ADVERTISEMENT

ഇനി മുതൽ ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസ് 11ലും ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞ ആഴ്ചയാണ് മൈക്രോസഫ്റ്റ് പ്രഖ്യാപിച്ചത്. ഇതെങ്ങനെ സാധിക്കുമെന്നും, ആരൊക്കെയാണ് ഇക്കാര്യത്തില്‍ കമ്പനിയെ സഹായിക്കുന്നത് എന്നതിനെക്കുറിച്ചൊക്കെ കൂടുതല്‍ വ്യക്തത കൈവന്നിരിക്കുകയാണ് ഇപ്പോള്‍. മൈക്രോസോഫ്റ്റ് മാത്രമായല്ല ഇക്കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത്. മൈക്രോസോഫ്റ്റിനൊപ്പം ഇന്റല്‍, ആമസോണ്‍ എന്നീ കമ്പനികളും ഉണ്ട്. എന്താണ് ഈ കമ്പനികളുടെ റോള്‍? സ്മാര്‍ട് ഫോണ്‍ ആപ്പുകള്‍ കംപ്യൂട്ടറില്‍ ഉപയോഗിക്കാന്‍ സാധിച്ചാല്‍ എന്തെങ്കിലും ഗുണമുണ്ടോ? ജനപ്രിയ സ്മാര്‍ട് ഫോണ്‍ ആപ്പുകളെ കൊച്ചു സ്‌ക്രീനിന്റെ പരിധിക്കുള്ളില്‍ നിന്നും മോചിപ്പിക്കുക എന്നത് ഒരു തുടക്കം മാത്രമാകാം. ഭാവിയിൽ സ്മാര്‍ട് ഫോണുകളിലേതിനെക്കാള്‍ മികവില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ കംപ്യൂട്ടർ വേര്‍ഷനുകള്‍ ഇറക്കിയേക്കാം. ഇത് കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും, ഉള്ളടക്കങ്ങള്‍ കാണുന്നവര്‍ക്കും ആശ്വാസകരമായ പുതിയൊരു മേഖല തന്നെ തുറന്നേക്കാം. 

 

∙ ഐഒഎസ് ആപ്പുകള്‍ മാക്കില്‍ ഉപയോഗിക്കാം

 

ആപ്പിളിന്റെ എം1 ചിപ്പുകള്‍ ഉപയോഗിച്ചു നിര്‍മിച്ച മാക് ഉപകരണങ്ങളില്‍ ഐഒഎസ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാമെന്ന വാര്‍ത്ത തന്നെയായിരിക്കണം മൈക്രോസോഫ്റ്റിനെ പുതിയ മേഖലയിലെ സാധ്യതകള്‍ തേടാൻ പ്രേരിപ്പിച്ചത്. കംപ്യൂട്ടിങ് ഉപകരണങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നത് ഉപയോക്താക്കളെ സംബന്ധിച്ച് ഒരു നല്ല കാര്യമാണ്. ഇത് നടപ്പിലായാൽ ടെക് മേഖലയിലെ വലിയൊരു മാറ്റങ്ങളിലൊന്നായിരിക്കും.

 

∙ ഇന്റലിന്റെ റോള്‍

 

