ആപ്പിളിന്റെ ജനപ്രിയ ഉൽപ്പന്നമായ ആപ്പിൾ വാച്ച് ഇന്ത്യയിൽ 61 കാരന്റെ ജീവൻ രക്ഷിച്ചെന്ന് റിപ്പോർട്ട്. ഇന്ത്യയില് ഇത് ആദ്യ സംഭവമാണെന്നാണ് അറിയുന്നത്. ആപ്പിൾ വാച്ചിലെ ഇലക്ട്രോകാർഡിയോഗ്രാം (ഇസിജി) ഫീച്ചറാണ് 61 കാരനായ ഇൻഡോർ നിവാസിയുടെ ജീവൻ രക്ഷിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം വേഗം സുഖം പ്രാപിക്കാൻ ആപ്പിൾ സിഇഒ ടിം കുക്ക് ആശംസിക്കുകയും ചെയ്തു.
ആപ്പിൾ വാച്ച് സീരീസ് 5 ഉപയോഗിക്കുന്ന റിട്ടയേർഡ് ഫാർമ പ്രൊഫഷണലായ ആർ. രാജൻസ് ഈ വർഷം മാർച്ചിലാണ് അസുഖം അനുഭവപ്പെട്ടതിനെ തുടർന്ന് ആപ്പിൾ വാച്ച് ഉപയോഗിച്ച് ഇസിജി പരിശോധിക്കാൻ തീരുമാനിച്ചത്. സിലിക്കൺ വാലിയിലെ ചില മുൻനിര ടെക് കമ്പനികളിൽ ജോലി ചെയ്തിട്ടുള്ള, ഇപ്പോൾ ഹാർവാർഡ് സർവകലാശാലയിൽ പഠിക്കുന്ന മകൻ സിദ്ധാർഥ് ആണ് അദ്ദേഹത്തിന് ആപ്പിൾ വാച്ച് സമ്മാനിച്ചത്.
ആപ്പിൾ വാച്ചിൽ ഇസിജി പരിശോധിക്കാൻ കഴിയും. ഒരാൾക്ക് ഇത് പതിവായി പരിശോധിക്കാം. അർദ്ധരാത്രിയിൽ രണ്ടോ മൂന്നോ തവണ എന്റെ പിതാവിന് അരിഹ്മിയ സിഗ്നലുകളോ ക്രമരഹിതമായ ഹൃദയമിടിപ്പുകളോ കാണിക്കുന്നുണ്ടായിരുന്നു എന്നാണ് സിദ്ധാർഥ് പറഞ്ഞത്.
അതേഫലം തുടർന്നപ്പോൾ, കൂടുതൽ പരിശോധനയ്ക്കായി അദ്ദേഹം ഡോക്ടറെ കാണാൻ തീരുമാനിച്ചു. തുടർന്ന് കൂടുതൽ പരിശോധനയിൽ രാജന് അടിയന്തര ഹൃദയ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം ശസ്ത്രക്രിയ വൈകിയെങ്കിലും രാജൻസ് തന്റെ ആപ്പിൾ വാച്ചിൽ ഇസിജി നിരീക്ഷിക്കുന്നത് തുടർന്നിരുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം സിദ്ധാർഥ് കുക്കിന് നന്ദി അറിയിച്ച് കുറിപ്പെഴുതിയിരുന്നു. ‘സിദ്ധാർഥ്, ഇത് പങ്കിട്ടതിന് നന്ദി. നിങ്ങളുടെ പിതാവിന് കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചുവെന്നതിൽ സന്തോഷമുണ്ട്, അദ്ദേഹത്തിന് ഇപ്പോൾ സുഖം തോന്നുന്നുവെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ടീം നിങ്ങളുമായി ബന്ധപ്പെടുമെന്നും കുക്ക് ഒരു ഇമെയിലിൽ പ്രതികരിച്ചു.
തുടർന്ന് ആപ്പിളിന്റെ ടീം രാജൻസ് കുടുംബവുമായി ബന്ധപ്പെട്ടു. ‘ആപ്പിൾ വാച്ച് പോലുള്ള ഒരു ഉപകരണം എന്ന ആശയം ഞങ്ങളുടെ മാതാപിതാക്കളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് സാങ്കേതികവിദ്യയും മെഡിക്കൽ അവബോധവും ഉപയോഗിക്കുന്നതിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ്. ഇത് എന്റെ അച്ഛന്റെ ജീവൻ രക്ഷിച്ചു. ഇത് ജീവിതത്തിൽ മാറ്റം വരുത്തുന്ന ഉൽപ്പന്നമാണെന്നും സിദ്ധാർഥ് പറഞ്ഞു.
ആപ്പിൾ വാച്ചിന്റെ ആരോഗ്യ സവിശേഷതകളായ ഇസിജി, ഫാൾ ഡിറ്റക്ഷൻ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്.
English Summary: Apple Watch Saves 61-year-old Indian Man's Life, Tim Cook Wishes Him Speedy Recovery