sections
MORE

എംഐ നോട്ട്ബുക്ക് 14: 44,000 രൂപയ്ക്ക് മികച്ചൊരു ലാപ്ടോപ് –റിവ്യൂ

SHARE

ഇപ്പോള്‍ മിക്കവരും ഒരു ലാപ്‌ടോപ് വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. ഇതിനു പല കാരണങ്ങളുണ്ട്. ചിലര്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നു. ചിലര്‍ക്ക് പഠിക്കുന്ന കുട്ടികളുണ്ട്. ചിലര്‍ക്കാകട്ടെ സ്മാര്‍ട് ഫോണ്‍ സ്‌ക്രീനിനപ്പുറത്തേക്കു പോകാന്‍ ആഗ്രഹം തോന്നുന്നു. എന്നാല്‍, തനിക്ക് വേണ്ടത് ഏതു തരം ലാപ്‌ടോപ് ആണ് എന്നു തീരുമാനിക്കുക ചിലര്‍ക്കെങ്കിലും വിഷമമുള്ള കാര്യമാണ്. ഓരോരുത്തര്‍ക്കും ഓരോ തരം ലാപ്‌ടോപ്പുകളാണ് വേണ്ടത്. ഗെയിമര്‍ക്കു വേണ്ടത്ര ശക്തി ടൈപ്പു ചെയ്യുന്നയാള്‍ക്കു വേണ്ട. ഇതിനാല്‍ തന്നെ ആവശ്യമില്ലാത്തത്ര പണം ഈ വിഷമം പിടിച്ചകാലത്ത് ചെലവിടുന്നത് ഉചിതവുമല്ല. എന്നാല്‍, മിക്ക കാര്യത്തിനും വേണ്ടത്ര ശക്തിയും മികച്ച സ്‌ക്രീനും എല്ലാം ഒത്ത ഒരു ലാപ്‌ടോപ് അന്വേഷിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ 40,000 - 50,000 രൂപ റെയ്ഞ്ചിലെങ്കിലും ചെന്നെത്തുമെന്ന് കാണാം. ഇതിന്റെ തൊട്ടു താഴെ വിലയുള്ള ലാപ്‌ടോപ്പുകളിലേറെയും ഇന്റല്‍ ഐ3 പ്രോസസര്‍ ഉപയോഗിച്ചു നിര്‍മിച്ചവയായിരിക്കുമെന്നും കാണാം. ചിലര്‍ക്കെങ്കിലും അത്, ഭാവിയില്‍ കരുത്തുറ്റ പ്രൊഗ്രാമുകള്‍ ഉപയോഗിക്കേണ്ടിവന്നാല്‍ വേണ്ടത്ര മികച്ച പ്രകടനം നല്‍കണമെന്നില്ല. ഈ കാരണങ്ങളാലാണ് ഷഓമിയുടെ എംഐ നോട്ട്ബുക്ക് 14 നമ്മുടെ ശ്രദ്ധയിലേക്കുവരുന്നത്.

ഷഓമിയുടെ ഒരു കൂട്ടം മികച്ച ലാപ്‌ടോപ്പുകളുടെ കൂട്ടത്തില്‍ തന്നെയാണ് എംഐ നോട്ട്ബുക്ക് 14നും പെടുന്നത്. എംഐ നോട്ട്ബുക്ക് ഹൊറൈസണ്‍ എഡിഷനും ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്. ഇത് മികച്ച ഒരു മോഡലാണ്. എന്നാല്‍ അതിനു വിലക്കൂടുതല്‍ നല്‍കണം. അത്ര പൈസ കൊടുക്കാനില്ലാത്തവര്‍ക്കായാണ് 43,999 തുടക്ക വിലയിട്ടിരിക്കുന്ന എംഐ നോട്ട്ബുക്ക് 14 മോഡല്‍. അല്‍പ്പം കൂടെ മികച്ച സ്‌പെക്‌സ് വേണമെന്നുള്ളവര്‍ 46,999 രൂപ നല്‍കണം. ഈ സീരിസിലെ ഏറ്റവും നല്ല ലാപ്‌ടോപ് തന്നെ വേണമെന്നുള്ളവര്‍ക്കായാണ് 49,999 രൂപ വിലയുള്ള മോഡല്‍. ഇവയ്‌ക്കെല്ലാം കരുത്തു പകരുന്നത് ഇന്റലിന്റെ 10-ാം തലമുറയിലെ ഐ5 പ്രോസസറാണ്. മോഡലുകള്‍ തമ്മിലുള്ള മാറ്റം എസ്എസ്ഡി സ്‌റ്റോറേജിന്റെയും ഗ്രാഫിക്‌സിന്റെയും മറ്റും കാര്യത്തിലാണ്. എന്നാല്‍, ഈ സീരിസിലെ ലാപ്‌ടോപ്പുകള്‍ പൊതുവെ ലെനോവോ ഐഡിയാപാഡ് സ്ലിം 3ഐ, എച്പി ലാപ്‌ടോപ് 14എസ് തുടങ്ങിയ മോഡലുകളേക്കാള്‍ കരുത്തുറ്റവായാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അവയ്ക്കു ശക്തി പകരുന്നത് ഐ3 പ്രോസസറാണ് എന്നതാണ് അവയുടെ പരിമിതികളിലൊന്ന്. എന്നാല്‍, ഐഡിയാപാഡ് സ്ലിം3ഐ എസ്എസ്ഡി ഉപയോഗിച്ച് സ്പീഡിന്റെ പ്രശ്‌നം ഭാഗികമായി പരിഹരിക്കുന്നു. അതുപോലെ എച്പി ലാപ്‌ടോപ് 14എസിന് ഒരു സിംകാര്‍ഡ് സ്ലോട്ടുണ്ട്.

