ADVERTISEMENT

രാജ്യം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. മിക്ക ആശുപത്രികളും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ സമയത്ത് രോഗികളുടെയും അല്ലാത്തവരുടെയും രക്തത്തിലെ ഓക്‌സിജന്റെ അളവു സമയത്തിന് പരിശോധിക്കുക നിര്‍ണായകമാണ്. ചിലര്‍ക്കെങ്കിലും ഇതിനായി പുതിയ ഉപകരണങ്ങള്‍ വാങ്ങേണ്ട കാര്യം പോലുമില്ല. പതിവായി ഉപയോഗിക്കുന്ന സ്മാര്‍ട് വാച്ചുകളിലും ഫിറ്റ്‌നസ് ബാന്‍ഡുകളിലും ഈ ഫീച്ചര്‍ ഉണ്ടെങ്കിലും മിക്കവരും ഉപയോഗിക്കുന്നില്ല. പുതിയതായി ഇറങ്ങുന്ന പല സ്മാര്‍ട് വാച്ചുകളിലും ഫിറ്റ്‌നസ് ബാന്‍ഡുകളിലും ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഓക്‌സിജന്റെ അളവ് പരിശോധിക്കുന്ന ഫീച്ചറിനെ വാച്ചിന്റെ വിവരണത്തില്‍ എസ്പിഒ2 (SpO2) എന്നാണ് രേഖപ്പെടുത്തിയിട്ടുണ്ടാകുക. ആപ്പിള്‍ വാച്ച് അടക്കം ഏതാനും ഉപകരണങ്ങള്‍ ഉപയോഗിച്ച് എങ്ങനെയാണ് എസ്പിഒ2 ലെവല്‍ അളക്കുന്നതെന്നു പരിശോധിക്കാം. അതിനു മുൻപ് പൊതുവായ ചില കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കുക. ആദ്യം നിങ്ങളുടെ കയ്യിലിരിക്കുന്ന വാച്ചിന് അല്ലെങ്കില്‍ ഫിറ്റ്‌നസ് ബാൻഡിന് എസ്പിഓ2 അളക്കാനുള്ള ഫീച്ചര്‍ ഉണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക:

 

∙ ഒന്നാമതായി വാച്ച് ശരിക്കാണ് കയ്യില്‍ ധരിച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.

∙ രണ്ടാമതായി എസ്പിഒ2 നില അളക്കുന്ന സമയത്ത് കൈ അനക്കാതെ പിടിക്കുക.

∙ കൈ ഏതെങ്കിലും പരന്ന പ്രതലത്തില്‍ വയ്ക്കുക എന്നത് ചെയ്യേണ്ട കാര്യമാണ്.

∙ കൈത്തണ്ടയിലെ രോമം, ടാറ്റൂകള്‍, കയ്യിന്റെ കുലുക്കം, ഊഷ്മാവ് കുറവ്, തെറ്റായ രീതിയില്‍ വാച്ച് ധരിച്ചിരിക്കുന്നത് തുടങ്ങി ഘടകങ്ങള്‍ വാച്ചും ബാന്‍ഡും ഉപയോഗിച്ചുള്ള ഓക്‌സിജന്റെ അളവിന്റെ കൃത്യതയെ ബാധിക്കാമെന്ന സുപ്രധാന കാര്യവും മനസ്സില്‍ വയ്ക്കണം.

 

∙ ആപ്പിള്‍ വാച്ച്

 

ആപ്പിള്‍ വാച്ച് സീരീസ് 6 ഉപയോഗിച്ച് എങ്ങനെ രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിക്കാം? ആദ്യമായി നിങ്ങളുടെ ഐഫോണിലെയോ, ഐപാഡിലെയോ ഹെല്‍ത് ആപ്പ് തുറക്കുക. ഇതുവരെ അത് സെറ്റ്-അപ് ചെയ്തിട്ടില്ലെങ്കില്‍ ആദ്യം അതു ചെയ്യുക.

 

തുടര്‍ന്ന് ബ്രൗസ് ടാബില്‍ എത്തുക. തുടര്‍ന്ന് 'റെസ്പിരേറ്ററി'->ബ്ലഡ് ഓക്‌സിജന്‍ ->സെറ്റ്-അപ് ബ്ലഡ് ഓക്‌സകിജന്‍ എന്നിവ ചെയ്യുക. തുടര്‍ന്ന് ഈ ഉപകരണവുമായി പെയര്‍ ചെയ്തിരിക്കുന്ന ആപ്പിള്‍ വാച്ചിലെ ബ്ലഡ് ഓക്‌സിജന്‍ ആപ് തുറന്ന് എസ്പിഒ2 നില പരിശോധിക്കാം. ഏതെങ്കിലും കാരണവശാല്‍ നിങ്ങളുടെ ആപ്പിള്‍ വാച്ച് സീരീസ് 6ല്‍ ബ്ലഡ് ഓക്‌സിജന്‍ ആപ്പ് ഇല്ലെങ്കില്‍ വാച്ചില്‍ തന്നെ ആപ്പ് സ്റ്റോറിലെത്തി അത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക.

