൽ കൊണ്ടു നടക്കാം എന്നതാണ് നേട്ടം. സാധാരണ അയൺ ബോക്സിനൊപ്പം ക്രമീകരിച്ചിട്ടുള്ള സംവിധാനത്തിന് നിർമാണ ചെലവും കുറവാണ് എന്നത് സാധാരണക്കാർക്കും ഉപകാരപ്രദമാകും.

 

∙ അൾ ഇൻ വൺ ഡിസ്ഇൻഫെക്ഷൻ മൊഡ്യൂൾ

 

സ്റ്റീമർ, ഹീറ്റർ, ഡ്രയർ, യുവി ലാംപ് തുടങ്ങിയവ എല്ലാം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഉപകരണമാണ് അൾ ഇൻ വൺ ഡിസ്ഇൻഫെക്ഷൻ മൊഡ്യൂൾ എന്ന കണ്ടു പിടിത്തം. വ്യക്തികൾ പ്രതിദിനം ഉപോയഗിക്കുന്ന വസ്തുക്കളെല്ലാം എളുപ്പത്തിൽ അണു വിമുക്തമാക്കാൻ സഹായിക്കന്നു എന്നതാണ് പ്രത്യേകത. വസ്ത്രങ്ങൾ, മാസ്കുകൾ തുടങ്ങിയവ എല്ലാം എളുപ്പത്തിൽ അണുവിമുക്തമാക്കി ഉപയോഗിക്കാം. മൂന്നു മിനിറ്റുകൊണ്ട് അകത്ത് 63ഡിഗ്രി സെൽഷ്യസ് ചൂട് വരുന്നതിനാൽ രോഗാണുക്കൾ പൂർണമായും നശിക്കും. 56 ഡിഗ്രി സെൽഷ്യസിൽ കൊറോണ വൈറസ് നശിക്കുമെന്നാണ് പഠനം. ഓഫിസുകൾ, വീടുകൾ, കടകൾ, ആശുപത്രികൾ തുടങ്ങിയവയ്ക്കെല്ലാം ഉപകാരപ്രദമാകും രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നതെന്ന് ജോർജി പറയുന്നു.

 

English Summay: BTech student builds five devices to disinfect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com