∙ ഡിസൈന്‍

Mi-NoteBook-14

എംഐ നോട്ട്ബുക്ക് 14നെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളിലൊന്ന് അതിന്റെ മെറ്റല്‍ നിര്‍മിതിയാണ്. പ്ലാസ്റ്റിക് ഉപയോഗിച്ചു നിര്‍മിച്ച ലാപ്‌ടോപ്പുകള്‍ ഉപയോഗിച്ചുവന്നവര്‍ക്ക് ഇതൊരു പുതുമ തന്നെയായിരിക്കും. തങ്ങളുടെ പണം ശരിയായ രീതിയിലാണ് വിനിയോഗിച്ചതെന്ന തോന്നല്‍ ഉപയോക്താവിന് കിട്ടുന്ന ഘടകങ്ങളിലൊന്ന് ഇതാണു താനും. ഇതിന്റെ കോട്ടിങും ആകര്‍ഷകമാണ്. അല്‍പം തിളക്കം തോന്നുമെങ്കിലും ഇതൊരു വില കുറഞ്ഞ ലാപ്‌ടോപ്പാണെന്ന തോന്നലേ ഉണ്ടാക്കില്ല. ഹൈ-എന്‍ഡ് മോഡലുകളേക്കാൾ അല്‍പം കൂടുതല്‍ ബെസല്‍ ഉണ്ടെന്നു തോന്നുമെങ്കിലും അതും ആകര്‍ഷണീയത കുറയ്ക്കുന്നില്ലെന്നും കാണാം. പഴയ 13.3-ഇഞ്ച് ലാപ്‌ടോപ്പുകളുടെ വലുപ്പമാണ് ഷഓമിയുടെ ഈ പുതിയ ലാപ്‌ടോപ്പിനു തോന്നുന്നത്. എന്നാല്‍, സ്‌ക്രീന്‍ വിസ്തൃതി 14-ഇഞ്ച് ഉണ്ടുതാനും. ലാപ്‌ടോപ്പിന്റെ ബോഡിയില്‍ ഒറ്റ നോട്ടത്തില്‍ വെബ്ക്യാമിന്റെ ഒരു കുറവു കാണാം. സൂം കോളുകള്‍ക്കൊക്കെ എന്തു ചെയ്യുമെന്നോര്‍ത്ത് വേവലാതിപ്പെടേണ്ട. കാരണം അതിനും ഷഓമി പരിഹാരം കാണുന്നു- എംഐ നോട്ട്ബുക്ക് 14 നൊപ്പം ഒരു യുഎസ്ബി വെബ്ക്യാം നല്‍കുന്നുണ്ട്. കണക്ടിവിറ്റി ഓപ്ഷനുകളും നിരാശപ്പെടുത്തുന്നില്ല- രണ്ട് യുഎസ്ബി 3.1 പോര്‍ട്ടുകള്‍, ഒരു യുഎസ്ബി 2.0 പോര്‍ട്ട്, ഒരു 3.5 എംഎം ഓഡിയോ പോര്‍ട്ട്, ഒരു എച്ഡിഎംഐ പോര്‍ട്ട് തുടങ്ങിയവയെല്ലാം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒരു യുഎസ്ബി-സി പോര്‍ട്ടിന്റെ കുറവ് അനുഭവപ്പെടുന്നുമുണ്ട്. കാര്‍ഡ് റീഡറും ഇല്ല എന്നതും കുറവുകളുടെ ഗണത്തില്‍ പെടുത്തണം.