 

∙ സാംസങ് വെയറബ്ള്‍സ്

 

നിലവില്‍ ഗ്യാലക്‌സി വാച്ച് 3യില്‍ മാത്രമാണ് ഇതു ലഭ്യം. എസ്പിഒ2 അളക്കാന്‍ സാംസങ് ഹെല്‍ത്ത് ആപ്പ് സ്മാര്‍ട് ഫോണില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുക. അതിനു ശേഷം വാച്ചുമായി പെയര്‍ ചെയ്യുക. തുടര്‍ന്ന് വാച്ചില്‍ ഹെല്‍ത് ആപ്പ് തുറക്കുക. എന്നിട്ട് 'സ്‌ട്രെസ്' വിഭാഗത്തിലെത്തുക. അവടെ മെഷര്‍ ബട്ടണില്‍ ക്ലിക്കു ചെയ്ത് എസ്പിഒ2 അളക്കാം.

 

∙ ഗാര്‍മിന്‍ വാച്ചുകള്‍

 

ഗാര്‍മിന്‍ വാച്ചുകളില്‍ ഉറക്കത്തില്‍ പോലും തുടര്‍ച്ചയായി രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിക്കാനാകും. ഇതു പ്രവര്‍ത്തിപ്പിക്കാനായി ഗാര്‍മിന്‍ കണക്ട് മൊബൈല്‍ ആപ് സ്മാര്‍ട് ഫോണില്‍ ഇന്‍സ്‌റ്റാള്‍ ചെയ്ത ശേഷം പെയര്‍ ചെയ്യുക. തുടര്‍ന്ന് 'ആക്ടിവിറ്റി ട്രാക്കിങ്' ക്ലിക്കു ചെയ്യുക. തുടര്‍ന്ന് പള്‍സ് ഓക്‌സ് (Pulse Ox) തുറക്കുക. അവിടെ പള്‍സ് ഓക്‌സ് സ്ലീപ് ട്രാക്കിങ് എനേബിൾ ചെയ്യുക.

 

∙ അമേയ്‌സ്ഫിറ്റ് (Amazfit) വെയറബിൾസ്

 

വാച്ചില്‍ ഇടത്തോട്ടു സ്വൈപ്പു ചെയ്ത് ആപ് ലിസ്റ്റ് തുറക്കുക. ബ്ലഡ് ഓക്‌സിജന്‍ ആപ്ലിക്കേഷന്‍ തുറക്കുക. ബ്ലഡ് ഓക്‌സിജന്‍ സാച്ചുറേഷന്‍ അളക്കാന്‍ കമാന്‍ഡ് നല്‍കുക. വാച്ച് തന്നെ റിസള്‍ട്ടും കാണിക്കും.

 

∙ റിയല്‍മി വാച്ച്

 

റിയല്‍മി വാച്ചിലും എസ്പിഒ2 അളക്കാം. റിയല്‍മി വാച്ചിന്റെ എസ്പിഒ2 പേജിലെത്തി എസ്പിഒ2 ഓപ്ഷന്‍ കണ്ടെത്തുക. ഓക്‌സിജന്റെ അളവ് കണ്ടെത്താനുള്ള കമാന്‍ഡ് നല്‍കി കഴിഞ്ഞാല്‍ ഏകദേശം 30 സെക്കന്‍ഡ് വേണ്ടിവരും റിസള്‍ട്ട് അറിയാന്‍.

 

∙ ഫിറ്റ്ബിറ്റ്

 

മറ്റ് ഉപകരണങ്ങളിലേതിനെക്കാള്‍ അല്‍പം വ്യത്യസ്തമാണ് ഫിറ്റ്ബിറ്റിന്റെ കാര്യം. ഫിറ്റ്ബിറ്റ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങളുടെ ഉപകരണത്തില്‍ ഉള്ളതെന്ന് ഉറപ്പാക്കുക. അതില്‍ എസ്പിഒ2 ക്ലോക് ഫെയ്‌സ് ലഭിക്കുന്നുണ്ടോ എന്നും നോക്കുക. അതു കഴിഞ്ഞാല്‍ എസ്പിഒ2 ക്ലോക് ഫെയ്‌സ് ഡിഫോള്‍ട്ടായി സെറ്റു ചെയ്യുക. ഇതു ചെയ്തുകഴിഞ്ഞാല്‍, എസ്പിഒ2, ഹൃദയമിടിപ്പിന്റെ തോത്, എത്ര ചുവടു വയ്ക്കുന്നുവെന്ന കാര്യം തുടങ്ങിയവയുടെ വിശദാംശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ഉറക്കത്തില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങളുടെ ശരാശരിയും കാണിക്കും. ഐക്കണിക്, സെന്‍സ്, വേര്‍സാ, വേര്‍സാ 2, വേര്‍സാ ലൈറ്റ് എന്നീ വാച്ചുകളില്‍ പ്രവര്‍ത്തിക്കും.

 

∙ വാവെയ്, ഓണര്‍ വെയറബിൾസ്

 

ഇവയില്‍ ഹെല്‍ത്ത് ആപ്പ് തുറക്കുക. ഹെല്‍ത്ത് മോണിട്ടറിങ് -> ഓട്ടോമാറ്റിക് എസ്പിഒ2 എന്നാക്കി മാറ്റുക. അതിനു ശേഷം വാവെയ്, ഓണര്‍ ഉപകരണങ്ങള്‍ ചെക്കു ചെയ്തുകൊണ്ടിരിക്കും.

 

English Summary: Covid-19 precaution: How to monitor Oxygen level using smart watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com