ADVERTISEMENT

സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രെയിംവര്‍ക്ക് എന്ന കമ്പനിയാണ് പുതിയൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നന്നേ മെലിഞ്ഞ, ഭാരക്കുറവുള്ള കരുത്തന്‍ മോഡ്യുലര്‍ ലാപ്‌ടോപ് അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം. അതേസമയം, ഇതിന്ന് വിപണിയിലുള്ള ഒരു ലാപ്‌ടോപ്പിനും സാധിക്കാത്ത തരത്തില്‍ അപ്‌ഗ്രേഡ്, കസ്റ്റമൈസ്, റിപ്പയർ ചെയ്യാൻ സാധിക്കുന്ന ഒന്നായിരിക്കുമെന്നും ഇവർ അവകാശപ്പെടുന്നു. നീരവ് പട്ടേല്‍ എന്ന ഇന്ത്യന്‍ വംശജനാണ് ഫ്രെയിംവര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്. ആദ്യം ഒക്യുലസ് കമ്പനിയുടെ ജോലിക്കാരനായി തുടങ്ങി, ആപ്പിളിനുവേണ്ടിയും പ്രവർത്തിച്ച് തഴക്കംവന്നയാളാണ് നീരവ്. കംപ്യൂട്ടര്‍ നിര്‍മാണ മേഖലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നീരവിന്റെ ശ്രമം.

 

ഇടയ്ക്കിടയ്ക്ക് പഴയ കംപ്യൂട്ടര്‍ മാറ്റി പുതിയത് വാങ്ങാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതു വഴി പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം കുറയ്ക്കുക എന്നതും നീരവിന്റെ കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. പുതുമകള്‍ക്കായി ധാരാളം ഹാര്‍ഡ്‌വെയര്‍ നിര്‍മിച്ചുകൊണ്ടിരിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് കംപ്യൂട്ടര്‍ നിര്‍മാണ കമ്പനികള്‍. അതിനൊരു പരിഹാരം കൂടിയാണ് പുതിയ മൊഡ്യൂലര്‍ ലാപ്‌ടോപ്. 8കെ വിഡിയോ എഡിറ്റിങ് തുടങ്ങി ധാരാളം കംപ്യൂട്ടിങ് ശേഷി വേണ്ട കാര്യങ്ങള്‍ക്കായി പലപ്പോഴും തങ്ങളുടെ കംപ്യൂട്ടര്‍ അപ്‌ഗ്രേഡു ചെയ്യാന്‍ സാധിക്കാറില്ല, പകരം പുതിയതു വാങ്ങേണ്ടി വരുന്നു എന്ന സ്ഥിതി പരിഹരിക്കാനുള്ള ശ്രമവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. പോര്‍ട്ടുകള്‍ അടക്കം അപ്‌ഗ്രേഡു ചെയ്യാം.

 

∙ എന്താണ് ഒരു മോഡ്യുലര്‍ ലാപ്‌ടോപ്?

 

ലാപ്‌ടോപ്പിനു വേണ്ട വിവിധ ഘടകഭാഗങ്ങള്‍ ഇഷ്ടംപോലെ മാറ്റിവയ്ക്കാന്‍ അനുവദിക്കുകയാണ് മൊഡ്യുലര്‍ സങ്കല്‍പത്തിലൂടെ സാധ്യമാക്കുന്നത്. ഇതിനെ ഒരു കംപ്യൂട്ടര്‍ പരിസ്ഥിതി എന്നാണ് നീരവും സഹപ്രവര്‍ത്തകരും വിളിക്കുന്നത്. ഉദാഹരണത്തിന് ഫ്രെയിംവര്‍ക്ക് ആദ്യം പുറത്തിറക്കാന്‍ പോകുന്ന ലാപ്‌ടോപ്പിന് 13.5- ഇഞ്ച് വലുപ്പമുള്ള 2256 x 1504 റെസലൂഷനുള്ള സ്‌ക്രീനും, 108 പി 60 എഫ്പിഎസ് വെബ്ക്യാമും, 55 വാട്ടവര്‍ ബാറ്ററിയും, 2.87-പൗണ്ട് ഭാരമുള്ള അലൂമിനം ഷാസിയും ആണുള്ളത്. അകത്താകട്ടെ, ഇന്റലിന്റെ 11-ാം തലമുറയിലുള്ള പ്രോസസറുകളും, 64ജിബി വരെ ഡിഡിആര്‍4 റാമും, 4ടിബിയോ അധികമോ എന്‍വിഎംഇ സ്റ്റോറേജ് ശേഷിയും ആയിരിക്കും നല്‍കുക. മറ്റു ലാപ്‌ടോപ്പുകളുടെ കാര്യത്തിലെന്നവണ്ണം ഫ്രെയിംവര്‍ക്കിന്റെ ലാപ്‌ടോപ്പിന്റെയും റാമും ബാറ്ററിയും സ്റ്റോറേജ് ശേഷിയും മാറ്റാമെന്നതു കൂടാതെ കീബോഡും, സ്‌ക്രീനും (ഇത് കാന്തികമായി ഘടിപ്പിച്ചിരിക്കുകയാണ്), പോര്‍ട്ടുകളും മാറ്റാം. പോര്‍ട്ടുകള്‍ക്കായി എക്‌സ്പാന്‍ഷന്‍ കാര്‍ഡ് സിസ്റ്റം ഉണ്ട്. യുഎസ്ബി-സി, യുഎസ്ബി-എ, എച്ഡിഎംഐ, ഡിസ്‌പ്ലെപോര്‍ട്ട്, മൈക്രോഎസ്ഡി കാര്‍ഡ് റീഡര്‍ തുടങ്ങിയവയില്‍ ഇഷ്ടമുള്ളതൊക്കെ അവശ്യാനുസരണം വാങ്ങി ഉപയോഗിക്കാം.