ആന്‍ഡ്രോയിഡ് ആപ്പുകൾ വിന്‍ഡോസ് 11 കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിക്കാൻ ഏറ്റവുമധികം സഹായിക്കുക ചിപ്പ് നിര്‍മാതാവായ ഇന്റല്‍ ആണ്. 'ഇന്റല്‍ബ്രിജ്' എന്ന സേവനമാണ് ഇതിനു പ്രയോജനപ്പെടുത്തുക. കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയറിന് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇതാണ് ഉപയോഗിക്കുക എന്ന് ഇന്റല്‍ കമ്പനി പറയുന്നു. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവം പ്രദാനം ചെയ്യാനുള്ള സമീപനമാണ് ഇന്റലും മൈക്രോസോഫ്റ്റും (ഓപ്പറേറ്റിങ് സിസ്റ്റവും, സിസ്റ്റം ആര്‍ക്കടെക്ചറും, ഹാര്‍ഡ്‌വെയര്‍ ഏകീകരണവും വഴി) ദീര്‍ഘകാലമായി ശ്രമിച്ചിരുന്നതെന്ന് ഇന്റലിന്റെ ബ്ലോഗ് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. ആളുകള്‍ക്ക് ഇപ്പോള്‍ സ്മാര്‍ട് ഫോണ്‍ ആപ്പുകളില്‍ നിന്നു ലഭിക്കുന്ന അനുഭവം 'വിന്‍ഡോസ് 11, ഇന്റല്‍ ടെക്‌നോളജീസ്' വഴി ലഭിക്കുമെന്നാണ് ഇരു കമ്പനികളുടെയും അവകാശവാദം. ഇന്റല്‍ബ്രിജ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയായിരിക്കും ഫോണില്‍ നിന്ന് കംപ്യൂട്ടറിലേക്ക് ആപ്പുകളെത്തുക എന്ന് ഇന്റല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും, ക്ലൈന്റ് കംപ്യൂട്ടിങ് ഗ്രൂപ്പിന്റെ ജനറല്‍ മാനേജരുമായ ഗ്രിഗറി ബ്രൈയന്റ് ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

 

∙ അപ്പോള്‍ എന്താണ് ഇന്റല്‍ബ്രിജ് ചെയ്യുക?

 

ഇന്റല്‍ബ്രിജ് ഒരു കംപൈലറായാണ് പ്രവര്‍ത്തിക്കുക. അതായാത് കൂട്ടിച്ചേര്‍ക്കല്‍ അല്ലെങ്കില്‍ സംയോജിപ്പിക്കല്‍. ഒരു പ്രോഗ്രാമിങ് ഭാഷയില്‍ എഴുതിയ സോഫ്റ്റ്‌വെയറിനെ മറ്റൊന്നിലേക്ക് പരിവര്‍ത്തനപ്പെടുത്തുകയാണ് കംപൈലര്‍ ചെയ്യുക. ഇന്റല്‍ബ്രിജ് ഉപയോഗിക്കുക വഴി വിന്‍ഡോസിലേക്ക് ഒരു കംപൈലര്‍ എത്തുകയാണ്. ആന്‍ഡ്രോയിഡിനായി എഴുതപ്പെട്ട പ്രോഗ്രാമുകളെ വിന്‍ഡോസിലും, ആം, x86 പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് ഉപകരണങ്ങളിലും എത്തിക്കുകയായിരിക്കും ഇന്റല്‍ ചെയ്യുക. ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അവയ്ക്ക് പല ഹാര്‍ഡ്‌വെയറിനെയും തിരിച്ചറിയണം. അതിനു സഹായിക്കുന്ന മധ്യവര്‍ത്തിയായിരിക്കും ഇന്റല്‍ ബ്രിജ്.

 

∙ ആമസോണ്‍ ആപ്പ് സ്റ്റോര്‍

 

