ADVERTISEMENT

വീട്ടിലിരുന്നു ജോലി അല്ലെങ്കില്‍ പഠനം തുടങ്ങിയതോടെ, മുൻപെങ്ങുമില്ലാത്ത മാറ്റങ്ങളാണ് ഈ വര്‍ഷം കണ്ടത്. പലര്‍ക്കും ഫോണ്‍ ചെവിയില്‍ നിന്ന് എടുക്കാനാവുന്നില്ല. ഓഫിസില്‍ നിന്നുള്ള വിളി കൂടാതെ കൂട്ടുകാരുടെയും വീട്ടുകാരുടെയും വിളി. അതൊന്നും പോരെങ്കില്‍ വിഡിയോ കോളുകള്‍ അതു വേറെയും. എന്തായാലും ഫോണ്‍ എപ്പോഴു ചെവിയില്‍ ചേർത്തുവയ്ക്കാന്‍ ഒക്കില്ല. എല്ലാവരും ഹെഡ്‌ഫോണുകളോ, ഇയര്‍ഫോണുകളോ, അല്ലെങ്കില്‍ താരതമ്യേന പുതിയ ഉപകരണമായ ഇയര്‍ബഡ്‌സോ ആണ് ഉപയോഗിക്കുന്നത്. കാലത്തിനു വന്ന മാറ്റം ആപ്പിളിന്റെ ഇയര്‍ബഡ്‌സായ എയര്‍പോഡ്‌സിന്റെ വില്‍പനയിലും ദൃശ്യമായിരുന്നു. ദശലക്ഷക്കണക്കിനാണ് അവ വിറ്റു പോയത് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എന്തായാലും, മറ്റൊരു വര്‍ഷവും വില്‍ക്കാത്ത വിധത്തില്‍ ഹെഡ്‌ഫോണുകളും ഇയര്‍ഫോണുകളും മറ്റും ധാരാളമായി കഴിഞ്ഞ വര്‍ഷം വിറ്റുവെന്നും പുതിയ പുതിയ ഡിസൈനിലുള്ളവ വിപണിയിലേക്ക് എത്തുകയാണെന്നും കാണാം. വരും വര്‍ഷങ്ങളിലും ഈ മാറ്റങ്ങള്‍ തുടരാനാണ് സാധ്യത. നിങ്ങള്‍ ഇതുവരെ ഒരെണ്ണം വാങ്ങിയിട്ടില്ലെങ്കില്‍, അതല്ല ഇപ്പോള്‍ ഉപയോഗിക്കുന്ന കേള്‍വി സഹായി പോരെന്നു തോന്നുന്നെങ്കില്‍ ഏതായിരിക്കും നല്ലതെന്ന് ഒന്നു പരിശോധിക്കാം:

 

headphone

വില്‍പന കൂടുതല്‍ ചെവി മൂടി നില്‍ക്കുന്ന ഹെഡ്‌ഫോണുകളും ഇയര്‍ബഡ്‌സിനുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവയ്ക്കു രണ്ടിനും അവയുടെ ഗുണദോഷങ്ങളും ഉണ്ട്. ആരോഗ്യപരവും ഉപയോഗ സുഖപരവുമായ കാര്യങ്ങള്‍ ഇതിലുണ്ട്. ചെവി മൂടി നില്‍ക്കുന്ന ഹെഡ്‌ഫോണുകൾ ഏതാനും പതിറ്റാണ്ടുകളായി വിപണിയിലുള്ളവയാണ്. ഓഡിയോ ടെക്‌നോളിയില്‍ വന്ന പുതുമകള്‍ ഇണക്കി അവയുടെ ശ്രാവണ സുഖം വര്‍ധിപ്പിച്ചു വരുന്നതായി കാണാം. ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍, അഥവാ ആംബിയന്റ് മോഡ് തുടങ്ങിയവ ഇടത്തരം വിലയുള്ള ഹെഡ്‌ഫോണുകളില്‍ വരെ ഇപ്പോള്‍ ലഭ്യമാണ്. ഇവയില്‍തന്നെ വയേഡും വയര്‍ലെസും ഉണ്ട്. വയര്‍ലെസ് വിഭാഗത്തില്‍ ബ്ലൂടൂത്ത്, എന്‍എഫ്‌സി, ആര്‍എഫ്, ഇന്‍ഫ്രാറെഡ് തുടങ്ങിയ രീതികള്‍ ഉപയോഗിച്ച് ട്രാന്‍സ്മിറ്റും റസീവും ചെയ്യാവുന്നവയുണ്ട്. ബോസ്, സോണി, സെന്‍ഹെയ്‌സര്‍, ആപ്പിള്‍ (എയര്‍പോഡ്‌സ് മാക്‌സ്) തുടങ്ങി കമ്പനികള്‍ ഇത്തരത്തിലുള്ള വില കൂടിയ ഹെഡ്‌സെറ്റുകളും അവതരിപ്പിക്കുന്നു. (ഇക്കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി പറഞ്ഞു പോകാം. എയര്‍പോഡ്‌സ് മാക്‌സിന് വില 59,900 രൂപയാണ്. ഇതാണ് ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കൂടിയ ഹെഡ്‌ഫോണ്‍സ് എന്നു കരുതിയെങ്കില്‍ തെറ്റി. എകെജി കെ812 പ്രോയ്ക്ക് 1,25,000 രൂപയാണ് വില. സെന്‍ഹെയ്‌സര്‍ എച്ഡി 800ന് വില 1,09,900 രൂപയാണ്!)

