ADVERTISEMENT

ഭാവിയില്‍ ഐഫോണിനൊപ്പം ചാര്‍ജറുകളോ, ഇയര്‍പോഡുകളോ നല്‍കില്ലെന്ന് ആപ്പിള്‍ കമ്പനി ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഇതേത്തുടര്‍ന്ന് ആനയെ വാങ്ങിയിട്ട് തോട്ടി പോലും ഫ്രീയായി കിട്ടിയില്ല എന്ന തരത്തിലുള്ള വിലാപമാണ് ഇപ്പോഴും ചിലർക്കുള്ളത്. മൊബൈല്‍ ഫോണ്‍ എന്ന സങ്കല്‍പ്പം തുടങ്ങുന്ന കാലം മുതല്‍ ഉണ്ടായിരുന്ന ഒരു 'ആചാരമായിരുന്നു' ഫോണിനൊപ്പം ചാര്‍ജറും വേണ്ട കേബിളുകളും, ഹെഡ്‌ഫോണും എല്ലാം നല്‍കുക എന്നത്. ആപ്പിളാണ് അതിനൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ, ഇപ്പോള്‍ വീമ്പിളക്കുന്ന കമ്പനികളും ഭാവിയില്‍ ആപ്പിളിന്റെ പാത പിന്തുടരുന്നതു കണ്ടേക്കും എന്നതിനാല്‍ ഇക്കാര്യം അല്‍പ്പം വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഐഫോണ്‍ 12ന് ഒപ്പം ആകെ ഒരു ഡേറ്റാ കേബിള്‍ മാത്രമാണ് നല്‍കുന്നത്- ഒരു യുഎസ്ബി-സി റ്റു ലൈറ്റ്‌നിങ് പോര്‍ട്ട് കേബിള്‍. ഡേറ്റാ ട്രാന്‍സ്ഫറിനും ചാര്‍ജിങിനും ഉപോയിഗക്കാം. പലരും ഉപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ യുഎസ്ബി-സി പോര്‍ട്ട് പോലുമില്ല.

 

ഇത് പല ഉപയോക്താക്കളെയും നിരാശരാക്കിയിരിക്കുകയാണ്. ചാര്‍ജറും, ഇയര്‍ഫോണും ഇനി നല്‍കേണ്ടെന്ന തീരുമാനം തങ്ങള്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദ കമ്പനിയാകാന്‍ പോകുന്നതിന്റെ ഭാഗാമായാണ് പുതിയ നീക്കമെന്നാണ് ആപ്പിള്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. ആക്‌സസറികള്‍ ഇല്ലാതെ നല്‍കുന്ന ഐഫോണ്‍ അടക്കം ചെയ്ത പെട്ടികളുടെ വലുപ്പം കുറയ്ക്കാമെന്നും ഇല്‌ക്ട്രോണിക് മാലിന്യം  കുറയ്ക്കാമെന്നും കമ്പനി പറയുന്നു. ചില ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ ഇയര്‍ഫോണ്‍ ബോക്‌സില്‍ ഉള്‍പ്പെടുത്തുന്നതു നിർത്തിയിട്ടു വര്‍ഷങ്ങളായി. എന്നാല്‍, അതല്ല ഒരു ലക്ഷം രൂപയും മറ്റും മുടക്കി ഐഫോണ്‍ വാങ്ങുന്നവരുടെ കാര്യം. ബോകിസിനുള്ളില്‍ ആപ്പിള്‍ തന്നെ ടെസ്റ്റു ചെയ്ത ചാര്‍ജറും ഹെഡ്‌ഫോണും കിട്ടിയിരുന്നത് വളരെ നല്ലൊരു കാര്യമായിരുന്നു.

 

∙ മറുവശം

 

എന്നാല്‍, ആപ്പിള്‍ ഫോണിന് ഒപ്പം നല്‍കിവന്നിരുന്നത് 5w ചാര്‍ജര്‍റും ഒരു യുഎസ്ബി-എ ടു ലൈറ്റ്‌നിങ് പോര്‍ട്ടുമാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ മറ്റുള്ളവരില്‍ നിന്നു മൂടിവച്ചിരുന്ന ഒരു കഥയാണിത്- ഐഫോണുകള്‍ ഒപ്പം കിട്ടുന്ന ചാര്‍ജറില്‍ കുത്തി ഫോണ്‍ ഒന്നു മുഴുവനായി ചാര്‍ജു ചെയ്തുകിട്ടാന്‍ എടുക്കുന്ന സമയം. വര്‍ഷങ്ങളായി ക്വിക് ചാര്‍ജിങ്ങിന്റെ സുഖം അറിഞ്ഞവരാണ് ഒട്ടു മിക്ക ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കളും. മിക്കവാറും പവര്‍ബാങ്കുകളെല്ലാം ഐഫോണിന് അതിനൊപ്പം കിട്ടുന്ന ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ചാര്‍ജു നിറച്ചു കൊടുക്കും. ഇതിനാല്‍, ഐഫോണ്‍ 12നോ, പഴയ ഐഫോണിനോ ഒപ്പം കിട്ടിവന്ന ആ 5w ചാര്‍ജര്‍ അത്ര വലിയ ഗുണമൊന്നും ചെയ്തിരുന്നില്ല എന്നാണ് ഒരു വാദം. പക്ഷേ, അപ്പോള്‍ അങ്ങനെയാണെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ നല്‍കിവരുന്നതു പോലെ എന്തുകൊണ്ട് ഒരു ക്വിക് ചാര്‍ജര്‍ ഒപ്പം നല്‍കുന്നില്ലെന്ന ചോദ്യമുയരുന്നു.

