ADVERTISEMENT

താമസിയാതെ വിപണിയിലെത്തുന്ന തങ്ങളുടെ അടുത്ത തലമുറ ഐപാഡുകളെയും ഐപാഡ് എയറുകളെയും ആപ്പിള്‍ പരിചയപ്പെടുത്തി. എട്ടാം തലമുറ ഐപാഡിനനു നല്‍കിയിരിക്കുന്ന ഏറ്റവും വലിയ ഹാര്‍ഡ്‌വെയര്‍ ഫീച്ചര്‍ അതിന്റെ 12-ാം തലമുറയിലെ പ്രോസസറാണ്. ഈ ശ്രേണിയിലെ മുന്‍ മോഡലുകള്‍ക്ക് എ10 പ്രോസസറായിരുന്നു നല്‍കിയിരുന്നത്. ശക്തിയും ബാറ്ററിയും പഴയ മോഡലിനെക്കാള്‍ കൂടുതല്‍ കിട്ടുമെന്നതു കൂടാതെ, ആപ്പിളിന്റെ ന്യൂറല്‍ എൻജിന്റെ മികവും അതില്‍ ലഭ്യമാക്കുന്നുണ്ട്. 40 ശതമാനം ഗ്രാഫിക്‌സ് ശക്തിയും അധികമുണ്ട്. എന്നാല്‍, ഈ മാറ്റങ്ങളൊഴികെ, 7-ാം തലമുറയിലെ ഐപാഡുമായി 8-ാം തലമുറയിലെ ഐപാഡിന് എടുത്തു പറയേണ്ട വ്യത്യാസങ്ങളില്ലെന്നും കാണാം. 

 

ഈ ശ്രേണിയുടെ 32ജിബി സംഭരണശേഷിയുള്ള തുടക്ക വില 29,000 രൂപയാണെന്നാണറിവ്. 10.2-ഇഞ്ച് റെറ്റിനാ ഡ്‌സ്‌പ്ലേ സ്‌ക്രീനാണ് ഈ മോഡലിനുള്ളത്. പുതിയ അപ്‌ഡേറ്റിലൂടെ ഈ ഐപാഡ്, ഏറ്റവുമധികം വില്‍പ്പനയുള്ള വിന്‍ഡോസ് കംപ്യൂട്ടറിനേക്കാള്‍ ഇരട്ടി ശക്തിയുള്ളതും ഏറ്റവുമധികം വിറ്റുപോകുന്ന ആന്‍ഡ്രോയിഡ് ടാബിനേക്കാള്‍ മൂന്നു മടങ്ങു ശക്തിയുള്ളതും, ഏറ്റവുമധികം വിറ്റുപോകുന്ന ക്രോംബുക്കിനേക്കാള്‍ ആറു മടങ്ങു ശക്തിയുളളതാണെന്നും ആപ്പിള്‍ അവകാശപ്പെട്ടു. ഇത് ആപ്പിളിന്റെ തുടക്ക മോഡല്‍ ഐപാഡിന്റെ കാര്യമാണെങ്കില്‍ മറ്റുള്ളവയുടെ കാര്യം ഊഹിക്കാമല്ലോ. എന്നാല്‍, 'ഏറ്റവുമധികം വില്‍പ്പനയുള്ള' എന്നാണ് ആപ്പിളിന്റെ പ്രയോഗം. അതിനര്‍ഥം എല്ലാ പിസിയെക്കാളും, ടാബിനേക്കാളും ശക്തി ലഭിക്കുമെന്നല്ല.

ipad-air2

 

എന്നാല്‍, ഐപാഡ് എയര്‍ മോഡലുകള്‍ നിര്‍മാണമികവിലടക്കം മറ്റൊരു തലത്തിലേക്ക് ഉയരുന്നതും കാണാം. അടുത്തിടെ പുറത്തിറക്കിയ ഐപാഡ് പ്രോ മോഡലുകളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ഇവയുടെ നിര്‍മിതി എന്നു സ്പഷ്ടമാണ്. പുതിയ മോഡലിന് 10.9-ഇഞ്ച് അറ്റംമുതല്‍ അറ്റംവരെ പരന്നു കിടക്കുന്ന ലിക്വിഡ് റെറ്റിനാ സ്‌ക്രീനാണ്. 2360X1640 പിക്‌സല്‍ റെസൂഷനാണ് സ്‌ക്രീനിന് നൽകിയിരിക്കുന്നത്. പി3 വൈഡ് ഗമട്ട് കളറും, ട്രൂടോണ്‍, ലാമിനേറ്റ് കോട്ടിങ് തുടങ്ങിയ ഫീച്ചറുകളുമുണ്ട്. എന്നാല്‍, പ്രോ മോഡലുകളില്‍ നല്‍കുന്ന 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റ് എയറിന്റെ പുതിയ പതിപ്പിലും ഇല്ല. ഐപാഡ് 8ലും മുന്‍ മോഡലുകളിലും ടച്ച് ഐഡി സ്‌ക്രീനിനു താഴെയാണ് പിടിപ്പിച്ചിരുന്നത്. പുതിയ ഐപാഡ് എയറില്‍ ഇത് പവര്‍ ബട്ടണിലാണ് പിടിപ്പിച്ചിരിക്കുന്നത്. (ഒരു പക്ഷേ, ഈ വര്‍ഷത്തെ ഐഫോണ്‍ 12 സീരിസിലും ഇതു പ്രതീക്ഷിക്കാനായേക്കും.)