 

കൂടാതെ, ഫ്രെയിംവര്‍ക്ക് സ്വന്തം മൊഡ്യൂളുകളും ഒരു കേന്ദ്രീകൃത നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി വില്‍ക്കും. സ്‌ക്രീനിനു വിള്ളല്‍ വീണു എന്നിരിക്കട്ടെ, ഉടനെ ഫ്രെയിംവര്‍ക്കിന്റെ സ്റ്റോറിലെത്തി പുതിയ ഒന്ന് വാങ്ങിവയ്ക്കാം. ബെസല്‍ കുറയ്ക്കണമെങ്കില്‍ അതും ചെയ്യാം. കമ്പനിയുടെ വെബ്‌സൈറ്റിലെത്തിയാല്‍ അനുയോജ്യമായ സാധനങ്ങള്‍ അന്വേഷിച്ചു നടക്കാതെ നേരിട്ടു വാങ്ങാമെന്ന ആശയവും അവര്‍ മുന്നോട്ടുവയ്ക്കുന്നു. ഉപയോഗിച്ചിരിക്കുന്ന ഘടകഭാഗങ്ങളിലെല്ലാം ക്യൂആര്‍ കോഡുകളുണ്ട്. ഇത് സ്‌കാന്‍ ചെയ്താല്‍ മതി വെബ്‌സൈറ്റില്‍ കൃത്യം അതു വില്‍ക്കുന്ന പേജിലെത്താം.

 

മറ്റൊരു മാറ്റവും ഫ്രെയിംവര്‍ക്ക് കൊണ്ടുവരുന്നു. ഉപയോക്താക്കള്‍ക്കു തന്നെ കൂട്ടിയോജിപ്പിച്ചെടുക്കാവുന്ന ഡിഐവൈ കിറ്റുകളും ലഭ്യമാക്കും. ഇവ വാങ്ങി സ്വന്തമായി ലാപ്‌ടോപ് ഉണ്ടാക്കിയെടുക്കുകയും ചെയ്യാം. ഡിഐവൈ കിറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓപ്പറേറ്റിങ് സിസ്റ്റവും തിരഞ്ഞെടുക്കാം- ലിനക്‌സ്, വിന്‍ഡോസ് 10, വിന്‍ഡോസ് 10 പ്രോ എന്നിവയില്‍ ഏതും ഉപയോഗിക്കാം. ഹൈ-എന്‍ഡ് കംപ്യൂട്ടറുകള്‍ വാങ്ങുന്നവര്‍ക്ക് കൊള്ളാമെന്നു തോന്നിപ്പിക്കുന്ന ഒരു ഉദ്യമമാണ് ഫ്രെയിംവര്‍ക്കിന്റേത്. എന്നാല്‍, ഇത്തരം ഒരു കംപ്യൂട്ടര്‍ പരിസ്ഥിതി സൃഷ്ടിക്കുന്നുവെന്നു പ്രഖ്യാപിച്ചെങ്കിലും അത് എത്രത്തോളം പ്രായോഗികമാണെന്നു ചോദിക്കുന്നവരും ഉണ്ട്. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ലാപ്‌ടോപ്പിനുള്ള മൊഡ്യൂളുകള്‍ എത്ര കാലത്തേക്ക് നിര്‍മിക്കാന്‍ ഫ്രെയിംവര്‍ക്കിന് താത്പര്യമുണ്ട്, അവരുമായി സഹകരിക്കുന്ന തേഡ്പാര്‍ട്ടി നിര്‍മാതാക്കള്‍ക്ക് ഇതൊക്കെ എത്ര സ്വീകാര്യമായിരിക്കും തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉയര്‍ന്നു കഴിഞ്ഞു.

