ADVERTISEMENT

നിങ്ങള്‍ക്ക് ഫോണിനൊപ്പം കിട്ടിയ ചാര്‍ജറില്ലാതെ തന്നെ സ്മാര്‍ട് ഫോണ്‍ ചാര്‍ജ് ചെയ്യേണ്ട അവസരം വരുമെന്ന കാര്യം ഉറപ്പാണ്. ഒപ്പം കിട്ടിയ ചാര്‍ജര്‍ കേടാകുകയും ചെയ്യാം. ടാബ്‌ലറ്റിന്റെ ചാര്‍ജര്‍ ഉപയോഗിച്ചു ഫോണ്‍ ചാര്‍ജ് ചെയ്യാമോ? ഇത്തവണ ഐഫോണ്‍ 12 സീരിസ് അവതരിപ്പിച്ചപ്പോള്‍ ആപ്പിള്‍ ചെയ്തതു കൂടി പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണെന്നു കാണാം. ഇതുവരെ ഫോണിനൊപ്പം കിട്ടുന്ന ചാര്‍ജര്‍ ഉപയോഗിക്കുക എന്നത് വളരെ ആത്മവിശ്വാസം പകരുന്ന ഒന്നാണ്. ഫോണിന്റെ ബാറ്ററിയും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചാര്‍ജിങ് ടെക്‌നോളജിയും അടക്കം പല കാര്യങ്ങളും പരിശോധിച്ചായിരിക്കുമല്ലോ ഓരോ കമ്പനിയും ചാര്‍ജര്‍ നല്‍കുക. ഒരു വര്‍ഷമെങ്കിലും വാറന്റി നല്‍കുന്നതിനാല്‍ ചാര്‍ജറും അവര്‍ പരിശോധിച്ചു തന്നെയായിരിക്കും നല്‍കുക എന്നതിനാലാണ് അത് ധൈര്യം ലഭിക്കുന്നത്. ഇത്തവണ ഐഫോണ്‍ 12 സീരിസിനൊപ്പം ലൈറ്റ്‌നിങ് കേബിള്‍ മാത്രമാണ് നല്‍കുന്നത്.

 

ഏതു ഫോണിന്റെയും ചാര്‍ജര്‍ ഉപയോഗിച്ച് സ്മാര്‍ട് ഫോണ്‍ ചെയ്യാമോ എന്ന ചോദ്യത്തിന് 'ചെയ്യാം' എന്നു പറയാമെങ്കിലും അതേക്കുറിച്ചുള്ള വിശദമായ ഉത്തരവും കൂടെ അറിഞ്ഞിരിക്കണം. ചാര്‍ജറുളെക്കുറിച്ചുള്ള പ്രധാന സ്‌പെസിഫിക്കേഷന്‍ അതിന്റെ വാട്ട്‌സ് ആണ്. എത്ര ഊര്‍ജ്ജമാണ് അത് നിങ്ങളുടെ ഫോണിലേക്ക് അയയ്ക്കുക എന്നതിന്റെ കണക്കാണിത്. ടാബുകള്‍ക്കും, ലാപ്‌ടോപ്പുകള്‍ക്കും കൂടുതല്‍ വാട്‌സ് ഉള്ള ചാര്‍ജറുകളായിരിക്കും സാധാരണഗതിയില്‍ ഉണ്ടാകുക. കാരണം അവയ്ക്ക് കൂടുതല്‍ വലുപ്പമുള്ള ബാറ്ററികള്‍ നിറയ്‌ക്കേണ്ടതായിട്ടുണ്ട്. ഇതിനാല്‍ തന്നെ ലാപ്‌ടോപ്പിന്റെ ചാര്‍ജര്‍ ഉപയോഗിച്ചു ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സാധ്യത ഇല്ല. 