ipad-air1

 

പ്രകടനം നാടകീയമായ രീതിയില്‍ ഉയര്‍ന്നിരിക്കുന്നു എന്നും അവകാശവാദമുണ്ട്. 5എന്‍എം നിര്‍മിതിയിലുള്ള എ14 പ്രോസസറാണ് എയര്‍ മോഡലിനു ശക്തി പകരുന്നത്. മറ്റു കമ്പനികളോ ആപ്പിളിന്റെ തന്നെ ഏതെങ്കിലു ഉപകരണത്തിലോ ഇത് മുൻപ് ഉപയോഗിച്ചിട്ടില്ല. സിപിയു 40 ശതമാനം അധിക ശക്തിയില്‍ പ്രവര്‍ത്തിക്കുമെന്ന് ആപ്പിള്‍ പറയുന്നു. അപ്‌ഡേറ്റു ചെയ്ത ന്യൂറല്‍ എൻജിന്‍ മെഷീന്‍ ലേണിങ് ശേഷി വര്‍ധിപ്പിക്കുന്നു. 12എംപി പിന്‍ ക്യാമറ, 7എംപി എച്ഡി മുന്‍ ക്യാമറ എന്നിവയും കാണാം. 

ആദ്യമായി ഈ ശ്രേണിക്ക് യുഎസ്ബി-സി പോര്‍ട്ടും നല്‍കിയിരിക്കുന്നു. ഇതോടെ പലതരം അഡാപ്റ്ററുകളും, ഹബുകളും ഐപാഡ് എയറിനോട് ചേര്‍ത്തു പ്രവര്‍ത്തിപ്പിക്കാം. 20 വാട്‌സ് ചാര്‍ജിങ്, 5 ജിബിപിഎസ് ഡേറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ്, വൈ-ഫൈ 6, എല്‍ടിഇ മോഡലുകള്‍ക്ക് 60 ശതമാനം സെല്ല്യുലര്‍ സ്പീഡില്‍ വര്‍ധന തുടങ്ങിയവയും ലഭ്യാക്കിയിട്ടുണ്ട്. ആപ്പിളിന്റെ പുതിയ ആപ്പിള്‍ പെന്‍സില്‍, മാജിക് കീബോര്‍ഡ് എന്നിവയും ഐപാഡ് സപ്പോര്‍ട്ടു ചെയ്യുന്നു.

 

∙ ആപ്പിള്‍ വണ്‍

 

ആപ്പിളിന്റെ സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങളുടെ പേരാണ് ആപ്പിള്‍ വണ്‍. ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി പ്ലസ്, ആപ്പിള്‍ ആര്‍ക്കെയ്ഡ്, ആപ്പിള്‍ ന്യൂസ്, ആപ്പിള്‍ ഫിറ്റ്‌നസ്, ഐക്ലൗഡ് എന്നിവ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ആപ്പിള്‍ വണ്ണിലൂടെ. വ്യക്തിക്കുള്ള പ്ലാനില്‍ ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി പ്ലസ്, ആപ്പിള്‍ ആര്‍ക്കെയ്ഡ്, 50 ജിബി ക്ലൗഡ് സ്റ്റോറേജ് എന്നിവയ്ക്ക് പ്രതിമാസം 195 രൂപയായിരിക്കും വരിസംഖ്യ. അടുത്തത് ഫാമിലി പ്ലാനാണ്. ഇതില്‍ ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി പ്ലസ്, ആപ്പിള്‍ ആര്‍ക്കെയ്ഡ്, 200 ജിബി ക്ലൗഡ് സ്റ്റോറേജ് എന്നിവയക്ക് പ്രതിമാസം 365 രൂപ നല്‍കണം. ഇത് ആറു കുടുംബാംഗങ്ങള്‍ക്ക് ഉപയോഗിക്കാം.

 

∙ ഐഫോണ്‍ പ്രേമികള്‍ക്ക് ലഭിക്കുന്ന സൂചന

 

നേരത്ത പറഞ്ഞു കേട്ടിരുന്നതു പോലെ ഈ വര്‍ഷത്തെ ഐഫോണുകള്‍ക്കൊപ്പം ചാര്‍ജര്‍ ലഭിച്ചേക്കില്ലെന്ന വ്യക്തമായ സൂചന പുതിയ ഉപകരണങ്ങള്‍ അനാവരണം ചെയ്തപ്പോള്‍ ലഭിച്ചുവെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആപ്പിള്‍ ഒരു കാര്‍ബണ്‍ ന്യൂട്രല്‍ കമ്പനിയാകാന്‍ ശ്രമിക്കുന്നതിന്റെ തുടക്കമാണത്രെ ഇത്. സ്വന്തമായി ചാര്‍ജറുകള്‍ വാങ്ങുകയോ, മുന്‍ മോഡലുകളുടെ ചാര്‍ജറുകള്‍ ഉപയോഗിക്കേണ്ടതായോ വരും.

 

English Summary: Apple unveils all-new iPad Air with A14 Bionic, Apple’s most advanced chip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com