 

ഇവിടെയാണ് ആപ്പിള്‍ ഒരു വെടിക്കു രണ്ടു പക്ഷികളെ വീഴ്ത്തിയിരിക്കുന്ന കാഴ്ച കാണുന്നത്. പഴയ ചാര്‍ജര്‍ ഒപ്പം നല്‍കിയാല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ അതില്‍ കുത്തിയിട്ട് ഫോണ്‍ ചാര്‍ജാകുന്നതും നോക്കി കാത്തിരിക്കണം. ഈ കാത്തിരിപ്പു വല്ല ആന്‍ഡ്രോയിഡ് ഉപയോക്താക്കളും കണ്ടാല്‍ അവര്‍ ചിരിച്ചു പോകും. ക്വിക് ചാര്‍ജര്‍ ഒപ്പം നല്‍കിയാല്‍ ആപ്പിളിന് അല്‍പ്പം പൈസ നഷ്ടം വരും. ഒരു ചാര്‍ജറും ഒപ്പം നല്‍കാതിരുന്നാല്‍, ആദ്യമല്‍പ്പം പഴി കേട്ടാലും നാണക്കേടും തീരും, പൈസയും ലാഭം, പരിസ്ഥിതിയേയും സംരക്ഷിക്കാം! ചില ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളാണെങ്കില്‍ 65w ചാര്‍ജര്‍ വരെ നല്‍കുന്നു. അങ്ങനെ നോക്കിയാല്‍ ആപ്പിള്‍ പറഞ്ഞ കാര്യം ശരിയാണ്. തങ്ങളുടെ 5w ചാര്‍ജര്‍ കാലോചിതമായ ഒരു ആക്‌സസറിയല്ല. അതു വെറുതെ ഇവെയ്‌സ്റ്റ് വര്‍ധിപ്പിക്കുകയാണ്! എന്നാല്‍, ആപ്പിളിന് ഒരു 20w ചാര്‍ജറെങ്കിലും ഫ്രീ ആയി നല്‍കാമായിരുന്നു എന്നു പറയുന്നവരുണ്ട്. എന്നാല്‍, അങ്ങനെ നല്‍കിയാല്‍ ആളുകള്‍ തങ്ങളുടെ 1,900 രൂപ വില വരുന്ന ചാര്‍ജര്‍ വാങ്ങണ്ടെന്നു തീരുമാനിക്കും. ഇപ്പോളാകട്ടെ എല്ലാം ശുഭം!

 

∙ ആപ്പിള്‍ ഉപയോക്താക്കളെ കൈവിട്ടോ?

 

ഇനി ഐഫോണ്‍ ഉപയോക്താക്കള്‍ തങ്ങളുടെ യുഎസ്ബി-സി ടു ലൈറ്റ്‌നിങ് കേബിള്‍ ഏതെങ്കിലും ചാര്‍ജറിലൊക്കെ കണക്ടു ചെയ്ത് ഫോണ്‍ ചാര്‍ജു ചെയ്‌തെടുത്തേക്കും. ഇതാകട്ടെ ഫോണിനും ബാറ്ററിക്കും പ്രശ്‌നമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. പഴയ പാവം 5w ചാര്‍ജറെങ്കിലും ഒപ്പം നല്‍കിയിരുന്നെങ്കില്‍, സമയമെടുത്താല്‍ പോലും ആപ്പിള്‍ നിര്‍മിത ചാര്‍ജര്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജു ചെയ്യാമായിരുന്നു. തങ്ങളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തങ്ങളിറക്കുന്ന ആക്‌സസറികളാണ് അവയുടെ ആരോഗ്യത്തിനും ദീര്‍ഘായുസിനും നല്ലതെന്ന് ഘോരഘോരം തട്ടിവിട്ടിരുന്ന കമ്പനിയാണ് ആപ്പിള്‍ എന്ന കാര്യവും മറക്കരുത്. അപ്പോള്‍ ഒരു ചാത്തന്‍ ചാര്‍ജറില്‍ കുത്തി ഒരു ലക്ഷം രൂപയുടെ 'ഉൽപ്പന്നം' ചാര്‍ജു ചെയ്‌തെടുക്കുമ്പോള്‍ അതു കേടായാല്‍ ആപ്പിള്‍ ഗ്യാരന്റി നല്‍കുമോ?

 

അടുത്ത കാലം വരെ തേഡ് പാര്‍ട്ടി ചാര്‍ജറുകള്‍ ഉപയോഗിച്ചാല്‍ ഫോണിനു കേടുവരുത്തുമെന്നും പൊട്ടിത്തെറിക്കുക പോലും ചെയ്യുമെന്നുമെല്ലാം ആപ്പിള്‍ മുന്നറിയിപ്പും നല്‍കിവന്നിരുന്നു. അപ്പോള്‍ വഴിവക്കില്‍ നിന്നു ലഭിച്ച ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജു ചെയ്ത് ഫോണ്‍ പ്രശ്നത്തിലായാല്‍ ഗ്യാരന്റി സമയത്തിനുള്ളിലാണെങ്കില്‍ ആപ്പിളിനു മുഖം തിരിക്കാനാകുമോ എന്നൊക്കെയുള്ള കാര്യങ്ങള്‍ അറിയാനിരിക്കുന്നതെയുള്ളു. എന്തായാലും ഐഫോണ്‍ 12 വാങ്ങുന്നവര്‍ അതു ദീര്‍ഘകാലം ഉപയോഗിക്കണമെന്നുണ്ടെങ്കിൽ ആപ്പിളിന്റെ ചാര്‍ജര്‍ പൈസകൊടുത്തു വാങ്ങുന്നതായിരിക്കും ഉചിതം.

 

English Summary: What if the iPhone comes with a charger or doesn't

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com