 

എത്ര പെട്ടെന്നാണ് നിങ്ങളുടെ ഫോണിന്റെ ചാര്‍ജ് പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് എത്തുന്നത് എന്നത് എത്ര വാട്‌സ് ചാര്‍ജാണ് ചാര്‍ജറില്‍ നിന്ന് കിട്ടുന്നത് എന്നതും, എത്ര വാട്‌സ് ചാര്‍ജാണ് നിങ്ങളുടെ ഫോണിന് സ്വീകരിക്കാനാകുന്നത് എന്നതും നോക്കിയാണ് മനസിലാക്കേണ്ടത്. ഇത് ഫോണിന്റെ മോഡല്‍ നമ്പര്‍ വച്ച് സേര്‍ച്ചു ചെയ്താല്‍ ലഭിക്കും. ഉദാഹരണത്തിന് പുതിയ ഐഫോണിന് പരമാവധി 20 വാട്‌സ് ചാര്‍ജാണ് സ്വീകരിക്കാനാകുക. എന്നു പറഞ്ഞാല്‍ ആപ്പിള്‍ ഫോണിനൊപ്പമല്ലാതെ വില്‍ക്കുന്ന 20 വാട്സ് ചാര്‍ജര്‍ വാങ്ങിയാല്‍ ഐഫോണ്‍ 11ന് ഒപ്പം നല്‍കിവന്നിരുന്ന 5 വാട്‌സ് ചാര്‍ജറിനേക്കാള്‍ നാലുമടങ്ങു വേഗത്തില്‍ ചാര്‍ജു ചെയ്യാനാകും. ഇവിടെ മറ്റൊരു കാര്യം കൂടെ ശ്രദ്ധിക്കാം. ഈ 20 വാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് നിങ്ങളുടെ ഐപാഡുകളും ചാര്‍ജ് ചെയ്യാം. എന്നാല്‍, നേരത്തെ കിട്ടിയിരുന്ന 5 വാട്ട് ചാര്‍ജര്‍ ഐപാഡുകള്‍ക്ക് സപ്പോര്‍ട്ട് ഔദ്യോഗികമായി നല്‍കിയിരുന്നില്ല.

 

usb

ലാപ്‌ടോപ്പുകളില്‍ കുത്തി ചാര്‍ജ് ചെയ്യുമ്പോഴും ഇക്കാര്യങ്ങളൊക്കെ ബാധകമാണ്. പുതിയ മാക്ബുക്ക് പ്രോകളുടെ യുഎസ്ബി-സി അല്ലെങ്കില്‍ തണ്ടര്‍ബോള്‍ട്ട് പോര്‍ട്ടുകള്‍ക്ക് 10 വാടസ് വരെ നല്‍കാനാകും. അതായത് ആപ്പിളിന്റെ പഴയ 5 വാട്ട് ചാര്‍ജറുകളേക്കാള്‍ ഇരട്ടി മെച്ചാമാണവ എങ്കിലും 20 വാട്ട് ചാര്‍ജറുകളുടെയത്ര ഗുണമില്ലാ താനും. ഫോണിന് 20 വാട്ട് ചാര്‍ജ് സ്വീകരിക്കാനുള്ള ശേഷിയുണ്ടെങ്കില്‍ മാത്രമാണിത്. പത്തു വാട്ടേ ഫോണിനു സ്വീകരിക്കാനകൂ എങ്കില്‍ മാക്ബുക്ക് പ്രോയും, പുതിയ ചാര്‍ജറും ഒരേ സ്പീഡിലായിരിക്കും നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യുക.

 

airpower-apple

∙ എന്താണ് ഫാസ്റ്റ് ചാര്‍ജിങ്?