∙ സ്‌ക്രീന്‍

എംഐ നോട്ട്ബുക്ക് 14ന്റെ എല്‍ഇഡി പാനല്‍ ഫുള്‍ എച്ഡിയാണ്. ഇതിന്റെ ബ്രൈറ്റ്‌നസ് മികച്ചതാണ്. പല പാനലുകളും ഫുള്‍ എച്ഡി എന്ന് അവകാശപ്പെടുമ്പോഴും അവ വേണ്ടത്ര പ്രകാശമാനമല്ലെന്ന തോന്നലുണ്ടാക്കുന്നു. ഗ്ലോസിയല്ല, മാറ്റ് ഡിസ്‌പ്ലേയാണ്. ചുറ്റുമുള്ള ലൈറ്റുകളുടെയും മറ്റും പ്രതിഫലനം കുറയ്ക്കുന്നതിന് ഈ സ്‌ക്രീന്‍ സഹായകമാണ്. സ്‌ക്രീന്‍ ഷാര്‍പ്‌നസിലെയും കുറ്റംപറയാനാവില്ല. ടെക്‌സറ്റും വിഡിയോയും കാണുമ്പോള്‍ ഇതു ഉപയോക്താവിന് ഗുണകരമാകും. മറ്റൊരു എടുത്തുപറയേണ്ട കാര്യം കളറിന്റെയാണ്. എംഐ നോട്ട്ബുക്ക് 14ന്റെ സ്‌ക്രീനിന് നല്ല കളര്‍ സെപ്പറേഷന്‍ തോന്നും. പല സ്‌ക്രീനുകളുടെയും ന്യൂനതകള്‍ അവയുടെ മങ്ങിയ കളറുകളും, വശങ്ങളില്‍ നിന്നു നോക്കിയാല്‍ കാണാന്‍ സാധിക്കാതെ വരുന്ന പ്രശ്‌നവുമാണ്- ഇവ രണ്ടും എംഐ നോട്ട്ബുക്ക് 14 ലാപ്‌ടോപ്പിന് ഇല്ലെന്നും കാണാം.

∙ പ്രകടനം

എംഐ നോട്ട്ബുക്ക് 14ന്റെ കരുത്തിരിക്കുന്നത് ഇന്റല്‍ ഐ5 (Intel Core i5-10210U) പ്രോസസറിലാണെന്നു പറഞ്ഞല്ലോ. ഇതിനൊപ്പം 8 ജിബി റാമും ഉണ്ട്. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് മതിയായ ശക്തി നല്‍കും. പല പ്രോഗ്രാമുകള്‍ തുറന്നുവച്ചാലും ഒരു ഐ3 പ്രോസസറുള്ള ലാപ്‌ടോപ്പിനേക്കാള്‍ മികച്ച പ്രകടനം തീര്‍ച്ചയായും ഇതു നല്‍കും. ഏതെങ്കിലും വിന്‍ഡോസ് ലാപ്‌ടോപ്പിന്റെ ഗണത്തില്‍ ഈ നോട്ട്ബുക്കിനെ പെടുത്തേണ്ട- പ്രകടനത്തിന്റെ കാര്യത്തില്‍ ഇതൊരു മികച്ച അനുഭവം തന്നെ പ്രദാനം ചെയ്യുന്നു. വേഡ് ഡോക്യുമെന്റുകളും, എക്‌സല്‍ സ്‌പ്രെഡ് ഷീറ്റുകളും, അല്‍പ്പം ബ്രൗസിങും, യുട്യൂബ് കാണലുമൊക്കെയാണ് ഉദ്ദേശമെങ്കില്‍ ഒട്ടും പേടിക്കേണ്ട- ഈ ലാപ്‌ടോപ് കിതയ്ക്കുന്ന പ്രശ്‌നം വരുന്നില്ല.