എന്നാല്‍, ഇതുമാത്രം മതിയോ ആന്‍ഡ്രോയിഡ് ആപ്പുകളെ വിന്‍ഡോസ് 11ല്‍ പ്രവര്‍ത്തിപ്പിക്കാന്‍ എന്ന ചോദ്യം ഉയരുന്നുണ്ട്. മൈക്രോസോഫ്റ്റ് പറഞ്ഞിരിക്കുന്നത് ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന അതേ സ്വാഭാവികതയോടെ ആപ്പുകള്‍ പ്രവര്‍ത്തിക്കുമെന്നാണ്. ഇവയെ പുതിയ വിന്‍ഡോസ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്നും കമ്പനി പറഞ്ഞിരുന്നു. എന്നാല്‍, അതിനായി ഗൂഗിളിന്റെ പ്ലേ സ്റ്റോറിനെയല്ല കമ്പനി ആശ്രയിക്കുന്നത്. മറിച്ച് ആമസോണിന്റെ ആപ്പ് സ്റ്റോറിനെയാണ്. ആന്‍ഡ്രോയിഡിലെ ചില പ്രധാന ആപ്പുകളുളള ഒന്നാണ് ആമസോണ്‍ ആപ്പ് സ്റ്റോര്‍. കംപ്യൂട്ടറിൽ ടിക്‌ടോക് ആപ്പ് പ്രവര്‍ത്തിക്കുന്നതാണ് മൈക്രോസോപ്റ്റ് ഡെമോയില്‍ എടുത്തുകാണിച്ചത്. (എന്നാല്‍, ഇതു കൂടാതെ വേണ്ട ആന്‍ഡ്രോയിഡ് ആപ്പുകളെ സൈഡ് ലോഡ് ചെയ്യാൻ അനുവദിക്കുമെന്നും മൈക്രോസോഫ്റ്റ് പിന്നീടിറക്കിയ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇത് അപകടംപിടിച്ച വഴിയാണെന്നും സാധാരണ ഉപയോക്താക്കള്‍ ഉപയോഗിക്കരുതെന്നും സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. അതേസമയം, ഇങ്ങനെ സൈഡ് ലോഡ്‌ചെയ്യുന്ന ആപ്പുകളെ പ്രത്യേക സുരക്ഷാ സംവിധാനത്തിലേക്കോ മറ്റൊ ആണോ കൊണ്ടുപോകുന്നതെന്ന കാര്യത്തില്‍ കമ്പനി ഒരു വിശദീകരണവും നല്‍കിയിട്ടില്ല.)

 

∙ ഇതൊരു തുടക്കം മാത്രമോ?

 

ആളുകള്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസ് കംപ്യൂട്ടറില്‍ ഉപയോഗിച്ചു തുടങ്ങുന്നത് ഗൂഗിളിന് അത്ര ദഹിക്കുന്ന കാര്യമായിരിക്കില്ല. കാരണം ധാരാളം ഉപയോക്താക്കളെ ലഭിച്ചാല്‍, ഭാവിയില്‍ ഈ ആപ്പുകളുടെ നിർമാതാക്കള്‍ വിന്‍ഡോസിനു വേണ്ടി പ്രോഗ്രാമുകള്‍ എഴുതുകയും അത് കമ്പനിക്ക് വരുമാനത്തിന്റെയും ഉപയോക്താക്കളുടെയും കാര്യത്തിൽ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്‌തേക്കാം. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ആപ്പുകള്‍ ലിസ്റ്റ് ചെയ്യുന്നവർ വരുമാനത്തിന്റെ 30 ശതമാനം വരെ നല്‍കേണ്ടി വരുന്നു. എന്നാല്‍, ആപ്പ് സ്റ്റോര്‍ വഴി ഉപയോക്താക്കളിലേക്ക് എത്തുന്ന ആപ്പുകള്‍ വികസിപ്പിക്കുന്നവര്‍ കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒന്നും നല്‍കേണ്ടെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുമുണ്ട്. മൈക്രോസോഫ്റ്റിന്റെ പല പദ്ധതികളും പരാജയപ്പെട്ട ചരിത്രമുണ്ട്. പുതിയ നീക്കം കംപ്യൂട്ടിങ് രംഗത്ത് ചരിത്രം രചിക്കുമോ, ആരും ശ്രദ്ധിക്കാതെ പോകുമോ എന്നുള്ള കാര്യം വിന്‍ഡോസ് 11 എത്തി ഒരു വര്‍ഷത്തിനുള്ളില്‍ അറിയാന്‍ സാധിച്ചേക്കും. 

കടപ്പാട്: ഇന്റല്‍ ബ്ലോഗ്

English Summary: Android apps to work on Windows 11. How?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com