 

iphone-12-magsafe

ഇതു കളി വേറെയാണ്. വണ്‍പ്ലസ് 8 ടിക്ക് 65 വാട്ട് ചാര്‍ജിങ് ശേഷിയുണ്ട്. പൂജ്യം ബാറ്ററിയില്‍ നിന്ന് 100 ശതമാനത്തിലെത്താന്‍ വേണ്ടത് വെറും 30 മിനിറ്റാണ്. ഇതല്ലേ നല്ലതെന്നു ചോദിച്ചാല്‍ ഫാസ്റ്റ് ചാര്‍ജിങ്ങിന്റെ നിലവാരം ഏകീകരിച്ചിട്ടില്ലെന്നു പറയേണ്ടിവരും. ഓരോ ഫോണ്‍ നിര്‍മാതാവും തങ്ങള്‍ക്കിഷ്ടമുള്ള രീതിയിലാണ് ഫോണുകളും ചാര്‍ജറുകളും നിര്‍മിക്കുന്നത്. ഒരു കമ്പനിയടെ ടെക്‌നോളജി ആകണമെന്നില്ല മറ്റു കമ്പനികള്‍ ഉപയോഗിക്കുന്നത് എന്നതാണ് ഇവിടെയുള്ള പ്രധാന വ്യത്യാസം. ഉദാഹരണത്തിന് മുകളില്‍ പറഞ്ഞ വണ്‍പ്ലസ് 8ടിയുടെ ബാറ്ററിയെ രണ്ടു തുല്യ ഭാഗങ്ങളായി വിഭജിച്ച് രണ്ടിലും ഒരേസമയം വൈദ്യുതി പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനുള്ള ചാര്‍ജറാണ് ഒപ്പം ലഭിക്കുന്നത്. എന്നാല്‍ മറ്റേതെങ്കിലും കമ്പനിയുടെ 65 വാട് ചാര്‍ജര്‍ സംഘടിപ്പിച്ചാല്‍ അതിവേഗ ചാര്‍ജിങ് സാധ്യമാകണമെന്നില്ല. സാധാരണ ഗതിയില്‍ ഫോണിന് ഒരു സമയത്ത് സ്വീകരിക്കാവുന്ന പരമാവധി വൈദ്യുതി നല്‍കുന്ന ചാര്‍ജറുകള്‍ ലഭിക്കുന്നതാണ് ഉചിതം. പലപ്പോഴും ഫോണിനൊപ്പം കിട്ടുന്ന ചാര്‍ജര്‍ തന്നെയാണ് ഫാസ്റ്റ് ചാര്‍ജിങ്ങിന്റെ കാര്യത്തില്‍ ഗുണകരം.

 

∙ വയര്‍ലെസ് ചാര്‍ജിങ്

 

ഇവിടെ കാര്യങ്ങള്‍ വീണ്ടും വ്യത്യസ്തമാണ്. ഇവിടെയും ചാര്‍ജിങ് സ്പീഡ് വാട്‌സിലാണ് കാണിക്കുന്നത്. മിക്കവാറും വയര്‍ലെസ് ചാര്‍ജറുകളെല്ലാം വയേഡ് ചാര്‍ജറുകളെക്കാള്‍ പതുക്കെ മാത്രമെ ചാര്‍ജ് ചെയ്യൂ. ഫാസ്റ്റ് ചാര്‍ജിങ്ങിന്റെ കാര്യത്തിലേതു പോലെയല്ലാതെ വയര്‍ലെസ് ചാര്‍ജിങ്ങില്‍ മിക്ക കമ്പനികളും ക്വി (Qi) ചാര്‍ജിങ് ഉപയോഗിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്.

 

∙ അപ്പോള്‍ ഏതു ചാര്‍ജറാണ് ഉപയോഗിക്കേണ്ടത്?