 

∙ പശ്ചാത്തല ശബ്ദങ്ങള്‍ പ്രശ്‌നമോ?

 

വിട്ടിലിരുന്നു ജോലിയെടുക്കുന്നവരുടെ പ്രശ്‌നങ്ങളിലൊന്ന് പശ്ചാത്തല ശബ്ദങ്ങളുടെ ശല്യപ്പെടുത്തലാണ്. വീട്ടിലിരുന്നു ഗൗരവമുള്ള ജോലിചെയ്യുന്നവര്‍ കൂടുതലും പല തരം ഹെഡ്‌ഫോണുകള്‍ ഉപയോഗിച്ച ശേഷം പശ്ചാത്തല ശബ്ദങ്ങള്‍ ഒഴിവാക്കുന്ന ഫീച്ചറുള്ള ഹെഡ്‌ഫോണുകളിലേക്ക് മാറുന്നകാഴ്ച കാണാമെന്നു പറയുന്നു.

 

∙ സ്വാതന്ത്ര്യം വേണ്ടവര്‍ക്ക് വയര്‍ലെസ് ഹെഡ്‌ഫോണുകള്‍

 

ബാക്ഗ്രൗണ്ട് നോയിസ് ക്യാന്‍സലിങ്ങിന് ഓവര്‍ ദി ഇയര്‍ ഹെഡ്‌ഫോണ്‍ വേണമെന്നൊന്നുമില്ല. അക്കാര്യത്തിലും ഇപ്പോള്‍ ഇയര്‍ബഡ്‌സ് ശോഭിച്ചു തുടങ്ങി. ആപ്പിളിന്റെ എയര്‍പോഡ്‌സ് പ്രോ മോഡലിന് ഏകദേശം 25,000 രൂപയാണ് വില. എന്നാല്‍, ഇപ്പോള്‍ 1,000 രൂപയയില്‍ താഴെ പോലും ഇത്തരത്തിലുള്ള ഇയര്‍ബഡ്‌സ് ഇറക്കുന്ന കമ്പനികളുണ്ട്. ആപ്പിളിന്റെയും മറ്റും മേന്മ പ്രതീക്ഷിക്കരുതെന്നു മാത്രം. ബോട്ട്, വണ്‍പ്ലസ്, എംഐ തുടങ്ങിയ കമ്പനികള്‍ 5,000 രൂപയില്‍ താഴെ വില്‍ക്കുന്നു. ഇവ ആളുകള്‍ ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം വയറുകളില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്. ഫോണ്‍ ഒരിടത്തു വച്ചിട്ട് നിങ്ങള്‍ക്ക് വീട്ടു ജോലികളില്‍ ഏര്‍പ്പെടാം. എന്തിന് എക്‌സര്‍സൈസുകള്‍ പോലും ചെയ്യാം. ഓവര്‍ ദി ഇയര്‍ ഹെഡ്‌ഫോണുകളെ അപേക്ഷിച്ച് മറ്റൊരു ആകര്‍ഷണീയത അവയുടെ വലുപ്പക്കുറവും ഭാരക്കുറവുമാണ്. ചെവിക്കു പുറമെ വയ്ക്കുന്ന ഹെഡ്‌ഫോണുകള്‍ക്ക് ചില ഗുണങ്ങളും അവ മാത്രം ഇഷ്ടപ്പെടുന്നവരും ഉണ്ടെങ്കിലും സൗകര്യം നോക്കുന്നവര്‍ ഇക്കാലത്ത് കൂടുതലായി ഇയര്‍പോഡുകളോട് അടുക്കുന്നു എന്നതിനാല്‍ വിപണിയില്‍ എത്തുന്ന മോഡലുകളുടെ കാര്യത്തില്‍ കടുത്ത മത്സരം നടക്കുന്നു.

 

∙ ആരോഗ്യ പ്രശ്‌നങ്ങള്‍

 