എന്നാല്‍, കുടുതല്‍ വിലയുള്ള എംഐ നോട്ട്ബുക്ക് 14 ഹൊറൈസണ്‍ എഡിഷന് പിസിഐ എക്‌സ്പ്രസ് ജെന്‍ 3 എന്‍വിഎംഇ എസ്എസ്ഡിയുണ്ട്. അതിന് 3000 എംബിപിഎസ് റീഡ് സ്പീഡും, 1800എംബിപിഎസ് റൈറ്റ് സ്പീഡും കിട്ടും. എന്നാല്‍ എംഐ നോട്ട്ബുക്ക് 14ന് അത്ര മികവില്ലെങ്കിലും ശരാശരി ടാസ്‌കുകള്‍ ഒരു പ്രശ്‌നവുമില്ലാതെ നിര്‍വ്വഹിക്കും. ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഒരു സാടാ 3 ടൈപ് എസ്എസ്ഡിയാണ്. ഏകദേശം 600 എംബിപിഎസ് ആണ് റൈറ്റ് സ്പീഡ്. ബ്രൗസിങ്, മൈക്രോസോഫ്റ്റ് വേഡ് ഡോക്യുമെന്റ്‌സ്, ആപ്പിള്‍ ഐട്യൂണ്‍സ്, സ്‌പോട്ടിഫൈ, മെയില്‍ ആപ്, എക്‌സല്‍ സ്‌പ്രെഡ്ഷീറ്റുകള്‍ തുടങ്ങിയവയ്ക്ക് ഒരു പ്രശ്‌നവും നേരിടില്ല. ബ്രൗസിങ്ങിന്റെ കാര്യത്തിലും ബാറ്ററിയുടെ പ്രകടനത്തിലും മൈക്രോസോഫ്റ്റ് എജ് (Microsoft Edge) ബ്രൗസറാണ് ഇപ്പോള്‍ ഗൂഗിള്‍ ക്രോമിനെക്കാള്‍ മികച്ച പ്രകടനം നല്‍കുന്നതെന്ന് വിലയിരുത്തപ്പെടുന്നു എന്നും പറയേണ്ടിയിരിക്കുന്നു.

ദീര്‍ഘനേരം ഉപയോഗിക്കേണ്ടി വന്നാലും, ചൂടു പുറംതള്ളാനുള്ള ധാരാളം ഹോളുകള്‍ ഇട്ടിട്ടുണ്ട് എന്നതിനാല്‍ പേടിക്കാതെ ഉപയോഗിച്ചു കൊണ്ടിരിക്കാം. ഇവ ലാപ്‌ടോപ്പിന്റെ അടിഭാഗത്തായതിനാല്‍, ലാപ്‌ടോപ് അല്‍പ്പം ഉയര്‍ത്തിവയ്ക്കുന്നതു ഗുണം ചെയ്‌തേക്കും. കൂളിങ് ഫാനിന്റെ സേവനവും ലഭ്യമാണ്. ഇത് സാധാരണ ഉപയോഗിക്കുന്ന ഇത്തരം കൂളിങ് ഫാനുകളേക്കാള്‍ അല്‍പം വലുതാണെന്ന് ഷഓമി അവകാശപ്പെടുന്നു. എന്നാല്‍, പൊതുവെ അധികം ശബ്ദമില്ലാതെയുള്ള പ്രവര്‍ത്തനം കിട്ടുന്നു എന്നും, കാര്യമായി ചൂടാകുന്നില്ല എന്നുമാണ് ഇതുവരെ ഉപയോഗിച്ചതില്‍ നിന്നു മനസിലാകുന്നത്. എന്നാല്‍, മള്‍ട്ടി ടാസ്‌കിങ്, അല്ലെങ്കില്‍ ശക്തി വേണ്ട ആപ്പുകള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ എംഐ നോട്ട്ബുക്ക് 14 ചൂടാകുന്നതും കാണാം. അടിയില്‍ ചില ഭാഗങ്ങളിലാണ് കൂടുതല്‍ ചൂട് തോന്നുന്നത്. ഈ സമയത്താണ് ഫാനിന്റെ ശബ്ദവും കൂടും.

എംഐ നോട്ട്ബുക്ക് 14ന് മൂന്നു വേരിയന്റുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നു പറഞ്ഞല്ലോ. ഇതില്‍ ഏറ്റവും കൂടിയ മോഡലിന് എന്‍വിഡിയ ജിഫോഴ്‌സ് എംഎക്‌സ്250 ഗ്രാഫിക്‌സ് ജിപിയു നല്‍കിയിരിക്കുന്നു. ഇത്, ചില അവസരങ്ങളില്‍ പ്രോസസറിന്റെ പ്രവര്‍ത്തനത്തെ സഹായിച്ച് അതിന്റെ ലോഡിങ് ഭാരം കുറയ്ക്കുന്നു. പ്രത്യേകിച്ചും ഗെയിമിങിലും മറ്റും ഇത് കാണാം. എന്നാല്‍, ഇതൊരു ഗെയിമിങ് ലാപ്‌ടോപ്പ് അല്ലെന്ന കാര്യം എടുത്തുപറയേണ്ടിയിരിക്കുന്നു. എന്നാല്‍, കുറഞ്ഞ രീതിയിലുള്ള വിഡിയോ എഡിറ്റിങ് പോലെയുള്ള കാര്യങ്ങള്‍ക്ക് ഇത് വളരെ പ്രയോജനപ്രദവുമാണ്.