 

ഫോണിന് ഉചിതമായ ചാര്‍ജറും ഗുണമേന്മയുള്ള കേബിളുമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇക്കാലത്ത് നല്ല കമ്പനികളുടെ ചാര്‍ജറകള്‍ കുഴപ്പമില്ലാതെ പ്രവര്‍ത്തിച്ചേക്കും. പുതിയ കാലത്തെ ഹാന്‍ഡ്‌സെറ്റുകളെല്ലാം തന്നെ ഉള്ളിലേക്കു കയറുന്ന ചാര്‍ജ് നിയന്ത്രിക്കാനും കഴിവുള്ളവയാണ്. അതുകൊണ്ടു തന്നെ ബാറ്ററിക്ക് പ്രശ്‌നം വരണമെന്നില്ല. അതുകൊണ്ടു തന്നെ ശക്തി കൂടിയ ചാര്‍ജര്‍ ഉപയോഗിച്ചാലും നല്ല ഫോണുകള്‍ പ്രശ്‌നമില്ലാതെ പ്രവര്‍ത്തിച്ചേക്കും. എന്നാല്‍, വില കുറഞ്ഞ, ബ്രാന്‍ഡഡ് അല്ലാത്ത ചാര്‍ജറുകളെ കണ്ണുമടച്ച് വിശ്വസിക്കരുതെന്നും പറയുന്നു. ഏതാനും വര്‍ഷം പഴക്കമുളള ചാര്‍ജറുകളും പുതിയ നിലവാരത്തിന് അനുസരിച്ചു നിര്‍മിച്ചവയാകണമെന്നില്ല. അവയ്ക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കണ്ടേക്കില്ല. അല്‍പം വില കൂടിയേക്കാമെങ്കിലും, മുന്തിയ ഹാന്‍ഡ്‌സെറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍, പറ്റുന്നിടത്തോളം ഫോണിന്റെ നിര്‍മാതാവ് നിര്‍ദ്ദേശിക്കുന്ന ചാര്‍ജറുകള്‍ തന്നെ ഉപയോഗിക്കുക. ചുരുക്കിപ്പറഞ്ഞാല്‍ ഇടയ്‌ക്കൊരിക്കല്‍ ബാറ്ററി തീരുകയാണെങ്കില്‍ ഏതെങ്കിലും ചാര്‍ജര്‍ ഉപയോഗിച്ചെന്നു കരുതി പ്രശ്‌നമുണ്ടാകാന്‍ വഴിയില്ല. എന്നാല്‍, ഫാസ്റ്റ് ചാര്‍ജിങ് പ്രവര്‍ത്തിക്കുന്നത് വ്യത്യസ്തമായതിനാല്‍ സാധിക്കുന്നിടത്തോളം ഫോണ്‍ നിര്‍മാതാവിന്റെ ചാര്‍ജര്‍ തന്നെ ഉപയോഗിക്കുക.

 

∙ അപ്പോള്‍ ആപ്പിളിന്റെ പുതിയ മാഗ്സെയ്ഫ് ചാര്‍ജറുകളോ?

 

വയര്‍ലെസ് ചാര്‍ജിങ് സാങ്കേതികവിദ്യ തന്നെയാണ് മാഗ്‌സെയ്ഫിലും ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മാഗ്‌സെയ്ഫ് ചാര്‍ജര്‍ ഐഫോണ്‍ 12ന് ഒപ്പം ഉപയോഗിക്കാന്‍ മാത്രമുളളതാണ്. ഐഫോണ്‍ 12 സീരിസുമായി കാന്തികമായി ചേര്‍ന്നിരുന്നാണ് ചാര്‍ജ് ചെയ്യുന്നത്. മറ്റു ഫോണുകളില്‍ ഇത് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. കാന്തങ്ങളും സ്മാര്‍ട് ഫോണുകളും സാധാരണഗതിയില്‍ ഒരു സ്വരച്ചേര്‍ച്ചക്കുറവുണ്ട്. എന്നാല്‍, തങ്ങളുടെ ചില എൻജിനീയറിങ് ട്രിക്കുകള്‍ ഉപയോഗിച്ച് ഐഫോണ്‍ 12 സീരിസിന് പ്രശ്‌നമില്ലാത്ത രീതിയില്‍ ആക്കി തീര്‍ത്തിരിക്കുന്നതാണ് മാഗ്‌സെയ്ഫ് ചാര്‍ജറുകള്‍.

 

English Summary: Introduction to phone chargers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com