ഇയര്‍ബഡ്‌സ് എന്ന ആശയം അത്യാകര്‍ഷകമാണെന്നു തോന്നാമെങ്കിലും അവ ചില പ്രശ്‌നങ്ങളും കൊണ്ടുവരുന്നു എന്നാണ് ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. നമ്മുടെ ചെവിക്കുള്ളില്‍ സ്വയം വൃത്തിയാക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ചെവിക്കുള്ളിലേക്ക് ഇറങ്ങിയിരിക്കുന്ന ഇയര്‍പോഡുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ വരികയും കുറെ നാളുകള്‍ കഴിയുമ്പോള്‍ ചിലര്‍ക്കെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യാം. ഇയര്‍ബഡുകളില്‍ നിന്നുള്ള ശബ്ദം നേരിട്ട് ശ്രവണ നാളത്തിലേക്ക് (ear canal) പോകുന്നു. അതോടൊപ്പം ചെവിക്കായത്തെയും (ear wax) പിന്നോട്ടു തളളുന്നു. ഇത് ഭാവിയില്‍ കേള്‍വി പ്രശ്‌നങ്ങള്‍ക്കു കാരണമാകാം എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇക്കാര്യത്തില്‍ ചെവിക്കു പുറമെ വയ്ക്കുന്ന ഹെഡ്‌ഫോണുകളാണ് നല്ലത്. പക്ഷേ, അവയുടെ ഭാരവും താങ്ങിയുള്ള ഇരുപ്പു വച്ചു നോക്കുമ്പോള്‍ സൗകര്യം ഇയര്‍പോഡ്‌സ് ആണെന്നും തോന്നും.

 

∙ പറ്റുമെങ്കില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കരുത്

 

ഇയര്‍പോഡുകളെക്കാള്‍ ചെവിയുടെ ആരോഗ്യത്തിനു മെച്ചം ചെവിപ്പുറമെയുള്ള ഹെഡ്‌ഫോണുകളാണ് എന്നതു ശരിയാണെങ്കിലും രണ്ടും ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുന്നത് ഉചിതമല്ലെന്ന് ചില ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു. പറ്റുമെങ്കില്‍ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും സ്പീക്കറുകള്‍ ഉപയോഗിക്കാനാകുമോ എന്നു നോക്കുക എന്നാണ് അവരുടെ ഉപദേശം. 

 

∙ ഡെസിബല്‍ ലെവലിന്റെ പ്രാധാന്യം

 

ഹെഡ്‌ഫോണോ, ഇയര്‍ഫോണോ ഉപയോഗിക്കാതെയുള്ള പോക്ക് എളുപ്പമല്ലെന്നിരിക്കെ എന്തെല്ലാം കാര്യങ്ങള്‍ അറിഞ്ഞരിക്കണം? ഇന്നത്തെ മിക്ക വിഭാഗത്തിലും പെട്ട ഹെഡ്‌ഫോണുകള്‍ 85 ഡിബി (85db) മുതല്‍ 110 ഡിബി വരെ ശബ്ദം പുറപ്പെടുവിപ്പിക്കാന്‍ കെല്‍പ്പുള്ളവയാണ്. എന്നാല്‍, 85 ഡിബിക്കു മുകളില്‍ ശബ്ദം കേള്‍ക്കുന്നത് ചെവികള്‍ക്ക് അത്ര നല്ലതല്ലെന്നു പറയുന്നു. ഒരാള്‍ ദീര്‍ഘ സമയത്തേക്ക് 85 ഡിബിയ്ക്കു മുകളില്‍ ശബ്ദം കേട്ടുകൊണ്ടിരിക്കുന്നത് ഭാവിയില്‍ ചെവിക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നു പറയുന്നു. എന്നാല്‍, 70 ഡിബി വരെയുള്ള ശബ്ദം കേള്‍ക്കുന്നത് താരതമ്യേന സുരക്ഷിതമാണെന്നാണ് വിലയിരുത്തല്‍. ഇന്ന് പല സ്മാര്‍ട് ഫോണുകളുടെയും ഹെഡ്‌ഫോൺ ആപ് നിങ്ങള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമായ ശബ്ദമാണോ എന്ന് പറഞ്ഞു തരും.

 

ചെവിപ്പുറമെയുള്ള ഹെഡ്‌ഫോണുകള്‍ തുടര്‍ച്ചയായി ദീര്‍ഘനേരത്തേക്ക് വച്ചുകൊണ്ടിരുന്നാല്‍ അവ ക്ഷീണമുണ്ടാക്കും. ഇക്കാര്യത്തില്‍ ഭേദം വയര്‍ലെസ് ഇയര്‍ബഡ്‌സ് ആണ്. അവ എളുപ്പത്തില്‍ കൊണ്ടുനടക്കുകയും ചെയ്യാം. മികച്ച ഇയര്‍പോഡുകള്‍ 2000-4000 രൂപ നല്‍കിയാല്‍ സ്വന്തമാക്കാം. ദീര്‍ഘ നേരത്തേക്ക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ചെവിയടെ ആരോഗ്യത്തിനു നല്ലത് ഹെഡ്‌ഫോണുകളാണ്. അതേസമയം, ഇയര്‍പോഡുകള്‍ നിങ്ങളുടെ സ്‌റ്റൈല്‍ സന്ദേശമായി കൂടെ ഉപയോഗിക്കാം. രണ്ടായാലും ഡെസിബലിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. ചെവിയുടെ ആരോഗ്യമാണ് സുപ്രധാനമെങ്കില്‍ സ്പീക്കറുകള്‍ ഉപയോഗിക്കാനേ പറ്റൂ.

 

English Summary: Earphones or headphones? Using them have health implications?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com