 

∙ ആശയം കൊള്ളാം! പക്ഷേ പ്രാവര്‍ത്തികമാകുമോ?

 

ലോകത്തെ ഏറ്റവും ആദ്യത്തെ മോഡ്യൂലര്‍ പിസിയല്ല ഇതെന്നാണ് അവലോകകര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രോസസര്‍ നിര്‍മാതാവയ ഇന്റല്‍ തന്നെ ഇത്തരം സ്‌കീമുകള്‍ നേരത്തെ നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ അവതരിപ്പിച്ച കംപ്യൂട്ടേ കാര്‍ഡ് (Compute Card) സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. അവരുടെ തന്നെ ഗോസ്റ്റ് കന്യോണ്‍ എന്‍യുസിയും ഉദ്ദേശിച്ച ഗുണമൊന്നും ചെയ്തില്ല. എയ്‌ലിയന്‍വെയര്‍ അവതരിപ്പിച്ച ഏരിയ-51എം കൊട്ടിഘോഷിച്ചെത്തിയെങ്കിലും ഭാവിയിലേക്കു നല്‍കുമെന്നു പറഞ്ഞ ഘടകഭാഗങ്ങളൊന്നും അവതരിപ്പിച്ചില്ല. ഫോണ്‍ നിര്‍മാതാക്കൾ ഇത്തരം ആശയങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ഗൂഗിള്‍ അവതരിപ്പിച്ച പ്രൊജക്ട് ആരാ (Ara) എങ്ങുമെത്തിയില്ലെന്നു കാണാം. ആന്‍ഡി റൂബിന്റെ ഇസെന്‍ഷ്യല്‍ മറ്റൊരു പരാജയപ്പെട്ട മൊഡ്യുലര്‍ ഫോണ്‍ സങ്കല്‍പമാണ്.

 

∙ നീരവ് പിന്തിരിയില്ല

 

ഇതൊന്നും പറഞ്ഞ് നീരവിന്റെ മുന്നോട്ടുവച്ച കാല്‍ പിന്‍വലിപ്പിക്കാന്‍ സാധിക്കില്ല. തനിക്കു മുൻപ് വന്നവരൊക്കെ സഹകരിക്കാന്‍ ശ്രമിച്ച ഒഇഎമ്മുകള്‍ വേണ്ട അര്‍പ്പണബോധമുള്ളവര്‍ ആയിരുന്നില്ലെന്ന് നീരവ് ചൂണ്ടിക്കാണിക്കുന്നു. ഇന്റലിനെ പോലെയൊരു കമ്പനി തങ്ങളുടെ പ്രധാന ബിസിനസിന് ഒപ്പം കൊണ്ടുപോകാവുന്ന മറ്റൊരു ബിസിനസ് എന്ന നിലയിലാണ് മൊഡ്യുലര്‍ പിസിയെ കണ്ടതെങ്കില്‍ തങ്ങളുടെ കമ്പനിയുടെ പ്രധാന ബിസിനസായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ അവതരിപ്പിക്കുന്ന കംപ്യൂട്ടര്‍ പരിസ്ഥിതിയുടെ ആരോഗ്യം നിലനിര്‍ത്താനുള്ള ഘടകഭാഗങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുമെന്നും, ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ളിടത്തോളം കാലം അതു നല്‍കുമെന്നും നീരവ് അവകാശപ്പെടുന്നു. ഈ വര്‍ഷം തന്നെ പുതിയ കംപ്യൂട്ടറിന്റെ പ്രീ-ഓര്‍ഡര്‍ സ്വീകരിക്കും. വില നിശ്ചയിച്ചിട്ടില്ല. നല്ല റിവ്യൂ ലഭിച്ചിരിക്കുന്ന നോട്ട്ബുക്കുകളുടെ വിലയായിരിക്കും ഇടുക എന്നാണ് നീരവ് പറയുന്നത്.

 

English Summary: Indian origin man wants to make laptops different

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com