∙ ബാറ്ററി

ബാറ്ററിയുടെ പ്രവര്‍ത്തനം ദീര്‍ഘനേരത്തേക്കു കിട്ടുമെങ്കില്‍ എവിടെയെങ്കിലും കൊണ്ടു പോകേണ്ടിവരുമ്പോള്‍ ചാര്‍ജറും കൊണ്ടുപോകേണ്ടി വരില്ല. ഷഓമി പറയുന്നത് ഈ ലാപ്‌ടോപ്പിന് 10-മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ്. എന്നാല്‍, കോര്‍ ഐ7 പ്രോസസറുള്ള എംഐ നോട്ട്ബുക്ക് 14 ഹൊറൈസണ്‍ എഡിഷന് 8 മണിക്കൂര്‍ വരെയാണ് ലഭിച്ചത്. അതും മോശപ്പെട്ട പ്രകടനമല്ല. എന്നാല്‍, എംഐ നോട്ട്ബുക്ക് 14 ന്റെ ബാറ്ററി പ്രകടനം മികച്ചതായാണ് അനുഭവപ്പെട്ടത്. ബ്രൈറ്റ്‌നസും മറ്റും കൂട്ടിയല്ല ഇടുന്നതെങ്കില്‍ നല്ല പ്രകടനം തന്നെ പ്രതീക്ഷിക്കാം.

∙ ചുരുക്കത്തില്‍

ഷഓമി സ്മാര്‍ട് ഫോണ്‍ വില്‍പനയില്‍ ഇന്ത്യയില്‍ കളംപിടിക്കാന്‍ കാരണം അവരുടെ ഫോണുകള്‍ക്ക് നല്‍കുന്ന വില മുതലാകുന്നു എന്ന തോന്നല്‍ വരുത്തി തീര്‍ത്തതാണ്. ലാപ്‌ടോപ് നിര്‍മാണത്തിലും അവര്‍ ആ സമീപനം തന്നെയാണ് സ്വീകരിച്ചിരിക്കുന്നത് എന്ന തോന്നലാണ് ഇതുവരെയുള്ള കണ്ടെത്തലുകളില്‍ നിന്നു മനസിലാകുന്നത്. നിങ്ങള്‍ 40000-50000 രൂപ വിലയുള്ള ഒരു ലാപ്‌ടോപ്പാണ് അന്വേഷിക്കുന്നതെങ്കില്‍ ഇതിലും നല്ല ഒന്നു കണ്ടെത്തുക അത്ര എളുപ്പമായിരിക്കില്ല. എന്നാല്‍, എംഐ നോട്ട്ബുക്ക് 14ന് അതിന്റെ പരിമിതികളും ഉണ്ട്. ഗെയിമിങ് അടക്കമുള്ള, ധാരാളം കരുത്തുവേണ്ട കാര്യങ്ങള്‍ക്ക് ഈ മോഡല്‍ അത്ര ഉചിതമായിരിക്കില്ല. എന്നാല്‍, വര്‍ക് ഫ്രം ഹോം തുടങ്ങിയ സാഹചര്യങ്ങളില്‍ മിക്കവര്‍ക്കും ഇതു മതിയായേക്കും. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ മറ്റൊരു ലാപ്‌ടോപ് അന്വേഷിക്കേണ്ട സാഹചര്യമുണ്ടാകില്ല. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്നതു ശരിയല്ലല്ലോ. കീബോഡിന് ബാക് ലൈറ്റിങ് ഇല്ലെന്നത് ചിലര്‍ക്ക് നിരാശ നല്‍കിയേക്കും. വിഡിയോ കോളിനായി ഓരോ തവണയും വെബ്ക്യാം പിടിപ്പിക്കണം എന്നതും ചിലര്‍ക്ക് ഇഷ്ടപ്പെട്ടേക്കില്ല. എന്നാല്‍, മികച്ച ഡിസൈനാണ് എന്ന തോന്നല്‍ നല്‍കുന്ന, ഫുള്‍ എച്ഡി സ്‌ക്രീനുള്ള, ഐ5 പ്രോസസറുള്ള ഒരു ലാപ്‌ടോപ് ആണ് അന്വേഷിക്കുന്നതെങ്കില്‍ വിലയുടെ കാര്യത്തിൽ എംഐ നോട്ട്ബുക്ക് 14നെ വെല്ലാന്‍ അധികം മോഡലുകള്‍ ഇന്ന് വിപണിയില്‍ ഇല്ല.

English Summary: Xiaomi Mi Notebook 14 Laptop Review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA